പക്ഷാഘാതം : വസ്തുതകള്‍, അതീജിവനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2017, 04:52 PM | 0 min read


മനുഷ്യരുടെ മരണകാരണങ്ങളില്‍ ഒന്നാംസ്ഥാനം ഹൃദ്രോഗത്തിനും രണ്ടാം സ്ഥാനം ക്യാന്‍സറിനും മൂന്നാം സ്ഥാനം പക്ഷാഘാതം അഥവാ സ്ട്രോക്കിനുമാണ്. സ്ട്രോക്ക് അതിജീവിക്കുന്നവരില്‍ അത് ഉണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകള്‍ വളരെ വലുതാണ്. ഒരു ജീവിതശൈലി രോഗമായ സ്ട്രോക്ക് പ്രതിരോധ്യമായ ഒരു അവസ്ഥയാണ്.

എന്താണ് സ്ട്രോക്ക്
തലച്ചോറിലേക്കു പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറുമൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്നു പറയുന്നത്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. സ്ട്രോക്ക് പൊതുവെ രണ്ടുതരത്തില്‍ കാണുന്നു.

1.ഇഷ്കിമിക്(ischemic)സ്ട്രോക്ക്അഥവാ രക്തധമനികളില്‍ രക്തംകട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്ക്. സ്ട്രോക്കുകളില്‍ ഏറിയ പങ്കും ഇഷ്കിമിക് സ്ട്രോക്ക് ആണ്. 
2. ഹെമാറാജിക് (haemorrhagic) സ്ട്രോക്ക് അഥവാ രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്ട്രോക്ക്. ഇസ്കീമിക് സ്ട്രോക്കിനെക്കാള്‍ മാരകമാണ് ഹെമറാജിക് സ്ട്രോക്ക്.

സ്ട്രോക്ക് വരാനുള്ള സാധ്യതകള്‍
സ്ട്രോക്ക് ഒരു ജീവിതശൈലി രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മര്‍ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ  അധികമാണ്. അതുപോലെ പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവുള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം. ഹാര്‍ട്ട് അറ്റാക്ക് വന്നവരില്‍, ഹൃദയവാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവരില്‍, ഹൃദയമിടിപ്പ് ക്രമമല്ലാത്തവര്‍, ഇവരിലൊക്കെ സ്ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്.

ഈയിടെയായി ചെറുപ്പക്കാരിലും സ്ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ പ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. പുകവലിയാണ് ഇതില്‍ ഏറ്റവും  പ്രധാനം. കൂടാതെ അമിതവണ്ണം, രക്തസമ്മര്‍ദം, മാനസികസമ്മര്‍ദം എന്നിവയും ചെറുപ്പക്കാരില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. ഗഭര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. ഇതുകൂടാതെ കുടുംബപരമായി സ്ട്രോക്ക് വരുന്നവരിലും രക്തം കട്ടപിടിക്കുന്നതില്‍ അപാകത ഉണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവരിലും സ്ട്രോക്ക് ചെറുപ്പകാലത്തെ ഉണ്ടാകാം.

സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം
ശരീരത്തിന്റെ ഒരുവശത്ത് പെട്ടെന്ന് ഉണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ചശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ അതും സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.

എങ്ങനെ ചികിത്സിക്കാം
സ്ട്രോക്കിന്റെലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴേ രോഗി ചികിത്സക്ക് വിധേയപ്പെടേണ്ടതാണ്.രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി നാലര മണിക്കൂറിനുള്ളില്‍തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്. ഇതിന് ത്രോംബോളൈറ്റിക്  തെറാപ്പിഎന്നാണ് പറയുന്നത്. ഈ ചികിത്സയാല്‍ സ്ട്രോക്ക്മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഗണ്യമായ കുറവുണ്ടാകും. അതിനാല്‍ എത്രയും പെട്ടെന്ന് രോഗിയെ അടുത്തുള്ള സ്ട്രോക്ക് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്.
ത്രോംബോളൈറ്റിക്കൊണ്ട് മാറ്റാന്‍പറ്റാത്ത വലുപ്പമുള്ള രക്തക്കട്ടകള്‍ മാറ്റുന്നതിന് രക്തധമനിവഴി ഒരു കത്തീറ്റര്‍ കടത്തി രക്തക്കട്ട നീക്കംചെയ്യാനുള്ള എന്‍ഡോവാസ്ക്യൂലര്‍ റിവാസ്ക്കുലറിസഷന്‍ (endovascular revascularization) തെറാപ്പിയും ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ഇത് ചില സ്ട്രോക്ക് യൂണിറ്റുകളില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളു.

