"ദിലീപിന് ഓണക്കോടിയുമായി എത്തിയവര്‍ ആ നടിയെ ചെന്നുകാണാതിരുന്നതെന്തേ?"സജിതാ മഠത്തില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2017, 07:37 AM | 0 min read

കൊച്ചി>ജയിലില്‍ കഴിയുന്ന ദിലീപിന് ഓണക്കോടി കൊടുക്കാന്‍ചെന്ന പ്രമുഖര്‍ എന്തുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടിയെ ഒന്നുചെന്ന് കാണാതിരുന്നതെന്ന് നടിയും നാടകപ്രവര്‍ത്തകയുമായ സജിതാ മഠത്തില്‍. ഓണക്കോടി കൊടുക്കാന്‍ ജയിലില്‍ പോയിട്ട് തിരിച്ച് വരുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയെയും ചെന്ന് കാണാം. പക്ഷെ സിനിമാ മേഖലയില്‍ വളരെ അടുപ്പമുള്ളവര്‍ ഒഴിച്ച് പിന്തുണ പ്രഖ്യാപിച്ച് ഒരാള്‍ പോലും അവളെ വിളിച്ചിട്ടില്ല. പ്രതി എന്ന് ആരോപിക്കപ്പെട്ടിരിക്കുന്നയാള്‍ക്ക് ഒപ്പമാണ് ഇവരൊക്കെ എന്ന് വ്യക്തമാണെന്നും സജിത പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ കഴിഞ്ഞ ദിവസം നടന്‍ ജയറാം, ഗണേഷ്കുമാര്‍ എം എല്‍എ, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരടക്കം നിരവധി പേരെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗം കൂടിയായ  സജിത മഠത്തില്‍. നടിയെ ഫോണില്‍ പോലും വിളിച്ച് അന്വേഷിക്കാത്തവരാണ് ജയിലിലെത്തി ദിലീപിന് പിന്തുണ പ്രഖ്യാപിച്ചവരെന്നും സജിത പറഞ്ഞു.

കേസ് അട്ടിമറിക്കുന്നതിനും ദിലീപ് അനുകൂല തരംഗമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെടാത്ത കേസില്‍ പ്രതിയെ ചെന്ന് കണ്ട ശേഷം സിനിമാക്കാരെല്ലാം അയാളുടെ കൂടെ നില്‍ക്കണം എന്ന് ഒരു എംഎല്‍എ പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. വാക്കാല്‍ മാത്രമാണ് നടിക്കുള്ള ഇവരുടെ പിന്തുണ.

വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ദിലീപ് പുറത്തിറങ്ങുന്നതിനോട് ഒരു വിരോധവുമില്ല. പക്ഷെ നടിയെ വിഷമിപ്പിക്കുന്ന നിലയില്‍ എന്തെങ്കിലും നിലപാട് എടുക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഒരു അവകാശവുമില്ല. സുഹൃത്തായ ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അയാള്‍ക്കൊപ്പം നില്‍ക്കണമെന്ന പുരുഷന്മാരുടെ രീതിയായിരിക്കാം ഇത്. ഇത് വലിയ ഒരു പിആര്‍ വര്‍ക്കാണെന്നാണ് എനിക്ക് തോന്നുന്നത്. അവളുടെ ഒപ്പം നില്‍ക്കണമെന്നില്ല. പക്ഷെ എതിരായ നിലപാട് സ്വീകരിക്കാതിരിക്കാമായിരുന്നെന്നും സജിത പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home