പട്ടികജാതി-വര്‍ഗ പീഡന നിരോധ നിയമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2017, 05:08 PM | 0 min read

ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്നപ്പോള്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ  വിവക്ഷിക്കുന്ന ഷെഡ്യൂള്‍ ഭരണഘടനയുടെ  ഭാഗമായി ഉള്‍പ്പെടുത്തുകയും ഭരണഘടനയുടെ അനുച്ഛേദം 341, 342  എന്നിവയില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ  വ്യക്തമായി നിര്‍വചിക്കുകയും  ചെയ്തു.
മാത്രമല്ല, ഭരണഘടനയുടെ അനുച്ഛേദം 17 പ്രകാരം  ആയിരക്കണക്കിന്  വര്‍ഷങ്ങളായി  ഇന്ത്യയില്‍ നിലനിന്ന അയിത്താചാരം(Abolition of untouchabiltiy)  ഭരണഘടനാവിരുദ്ധമായി  പ്രഖ്യാപിക്കുകയും  ഏതെങ്കിലും തരത്തിലുള്ള  അയിത്തം  ഇന്ത്യയിലെ പൌരന്മാര്‍  ആചരിക്കുന്നത്  ശിക്ഷാര്‍ഹമാക്കുകയുമുണ്ടായി. 

ഇതിന്റെ അടിസ്ഥാനത്തില്‍ 1955ല്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍  റൈറ്റ്സ് എന്ന നിയമം  കേന്ദ്രസര്‍ക്കാര്‍ പാസാക്കി. ഈ നിയമത്തിലെ  വ്യവസ്ഥകള്‍  നടപ്പാക്കുന്നതിലെ  അപാകങ്ങള്‍  പരിഹരിക്കുന്നതിനും ചൂഷണത്തില്‍നിന്ന് പട്ടികജാതി-വര്‍ഗക്കാരെ  മോചിപ്പിക്കുന്നതിനും കൂടുതല്‍  കര്‍ക്കശമായ നിയമം  1989ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി. ഈ  നിയമമാണ്  പട്ടികജാതി-വര്‍ഗ  പീഡന  നിരോധനിയമം.

ഇന്ത്യയില്‍  ജമ്മു കശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങളിലും  ഈ നിയമം ബാധകമാണ്. ഈ നിയമം പട്ടികജാതി-വര്‍ഗക്കാരുടെ മേല്‍ പട്ടികജാതി-വര്‍ഗക്കാരല്ലാത്തവര്‍ ചെയ്യുന്ന പലതരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളും വിവേചനങ്ങളും ശിക്ഷാര്‍ഹമായ കുറ്റമായി അംഗീകരിച്ചിരിക്കുന്നു.
ഈ നിയമം അനുസരിച്ച്  കേരളത്തില്‍  എല്ലാ ജില്ലാ സെഷന്‍സ് കോടതികളും പട്ടികജാതി-വര്‍ഗക്കാരുടെ മേല്‍ മറ്റാളുകള്‍  നടത്തുന്ന  അക്രമങ്ങള്‍  വിചാരണചെയ്യാനുള്ള പ്രത്യേക കോടതികളായി പരിഗണിക്കപ്പെടുന്നു.

ഈ നിയമത്തിനുകീഴില്‍ വരുന്ന കുറ്റങ്ങള്‍  വിസ്തരിക്കാന്‍  പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍മാരെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ഈ നിയമം അനുസരിച്ച് കുറ്റകരവും ശിക്ഷാര്‍ഹവുമായ  പ്രവൃത്തികള്‍  ഇവയൊക്കെയാണ്:

