ആന്റിബയോട്ടിക് ഉപയോഗം കരുതലോടെ

ഇരുപതാം നൂറ്റാണ്ടിലെ വൈദ്യശാസ്ത്രരംഗത്തെ സുപ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് ആന്റിബയോട്ടിക്കുകളുടെ കണ്ടെത്തല്‍. 1929ല്‍ അലക്സാണ്ടര്‍ ഫ്ളെമിങ് പെനിസിലില്‍ കണ്ടുപിടിച്ചപ്പോള്‍ ആധുനിക വൈദ്യശാസ്ത്ര ചികിത്സാചരിത്രത്തിലെ വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിക്കുകയായിരുന്നു. അതുവരെ മാരകമായ ബാക്ടീരിയകളുടെ ആക്രമണത്തിനു മുന്നില്‍ ആയുധമില്ലാത്ത പോരാളി മാത്രമായിരുന്നു മനുഷ്യന്‍.
ആന്റിബയോട്ടിക്കുകള്‍ ജീവന്‍രക്ഷാ മരുന്നുകളാണ്. ശക്തരായ രോഗാണുക്കളെ നശിപ്പിച്ച് ഗുരുരമായ രോഗാണു ബാധയില്‍നിന്ന് മനുഷ്യനെ രക്ഷിക്കുന്ന സുപ്രധാന ആയുധങ്ങളാണവ. എന്നാല്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധശേഷിയാര്‍ജിച്ച രോഗാണുക്കളുടെ ആവിര്‍ഭാവം ആഗോളവ്യാപകമായി ചികിത്സാരംഗത്ത് വന്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവുമാണ് മരുന്നുകളെ വെല്ലുവിളിക്കുന്ന രോഗാണുക്കളുടെ കടന്നുവരവിന് കാരണമായത്.
ആന്റിബയോട്ടിക് പ്രതിരോധം കേരളത്തിലും ചികിത്സാരംഗത്ത് വന്‍ തിരിച്ചടിയായിട്ടുണ്ട്. ചികിത്സാരംഗത്തുണ്ടായ ഈ വെല്ലുവിളികള്‍ നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റെയും ലോകാരോഗ്യസംഘടനയുടെയും സഹായത്തോടെ സംസ്ഥാന ആരോഗ്യവകുപ്പും, ഭക്ഷ്യ, കൃഷി, ഫിഷറീസ് വകുപ്പുകളും ചേര്‍ന്ന് 'വണ്‍ ഹെല്‍ത്ത്' എന്ന പേരില്‍ ഒരു നൂതനപദ്ധതിക്ക് തുടക്കംകുറിച്ചിട്ടുണ്ട്. ആന്റിബയോട്ടിക്കുകളുടെ കരുതലോടെയുള്ള ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഇടയില്‍ വ്യാപക ബോധവല്‍കരണം നടത്താനും, കൃഷി-ഭക്ഷ്യ മേഖലയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം തടയാനും പദ്ധതി ലക്ഷ്യമിടുന്നു.
ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനരീതി
ബാക്ടീരിയയുടെ കോശഭിത്തിയുടെ നിര്‍മാണം തടഞ്ഞ് അവയെ നശിപ്പിക്കുന്നതാണ് ഒരു മാര്‍ഗം. പെനിസിലിന്‍, സിഫലോസ്പോറിന്‍പോലെയുള്ള ആന്റിബയോട്ടിക്കുകള്‍ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. രോഗാണുകോശങ്ങളിലെ പ്രോട്ടീന്‍ നിര്‍മാണത്തെ തടയുന്നതാണ് മറ്റൊരു രീതി. ടെട്രാസൈക്ളിന്‍, എറിത്രോമൈസിന്‍, സ്ട്രെപ്റ്റോമൈസിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. രോഗാണുകോശങ്ങളിലെ ന്യൂക്ളിക് ആസിഡുകളുടെ നിര്‍മാണം തടഞ്ഞ് ബാക്ടീരിയകളെ നശിപ്പിക്കുന്നതാണ് സിപ്രോഫ്ളോക്സസിന്‍പോലുള്ള ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനരീതി. ബാക്ടീരിയകളുടെ കോശസ്തരത്തിന്റെ പ്രവേശ്യതയില്‍ വ്യതിയാനങ്ങള്‍ വരുത്തി അവയെ നശിപ്പിച്ചാണ് പോളിമിക്സിന്‍പോലെയുള്ള ആന്റിബയോട്ടിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാക്ടീരിയകള്‍ക്കെതിരായുള്ള ആന്റിബയോട്ടിക്കുകളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ തടഞ്ഞാണ് രോഗാണുക്കള്‍ മരുന്നിനെതിരെ പ്രതിരോധശേഷി ആര്‍ജിക്കുന്നത്.
