നന്മകള്‍ നിറയും നാളേക്കായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2017, 05:23 AM | 0 min read

കുട്ടികള്‍ ഭാവിയുടെ ശില്‍പികളാണ്. നാടിനെ നന്മയിലേക്ക് നയിക്കേണ്ടവരാണ് അവര്‍. നാട്  വലിയ പ്രതീക്ഷയോടെയാണ് പുതിയ തലമുറയെ നോക്കിക്കാണുന്നത്. ആ പ്രതീക്ഷ വര്‍ണാഭമാക്കാന്‍ പ്രിയപ്പെട്ട അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
 'ദേശാഭിമാനി' വലിയൊരു പ്രസ്ഥാനത്തിന്റെ പത്രമാണ്. 'അക്ഷരമുറ്റം' എല്ലാവരുടേതുമാണ്. എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു വിദ്യാഭ്യാസ പതിപ്പാണ്. നന്മയും, സ്നേഹവും നിറഞ്ഞ, അറിവും തിരിച്ചറിവും ഉണ്ടാക്കാനുള്ള ദേശാഭിമാനിയുടെ ഈ യത്നം വളരെ അര്‍ത്ഥവത്താണ്.
  ഏഴുവര്‍ഷമായി സംസ്ഥാനതലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്ഷരമുറ്റം ക്വിസ,് വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ള പൊതുസമൂഹം വലിയ താല്‍പര്യത്തോടെയാണ് ഏറ്റുവാങ്ങിയത്. നമ്മുടെ സമൂഹം അറിവിനെ എത്ര പ്രാധാന്യത്തോടെയാണ് സമീപിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ അറിവുത്സവത്തിന്റെ വിജയം.
  ലോകം പാടേ മാറിക്കൊണ്ടിരിക്കുകയാണ്. അറിവാണ് ഇന്ന് ലോകം ഭരിക്കുന്നത്. പുതിയ കാലത്തിന്റെ മൂലധനം അറിവാണ്. പുതിയകാലത്തിന്റെ നിക്ഷേപം അറിവാണ്. പണത്തിനെ കവച്ചുവയ്ക്കാന്‍ പഠിപ്പിനുകഴിയും. പഠനം എന്നത് ഒറ്റയൊറ്റയായ ഉത്തരത്തില്‍നിന്ന് കൂട്ടായ ഉത്തരങ്ങളിലേക്കുള്ള സഞ്ചാരമാണ്.
ക്ളാസ്മുറിയില്‍നിന്നും പാഠപുസ്തക ത്തില്‍നിന്നും മാത്രം അറിവ് സമ്പാദിക്കുകയെന്ന പഴയ സങ്കല്‍പം മാറി. വിജ്ഞാനവിസ്ഫോടനത്തിന്റെ ഇക്കാലത്ത് പുത്തന്‍ അറിവുകളുടെ കലവറയായി ലോകം മാറിയിരിക്കുന്നു. സൈബര്‍ സ്പെയ്സിന്റെ വലിയ ആകാശത്തിനുകീഴെ വിജ്ഞാനത്തിന്റെയും വിനിമയത്തിന്റെയും വിസ്മയമാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നാനാദിക്കുകളില്‍നിന്ന് പ്രതിഫലിച്ചു കിട്ടുന്ന അറിവുകള്‍ സ്വാംശീകരിക്കാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടാകണം.
 പുസ്തക പഠനം മാത്രമല്ല, അനുഭവങ്ങളും അന്വേഷണങ്ങളും ചേര്‍ന്നതാണ് പഠനം. പുസ്തകങ്ങള്‍ പൂക്കളായി ഓരോ ഹൃദയത്തിലും വിരിയുന്നത് അനുഭവങ്ങള്‍ കൂടിച്ചേരുമ്പോഴാണ്. അതുകൊണ്ട് എല്ലാകൂട്ടുകാരും പഠനം നിരന്തരമായി തുടരണം. ജീവിതാവസാനംവരെ വിദ്യാര്‍ഥിയാവുക എന്നതായിരിക്കണം നിങ്ങളുടെ കാഴ്ചപ്പാട്.
  മറ്റുള്ളവരുടെ ചിരിയിലും ചിന്തയിലും ഒത്തുനില്‍ക്കാന്‍ കഴിയുമ്പോളാണ് നമ്മള്‍ നല്ല മനുഷ്യരാവുന്നത്. നല്ലവരായി എല്ലാവരും വളരണം. നന്മ നിറഞ്ഞ ജീവിതം എല്ലാവര്‍ക്കും ഉണ്ടാക്കലാകണം നമ്മുടെ ലക്ഷ്യം. ഈ ഭൂമിയില്‍ കഷ്ടപ്പെടുന്ന നിരവധി മനുഷ്യരുണ്ട്, നിരവധി അച്ഛനമ്മമാരുണ്ട്, രോഗംകൊണ്ട് വലയുന്നവരുണ്ട്, പട്ടിണികൊണ്ട് അവസരം നഷ്ടമായവരുണ്ട്. അവരെയെല്ലാം ഓര്‍ക്കാന്‍ നമുക്ക് മനസ്സുണ്ടാകണം. അവരെയെല്ലാം നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണം. അക്ഷരത്തിന്റെ പൊരുളറിയാന്‍ ഭാഗ്യം  സിദ്ധിച്ച നമ്മളാണ് അവരുടെ പ്രതീക്ഷ. നാം എത്ര ഉന്നതമായ പദവികള്‍ താണ്ടുമ്പോഴും നമ്മുടെ നാട്ടിലും വീട്ടിലും സമൂഹത്തിലും അവസരങ്ങള്‍ ലഭിക്കാത്ത മനുഷ്യര്‍ നിരവധി ഉണ്ടെന്ന് ഓര്‍ക്കണം.
  മനുഷ്യനെ സ്നേഹിക്കുന്ന സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് വേണ്ടത്. അതിന് അറിവിന്റെ പരിമിതി തിരിച്ചറിയാനും കൂടുതല്‍ അറിവ് നേടാനുമുള്ള ത്വര കുട്ടികളില്‍ ഉണ്ടാക്കണം. എല്ലാ പഠനത്തിലും മനുഷ്യന്റെ സാന്നിധ്യം - അവന്‍ ചവിട്ടിനില്‍ക്കുന്ന മണ്ണിന്റെ സാന്നിധ്യം ഉണ്ടാകണം.
അങ്ങനെയൊക്കെയുള്ള അറിവുകളിലേക്ക് ഉണരാനുള്ള കൈവഴിയാണ്, ചവിട്ടുപടിയാണ് അക്ഷരമുറ്റം ക്വിസ്. ഇവിടെ വിജയികളും പരാജിതരുമില്ല. പങ്കാളികളേ ഉള്ളൂ. സൌഹാര്‍ദ്ദ മത്സരത്തിലെ പങ്കാളികള്‍. നമുക്കു നല്ലൊരു നാളെ സ്വപ്നം കാണാം. അറിവുള്ള സമൂഹത്തെ, അറിവുള്ള തലമുറയെ സ്വപ്നം കാണാം.



deshabhimani section

Related News

View More
0 comments
Sort by

Home