പ്രതിഷേധത്തിന്റെ പുതിയ മുഖവുമായി ഡിവൈഎഫ്‌ഐ; പ്രേക്ഷക ശ്രദ്ധനേടി രാഷ്ട്രീയ പൂരക്കളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2017, 11:04 AM | 0 min read

ചെറുവത്തൂര്‍ > ''അമിത് ഷാജിയും ആദിത്യയോഗിയും അമിട്ടുവിട്ടപോല്‍ തിരിച്ചുപോയില്ലേ, ചുവന്നമണ്ണിന്റെ കുതിപ്പുകണ്ടങ്ങ്,കടക്കുവാന്‍പോലും ഭയന്നില്ലേ നിങ്ങള്‍'', ഇല്ല വിരിയില്ല ബൂര്‍ഷ്വ താമര ശുദ്ധമാം ഈജലത്തില്‍ താതിത്തതാതൈതാ.. ഇമ്പമാര്‍ന്ന ഈണത്തില്‍ പ്രതിഷേധത്തിന്റെ താളം മുറുകിയത് സമകാലിക സംഭവത്തെ ആസ്പദമാക്കിയായിരുന്നു.നാട്ടുകലയുടെ തനിമ നിലനിര്‍ത്തി കാലത്തോട് സംവദിക്കുന്ന കലയായി മാറുകയാണ് ഡിവൈഎഫ്‌ഐ കൊടക്കാട് രണ്ടാം വില്ലേജ് കമ്മറി അവതരിപ്പിക്കുന്ന രാഷ്ട്രീയ പൂരക്കളി. പൊതുയോഗങ്ങളിലും നാട്ടുവേദികളിലും ശ്രദ്ധേയമാവുകയാണ് പൂരക്കളി. 

വര്‍ഗീയതയും, നോട്ടുനിരോധനവും, അടിക്കടിയുളള ഇന്ധന വിലവര്‍ധനവും, ജിഎസ്ടിയിലൂടെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളുമെല്ലാമാണ് ഇതിവൃത്തം. സാധാരണ ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന രീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഓരോപദ്ധതിയും നമ്മുടെ നാട്ടില്‍ നടപ്പാക്കി കൊണ്ടിരിക്കുന്നതെന്ന പ്രതിഷേധസ്വരമാണ് ഓരോ വരികളിലും. ലോകത്തിന് മാതൃകയാക്കാവുന്ന രീതിയില്‍ പുതിയ ആശയങ്ങളും, പുത്തന്‍ പദ്ധതികളുമായി ജനഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനുംനേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് രാഷ്ട്രീയപൂരക്കളി അവസാനിക്കുന്നത്. ആദ്യാവതരണം വേങ്ങാപ്പാറയില്‍ നടന്നു.

ഓലാട്ടെ ഷിജു പലേരിയാണ് പൂരക്കളിപ്പാട്ടും ചുവടും ചിട്ടപ്പെടുത്തിയത്. നാരായണ സ്മാരക ഗ്രന്ഥാലയത്തിന്റെയും സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും പ്രവൃത്തകര്‍ ഡിവൈഎഫ്‌ഐ കൊടക്കാട് രണ്ടാംമേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പൂരക്കളി അരങ്ങിലെത്തിക്കുന്നത്. പതിറ്റാണ്ടുകള്‍ക്കുമുമ്പേ പൂരക്കളിപ്പെരുമയിലൂടെ നാട്ടിലും മറുനാട്ടിലും പേരും പ്രശസ്തി നേടി ഒരുനാടിനെതന്നെ അടയാളപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക ശക്തിയായിരുന്നു കൊടക്കാട് .ഇവിടെ വ്യത്യസ്ത കാലഘട്ടങ്ങളിലായി പുത്തന്‍ ആശയങ്ങളെയും പ്രതിഷേധ സമരങ്ങളെയും പ്രചരിപ്പിക്കുന്നതിനായി നാടിന്റെ തനത് കാലയായ പൂരക്കളിയെ അവതരിപ്പിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് വിവിധലോക്കല്‍ സമ്മേളന പൊതുയോഗങ്ങളില്‍ കൊടക്കാടിന്റെ രാഷ്ട്രീയ പൂരക്കളി അരങ്ങിലെത്തുന്നത്. പൂരക്കളി അവതരണത്തിന് ഫോണ്‍: 9447430538



 



deshabhimani section

Related News

View More
0 comments
Sort by

Home