കരിയറയിലെ കരനെല്‍കൃഷി

കരനെല്‍കൃഷിയില്‍ ഇത് വിജയമാതൃക. തിരുവനന്തപുരം ജില്ലയില്‍ കോട്ടുകാല്‍ പഞ്ചായത്തിലെ കരിയറ ചാലത്തോട്ടത്ത് വീട്ടില്‍ സദാശിവന്‍ നായരുടെ കുടുംബവക സ്വന്തമായി ഉണ്ടായിരുന്ന രണ്ടേക്കര്‍ നിലം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അനുബന്ധനിര്‍മിതിക്കായി രണ്ടുവര്‍ഷം മുമ്പ് വിട്ടുകൊടുക്കേണ്ടിവന്നു. ജൈവകൃഷിയിലൂടെ ലഭിച്ചിരുന്ന അന്നം മുട്ടാതിരിക്കാനായി സദാശിവന്‍ നായര്‍ കൈവശം ഉണ്ടായിരുന്ന ഒരേക്കര്‍ കരഭൂമിയിലെ തെങ്ങും മറ്റ് മരങ്ങളും വെട്ടിമാറ്റി. ജെസിബിയുടെ സഹായത്താല്‍ സ്ഥലം കിളച്ചുമറിച്ച് അടിവളപ്രയോഗം നടത്തി. ജലസേചനത്തിനായി സമീപത്ത് കുഴല്‍ക്കിണറും നിര്‍മിച്ചു.
കോട്ടുകാല്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍ ടി എം സ്റ്റീഫനാണ് നിര്‍ദേശപ്രകാരമായിരുന്നു കരനെല്‍കൃഷിയിലെ ബാലപാഠങ്ങള്‍ സദാശിവന്‍ നായര്‍ക്കു നല്‍കിയത്. കൃഷിഭവന്‍ നല്‍കിയ 'പ്രത്യാശ' നെല്‍വിത്ത് നൊരിയിട്ടു മുളച്ചുപൊങ്ങിയ തൈകള്‍ അനുദിനം കരുത്തോടെ വളര്‍ന്നുപൊങ്ങി. അടിവളമായി ചാണകം നല്ലവണ്ണം നല്‍കി. പിന്നെ 20, 50 ദിവസങ്ങളിലും മേല്‍വിളപ്രയോഗമായി ചാണകം, ചാരം ഇവ ഓരോതവണയും മാറിമാറി നല്‍കി. കീടാക്രമണം രൂക്ഷമായപ്പോള്‍ നിത്യവും രാത്രിയില്‍ ടയര്‍ കത്തിച്ച് പ്രകാശത്തില്‍ കീടങ്ങളെ ആകര്‍ഷിപ്പിച്ച് കൊന്നു. ഇപ്പോള്‍ നൂറുമേനി വിളഞ്ഞപാടം 100 ദിവസത്തെ മൂപ്പെത്തി. കളയെടുക്കാനും ജലസേചനം നടത്താനും ഭാര്യ ജയകുമാരി, മക്കളായ അരുണ്‍, ആര്യ എന്നിവര്‍ ഒഴിവുസമയങ്ങളില്‍ സഹായിച്ചതായി സദാശിവന്‍ നായര്‍ പറഞ്ഞു.








0 comments