മരുന്നുപ്രതിരോധം രണ്ടുതരത്തില്‍
ചില ബാക്ടീരിയകള്‍ തുടക്കംമുതല്‍തന്നെ ചില പ്രത്യേക ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധമുള്ളവയാകും. ഇതിനെ സ്വാഭാവിക പ്രതിരോധം എന്നു പറയുന്നു. ക്ഷയരോഗാണുക്കള്‍ ടെട്രാസൈക്ളിനെതിരായും മൂത്രാശയ അണുബാധയ്ക്കു കാരണമാകുന്ന ഗ്രാം നെഗറ്റീവ് ബാക്ടീരിയകള്‍ പെനിസിലിനെതിരായും പ്രവര്‍ത്തിക്കുന്നത് സ്വാഭാവിക പ്രതിരോധമാണ്. സാധാരണയായി സ്വാഭാവിക പ്രതിരോധം ചികിത്സാരംഗത്ത് പ്രശ്നങ്ങളൊന്നും ഉണ്ടാക്കാറില്ല. ഉചിതമായ മറ്റ് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സ ക്രമപ്പെടുത്തിയാല്‍ മതിയാകും.
നേരത്തെ ആന്റിബയോട്ടിക്കുകള്‍ക്ക് കീഴടങ്ങിയിരുന്ന ചില രോഗാണുക്കള്‍ മരുന്നുകളുടെ തുടര്‍ച്ചയായുള്ള ഉപയോഗത്തെത്തുടര്‍ന്ന് മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷി നേടുന്ന ഗുരുതര സ്ഥിതിവിശേഷമാണ് ആര്‍ജിത പ്രതിരോധം. ശക്തരായ ചില രോഗാണുക്കള്‍ എന്‍സൈമുകള്‍ ഉല്‍പ്പാദിപ്പിച്ച് ആന്റിബയോട്ടിക്കുകളെ പൂര്‍ണമായും നശിപ്പിക്കുന്നു. ആര്‍ജിത പ്രതിരോധശേഷി നേടിയ മറ്റു ചില ബാക്ടീരിയകള്‍ മരുന്നിന് കോശങ്ങളിലേക്ക് പ്രവേശിക്കാനുള്ള ചാനലുകള്‍ അടയ്ക്കുന്നു. മലേറിയ രോഗാണുക്കള്‍ ക്ളോറോക്സിനെതിരെ ഇങ്ങനെ പ്രതിരോധശേഷി നേടാറുണ്ട്. മറ്റു ചില രോഗാണുക്കള്‍ ഒരുപടികൂടെ കടന്ന് ആന്റിബയോട്ടിക്കുകളെ കോശങ്ങളില്‍നിന്ന് പമ്പ്ചെയ്ത് പുറന്തള്ളുന്നു. ഒരുവിഭാഗത്തില്‍പ്പെട്ട ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധശേഷി നേടിയ ചില രോഗാണുക്കള്‍ ഘടനാപരമായി സാമ്യംപുലര്‍ത്തുന്ന മറ്റുചില പുതിയ ആന്റിബയോട്ടിക്കുകള്‍ക്കെതിരെയും പ്രതിരോധം രൂപപ്പെടുത്തിയെന്നുവരാം. അതിഗുരുതരമായ ഈ സ്ഥിതിവിശേഷം ആശുപത്രിജന്യ രോഗാണുബാധയിലാണ് കൂടുതലായി കണ്ടുവരുന്നത്.
ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്നം
മരുന്നുകളേല്‍ക്കാത്ത രോഗാണുക്കളുടെ ആവിര്‍ഭാവം ചികിത്സയുടെ കാലയളവ് കൂട്ടാനും കൂടുതല്‍ നാള്‍ ആശുപത്രിയില്‍ കഴിയാനും ഇടയാക്കും. സ്വാഭാവികമായും ചികിത്സാചെലവും ഉയരുന്നു. അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ ശസ്ത്രക്രിയകള്‍ പരാജയപ്പെടുന്നു. മരുന്നുപ്രതിരോധം നേടിയ ബാക്ടീരിയകള്‍മൂലമുള്ള രോഗാണുബാധ വഴിയൊരുക്കും. ഇന്ത്യയില്‍ വ്യാപകമായി രോഗാണുബാധയ്ക്കു കാരണമാകുന്ന 'ചില ബാക്ടീരിയകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ന്യൂഡല്‍ഹി മെറ്റാലോ ബീറ്റ ലാക്ടമേസ്- 1, ഓക്സാ- 48 കാര്‍ബപെനിമേസ് തുടങ്ങിയ എന്‍സൈമുകള്‍ വളരെയേറെ ആന്റിബയോട്ടിക് പ്രഹരശേഷിയുള്ളവയാണ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ 2050 ഓടുകൂടി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്നമായി മരുന്നുപ്രതിരോധം മാറിയേക്കുമെന്ന ആശങ്ക വൈദ്യശാസ്ത്ര ഗവേഷകര്‍ക്കുണ്ട്.
