മുന്‍കൂര്‍ജാമ്യം എന്താണ്?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2017, 04:53 PM | 0 min read

ജാമ്യംകിട്ടാത്ത കേസില്‍ ഒരാളുടെ മേല്‍  കുറ്റം  ആരോപിക്കപ്പെടുകയും  പൊലീസ് അറസ്റ്റ്ചെയ്യുമെന്ന് അയാള്‍ ഭയപ്പെടുകയും ചെയ്യുന്ന അവസ്ഥയില്‍ അയാള്‍ക്ക്  ഹൈക്കോടതിയിലോ സെഷന്‍സ് കോടതിയിലോ മുന്‍കൂര്‍  ജാമ്യത്തിന് അപേക്ഷിക്കാവുന്നതാണ്.

ക്രിമിനല്‍നടപടി  നിയമത്തിലെ   438  എന്ന  വകുപ്പനുസരിച്ചാണ്  കോടതികള്‍  ഇത്തരത്തിലുള്ള  ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നത്. പൊലീസുകാര്‍   കുറ്റാരോപണംനടത്തി ആളുകളെ അറസ്റ്റ്ചെയ്ത് കസ്റ്റഡിയില്‍ വച്ച് അന്യായമായി പീഡിപ്പിക്കുന്നതുതടയുക എന്ന  ഉദ്ദേശ്യമാണ്  ഈവകുപ്പിലുള്ളത്.
ഒരാളുടെ  അറസ്റ്റിനുമുമ്പ് കൊടുക്കുന്ന ജാമ്യമായതിനാല്‍  മുന്‍കൂര്‍ജാമ്യം (Anticipatory Bail) എന്നുപറയുന്നു.

ഈ വകുപ്പനുസരിച്ച് സെഷന്‍സ് കോടതിയിലോ ഹൈ ക്കോടതിയിലോ മുന്‍കൂര്‍ ജാമ്യാപേക്ഷനല്‍കുന്നയാള്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ഇടയാക്കാതിരിക്കുന്നതിനുവേണ്ടി ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍കൊള്ളിക്കാന്‍ കോടതിക്ക് അധികാരമുണ്ട്.

ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അയാള്‍ക്കെതിരെയുള്ള കുറ്റാരോപണത്തിന്റെ ഗൌരവം, അയാള്‍ മുമ്പ് ഏതെങ്കിലും കേസില്‍ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ടോ എന്ന കാര്യം, അയാളുടെ പൂര്‍വചരിത്രം, നിയമത്തിനുമുന്നില്‍നിന്ന് ഒളിച്ചോടാനുള്ള കുറ്റാരോപിതന്റെ സാധ്യത എന്നിവയാണ് പ്രധാനമായി കോടതി പരിശോധിക്കുന്നത്.

ആരോപണവിധേയനായ വ്യക്തിയെ വ്യക്തിഹത്യ നടത്താന്‍ ഉദ്ദേശിച്ചാണോ കുറ്റാരോപണം നടത്തിയതെന്നതും കോടതി പ്രാധാന്യത്തോടെ പരിഗണിക്കുന്നു.
ദീപക് സുബാഷ് ചന്ദ്ര മെഹ്ത ്. സിബിഐ (2012 KHC 4112)  എന്ന കേസില്‍ ജാമ്യം നല്‍കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ കോടതി പരിഗണിക്കണമെന്ന് കൂടുതലായി വിശദീകരിച്ചിട്ടുണ്ട.്

മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് വ്യവസ്ഥകളോടെയാണ്.
1. മുന്‍കൂര്‍ജാമ്യം ലഭിച്ചയാള്‍ പൊലീസ് ചോദ്യംചെയ്യുന്നതിന്വിളിക്കുമ്പോഴെല്ലാംഹാജരാകണം.
2. മുന്‍കൂര്‍ജാമ്യം ലഭിച്ചയാള്‍ കേസിന്റെ വസ്തുതകള്‍ അറിയാവുന്ന സാക്ഷികളെ സ്വാധീനിക്കാനോ ‘ഭീഷണി പ്പെടുത്താനോ പാടില്ല.
3. മുന്‍കൂര്‍ജാമ്യം ലഭിച്ചയാള്‍ കോടതിയുടെ മുന്‍കൂര്‍ അനുവാദം ഇല്ലാതെ ഇന്ത്യവിട്ടുപോകാന്‍പാടില്ല.

ഇവകൂടാതെ കോടതിക്ക് യുക്തമെന്നു തോന്നുന്ന ഏത് ഉപാധിയും ഉള്‍പ്പെടുത്താവുന്നതാണ്.
മൌലാന മുഹമ്മദ് അമീര്‍ റഷാദി ്.സ്റ്റേറ്റ് ഓഫ്യുപി(2012 KHC 4031) എന്ന പ്രമാദമായ കേസില്‍ ഒരാളുടെ ക്രിമിനല്‍ പൂര്‍വചരിത്രം അടിസ്ഥാനപ്പെടുത്തി മാത്രം മുന്‍കൂര്‍ജാമ്യം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട.്

ഷാനവാസ് ബാബു ്. സ്റ്റേറ്റ് ഓഫ് കേരളം (2012 (3) KHC 520) എന്ന കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുകയാണെങ്കില്‍ മുന്‍കൂര്‍ജാമ്യം റദ്ദ്ചെയ്യാന്‍ മജിസ്ട്രേട്ടിന് അധികാരമുണ്ട്.

എല്ലാസാഹചര്യത്തിലും  മുന്‍കൂര്‍ ജാമ്യം അനുവദനീയമല്ല. മയക്കുമരുന്നു നിയമത്തിലോ പോട്ട നിയമത്തിലോ പട്ടികജാതി/വര്‍ഗ പീഡന നിയമത്തിലോഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്ക് മുന്‍കൂര്‍ജാമ്യം ലഭിക്കുന്നതല്ല. അബ്കാരി  കേസുകളിലുംമുന്‍കൂര്‍  ജാമ്യം കോടതികള്‍ അനുവദിക്കാറില്ല.
മുന്‍കൂര്‍ജാമ്യം  ഒരാളുടെ അറസ്റ്റില്‍നിന്നുള്ള  മുക്തിയല്ല.  മുന്‍കൂര്‍ജാമ്യം കോടതി അനുവദിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്തി  ജാമ്യത്തില്‍വിടണമെന്നാണ് നിയമം. ഒരു കേസില്‍നിന്ന് ഒഴിവാക്കപ്പെടാനുള്ള മാര്‍ഗമല്ല മുന്‍കൂര്‍ജാമ്യം എന്ന വസ്തുതയും ഓര്‍ക്കേണ്ടതാണ്. 

email: [email protected]

 



deshabhimani section

Related News

View More
0 comments
Sort by

Home