സ്ട്രോക്ക് ചികിത്സായില്‍ ഏറ്റവും പ്രധാനം ചികിത്സ ആരംഭിക്കുന്നതിനുമുമ്പ് നാം പാഴാക്കുന്ന സമയമാണ്. നാം പാഴാക്കുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ ഒരുദശലക്ഷം കോശങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. സ്ട്രോക്ക് യൂണിറ്റുകളുള്ള ഹോസ്പിറ്റലുകള്‍ ഏതൊക്കെയെന്നും അവരുടെ സ്ട്രോക്ക് ഹെല്‍പ്പ് നമ്പറുകള്‍ ഏതാണെന്നും അറിഞ്ഞുവയ്ക്കുന്നത് ആദ്യമുണ്ടാകുന്ന ഈ സമയനഷ്ടം കുറയ്ക്കാന്‍ സഹായിക്കും.

ചികിത്സ വൈകാനുള്ള മറ്റൊരു കാരണം തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ വളരെ കുറവാകും. സിടി സ്കാനില്‍ സ്ട്രോക്കിന്റെ വ്യതിയാനങ്ങള്‍ വരാന്‍ ചിലപ്പോള്‍ ആറുതൊട്ട് 24 മണിക്കൂര്‍വരെ എടുക്കാം. സിടി  സ്കാന്‍ വിശദമായി പരിശോധിക്കുകയോ ഇല്ലെങ്കില്‍ എംആര്‍ഐ സ്കാനില്‍ മാത്രമേ ആദ്യ മണിക്കൂറുകളില്‍ സ്ട്രോക്കിന്റെ വ്യത്യാനങ്ങളും മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലത്തതിനാലും സിടി സ്കാന്‍ നോര്‍മല്‍ ആയതിനാലും ചിലപ്പോള്‍ ചികിത്സ വൈകാറുണ്ട്. ഇത്തരക്കാരില്‍ ചിലപ്പോള്‍ 23 മണിക്കൂര്‍ കഴിയുമ്പോള്‍ പൂര്‍ണമായ സ്ട്രോക്ക് വരുകയും ത്രോംബോളൈറ്റിക്് ചികിത്സക്കുള്ള സമയപരിധി കഴിഞ്ഞു പോകുകയും ചെയ്യാറുണ്ട്.

ചിലരില്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടിഐഎ അഥവാ ട്രാന്‍സിന്റ് ഇസിക്കിമിക് അറ്റാക്ക് (Transient ischemic Attack) എന്നു പറയുന്നു.  എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടിഐഎ ഭാവിയില്‍ സ്ട്രോക്ക് വരുന്നതിനുള്ള ഒരു സൂചനയാണ്.ഉടനെതന്നെ  ന്യൂറോളജിസ്റ്റിനെ കണ്ട്  ചികിത്സ തേടണം.

സ്ട്രോക്കിനുശേഷമുള്ള ജീവിതം
സ്ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം  ചലനശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. ഫിസിയോതെറാപ്പിയുടെ ആദ്യ ലക്ഷ്യം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ രോഗിയെ പ്രാപ്തമാക്കുക എന്നതാണ്. അത് നേടിയാല്‍ അടുത്തലക്ഷ്യംജോലിചെയ്യാന്‍ പ്രാപ്തമാക്കാനുള്ള ഒക്യുപേഷണല്‍ ഫിസിയോതെറാപ്പി ആണ്. കിടപ്പിലായ രോഗികളില്‍ ബെഡ് സോര്‍ വരാതിരിക്കാന്‍ ഓരോ രണ്ടുമണിക്കൂറിലും രോഗിയെ തിരിച്ചുകിടത്തേതാണ്.

