ലോക മെഡലിലേക്ക് ദൂരംകുറിച്ച് നീരജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2017, 04:45 PM | 0 min read

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഒരേയൊരു മെഡലേയുള്ളു. 2003ല്‍ പാരീസില്‍ നമ്മുടെ അഞ്ജു ബോബിജോര്‍ജ് ലോങ്ജമ്പില്‍ നേടിയ വെങ്കലമാണത്. ഈ ആഗസ്തില്‍ ലണ്ടനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ മെഡലുകള്‍ നേടി ഇന്ത്യ ചരിത്രംകുറിക്കുമെന്നൊന്നും പ്രവചിക്കാന്‍ ആരും തയ്യാറാകില്ല. എന്നാല്‍ ഒന്നുണ്ട്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ കൊടിയിറങ്ങിയ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നടാടെ ഓവറോള്‍ കിരീടം അണിഞ്ഞപ്പോള്‍ ടീമിനെ നയിക്കുകയും ജാവലിന്‍ ത്രോയില്‍ ഒന്നാംസ്ഥാനത്തെത്തി തന്റെ ലോകനിലവാരത്തിന് അടിവരയിടുകയും ചെയ്ത നീരജ് ചോപ്രയെന്ന പത്തൊമ്പതുകാരന്‍ ലണ്ടനില്‍ ഒരു മെഡല്‍ നേടാന്‍ കഴിയുന്ന പ്രതിഭയാണെന്ന് നിരീക്ഷകര്‍ തലകുലുക്കി സമ്മതിക്കുന്നു. 

ഓരോ ഇനത്തിലും ലോകത്തിലെ മികച്ച 10 താരങ്ങള്‍വീതം മാറ്റുരച്ച പാരീസിലെ ഡയമണ്ട് ലീഗില്‍ 84.67 മീറ്ററോടെ അഞ്ചാംസ്ഥാനത്തെത്തിയതിന്റെ തിളക്കവുമായി ഭുവനേശ്വറില്‍ മത്സരിച്ച നീരജ് പാതിവഴിയില്‍ മെഡല്‍മേഖലയില്‍പ്പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ അവസാന ശ്രമത്തില്‍ എല്ലാവരെയും അമ്പരപ്പിച്ച് 85.23 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച നീരജ് സീസണിലെ തന്റെ മികച്ച പ്രകടനത്തോടൊപ്പം സ്വര്‍ണമെഡലും കരസ്ഥമാക്കി.

കലിംഗ സ്റ്റേഡിയത്തില്‍ ഒരു ഇന്ത്യന്‍ അത്ലറ്റിന്റെ ഏഷ്യന്‍തലത്തിലെ മികവിന്റെ നിദര്‍ശനമായി മാറിയ ജാവലിന്‍ ഏറില്‍ നീരജിനു പിന്നില്‍ വെള്ളി, വെങ്കല മെഡലുകളിലെത്തിയ ഖത്തറിന്റെ ബാദര്‍ അഹമ്മദും ഇന്ത്യയുടെതന്നെ ദാവിന്ദന്‍ സിങ്ങും 2011ല്‍ കോബെയില്‍ ജപ്പാന്റെ യുകിഫുമി മരുകാമി സ്ഥാപിച്ച മീറ്റ് റെക്കോഡിനെ (83.27 മീറ്റര്‍) നിഷ്പ്രഭമാക്കിയെന്നതും ഈ പോരാട്ടത്തിന്റെ മാറ്റുകൂട്ടുന്നതായി.

കഴിഞ്ഞവര്‍ഷം ജൂലൈയില്‍ പോളണ്ടില്‍ നടന്ന ലോക അണ്ടര്‍-20 ജൂനിയര്‍ അറ്റ്ലറ്റിക്സില്‍ ലോക റെക്കോഡിലേക്ക് ജാവലിന്‍ എറിഞ്ഞായിരുന്നു പാനിപ്പത്തിലെ ഖാദ്ര ഗ്രാമത്തിലെ കര്‍ഷകന്റെ പുത്രനായ നീരജ് ചോപ്ര എന്ന ചെറുപ്പക്കാരന്‍ ഇന്ത്യയുടെ ആദ്യ ലോകചാമ്പ്യനായത്. അന്ന് 86.48 മീറ്ററിന്റെ അണ്ടര്‍-20 ലോകറെക്കോഡ് സ്ഥാപിച്ച നീരജ് റിയോ ഒളിമ്പിക്സിനു യോഗ്യത നേടിയെങ്കിലും 20 ദിവസത്തിനുള്ളില്‍ നാല് രാജ്യങ്ങളില്‍ മത്സരിച്ചതുള്‍പ്പെടെ നിരവധി വേദികളില്‍ മാറ്റുരച്ചതിനാല്‍ പരിക്കിന്റെ പിടിയിലായി.

