കൊള്ളപ്പലിശക്കാരെ നിയന്ത്രിക്കാന്‍ നിയമവ്യവസ്ഥകള്‍

നമ്മുടെ നാട്ടില്‍ വലുതും ചെറുതുമായ നിരവധി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ സാധാരണക്കാരന് വായ്പ ലഭിക്കുന്നതിന് പ്രയാസമുണ്ട്.
സ്വര്‍ണാഭരണത്തിന്റെ ഈടിന്മേല്‍ മാത്രമാണ് ബാങ്കുകളില്‍നിന്ന് ഉടനടി വായ്പ ലഭിക്കുക. മരണം, ആശുപത്രിച്ചെലവുകള്‍ തുടങ്ങിയ അടിയന്തരഘട്ടങ്ങളില്‍ പണം കിട്ടാന്‍ നല്ലൊരുവിഭാഗം ജനങ്ങള്‍ ആശ്രയിക്കുന്നത് സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെയും വ്യക്തികളെയുമാണ്. കുറച്ചു മുദ്രപ്പത്രങ്ങളും ബ്ളാങ്ക് ചെക്കുകളും കൈമാറിയാല്‍ ഉടനടി പണം കിട്ടുമെന്നതാണ് ഇത്തരം സ്വകാര്യ പണമിടപാടുകാരെ സമീപിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
കൊള്ളപ്പലിശയ്ക്ക് പണം വായ്പയെടുക്കുന്നവര്‍ തങ്ങളുടെ വീടും മറ്റു സ്ഥാവര-ജംഗമ സ്വത്തുക്കളും കൈമാറ്റംചെയ്യാനും വില്‍ക്കാനുമുള്ള അധികാരം ഇത്തരം പണയസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കി കരാറുകളും മുക്ത്യാറുകളും രജിസ്റ്റര്‍ ചെയ്യുന്നു.
പിന്നീട് വായ്പയെടുത്ത സംഖ്യയും അതിന്റെ ഭീമമായ പലിശയും അടച്ചുതീര്‍ക്കുന്നതിന് കഴിയാതെവരുമ്പോള്‍ വായ്പയെടുത്ത വ്യക്തികള്‍ക്ക് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്നതും കൂട്ട ആത്മഹത്യ നടക്കുന്നതും സ്ഥിരംവാര്‍ത്തയാണ്.
കേരള സംസ്ഥാനത്ത് അമിതപലിശയ്ക്ക് പണം കടംകൊടുക്കുന്നത് നിരോധിക്കുന്നതിനും പണം കടംകൊടുക്കല്‍ ബിസിനസില്‍ അമിതപലിശ ഈടാക്കുന്നയാള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനും വേണ്ടി 2012ല്‍ കേരള നിയമസഭ പാസാക്കിയ നിയമമാണ് കേരള അമിതപലിശ ഈടാക്കല്‍ നിരോധനിയമം.
അമിത പലിശ എന്നാല്‍
ഈ നിയമപ്രകാരം ഒരാളും അയാള്‍ നല്‍കുന്ന വായ്പയിന്മേല്‍ അമിതപലിശ ഈടാക്കാന്‍പാടുള്ളതല്ല.
ഈ നിയമപ്രകാരം അമിതപലിശ എന്നാല്‍ 1958ലെ മണി ലെന്‍ഡേഴ്സ് ആക്ടില്‍ വകുപ്പ് 7ല്‍, ഉപവകുപ്പ് 1ല്‍ പറയുന്ന പലിശ നിരക്കിനെക്കാള്‍ കൂടിയ നിരക്കില്‍, മണിക്കൂര്‍ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന പലിശ എന്നാണര്‍ഥം.
ഈ നിയമത്തിലെ വകുപ്പ് 4 പ്രകാരം ചാര്‍ജ്ചെയ്യുന്ന എല്ലാ കുറ്റങ്ങളും പൊലീസിന് നേരിട്ട് കേസെടുക്കാവുന്നവയും ജാമ്യം ലഭിക്കാത്ത കുറ്റങ്ങളുമാണ്.