സ്വയം ചികിത്സ അപകടം; ശുചിത്വം പ്രധാനം
ആന്റിബയോട്ടിക്കുകളുടെ കരുതലോടെയുള്ള ഉപയോഗമാണ് ഏറ്റവും പ്രധാനം. അനവസരങ്ങളിലും ഡോക്ടറുടെ നിര്‍ദേശമില്ലാതെയും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്. ആന്റിബയോട്ടിക്കുകള്‍ പാരസിറ്റമോള്‍പോലെയുള്ള പനിമരുന്നല്ല. എല്ലാ പനികള്‍ക്കും ആന്റിബയോട്ടിക്ക് ചികിത്സ ആവശ്യവുമില്ല. ദീര്‍ഘനാള്‍ ആന്റിബയോട്ടിക്കുകള്‍ അശാസ്ത്രീയമായി ഉപയോഗിക്കുന്നത് മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷിയാര്‍ജിച്ച രോഗാണുക്കള്‍ക്ക് വംശവര്‍ധന നടത്താനുള്ള അനുകൂല സാഹചര്യം ഒരുക്കുന്നു.
സ്വയംചികിത്സയാണ് മരുന്നുപ്രതിരോധമുണ്ടാക്കുന്ന മറ്റൊരു കാരണം. മരുന്നകടയില്‍നിന്ന് സ്വയം മരുന്നുവാങ്ങി കഴിക്കുന്നതും ഡോക്ടറുടെ പഴയ കുറിപ്പടി ഉപയോഗിച്ച് വീണ്ടും മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നതും ആന്റിബയോട്ടിക്കുകള്‍ ദുരുപയോഗംചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നു. രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായാലുടന്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെയും മരുന്നിന്റെ കോഴ്സ് പൂര്‍ത്തിയാക്കാതെയും മരുന്നുപയോഗം ഇടയ്ക്കു നിര്‍ത്തുന്നതും ഒഴിവാക്കണം. ആന്റിബയോട്ടിക്കുകള്‍ ശരിയായ തോതിലും കൃത്യമായ തവണകളിലും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.
രോഗികളുമായി ഇടപഴകുമ്പോഴും അവരെ ശുശ്രൂഷിക്കുമ്പോഴും ശരിയായ വ്യക്തിശുചിത്വം പാലിക്കണം. രോഗിയുടെ വസ്ത്രങ്ങളും ഉപയോഗിച്ച സാധനങ്ങളും മറ്റും കൈകാര്യംചെയ്തശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. അനാവശ്യ ആശുപത്രിസന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗം, ഓപ്പറേഷന്‍ തിയറ്റര്‍, പ്രസവമുറി തുടങ്ങിയ ഇടങ്ങളില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിക്കരുത്. അണുവിമുക്തമായി സൂക്ഷിക്കേണ്ട സ്ഥലങ്ങളാണിവ. ആരോഗ്യകേന്ദ്രങ്ങളില്‍നിന്നു കൈമാറ്റംചെയ്യപ്പെടുന്ന രോഗാണുക്കള്‍ പലപ്പോഴും മരുന്നുപ്രതിരോധശേഷി നേടിയവരാകും.
കോഴികളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി കോഴി ഫാമുകളില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘനാള്‍ ഇത്തരം ഇറച്ചി കഴിക്കുന്നത് ചെറിയ അളവില്‍ ആന്റിബയോട്ടിക്കിന്റെ അംശം ഉള്ളിലെത്താനും മരുന്നുപ്രതിരോധത്തിനും ഇടയാക്കും. ബ്രോയിലര്‍ കോഴിയിറച്ചി ഒഴിവാക്കി നാടന്‍കോഴി ഇറച്ചി ഉപയോഗിക്കുന്നതാണ് നല്ലത്.
ദീര്‍ഘനാള്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ടിവരുന്ന ക്ഷയരോഗചികിത്സപോലെയുള്ള സാഹചര്യങ്ങളില്‍ ഒന്നില്‍ക്കൂടുതല്‍ മരുന്നുകള്‍ ഉപയോഗിച്ചുള്ള സംയോജിത ചികിത്സ നിര്‍ദേശിക്കാറുണ്ട്. മരുന്നുപ്രതിരോധത്തിനുള്ള സാധ്യത ഒഴിവാക്കാനാണ് ഒന്നിലധികം മരുന്നുകള്‍ നിര്‍ദേശിക്കുന്നത്. ഇങ്ങനെയുള്ള അവസരങ്ങളില്‍ സ്വയം ചില മരുന്നുകള്‍ ഒഴിവാക്കുന്ന പ്രവണത ഒഴിവാക്കണം. രോഗിയുടെ രക്തവും മൂത്രവും മറ്റു ശരീരഭാഗങ്ങളും കള്‍ചര്‍ചെയ്ത് തെരഞ്ഞെടുക്കുന്ന ആന്റിബയോട്ടിക്കുകള്‍ കൃത്യമായ തോതിലും കാലയളവിലും കഴിക്കുന്നതാണ് ഏറ്റവും ശാസ്ത്രീയ മാര്‍ഗം.
(കൊല്ലം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍വിഭാഗം പ്രൊഫസറും വകുപ്പുമേധാവിയുമാണ്)









0 comments