ഇന്ത്യയുടെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-11

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 17, 2018, 06:09 PM | 0 min read

ഐഎസ്ആര്‍ഒ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ഭാരക്കൂടുതലുള്ള വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-11 വിക്ഷേപണത്തിന് തയ്യാറായി. ഫ്രാന്‍സിന്റെ ഏരിയന്‍-5 എന്ന ശക്തമായ റോക്കറ്റ് ഉപയോഗിച്ചാണ് ഈ ഭീമന്‍ ഉപഗ്രഹത്തെ വിക്ഷേപിക്കുന്നത്. ജനുവരിയില്‍തന്നെ വിക്ഷേപണം ഉണ്ടാകുമെന്നാണ് കരുതുന്നത്.

  5725 കിലോഗ്രാം ഭാരമുള്ള ഈ വാര്‍ത്താവിനിമയ ഉപഗ്രഹത്തെ ഭൂമിയില്‍നിന്ന് 35,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ജിയോസ്റ്റേഷനറി ഓര്‍ബിറ്റിലേക്കാണ് തൊടുത്തുവിടുന്നത്. ഇന്ത്യയിലെ ഗ്രാമീണമേഖലയെ ഡിജിറ്റല്‍വല്‍കരിക്കുക എന്നതാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണലക്ഷ്യം. ഗ്രാമീണമേഖലയില്‍ ഇനി ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും ഫലപ്രദമായും ലഭ്യമാകും.

ഫ്രഞ്ച് ഗയാനയിലെ കൌറു വിക്ഷേപണത്തറയില്‍നിന്നാണ് ഉപഗ്രഹവിക്ഷേപണം നടത്തുന്നത്. 500 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ ഉപഗ്രഹത്തിന് ഒറ്റമുറിയുള്ള ഒരു വീടിന്റെ വലുപ്പമുണ്ട്. നാലുമീറ്റര്‍ നീളമുള്ള നാല് സോളാര്‍ പാനലുകളാണ്പേടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജംപകരുന്നത്. ഇതുവരെ ഇസ്രോ നിര്‍മിച്ച എല്ലാ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും ശേഷിക്കു തുല്യമാണ് ജിസാറ്റ്-11. മുപ്പത് ക്ളാസിക്കല്‍ ഓര്‍ബിറ്റിങ് ഉപഗ്രഹങ്ങളെപ്പോലെയാകും ഈ സ്പേസ്ക്രാഫ്റ്റിന്റെ പ്രവര്‍ത്തനം.

ഇന്റര്‍നെറ്റ്ശൃംഖലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി 18 മാസങ്ങള്‍ക്കുള്ളില്‍ ഇസ്രോ മൂന്ന് ഉപഗ്രഹങ്ങളെ വിക്ഷേപിക്കും. ഈശ്രേണിയിലെ ആദ്യത്തെ ഉപഗ്രഹമായ ജിസാറ്റ്-19ന്റെ വിക്ഷേപണം 2017 ജൂണ്‍ അഞ്ചിന് നടത്തുകയുണ്ടായി. 10 വര്‍ഷവും ഏഴുമാസവുമാണ് ഈ ഉപഗ്രഹത്തിന്റെ പ്രവര്‍ത്തന കാലം. 1394 കിലോഗ്രാം ഭാരമുള്ള ഈ പേടകത്തെ ജിയോസ്റ്റേഷനറി ഭ്രമണപഥത്തിലെത്തിക്കാന്‍ ഉപയോഗിച്ചത് ഇസ്രോയുടെതന്നെ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി - മാര്‍ക്ക് 111 ഡി-1 റോക്കറ്റായിരുന്നു. ക്രയോജനിക് സാങ്കേതികവിദ്യയുടെ പരീക്ഷണംകൂടിയായിരുന്നു ഈ വിക്ഷേപണം. രണ്ട് മീറ്റര്‍ നീളവും, 1.77 മീറ്റര്‍ വീതിയും, 3.1 മീറ്റര്‍ ഉയരവുമുള്ള പേടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ 4500 വാട്സ് വൈദ്യുതി സോളാര്‍പാനലുകള്‍ പ്രധാനംചെയ്യും. 6000 കിലോഗ്രാംവരെ ഭാരമുള്ള വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ പരീക്ഷണ വിക്ഷേപണത്തില്‍ ആദ്യത്തേതാണ് ജിസാറ്റ്-19. അയോണ്‍ ത്രസ്റ്ററുകളുടെയും, തെര്‍മല്‍ റേഡിയേറ്ററുകളുടെയും, ലിഥിയം അയോണ്‍ ബാറ്ററികളുടെയും പ്രവര്‍ത്തനമികവ് പരീക്ഷിക്കുക ഈ ദൌത്യത്തിന്റെ ലക്ഷ്യമായിരുന്നു. ഗൌ, ഗമ ബാന്‍ഡ്വിഡ്ത്തിലുള്ള നാല് ട്രാന്‍സ്പോണ്ടറുകളും ജിസാറ്റ്-19ല്‍ ഉണ്ടായിരുന്നു.

11 ഗണ ആണ് ജിസാറ്റ്-11ന്റെ പ്രവര്‍ത്തനത്തിനാവശ്യമുള്ള വൈദ്യുതിഗൌ,ഗമ ബാന്‍ഡ്വിഡ്ത്തിലുള്ള 40 ട്രാന്‍സ്പോണ്ടറുകള്‍ പേടകത്തിലുണ്ട്. അഹമ്മദാബാദിലെ സ്പേസ് അപ്ളിക്കേഷന്‍ സെന്ററിലാണ് ട്രാന്‍സ്പോണ്ടറുകള്‍ നിര്‍മിച്ചത്. 14 ജിഗാബൈറ്റ്/സെക്കന്‍ഡ് ആണ് ട്രാന്‍സ്പോണ്ടറുകളുടെ സംപ്രേക്ഷണശേഷി.

ജിസാറ്റ്-11ന്റെ വിക്ഷേപണത്തിനുശേഷം മറ്റൊരു വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-20ന്റെ വിക്ഷേപണവും ഇസ്രോ നടത്തും. 2018 ഡിസംബറിലാകും വിക്ഷേപണം ഉണ്ടാവുക. ഈ മൂന്ന് ഉപഗ്രഹങ്ങളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനം വാര്‍ത്താവിനിമയമേഖലയില്‍ വലിയ പുരോഗതി സൃഷ്ടിക്കും. ഇന്റര്‍നെറ്റ് സേവനം ടെലിവിഷന്‍വഴിയും ലഭ്യമാക്കാന്‍കഴിയും. വയര്‍ലെസ് ടെലിവിഷനുകള്‍ വ്യാപകമാകുന്നതിനും ഡാറ്റാ കണക്ഷന്റെ ചെലവ് കുറയുന്നതിനും ഹൈ-സ്പീഡ് ആകുന്നതിനും ഇതിലൂടെ സാധിക്കും. ജിസാറ്റ്-19 ന്റെ വിക്ഷേപണത്തിനുശേഷം ഡാറ്റാ കണക്ഷന്‍ റേറ്റ് 1 ജിഗാബൈറ്റ്/സെക്കന്‍ഡ് ആയിരുന്നു. ജിസാറ്റ്-11നുശേഷം അത് 14 ജിഗാബൈറ്റ്/സെക്കന്‍ഡും, ജിസാറ്റ്-20നുശേഷം അത് 70 ജിഗാബൈറ്റ്/സെക്കന്‍ഡ് ആയും വര്‍ധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home