ക്ഷേത്ര പരിസരങ്ങളില്‍ അറവ് മാംസം വിതറി; വര്‍ഗ്ഗീയ കലാപത്തിനുള്ള ബിജെപി നേതാവിന്റെ ശ്രമം കൈയ്യോടെ പിടികൂടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2017, 09:00 AM | 0 min read

തിരുവനന്തപുരം > വര്‍ഗ്ഗീയ കലാപത്തിന് ശ്രമിച്ച ബിജെപി നേതാവിനെ നാട്ടുകാരും സിപിഐഎം പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി പൊലീസിലേല്‍പ്പിച്ചു. നേമത്താണ് സംഭവം. ഒരുമാസത്തോളമായി രാത്രി കാലങ്ങളില്‍ അറവ് മാലിന്യങ്ങളും ആഹാര മാലിന്യങ്ങളും ക്ഷേത്ര പരിസരത്ത് കൊണ്ടുവന്നിടുകയും, പിന്നീട് പകല്‍ വെളിച്ചത്തില്‍ മുസ്ലിങ്ങളാണ് ഇതിന് പിന്നിലെന്ന് പ്രചരണം നടത്തി വര്‍ഗ്ഗീയത പടര്‍ത്താനുള്ള ഗിരീഷ് എന്ന വ്യക്തിയുടെ നീക്കമാണ് കൈയ്യോടെ പിടികൂടിയത്. കേരള കാറ്ററിംഗ്  ഉടമ കൂടിയാണ് ഇയാള്‍.

  ഗിരീഷിന്റെ മകന്‍ കാറിലെത്തി മാംസം വിവിധ ഇടങ്ങളില്‍ നിക്ഷേപിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച്ച നാട്ടുകാര്‍ പിടികൂടിയത്. നാളുകളായി നടന്നുവന്നിരുന്ന സംഭവത്തില്‍ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും  ആളെ തിരിച്ചറിയുകയോ വാഹന നമ്പര്‍ കണ്ടെത്തുകയോ ചെയ്യാതെ അന്വേഷണം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊറുതിമുട്ടിയാണ് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും റസിഡന്‍സ് അസോസിയേഷനുമുള്‍പ്പെട്ട്  അക്രമിയെയും വാഹനവും പിടികൂടിയത്.

 അതേസമയം  പിടിയിലായ ഗിരീഷിന്റെ മകനെതിരായ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബിജെപിയുടെ നഗരസഭ പ്രതിപക്ഷാംഗമായ എം ആര്‍ ഗോപന്‍ സ്റ്റേഷനിലെത്തി. ശുചിത്വ മിഷന്‍ അടക്കമുള്ള ക്യാപെയിനുകള്‍ നടത്തുന്നു എന്ന് പ്രചരണം നടത്തുന്നവരാണ് മാലിന്യം വിതറി ഹിന്ദു മുസ്ലിം കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ സംരക്ഷിക്കാന്‍ എത്തിയിരിക്കുന്നത്. പ്രദേശത്ത് മുന്‍ കാലങ്ങളില്‍ ആര്‍എസ്എസും സിപിഐഎമ്മും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു, ഇതിന്റെ മറവില്‍ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനാണ് ശ്രമം നടക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു

അര്‍ദ്ധരാത്രി നേമത്തെ ശിവക്ഷേത്രം, വെള്ളായണിയിലെ ചെറുബാലമന്ദം ശിവക്ഷേത്ര പരിസരം, പൊന്നുമംഗലത്തെ മെരിലാന്‍ഡ് സ്റ്റുഡിയോ പരിസരം എന്നിവിടങ്ങളിലാണ് കോഴിയിറച്ചിയുടെ വേസ്റ്റ് കൊണ്ടിടുന്നത്. പകല്‍ നാട്ടുകാരെ സംഘടിപ്പിച്ച് പ്രചരണങ്ങള്‍ നടത്തും. കോഴി വേസ്റ്റ് അമ്പലത്തിനു മുന്നില്‍ ഇട്ടത് വില്‍പ്പന നടത്തുന്ന അഹിന്ദുക്കളാണെന്നാണ് പ്രചരണം. നിരവധി അക്രമണകേസില്‍ പ്രതിയാണ് ഗിരീഷ്.



 



deshabhimani section

Related News

View More
0 comments
Sort by

Home