ഈ നിയമത്തിലെ വകുപ്പ് 5 പ്രകാരം വായ്പയെടുത്ത തുക നിയമപ്രകാരമുള്ള പലിശസഹിതം പൂര്‍ണമായോ ‘ഭാഗികമായോ അതത് സ്ഥലത്തെ അധികാരമുള്ള കോടതിവഴി തിരിച്ചടയ്ക്കാനുള്ള അവസരമുണ്ട്.
ഇത്തരം കേസില്‍ വായ്പയും പലിശയും ഉള്‍പ്പെടെയുള്ള തുക അടച്ചുതീര്‍ക്കുന്നതിലേക്കാണെന്ന് രേഖപ്പെടുത്തുന്നതിനുള്ള ഹര്‍ജിയോടൊപ്പം 1958ലെ മണി ലെന്‍ഡേഴ്സ് ആക്ടില്‍ വകുപ്പ് 7ല്‍, ഉപവകുപ്പ് 1ല്‍ പറയുന്ന പലിശത്തുകയും കോടതിയില്‍ കെട്ടിവയ്ക്കാം. യഥാര്‍ഥ വായ്പാതുക മാത്രമായും കോടതിയില്‍ കെട്ടിവയ്ക്കാം. പലിശയുടെ തിരിച്ചടവിനു പകരമായി ആരെങ്കിലും വായ്പയെടുത്തയാളിന്റെ വസ്തു കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ കൈവശാവകാശം പുനഃസ്ഥാപിക്കാന്‍ കോടതിവഴി ഉത്തരവ് നേടാം. ഇത്തരം ഹര്‍ജികളില്‍ കോടതി 15 ദിവസത്തിനകം എതിര്‍കക്ഷിയോട് മറുപടിപറയാന്‍ ആവശ്യപ്പെടും. അമിതമായി നല്‍കിയ പലിശ മുതലിലേക്കു ചേര്‍ത്തതായി പരിഗണിക്കാനും കോടതിയില്‍ അപേക്ഷ നല്‍കാം.
ശിക്ഷ 3 തരം
മൂന്നുതരത്തിലുള്ള ശിക്ഷ ഈ നിയമത്തില്‍ വ്യവസ്ഥചെയ്യുന്നുണ്ട്.
അമിതപലിശയ്ക്ക് നല്‍കുന്ന വായ്പ തിരിച്ചുപിടിക്കാന്‍ കടം വാങ്ങിയ ആളെ പീഡിപ്പിക്കുകയോ, പീഡിപ്പിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്ന കുറ്റത്തിന് മൂന്നുവര്‍ഷംവരെ തടവും 50,000 രൂപവരെ പിഴയും ലഭിക്കും. കൂടാതെ വായ്പ ഈടാക്കുന്നതിലേക്കായി വായ്പയെടുത്ത ആളെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുകയോ പീഡിപ്പിക്കുന്നതിന് പ്രേരിപ്പിക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍ പണം കടം നല്‍കിയ ആള്‍ക്ക് ഒരു വര്‍ഷംവരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.
കടം നല്‍കിയ ആളോ, അല്ലെങ്കില്‍ അയാള്‍ ഏര്‍പ്പെടുത്തിയ ആളോ കടം വാങ്ങിയ ആളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നതിലൂടെ അയാള്‍ ആത്മഹത്യയിലേക്ക് നയിക്കപ്പെട്ടാല്‍, കടം നല്‍കിയ ആള്‍ക്ക് അഞ്ചുവര്‍ഷംവരെ തടവും 50,000 രൂപ പിഴയും ശിക്ഷയും ലഭിക്കും.
