മരച്ചീനിയുടെ കട്ട്, പഞ്ചഗവ്യം, ഗ്ളാഡിയോലസ്

മരച്ചീനിക്ക് രാസവളങ്ങള്‍ ചേര്‍ക്കുന്നതുകൊണ്ട് കട്ട് അല്ലെങ്കില്‍ കയ്പ് കൂടുമെന്നു പറയുന്നത് ശരിയാണോ?
കെ പി രാജേഷ്, തലയോലപറമ്പ്
ഒരു നിശ്ചിത അനുപാതത്തില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ മൂലകങ്ങള്‍ ചേര്‍ത്തുകൊടുക്കുമ്പോള്‍ കട്ടിന്റെ അളവില്‍ വ്യത്യാസം വരാറില്ല. എന്നാല്‍ ഫോസ്ഫറസിന്റെയും പൊട്ടാസ്യത്തിന്റെയും അഭാവത്തില്‍ നൈട്രജന്‍ മാത്രം ചെടിക്ക് ലഭിക്കുന്ന അവസ്ഥയില്‍ കട്ട് അസാമാന്യമായി ഉയരാനിടയുണ്ട്. അതേസമയം പൊട്ടാസ്യം മാത്രമോ, പൊട്ടാസ്യവും ഫോസ്ഫറസുംകൂടി ചേര്‍ന്ന മിശ്രിതമോ കൊടുത്താല്‍ കട്ട് കൂടുന്നില്ല.
കൃഷിയിലെ രോഗം പരിശോധിച്ചശേഷം ഇത് വൈറസ്രോഗമാണ്. ചികില്‍സിച്ചാല്‍ മാറില്ല എന്നു പറയാറുണ്ട്. ഈ രോഗം എങ്ങനെയാണ് പകരുന്നത്. ഏതെല്ലാമാണ് വൈറസ് രോഗങ്ങള്‍?
ജോസഫ് ജോണ്‍, വെള്ളാനിക്കര, തൃശൂര്‍
ചില വൈറസുകളെ രോഗംവന്ന ചെടിയില്‍നിന്ന് മറ്റുള്ളവയിലേക്ക് കീടങ്ങള്‍ പരത്തുന്നു. ചില കീടങ്ങളുടെ ശരിീരത്തില്‍ ഇവ പെരുകുന്നു. എന്നാല്‍ മറ്റു ചിലത് വിത്തുവഴിയും രോഗം വന്ന ചെടിയെ തൊട്ടുരുമ്മി നില്‍ക്കുന്ന ആരോഗ്യമുള്ള ചെടിയിലേക്കും രോഗം പരത്തും. നമ്മുടെ നാട്ടില്‍ കാണുന്ന പ്രധാന വൈറസ്രോഗങ്ങളാണ് മരച്ചീനിയിലെ മൊസേക്, വെണ്ടയിലെ ഇലമഞ്ഞളിപ്പ്, വാഴയിലെ കുറുനാമ്പ് രോഗം, പാവലിലെ (കയ്പ) മൊസേക് മുതലായവ.
പഞ്ചഗവ്യം ചെടികള്‍ക്ക് ഫലപ്രദമാണോ. എങ്ങനെയാണിത് തയ്യാറാക്കേണ്ടത്. തയ്യാറാക്കിയാല്‍ എത്രകാലം സൂക്ഷിക്കാം?
പി കുഞ്ഞികൃഷ്ണന്‍, പയ്യന്നൂര്‍,
ശാസ്ത്രീയ നിരീക്ഷണങ്ങള്‍ കാര്യമായൊന്നും നടത്തിയിട്ടില്ലെങ്കിലും പഞ്ചഗവ്യത്തിന്റെ ഉപയോഗം ഒരു ജൈവവളം എന്ന നിലയിലും കുമിള്‍-കീട നാശിനിയെന്ന നിലയിലും വ്യാപകമാണ്. മനുഷ്യര്‍ക്കായി തയ്യാര്‍ചെയ്യുന്ന ആയുര്‍വേദ വിധിപ്രകാരം ഉണ്ടാക്കുന്ന പഞ്ചഗവ്യമല്ല ഇത്. ചാണകം അഞ്ച് കി.ഗ്രാം, ഗോമൂത്രം അഞ്ച് ലിറ്റര്‍, പാല്‍ മൂന്നു ലിറ്റര്‍, തൈര് മൂന്നു ലിറ്റര്‍, നെയ്യ് ഒരു കി.ഗ്രാം എന്നിവയാണ് ചേരുവകളും തോതും. ചാണകവും നെയ്യും നന്നായി ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് 10 ദിവസം പഴക്കമുള്ള കട്ടത്തൈര് ചേര്‍ത്തിളക്കുക. തുടര്‍ന്ന് പുതുതായി കറന്നെടുത്ത പശുവിന്‍പാല്‍ ചൂടാക്കാതെ ചേര്‍ക്കുക. പിന്നീട് ഈ മിശ്രിതം രണ്ടാഴ്ചവരെ പുളിക്കാന്‍ വയ്ക്കുക. ഇത് വായുകടക്കാത്തവിധം വേണം പാത്രത്തില്‍ സൂക്ഷിക്കാന്‍. എല്ലാ ദിവസവും പാത്രത്തിന്റെ അടപ്പു തുറന്ന് ഇളക്കിക്കൊടുക്കണം. ഇങ്ങനെ കിട്ടുന്നതാണ് പഞ്ചഗവ്യം. ഇത് രണ്ടുമാസംവരെ ഉപയോഗിക്കാം.
ഗ്ളാഡിയോലസിന്റെ വിത്താണോ കിഴങ്ങാണോ തൈകളുടെ ഉല്‍പ്പാദനത്തിന് നല്ലത്. തൈ ഉല്‍പ്പാദിപ്പിക്കുന്ന രീതിയും അറിയണം?
എം രേവതി പ്രവീണ്‍, ഒലവക്കോട്
വിത്തുകിഴങ്ങുകളാണ് നല്ലത്. വിത്തില്‍നിന്ന് പുതിയ തൈകള്‍ വളര്‍ത്താമെങ്കിലും അവ എല്ലായ്പ്പോഴും മാതൃസസ്യത്തിന്റെ എല്ലാ ഗുണങ്ങളും അതേപടി പകര്‍ത്തിക്കൊള്ളണമെന്നില്ല. സാമാന്യം വലിയ കിഴങ്ങുകള്‍ വിത്തിനായി തെരഞ്ഞെടുക്കണം. നടുന്ന സമയത്ത് വിത്തുകിഴങ്ങിനെ പൊതിഞ്ഞിരിക്കുന്ന നേര്‍ത്ത ആവരണം നീക്കംചെയ്യണം. തുടര്‍ന്ന് വിത്തുകിഴങ്ങുകള്‍ ഒരു ട്രേയിലോ മറ്റോ വെളിച്ചംകടക്കാതെ ചെറിയതോതില്‍ അന്തരീക്ഷോഷ്മാവുള്ള മുറിയില്‍ സൂക്ഷിച്ചാല്‍ മുളയ്ക്കാന്‍തുടങ്ങും. ഇതിനുശേഷം ഇത് തടത്തിലോ ചട്ടികളിലോ നടാം.









0 comments