വിളപരിപാലനവും വളപ്രയോഗവും

അടുക്കളതോട്ടത്തിലെ പച്ചക്കറിക്കൃഷിയില്‍ കഴിയുന്നത്ര ജൈവ വളങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കാലിവളം, ആട്ടിന്‍ കാഷ്ടം, എല്ലുപൊടി, പലതരം പിണ്ണാക്കുകള്‍, മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ്, ഫിഷ് അമിനോ ആസിഡ് എന്നിവയൊക്കെ മാറിമാറി ഉപയോഗിക്കാം. ബയോഗ്യാസ് വാതകം ഉല്‍പ്പാദിപ്പിച്ചശേഷം പുറത്തുവരുന്ന ചാണകമിശ്രിതം (സ്ളറി) നല്ലൊരു ജൈവവളമാണ്.
തൈ നട്ട് ഒരാഴ്ച കഴിഞ്ഞാല്‍ പുളിപ്പിച്ച പിണ്ണാക്ക് ലായനിയോ മറ്റ് ജൈവവളങ്ങളോ മണ്ണില്‍ ചേര്‍ത്തുകൊടുക്കാം. പിന്നീട് രണ്ടാഴ്ച ഇടവിട്ട് വളപ്രയോഗം നടത്താം. വളപ്രയോഗത്തോടൊപ്പം മണ്ണ് കയറ്റിക്കൊടുക്കല്‍, മണ്ണിളക്കല്‍ എന്നിവ ചെയ്യാം. നേര്‍പ്പിച്ച ഗോമൂത്രം, പച്ചച്ചാണകം കലക്കി ഒഴിക്കല്‍ എന്നിവ ചെടിയുടെ വളര്‍ച്ച കൂട്ടും. വളപ്രയോഗം കൂടുതലാകാതിരിക്കാനും ശ്രദ്ധിക്കണം. പച്ചിലവളങ്ങളും ചാണകത്തോടൊപ്പം ഉപയോഗിക്കാം. പച്ചിലവള ചെടികളായ ചണമ്പ്, ഡെയ്ഞ്ച, തുവര, കൊഴിഞ്ഞില്‍, വന്‍പയര്‍ തുടങ്ങിയവ കൃഷിസ്ഥലത്ത് നട്ടശേഷം പിന്നീട് അവിടെത്തന്നെ വെട്ടിയിട്ട് മണ്ണില്‍ ഉഴുതുചേര്‍ക്കാം.
വിളകള്‍ക്ക് ചാരം ഇട്ടുകൊടുക്കുന്നത് പൊട്ടാസ്യത്തിന്റെ ലഭ്യത ഉറപ്പുവരുത്തും.
ജൈവവളങ്ങള്‍തയ്യാറാക്കേണ്ടവിധം
പുളിപ്പിച്ച് നേര്‍പ്പിച്ച പിണ്ണാക്ക് ലായനി, മീന്‍ അമിനോ അമ്ളം എന്നീ ജൈവവളക്കൂട്ടുകള്‍വീട്ടില്‍ത്തന്നെ ഉണ്ടാക്കാവുന്നതാണ്.
എ) പുളിപ്പിച്ച പിണ്ണാക്ക് ലായനി: വേപ്പിന്‍പിണ്ണാക്ക് (ഒരു കി.ഗ്രാം), കപ്പലണ്ടിപ്പിണ്ണാക്ക് (ഒരു കി.ഗ്രാം), പച്ചച്ചാണകം (ഒരു കി.ഗ്രാം), ഗോമൂത്രം (ഒരു ലിറ്റര്‍), വെള്ളം (10 ലിറ്റര്‍). ഇവയെല്ലാം കൂടി ഒരു ബക്കറ്റിലിട്ട് നന്നായി ഇളക്കി മൂടിവയ്ക്കുക. ദിവസവും ഇളക്കണം. മൂന്നുദിവസം കഴിഞ്ഞാല്‍ നല്ല വളമായി. കുറച്ച് കരിനൊച്ചിയിലകൂടി ചേര്‍ത്താല്‍ പുഴു വരില്ല. ഇതില്‍നിന്ന് ഒരു കപ്പ് ലായനി ഏഴുകപ്പ് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചശേഷം ചെടിയുടെ കടയ്ക്കല്‍ ഒഴിക്കാം. ഒരാഴ്ച കഴിഞ്ഞാല്‍ പുതിയ മിശ്രിതം ഉണ്ടാക്കണം.
ബി) മീന്‍ അമിനോ അമ്ളം (ഫിഷ് അമിനോ ആസിഡ്)
ചെറുമീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് (ഒരു കി.ഗ്രാം), ശര്‍ക്കര (ഒരു കി.ഗ്രാം) ഇവ രണ്ടും ഇടവിട്ട് ഒരു പാത്രത്തില്‍ നിറച്ച് മൂടിവയ്ക്കുക. ഇടയ്ക്കിടെ പാത്രം കുലുക്കണം. മൂന്നാഴ്ച കഴിയുമ്പോള്‍ ഇതിന്റെ സത്ത് അരിച്ചെടുത്ത് കുപ്പികളിലാക്കി സൂക്ഷിച്ചുവയ്ക്കാം. ഒരുലിറ്റര്‍ വെള്ളത്തില്‍ മൂന്നു മില്ലി എന്ന തോതില്‍ കലക്കി ഇലകളില്‍ തളിക്കാവുന്നതാണ്.
