വൈറലായി 'കേരള നമ്പര്‍ വണ്‍ ഇന്ത്യ' ക്യാമ്പയിന്‍ ; പിന്നില്‍ തൊടുപുഴ സ്വദേശി

തൊടുപുഴ > തൊടുപുഴ ജ്യോതിസൂപ്പര്‍ ബസാറില്‍ 'പ്രഭന്‍സ് വീഡിയോ' എന്ന വീഡിയോ എഡിറ്റിങ് സ്ഥാപനം നടത്തുന്ന സജിത് പ്രഭന് ഇപ്പോള്‍ ഫോണ്‍ നിലത്തുവയ്ക്കാന്‍ നേരമില്ല. കാരണം മറ്റൊന്നുമല്ല, ഫെയ്സ്ബുക്കില്‍ ഇതിനകം വൈറലായ 'കേരള നമ്പര്‍ വണ്‍ ഇന്ത്യ'യെന്ന പ്രൊഫൈല്‍ പിക്ചര്‍ ഫ്രെയിമിന് പിന്നിലുള്ള കരങ്ങള്‍ വീഡിയോ എഡിറ്ററും ഡിസൈനറുമായ ഈ തൊടുപുഴക്കാരന്റേതാണ്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളുമായി നിരവധി പേരാണ് സജിത്തിനെ ഫോണ്‍ ചെയ്യുന്നത്.
സര്‍ക്കാര്‍ പരസ്യം പ്രസിദ്ധീകരിച്ച ദിവസം വൈകിട്ടാണ് സജിത് ഫ്രെയിം രൂപകല്‍പ്പന ചെയ്ത് ഫെയ്സ്ബുക്കില്‍ അപ്രൂവലിന് നല്‍കിയത്. പാരീസില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിയും മാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ കെ കെ അനസാണ് ആദ്യം ഷെയര്‍ ചെയ്തത്. പിറ്റേന്ന് ഉണര്‍ന്നെഴുന്നേറ്റ് വെറുതെ മൊബൈല്‍ഫോണില്‍ അക്കൌണ്ട് പരിശോധിച്ചപ്പോള്‍ സജിത് ഞെട്ടി. മണിക്കൂറുകള്‍ കൊണ്ട് പതിനായിരത്തിലേറെ പേര്‍ ഫ്രെയിം ഷെയര്‍ ചെയ്തിരിക്കുന്നു. മന്ത്രി ഡോ. തോമസ് ഐസക്, സ്വാമി സന്ദീപ് ചൈതന്യ തുടങ്ങി നിരവധി പ്രമുഖര്‍ ഇതുവഴി തങ്ങളുടെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രം അപ്ലോഡ് ചെയ്തിട്ടുണ്ട്.
"ഞാന്‍ ഇടതുപക്ഷ സഹയാത്രികനാണ്. പഠിക്കുന്ന സമയത്ത് എസ്എഫ്ഐയുടെ തൊടുപുഴ ഏരിയസെക്രട്ടറിയായിരുന്നു... പിന്നീടാണ് ഈ തൊഴില്‍മേഖലയിലേക്ക് മാറിയത്. നമുക്ക് വ്യക്തമായ നിലപാടുണ്ടെങ്കില്‍ ഒരുകസേരയില്‍ ഇരുന്നും മൂവ്മെന്റ് സൃഷ്ടിക്കാം...'' ഫ്രെയിമിന് ലഭിച്ച പിന്തുണ വിലയിരുത്തി സജിത് പറയുന്നു. സംഘപരിവാര്‍ അസഹിഷ്ണുതയ്ക്കെതിരായ ക്യാമ്പയിന്‍ കേരളസമൂഹം ഏറ്റെടുത്തതിന്റെ ആഹ്ളാദത്തിലാണ് ഇദ്ദേഹം. ബുധനാഴ്ച വൈകിട്ട് നാലായപ്പോള്‍ ഫ്രെയിം ഷെയര്‍ ചെയ്തവരുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞു. സെക്കന്റുകള്‍ക്കുള്ളില്‍ ഇത് വര്‍ധിക്കുകയാണ്.
തൊടുപുഴ വെങ്ങല്ലൂര്‍ 'രേവതി'യില്‍ പ്രഭാകരന്‍-രാധാമണി ദമ്പതികളുടെ മകനാണ് സജിത്. ഭാര്യ സൌമ്യ തൊടുപുഴ കോ ഓപ്പറേറ്റീവ് പബ്ളിക് സ്കൂള്‍ അധ്യാപിക. മക്കള്‍: ദേവനാഥന്‍, ദേവനന്ദന്‍.









0 comments