1. ഒരു പട്ടികജാതി/വര്‍ഗ അംഗത്തെക്കൊണ്ട് മലിനവും ആഹാരയോഗ്യമല്ലാത്തതായ പദാര്‍ഥങ്ങള്‍ നിര്‍ബന്ധിച്ചു  കുടിപ്പിക്കുകയോ തീറ്റിക്കുകയോ ചെയ്യുക.
2. ദ്രോഹിക്കണമെന്ന ഉദ്ദേശ്യത്തോടെ വിസര്‍ജ്യ വസ്തുക്കളും മലിനപദാര്‍ഥങ്ങളും ഒരു പട്ടികജാതി/വര്‍ഗ അംഗത്തിന്റെ  വാസസ്ഥലത്തോ  അയാളുടെ പരിസരത്തോ നിക്ഷേപിക്കുക.
3.പട്ടികജാതി/വര്‍ഗത്തിന്റെ അന്തസ്സിനു ക്ഷതമേല്‍പ്പിക്കുന്നതിനായി നഗ്നരാക്കി നടത്തുക. അയാളുടെ മുഖത്ത് ചായംതേച്ച് വികൃതമാക്കുക.
4. സ്വന്തമായോ പതിച്ചുനല്‍കിയതോ പ്രത്യേക വിജ്ഞാപന പ്രകാരം നല്‍കിയതോ ആയ പട്ടികജാതി/വര്‍ഗങ്ങളുടെ ഭൂമി കൈയേറി കൃഷിചെയ്യുക.
5. തെറ്റായ മാര്‍ഗങ്ങളിലൂടെ പട്ടികജാതി/വര്‍ഗക്കാരനില്‍നിന്ന് ഭൂമി തട്ടിയെടുക്കുക.
6. പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ടയാളിനെ നിര്‍ബന്ധിച്ച് ഭിക്ഷയെടുപ്പിക്കുക, അയാളെക്കൊണ്ട്  അടിമവേല ചെയ്യിക്കുക.
7. പട്ടികജാതി/വര്‍ഗക്കാരനെ നിയമപ്രകാരമല്ലാതെ നിര്‍ബന്ധിച്ച് ഒരു പ്രത്യേക സ്ഥാനാര്‍ഥിക്ക് വോട്ട്ചെയ്യിക്കുകയോ ചെയ്യിക്കാതിരിക്കുകയോ ചെയ്യുക.
8. പട്ടികജാതി/വര്‍ഗക്കാരനെ കള്ളക്കേസില്‍  കുടുക്കുക.
9. തെറ്റായ വിവരങ്ങള്‍ അധികാരികള്‍ക്കു നല്‍കി അതിന്‍  പ്രകാരം അധികാരികളില്‍  നിക്ഷിപ്തമായ നിയമപരമായ ഭരണാധികാരം പട്ടികജാതി/വര്‍ഗക്കാരനുനേരെ ഉപയോഗിച്ച് അവന് കഷ്ടനഷ്ടങ്ങള്‍  വരുത്തുക.
10. പട്ടികജാതി/വര്‍ഗക്കാരനെ അവഹേളിക്കണമെന്ന മനഃപൂര്‍വ ഉദ്ദേശ്യത്തോടെ പൊതുസ്ഥലത്ത് ജാതിപ്പേരുവിളിച്ച് ആക്ഷേപിക്കുക.
11. പട്ടികജാതി/വര്‍ഗവിഭാഗം സ്ത്രീകളെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അസഭ്യംപറയുകയോ ശക്തി പ്രയോഗിക്കുകയോ ചെയ്യുക.
12. പട്ടികജാതി/വര്‍ഗ വിഭാഗം സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്യുക.
13. ഇവര്‍  ഉപയോഗിക്കുന്ന കുടിവെള്ളം മലിനമാക്കുക.
14. ഇവരുടെ  സഞ്ചാരസ്വാതന്ത്യ്രം തടസ്സപ്പെടുത്തുക.
15. പട്ടികജാതി/വര്‍ഗ വിഭാഗം ആളുകള്‍ സ്വന്തം വീടോ ഗ്രാമമോ മറ്റു പാര്‍പ്പിടസ്ഥലമോ വിട്ടുപോകാന്‍  ബലപ്രയോഗം നടത്തുക.
16. പട്ടികവിഭാഗം ആളുകള്‍  അവര്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശ്യത്തോടെ വ്യാജതെളിവുകള്‍  ചമയ്ക്കുന്നത്, ആജീവനാന്ത ജയില്‍വാസം, പിഴ എന്നിവ ലഭിക്കുന്ന  ശിക്ഷാര്‍ഹമായ  കുറ്റമാണ്.
17.  ഈവിധം തെറ്റായ തെളിവുകള്‍  നല്‍കിയതുമൂലം കുറ്റക്കാരനല്ലാത്ത ഒരു പട്ടിക വിഭാഗം അംഗം മരണശിക്ഷയ്ക്കു വിധേയമായാല്‍  അപ്രകാരം തെളിവു നല്‍കിയ വ്യക്തിയും മരണശിക്ഷ ലഭിക്കാന്‍ യോഗ്യനാണ്.
18. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശ്യത്താല്‍ഒരു പട്ടികജാതി/വര്‍ഗക്കാരനെതിരെ വ്യാജ തെളിവുകള്‍  നല്‍കി അയാള്‍ ഏഴുവര്‍ഷംവരെ ശിക്ഷിക്കപ്പെട്ടാല്‍ അങ്ങനെ ചെയ്യുന്ന വ്യക്തിക്ക് ആറുമാസംമുതല്‍  ഏഴുവര്‍ഷംവരെ തടവു  ശിക്ഷ ലഭിക്കുന്നതാണ്.
19. പട്ടികജാതി/വര്‍ഗക്കാരുടെ വീട്, വസ്തുവകകള്‍, ആരാധനാലയം, കൈവശവസ്തു ഇവയ്ക്ക് നാശനഷ്ടം വരത്തക്കവണ്ണം തീ, സ്ഫോടകവസ്തുക്കള്‍  എന്നിവ ഉപയോഗിക്കുന്നത് ജീവപര്യന്തം തടവിനുവിധിക്കത്തക്കവണ്ണം കുറ്റകരമായ പ്രവൃത്തിയാണ്.
20. ഇന്ത്യന്‍  പീനല്‍ക്കോഡ് അനുസരിച്ച് 10 വര്‍ഷത്തില്‍  കൂടുതല്‍  ശിക്ഷവിധിക്കാവുന്ന കുറ്റകൃത്യം പട്ടികജാതിക്കാരനെന്ന കാരണത്താല്‍  അയാള്‍ക്കെതിരെതിരെ ചെയ്താല്‍  അങ്ങനെ ചെയ്യുന്ന ആളിന് ആജീവനാന്ത തടവും പിഴയും ശിക്ഷ ലഭിക്കുന്നതാണ്.
21. ഈ വകുപ്പനുസരിച്ചുള്ള ഒരു കുറ്റവാളിയെ രക്ഷിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ മനഃപൂര്‍വം കുറ്റം സംബന്ധിച്ച തെളിവു നല്‍കാതിരിക്കുകയോ തെറ്റായി തെളിവു നല്‍കുകയോ ചെയ്താലും  മേല്‍പ്പറഞ്ഞ ശിക്ഷ ലഭിക്കും.
22. ഒരു പൊതു ജനസേവകന്‍  ഈ നിയമത്തിലെ ഏതെങ്കിലും കുറ്റകൃത്യം ചെയ്താല്‍  ആയതിന് കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും ശിക്ഷ ലഭിക്കുന്നതാണ്. പട്ടികജാതിക്കാരനല്ലാത്ത ഒരു പൊതുജന സേവകന്‍  ഈ നിയമത്തെ മാനിച്ചു പ്രവര്‍ത്തിക്കാതിരിക്കുകയാണെങ്കില്‍  ഈ നിയമമനുസരിച്ച്  അത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
23. ഈ നിയമമനുസരിച്ച് ഒരിക്കല്‍  ഒരു കുറ്റകൃത്യംചെയ്ത് ശിക്ഷിക്കപ്പെട്ട ആള്‍  രണ്ടാമതും ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍  അയാള്‍ക്ക്  ഒരുവര്‍ഷത്തില്‍  കുറയാതെ ശിക്ഷ ലഭിക്കാവുന്നതാണ്.

