ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഡാറ്റ സുരക്ഷിതമാക്കണം

ഇക്കഴിഞ്ഞയാഴ്ച പ്രതിരോധമന്ത്രാലയം ഒരു അസാധാരണ കുറിപ്പിറക്കി. 42 ആപ്പുകളുടെ ഒരു പട്ടിക. ഈ ആപ്പുകള്‍ സൈനികരും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും ഉപയോഗിക്കരുത് എന്നായിരുന്നു അതിലെ ഉള്ളടക്കം. ഫോണില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന ഈ ആപ്പുകള്‍, രാജ്യസുരക്ഷയ്ക്കുതന്നെ ‘ഭീഷണി ഉണ്ടാക്കിയേക്കാം എന്നതായിരുന്നു ഉത്തരവില്‍ പറഞ്ഞത്. ഒരു പ്രത്യേക രാജ്യത്തുനിന്നുള്ള ആപ്പുകള്‍ എന്നാണ് മന്ത്രാലയം മൊത്തത്തില്‍ പറഞ്ഞതെങ്കിലും ഇതില്‍ ഉള്‍പ്പെടാത്ത ട്രൂ കോളര്‍ എന്ന ആപ്പും ഉള്‍പ്പെട്ടിരിക്കുന്നുവെന്നത് ശ്രദ്ധേയം. അത് അവരുടെ കാര്യം. വ്യക്തികള്‍ക്ക് ഇതു ബാധകമല്ലാട്ടോ. എങ്കിലും ആപ്പുകളുടെ ഡാറ്റാ സുരക്ഷതിതത്വം ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ചയാകുന്നു.
രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശപ്രകാരം ഉണ്ടാക്കിയ ഈ പട്ടികയിലെ ആപ്പുകള്‍ സൈനികരുടെ ഫോണില്‍നിന്ന് വിവരങ്ങള്‍ ശത്രുരാജ്യങ്ങളിലേക്ക് എത്തിക്കുന്നുവെന്ന് സംശയിക്കാം. സൈനികര്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശിക്കുന്ന ആപ്പുകളില്‍ നമ്മളില്‍ പലരും ഉപയോഗിക്കുന്ന നിരവധി ആപ്പുകളുണ്ട്. ക്രോം ബ്രൌസറിനെക്കാളും പ്രചാരത്തില്‍ മുന്നിലുള്ള യു സി ബ്രൌസര്‍, ഫയലുകള്‍ ഷെയര്‍ചെയ്യാന്‍ ഉപയോഗിക്കുന്ന ഷെയര്‍ ഇറ്റ്, ട്രൂ കോളര്‍, ഫോണിലെ അനാവശ്യ ഫയലുകള്‍ കളയാന്‍ ഉപയോഗിക്കുന്ന ചീറ്റ ക്ളീന്‍ മാസ്റ്റര്‍, ഷവോമിയുടെ നിരവധി ആപ്പുകള്‍, വീ ചാറ്റ് എന്നിവയും അവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ പല ഷവോമി ആപ്പുകളും അവരുടെ ഫോണില്‍ ആദ്യംതന്നെ ഇന്‍സ്റ്റാള്‍ചെയ്തുവരുന്ന, എടുത്ത് കളയാന്‍പറ്റാത്തതാണ്. അപ്പോള്‍ പിന്നെ ഷവോമിയുടെ ഫോണ്‍ ഉപയോഗിക്കാതിരിക്കുകയെ ഈ പട്ടാളക്കാര്‍ക്ക് രക്ഷയുള്ളൂ.
ഔദ്യോഗിക ഫോണുകളില്‍ മാത്രമല്ല, സ്വകാര്യ ഫോണുകളിലും സൈനികര്‍ ഈ ആപ്പുകള്‍ വച്ചേക്കരുതെന്ന് മന്ത്രാലയം എടുത്തുപറയുന്നുണ്ട്. ഈ കുറിപ്പിന് തൊട്ടുപിന്നാലെ ഷെയര്‍ ഇറ്റ്, ട്രൂ കോളര്‍, ഷവോമി എന്നിവരടക്കം ചില ആപ്പുകളെങ്കിലും ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു വ്യക്തമാക്കി രംഗത്തുവന്നിട്ടുണ്ട്. എങ്കിലും, പ്രതിരോധമന്ത്രാലയത്തിന്റെ ആരോപണത്തെ തള്ളിക്കളയാതിരിക്കുകയാകും അവര്‍ക്ക് നല്ലത്. ഇതില്‍ പല ആപ്പുകള്‍ക്കെതിരെയും ഡാറ്റാ സുരക്ഷാനിരീക്ഷകര്‍ ഇതിനുമുമ്പും വിരല്‍ചൂണ്ടിയിട്ടുണ്ട്. ഡാറ്റയാണല്ലോ ഇന്നത്തെ ലോകത്തിലെ ഏറ്റവും വിലപ്പെട്ട സാധനം. ഗൂഗിളും ഫെയ്സ്ബുക്കും സൌജന്യ സേവനങ്ങള്‍ തരുന്നുണ്ടെങ്കിലും അതിനു കണക്കാക്കി നമ്മളെ ലക്ഷ്യംവച്ച് പരസ്യം നല്‍കാന്‍ കമ്പനികള്‍ക്ക് സൌകര്യം ഒരുക്കിയാണല്ലോ അവരുടെ പ്രവര്‍ത്തനം. പരസ്യ വരുമാനത്തിനുപരി ചില ആപ്പുകള്‍ ഉപയോക്താക്കളുടെ സ്വകാര്യ, വൈയക്തിക വിവരങ്ങള്‍ വിറ്റു പൈസയുണ്ടാക്കുന്നു എന്നത് പരസ്യമായ രഹസ്യമാണല്ലോ. അതു ശരിയാണെന്നു തെളിയിക്കുന്നതാണ് പ്രതിരോധമന്ത്രാലയത്തിന്റെ കുറിപ്പില്‍നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്. ഫോണ്‍ ഉപയോഗിക്കുന്നവരുടെ ലൊക്കേഷന്‍, ഫോട്ടോകള്‍, ചാറ്റുകള്‍, കോള്‍വിവരങ്ങള്‍ തുടങ്ങിയവയെല്ലാം വിവരങ്ങളാണ്. ചെറിയ വിവരശകലങ്ങള്‍ ഇങ്ങനെ സ്വരൂപിച്ച അപഗ്രഥിച്ച് സൈനികനീക്കങ്ങള്‍ മനസ്സിലാക്കാന്‍ ശത്രുക്കള്‍ക്ക് സാധിക്കുന്നതുപോലെ വ്യക്തികളുടെ വിവരങ്ങളും ആപ്പുകാലത്ത് അത്ര രഹസ്യമല്ലെന്നറിയുക.
എല്ലാ ആപ്പുകളും വിവരങ്ങള്‍ ചോര്‍ത്തുന്നവയല്ല, ആപ്പുകള്‍ ഉപയോഗിക്കാതിരിക്കാനാവുകയുമില്ല. ഏത് ആപ് ഡൌണ്‍ലോഡ് ചെയ്യുമ്പോഴും ജാഗ്രത ആവശ്യമാണ്. പ്രത്യേകിച്ച് നമ്മുടെ സമ്മതമില്ലാതെ മറ്റ് സോഫ്റ്റ്വെയറുകളുടെ കൂടെവന്ന് ഫോണില്‍ ഇരിപ്പുറപ്പിക്കുന്ന ആപ്പുകളുടെ കാര്യത്തിലെങ്കിലും.








0 comments