നമ്മുടെ ചുറ്റുപാടില്‍ നമ്മുടെ ശരീരത്തിന്റെ ഏകോപനവും  സ്ഥിരതയും കൂടിച്ചേരുന്നതാണ് സന്തുലിതാവസ്ഥ. ഇത് സഞ്ചാരവും സാധനങ്ങള്‍ കൈയെത്തിപ്പിടിക്കുന്നതിനും പോലുള്ള ദൈനംദിന പ്രവൃത്തികളില്‍ സഹായിക്കുന്നു. എന്നാല്‍ സ്ട്രോക്കില്‍ ഈ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു. അതിനാല്‍ വീഴ്ചകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. രോഗികള്‍ കിടക്കുന്ന മുറിയും അവര്‍ ഉപയോഗിക്കുന്ന ബാത്റൂമും ഒരേ നിരപ്പിലാകാന്‍ ശ്രദ്ധിക്കേണ്ടതാണ്.കൂടാതെ രാത്രി ആവശ്യമായ പ്രകാശവും ബാത്റൂമില്‍ വേണം. തട്ടിവീഴാന്‍ കരണമാകാവുന്ന സാധനങ്ങള്‍ തറയില്‍നിന്ന് മാറ്റേണ്ടതാണ്. തിരിയുമ്പോഴും കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കുമ്പോഴൊക്കെ ചലനങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രികരിക്കുക. ശരിക്കും പാകമുള്ളതും കനംകുറഞ്ഞ സോളോടുകൂടിയതും  ഗ്രിപ്പുള്ളതുമായ പാദരക്ഷകള്‍ വേണം ഉപയോഗിക്കാന്‍.
സ്ട്രോക്ക് കാരണം ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഇതിനു നല്ല രീതിയിലുള്ള സ്പീച്ച് തെറാപ്പി ആവശ്യമാണ്. ആശയവിനിമയം നടത്താന്‍ നിരന്തരമായി അഭ്യസിക്കുക, ഉച്ചത്തില്‍ വായിക്കുക, പേരുകള്‍, ഗാനങ്ങള്‍ തുടങ്ങിയവ പലതവണ ആവര്‍ത്തിക്കുക, കാര്‍ഡുകള്‍ അല്ലെങ്കില്‍ ആധുനികസാങ്കേതികവിദ്യകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്.

സ്ട്രോക്ക് രോഗികളില്‍ ‘ഭക്ഷണം വിഴുങ്ങന്നതിനുള്ള പ്രയാസം കാണാറുണ്ട്. ഇത് ആഹാരം ശ്വാസനാളത്തിലേക്കു പോകാനും തന്മൂലം ആസ്പിരേഷന്‍ ന്യുമോണിയ വരുന്നതിനുംസാധ്യതയുണ്ട്.ഇത് കുറയ്ക്കുന്നതിനായി ഭക്ഷണം ചെറിയ കഷണങ്ങളായി മുറിച്ചുകഴിക്കേണ്ടതും പാനീയങ്ങള്‍ കുറേശെ  മൊത്തിക്കുടിക്കേണ്ടതും ആകുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരം ഒഴിവാക്കുകയും മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. കിടന്നുകൊണ്ട് ‘ഭക്ഷണം കഴിക്കാന്‍പാടുള്ളതല്ല.
സ്ട്രോക്ക്മൂലം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കുറവ്, ഓര്‍മക്കുറവ് എന്നിവ വരാനും സാധ്യതയുണ്ട്. കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുക, ഒരുസമയം ഒരു കാര്യം മാത്രം ചെയ്യുക, ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക, ആവശ്യമെങ്കില്‍ മറ്റുള്ളവരുടെ സഹായം തേടുക എന്നിവ ഒക്കെ ചെയ്യേണ്ടതാണ്.

സ്ട്രോക്ക് വരാതെ നോക്കുക
എപ്പോഴും രോഗംവന്നു ചികിത്സിക്കുന്നതിനെക്കാള്‍ നല്ലതാണ് അത് വരാതെനോക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദവും, പ്രമേഹവും, ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്നുകഴിച്ച് നിയന്ത്രിക്കേണ്ടതാണ്. കൂടാതെ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്ട്രോക്കിനെ അതിജീവിക്കാനാവും.

ശരീരഭാരം കൂടാതെ നോക്കുകയും, കൃത്യസമയത്തുതന്നെ സമീകൃത ആഹാരം കഴിക്കുകയും ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങളും, പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്. പുകവലി പൂര്‍ണമായി ഒഴിവാക്കുകയും, മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒരിക്കല്‍ ടിഐഎ വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും, ഭാവിയില്‍ സ്ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്.തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ളര്‍ സ്കാന്‍ (neck vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ അടവുകളുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം അടവുകള്‍ ഉണ്ടെങ്കില്‍ അത് നീക്കംചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് എന്റട്രക്ടമി) ചെയ്യണ്ടതാണ്.

വരുംവര്‍ഷങ്ങളില്‍ സ്ട്രോക്കിന്റെ ആധിക്യം കുറയ്ക്കുന്നതിനും തന്മൂലം ഉണ്ടാകുന്ന പ്രയാസങ്ങളും കുറയ്ക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്കുള്ള നാന്ദികുറിക്കലാകട്ടെ ഈ പക്ഷാഘാതദിനം എന്ന് നമുക്ക് പ്രത്യാശിക്കാം.

(തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റാണ് ലേഖകന്‍)



deshabhimani section

Related News

View More
0 comments
Sort by

Home