മജിസ്ട്രേട്ടിനു മുമ്പാകെ രഹസ്യമൊഴി

ക്രിമിനല്‍ നടപടിക്രമത്തിലെ Code of Criminal Procedure, 1973 സെക്ഷന്‍ 164 അനുസരിച്ച് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനു മുമ്പാകെയോ മെട്രോ പൊളിറ്റന്‍ മജിസ്ട്രേട്ടിനു മുമ്പാകെയോ ഒരു കേസിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടയിലോ കേസിന്റെ വിചാരണ ആരംഭിക്കുന്നതിനുമുമ്പോ പ്രതിക്ക് തന്റെ കുറ്റസമ്മതമൊഴിയോ ഒരു സ്വകാര്യവ്യക്തിക്ക് സാക്ഷിയായി തന്റെ സ്റ്റേറ്റ്മെന്റോ നല്‍കാവുന്നതാണ്.
ഏതെങ്കിലും സാക്ഷി പിന്നീട് പ്രതിഭാഗം ചേരാന്‍ ഇടയുണ്ടെന്നു കാണുമ്പോഴും അല്ലെങ്കില്‍ ഏതെങ്കിലും കേസില്‍ അറസ്റ്റ്ചെയ്ത പ്രതിയെ പൊലീസ് ചോദ്യംചെയ്യുമ്പോള്‍ പ്രതി കുറ്റസമ്മതം നടത്തുകയും ഈ വിവരം ഏതു കോടതിയിലും മൊഴിയായി നല്‍കാന്‍ തയ്യാറാണെന്നു പറയുമ്പോഴും പൊലീസിന്റെ അപേക്ഷയിന്മേല്‍ സ്ഥലത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്കോടതിയുടെ അനുവാദത്തോടെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്കോടതിയോ അല്ലെങ്കില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് അധികാരപ്പെടുത്തുന്ന മറ്റൊരു കോടതിയോ പ്രതിയെ കോടതിയില്‍ സമന്‍സ് അയച്ചുവരുത്തി ഇത്തരം മൊഴി രേഖപ്പെടുത്തുന്നു.
പ്രതിയുടെ കുറ്റസമ്മതം മജിസ്ട്രേട്ട് രേഖപ്പെടുത്തുന്നത് നിര്‍ഭയവും സ്വതന്ത്രവുമായ സാഹചര്യത്തിലാകണം. പ്രതിയുടെ കുറ്റസമ്മതമൊഴി പിന്നീട് അയാള്‍ക്ക് എതിരായിത്തീരുമെന്നും കുറ്റസമ്മതം നടത്തുന്നതിന് അയാള്‍ക്ക് ബാധ്യതയില്ലെന്നും മജിസ്ട്രേട്ട് പ്രതിയെ പറഞ്ഞുമനസ്സിലാക്കിയശേഷവും അയാള്‍ കുറ്റസമ്മതമൊഴിയില്‍ ഉറച്ചുനിന്നാല്‍ മാത്രമേ മജിസ്ട്രേട്ട് അയാളുടെ മൊഴി രേഖപ്പെടുത്തുകയുള്ളു.
164 വകുപ്പുപ്രകാരമുള്ള മൊഴി റെക്കാഡാക്കുമ്പോള്‍, മൊഴി നല്‍കുന്ന ആളെക്കൊണ്ട് മജിസ്ട്രേട്ട് ശപഥംചെയ്യിച്ച് നടപടികളിലേക്കു കടക്കുന്നു. മജിസ്ട്രേട്ട് ആ കേസിനോടു ബന്ധപ്പെട്ട സാധ്യമായ എല്ലാ വിവരവും മൊഴിനല്‍കുന്നയാളോടു ചോദിക്കാറുണ്ട്.
കോടതി മൊഴി എഴുതിയെടുത്തശേഷം മൊഴി വായിച്ചു ശരിയെന്നു ബോധ്യപ്പെട്ട് സാക്ഷിയും പിന്നീട് കോടതി ഈ മൊഴിയോടൊപ്പം തന്റെ ഒരു മെമ്മോറാവും എഴുതിച്ചേര്‍ത്ത് ഒപ്പിട്ടു കഴിഞ്ഞാല്‍ അത് കേസിലെ രേഖയായി മാറുന്നു.
മജിസ്ട്രേട്ട് ഒരാളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനു മുമ്പ് അയാള്‍ താന്‍ മൊഴി നല്‍കാന്‍ തയ്യാറല്ല എന്നുപറഞ്ഞാല്‍ അങ്ങനെയുള്ള ആളെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ മജിസ്ട്രേട്ടിന് അധികാരമില്ല.
മജിസ്ട്രേട്ട് ഒരാളുടെ രഹസ്യമൊഴി രേഖപ്പെടുത്തുമ്പോള്‍ മൊഴി നല്‍കുന്നയാളിന് ശാരീരികമായി/മാനസികമായി എന്തെങ്കിലും ദൌര്‍ബല്യം ഉള്ളതായി ബോധ്യപ്പെട്ടാല്‍ ആ മൊഴി വീഡിയോയിലും പകര്‍ത്തുന്നു.
മജിസ്ട്രേട്ട് ഒരാളുടെ രഹസ്യമൊഴി രേഖപ്പെടുത്തുമ്പോള്‍ അവിടെ പൊലീസ്സാന്നിധ്യം പാടില്ലാത്തതാകുന്നു. എന്നാല്‍ മജിസ്ട്രേട്ട് രേഖപ്പെടുത്തുന്ന മൊഴിയുടെ അടയാളസഹിതം പകര്‍പ്പ് പൊലീസിന് കോടതിയില്‍നിന്നു ലഭിക്കും. പൊലീസ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം വിചാരണക്കോടതിയില്‍ ഹാജരാക്കുമ്പോള്‍ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ടിനെക്കൂടി കേസിലെ സാക്ഷിയായി ഉള്‍പ്പെടുത്തുന്നു.
ക്രിമിനല്‍ നടപടിക്രമത്തിലെ സെക്ഷന്‍ 164 പ്രകാരം ഒരു മൊഴി രേഖപ്പെടുത്താതിരിക്കാന്‍ മജിസ്ട്രേട്ടിന് എല്ലായ്പ്പോഴും വിവേചനാധികാരമുണ്ടെന്ന് Valsamma Mst vs. State of Rajasthan (1997(2) Crimes 651(Raj) എന്ന കേസില്‍ രാജസ്ഥാന്‍ ഹൈക്കോടതിവിധിയുണ്ട്.
ഒരു കുറ്റകൃത്യത്തിലെ സാക്ഷികളുടെ മൊഴികള്‍ സെക്ഷന്‍ 164 പ്രകാരം റെക്കാഡാക്കുന്നതില്‍ പൊലീസ് ഓഫീസര്‍ക്കും തന്റെ വിവേചനാധികാരമുണ്ടെന്ന് Shaji vs. StateofKerala(2013 KHC4098) എന്നകേസില്‍കേരള ഹൈക്കോടതിയും വിധിച്ചിട്ടുണ്ട്.









0 comments