ഈ നിയമത്തിന്റെ നടത്തിപ്പിനായി ഇന്ത്യന്‍ പീനല്‍ക്കോഡിലെ  സെക്ഷനുകള്‍  അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് സ്വീകരിക്കുന്നത്.
ഈ നിയമമനുസരിച്ച് ശിക്ഷിക്കപ്പെടുന്ന ആളിന്റെ വസ്തുവകകള്‍  സര്‍ക്കാരിലേക്കു കണ്ടുകെട്ടാന്‍  പ്രത്യേക കോടതിക്ക് വിവേചനാധികാരമുണ്ട്. നിയമം പരിരക്ഷിക്കേണ്ട ഉദ്യാഗസ്ഥരുടെ ‘ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാല്‍  അവരും ശിക്ഷാര്‍ഹരാണ്.

ഈ നിയമം ഗുരുതര അതിക്രമത്തിന് ഇരയാകുന്ന പട്ടികജാതി/വര്‍ഗക്കാര്‍ക്ക് ആശ്വാസവും പുനരധിവാസവും ഉറപ്പാക്കുന്നു. അക്രമത്തിന് ഇരയാകുന്നവര്‍ക്കോ, അവരുടെ ആശ്രിതര്‍ക്കോ സര്‍ക്കാരിലോ, സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനത്തിലോ ജോലി ഉറപ്പാക്കുന്നു. അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് അല്ലെങ്കില്‍ അവരുടെ  ആശ്രിതര്‍ക്ക് ഓരോന്നിനും ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യം എത്രയാണെന്നും അത് ഏതുഘട്ടത്തിലാണ് നല്‍കേണ്ടതെന്നും വ്യക്തമായി ഈ നിയമത്തില്‍  പറഞ്ഞിട്ടുണ്ട്.
അതിക്രമങ്ങള്‍ക്ക്  വിധേയരാകുന്ന പട്ടികജാതി/വര്‍ഗക്കാര്‍ ഒരു കേസിന്റെ അന്വേഷണത്തിനോ,  വിചാരണയ്ക്കോ ആയി താമസസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്രചെയ്യേണ്ടിവരുമ്പോള്‍  അതിക്രമത്തിന് ഇരയാകുന്നവര്‍ക്കും ആശ്രിതര്‍ക്കും സാക്ഷികള്‍ക്കും  അനുവദനീയമായ യാത്രാബത്ത, ദിനബത്ത എന്നിവ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.