ജൈവിക കീടരോഗനിയന്ത്രണം
കീടരോഗബാധ കുറയ്ക്കാനായി കൃഷിയിടം വൃത്തിയായി സൂക്ഷിക്കണം. വിളകളുടെ അവശിഷ്ടങ്ങളും കീടരോഗബാധയുള്ള കായ്കളുമൊക്കെ അപ്പപ്പോള്‍ നീക്കംചെയ്യണം. വിളകള്‍ മാറിമാറി കൃഷിചെയ്യുക. അതത് കാലങ്ങളിലേക്ക് യോജിച്ച വിളകള്‍ തെരഞ്ഞെടുക്കുക. (ഉദാ: പച്ചച്ചീര വര്‍ഷകാലത്തും ചുവന്നചീര വേനല്‍ക്കാലത്തും വളര്‍ത്തുന്നതാണ് നല്ലത്). കൂടാതെ കീടരോഗ പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ തെരഞ്ഞെടുക്കുക, മിത്രകീടങ്ങള്‍, മിത്ര ബാക്ടീരിയകള്‍ എന്നിവ ഉപയോഗിച്ച് കീടങ്ങളെ നിയന്ത്രിക്കുക എന്നിവയാണ് മറ്റു പ്രധാന കീടരോഗ നിയന്ത്രണ മാര്‍ഗങ്ങള്‍. രോഗനിയന്ത്രണത്തിനായി സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ, വെര്‍ട്ടിസിലിയം, മെറ്റാറൈസിയം എന്നീ ജൈവിക രോഗനാശിനികള്‍ ഉപയോഗിക്കാം. സ്യൂഡോമോണസ് ഫ്ളൂറസന്റ് എന്ന ബാക്ടീരിയ സര്‍വരോഗ സംഹാരിയാണ്. ഇത് വിത്തില്‍ പുരട്ടാനും മണ്ണില്‍ ചേര്‍ക്കാനും ചെടികളില്‍ തളിക്കാനും ഉപയോഗിക്കാം. പൊടിയായും ലായനിയായും ലഭിക്കും. ഒരുകിലോ വിത്തിന് 10 ഗ്രാം പൊടി എന്ന തോതില്‍ കൂട്ടിക്കലര്‍ത്തി അരമണിക്കൂര്‍ വച്ചശേഷം നടാം. തളിക്കുന്നതിനായി 10 മുതല്‍ 20 ഗ്രാം പൊടിവരെ ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം.
ജൈവകീടനാശിനി
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, പുകയില കഷായം, വേപ്പിന്‍ കുരു സത്ത്, പലതരം കെണികള്‍ എന്നിവ ഉപയോഗിച്ച് കീടനിയന്ത്രണം സാധ്യമാക്കാം.
എ) വേപ്പെണ്ണ വെളുത്തുള്ളി
മിശ്രിതം (2%). വേപ്പെണ്ണ 200 മി.ലി.വെളുത്തുള്ളി 200 ഗ്രാം, ബാര്‍സോപ്പ് 60 ഗ്രാം എന്നിവചേര്‍ത്ത് ഇളക്കിപതപ്പിക്കണം. വെളുത്തുള്ളി നന്നായി അരച്ച് 300 മി.ലി. വെള്ളം ചേര്‍ത്തശേഷം അരിച്ചെടുത്ത് വേപ്പെണ്ണ ഇമള്‍ഷനില്‍ ചേര്‍ക്കുക. ഇതിലേക്ക് ഒമ്പതു ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചാല്‍ മിശ്രിതം റെഡിയായി. നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ക്കെതിരെ തളിക്കാവുന്നതാണ്.
ബി) പുകയില കഷായം: അരക്കിലോ പുകയിലയോ, പുകയിലഞെട്ടോ ചെറുതായി അരിഞ്ഞ് നാലരലിറ്റര്‍ വെള്ളത്തില്‍ ഒരുദിവസം കുതിര്‍ത്തുവയ്ക്കുക. പിന്നീട് നന്നായി ഞരടി പിഴിഞ്ഞ് ചണ്ടി മാറ്റുക. 120 ഗ്രാം ബാര്‍സോപ്പ് ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചെടുത്ത് ലായനി ഇതില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇങ്ങനെ തയ്യാറാക്കിയ പുകയില കഷായം 6-7 ഇരട്ടി അളവ് വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചാല്‍ പയര്‍പ്പേന്‍ മുതലായ കീടങ്ങളെ നിയന്ത്രിക്കാം.
സി) മഞ്ഞക്കെണി: ചതുരാകൃതിയിലുള്ള തകരകഷണമോ പാട്ടയോ മഞ്ഞപെയിന്റ്അടിച്ച് ആവണക്കെണ്ണയില്‍ മുക്കി അടുക്കളത്തോട്ടത്തില്‍ അവിടവിടെയായി തൂക്കിയിടുക. വെള്ളീച്ചകളെ ഫലപ്രദമായി നിയന്ത്രിക്കാം.
(വെളളാനിക്കര ഹോര്‍ട്ടികള്‍ചര്‍ കോളേജ്, ഒളരികള്‍ചര്‍ വിഭാഗം മേധാവിയാണ് ലേഖിക)









0 comments