ഈ നിയമപ്രകാരം ഒരു ഹര്‍ജി നല്‍കാനുള്ള കോടതി ഫീസ് 100 രൂപ മാത്രമായി വ്യവസ്ഥചെയ്തിട്ടുണ്ട്.
വായ്പ വാങ്ങിയ ആള്‍ കൂടിയ നിരക്കില്‍ പലിശ നല്‍കിയിട്ടുണ്ടെങ്കില്‍, അത് വായ്പയിലേക്ക് വകവയ്ക്കുന്നതിനും കോടതിക്ക് അധികാരമുണ്ട്.
അന്യായപലിശയ്ക്ക് പണം നല്‍കുന്നവരെ നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെതന്നെ പല വകുപ്പും ചേര്‍ത്ത് കേസെടുക്കണമെന്ന് കേരള പൊലീസ് ആസ്ഥാനത്തുനിന്നുതന്നെ ഉത്തരവുകളുണ്ട്.
വ്യാജരേഖയുണ്ടാക്കിയാല്‍ വഞ്ചനാ കുറ്റവും
വായ്പാതുക തിരികെ അടയ്ക്കാനാകില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചെക്കുകളും ബ്ളാങ്ക് പേപ്പറുകളും കരസ്ഥമാക്കി പിന്നീട് അതില്‍ എഴുതിച്ചേര്‍ക്കുന്നത് ഐപിസി അനുസരിച്ച് വഞ്ചനയോടുകൂടിയുള്ള വ്യാജരേഖയുണ്ടാക്കുന്ന ഏഴുവര്‍ഷംവരെ തടവു ലഭിക്കാവുന്ന കുറ്റമായി കണക്കാക്കാം.
മറ്റാരെയെങ്കിലും ഉപയോഗിച്ച് ചെക്ക് ബാങ്കില്‍ നല്‍കി പണം തിരികെ ഈടാക്കാന്‍ ശ്രമിക്കുന്നതും കുറ്റകരമാണ്. കടം വാങ്ങിയ ആളെ ചതിക്കണമെന്ന വിചാരത്തോടെ ഉയര്‍ന്ന തുക എഴുതിച്ചേര്‍ത്ത്, യഥാര്‍ഥ ആള്‍ എഴുതിയതായി കാണിച്ച് രേഖകകളുണ്ടാക്കുന്നതും കുറ്റമാണ്.
ഭീഷണിപ്പെടുത്തലിന് പ്രത്യേക ശിക്ഷ
പലിശയോ പണമോ തിരികെ ലഭിക്കാന്‍ ബ്ളാങ്ക് പത്രങ്ങളില്‍ എഴുതിച്ചേര്‍ത്ത രേഖകള്‍ ഉപയോഗിച്ച് ‘ഭീഷണിയിലൂടെ പണം തിരികെവാങ്ങുന്നത് 10 വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റമാണ്. പണം തിരികെലഭിക്കുന്നതിന് രേഖകളോ, വാഹനങ്ങളോ, വസ്തുക്കളോ എടുത്തുകൊണ്ടുപോകുന്നത് മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃതങ്ങളുടെ പട്ടികയില്‍പ്പെടും. അത് ഭീഷണിയിലൂടെയും അക്രമത്തിലൂടെയുമാണ് കൊണ്ടുപോകുന്നതെങ്കില്‍ 10 വര്‍ഷംവരെ തടവു ലഭിക്കുന്ന കുറ്റമായി കേസെടുക്കാം. അഞ്ചോ അതിലധികമോ ആളുകള്‍ ചേര്‍ന്നാണ് ഇതു ചെയ്യുന്നതെങ്കില്‍ ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന കുറ്റവും പൊലീസ് ചാര്‍ജ്ചെയ്യണമെന്നാണ് ഉത്തരവ്. സ്ഥിരമായി ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നരെ വേണമെങ്കില്‍ ഗുണ്ടാലിസ്റ്റിലും ഉള്‍പ്പെടുത്താം.









0 comments