അതിക്രമങ്ങള്‍ക്ക്  വിധേയരാകുന്ന പട്ടികജാതി/വര്‍ഗക്കാര്‍ക്ക്  ധനസഹായം അനുവദിക്കുന്നതിനുവേണ്ടിയുള്ള അപേക്ഷകള്‍  അതതു  ജില്ലാ കലക്ടര്‍മാര്‍ക്കു നല്‍കണം. നഷ്ടപരിഹാരത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം നഷ്ടം  തിട്ടപ്പെടുത്തിക്കൊണ്ടുള്ള തഹസില്‍ദാറുടെ  സര്‍ട്ടിഫിക്കറ്റും പൊലീസിന്റെ ക്രൈം റിപ്പോര്‍ട്ടും ഹാജരാക്കണം.

സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉന്നതതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി ആറുമാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് നല്‍കുന്ന സഹായവും അവരുടെ പുനരധിവാസവും ചര്‍ച്ചചെയ്യുന്നതോടൊപ്പംതന്നെ കേസ്നടത്തിപ്പിന്റെ പുരോഗതിയും ബന്ധപ്പെട്ടഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തവും അവര്‍ സ്വീകരിച്ച നടപടികളുംവിശദമായി വിലയിരുത്തുന്നു.

ഈ കമ്മിറ്റിയില്‍  പട്ടികജാതി/വര്‍ഗം, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പു മന്ത്രിമാര്‍, പട്ടികജാതി/വര്‍ഗ വിാഗത്തില്‍പ്പെട്ടട്ട  എംപിമാര്‍, എംഎല്‍എമാര്‍, സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി,  ഡിജിപി,  ദേശീയ പട്ടികജാതി/വര്‍ഗ കമീഷന്‍ ഡയറക്ടര്‍ അല്ലെങ്കില്‍്ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളും സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന വകുപ്പിന്റെ സെക്രട്ടറിയും ഉള്‍പ്പെടുന്നു.

ഈ നിയമമനുസരിച്ച്  ഉത്തമവിശ്വാസത്തോടെ ചെയ്തതോ ചെയ്യാന്‍ ഉദ്ദേശിച്ചതോ ആയ പ്രവൃത്തികളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിന് എതിരായോ, സംസ്ഥാനസര്‍ക്കാരിന് എതിരായോ അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനോ അധികാരിക്കോ എതിരായോ ഒരു കേസും അന്യായവും അല്ലെങ്കില്‍ നടപടിക്രമങ്ങളും നിലനില്‍ക്കുന്നതല്ല.

ഇന്ത്യയിലെ പരമോന്നത  നീതിപീഠം  2004ല്‍  അമരേന്ദ്ര പ്രതാപ് സിങ്  വേഴ്സസ്  തേജ് ബഹാദൂര്‍ പ്രതാപ് സിങ് എന്ന കേസില്‍ (2004  അകഞ  ടഇ  പേജ്  3788)  പട്ടികജാതി/വര്‍ഗങ്ങളെപ്പറ്റി പറഞ്ഞതിന്റെ ചുരുക്കം  ഇപ്രകാരമാണ്: ട്രൈബല്‍ മേഖലക്ക് അവരുടേതായ പ്രശ്നങ്ങളുണ്ട്. ഇവര്‍ ചരിത്രപരമായിതന്നെ സമൂഹത്തിലെ പിന്നോക്ക വിഭാഗമാണ്. നൂറ്റാണ്ടുകളായി തുടരുന്ന അവരുടെ ദാരിദ്യ്രവും പിന്നോക്കാവസ്ഥയും നിഷ്കളങ്കതയും മുതലെടുത്ത് ചൂഷണം ചെയ്യുന്നവരില്‍നിന്ന് അവര്‍ക്ക് നിയമത്തിന്റെ പരിരക്ഷ ആവശ്യമാണ്.

[email protected]
 

 



deshabhimani section

Related News

View More
0 comments
Sort by

Home