ആറുവര്‍ഷം മുമ്പായിരുന്നു നീരജിന് ഏറിലെ രാജകീയ ഇനമായ ജാവലിനില്‍ കമ്പമുണ്ടായത്. സമപ്രായക്കാരായ ഒരുസംഘം യുവാക്കള്‍ ജാവലിനില്‍ തങ്ങളുടെ മികവു പരീക്ഷിക്കുന്നതു കണ്ടപ്പോള്‍ അവരെക്കാള്‍ മെച്ചമായി എറിയാന്‍ തനിക്കു കഴിയുമെന്ന ആത്മവിശ്വാസം നീരജിനുണ്ടായി. അതോടെ ജാവലിന്‍ കൈയിലെടുത്തെന്നു മാത്രമല്ല, ഗൌരവത്തോടെ അതില്‍ തന്റെ കരിയര്‍ കണ്ടെത്താനും തയ്യാറായ നീരജ് ജൂനിയര്‍, സീനിയര്‍ ദേശീയ റെക്കോഡുകള്‍ ഭേദിച്ച് ഈയിനത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച താരമാകാന്‍ ഏറെക്കാലമെടുത്തില്ല.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ചൈനയിലെ ജിന്‍ഹുവയില്‍ ഏഷ്യന്‍ ഗ്രാന്‍പ്രീ അത്ലറ്റിക്സിന്റെ ആദ്യപാദത്തില്‍ 82.11 മീറ്റര്‍ കുറിച്ച് വെള്ളി നേടിയ നീരജ് ചൈനയിലെതന്നെ ജിയാസിങ്ങിലെ രണ്ടാംപാദത്തില്‍ മെച്ചപ്പെട്ട ദൂരത്തോടെ വെള്ളി നേട്ടം (83.32) ആവര്‍ത്തിച്ചാണ് ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിത്. തായ്പേയ് സിറ്റിയില്‍ നടന്ന മൂന്നാംപാദത്തില്‍ നീരജിന് പക്ഷേ വെങ്കലത്തിലെത്താനേ (79.90 മീറ്റര്‍) കഴിഞ്ഞുള്ളു.

മേയ് ഒമ്പതിന് ദോഹയിലെ ഡയമണ്ട് ലീഗില്‍ ജര്‍മനിയുടെ തോമസ് റോഹ്ളര്‍ 93.90 മീറ്ററോടെ ജാവലിനില്‍ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. ഇതിഹാസതാരമായ ചെക് റിപ്പബ്ളിക്കിന്റെ യാന്‍ സെല്‍സിനി 1996ല്‍ സ്ഥാപിച്ച 98.46 മീറ്ററിന്റെ ലോകറെക്കോഡാകട്ടെ, 2005ല്‍ സ്ഥാപിച്ച ഈയിനത്തിലെ ലോകറെക്കോഡുകളെല്ലാം റദ്ദാക്കണമെന്ന് യൂറോപ്യന്‍ അത്ലറ്റിക് ഫെഡറേഷന്റെ വിവാദനിര്‍ദേശത്തിന്റെ നിഴലിലാണ്.

അതേസമയം ഇന്ത്യ സൃഷ്ടിച്ച എക്കാലത്തെയും മികച്ച ജാവലിന്‍ ചാമ്പ്യന്‍ നീരജ് ചോപ്രയാണെന്ന് വിഖ്യാത ഓസ്ട്രേലിയന്‍ കോച്ച് ഗാരി കാള്‍വെര്‍ട്ട് സാക്ഷ്യപ്പെടത്തുന്നു. ജാവലിനില്‍ 85 മീറ്ററിന്റെ പരിധിയിലേക്കെത്തിയാല്‍ പിന്നീടുള്ള പുരോഗതി എളുപ്പമാകില്ല. എന്നാല്‍ നീരജ് വ്യത്യസ്തനാണ്. തന്റെ ഏറിന്റെ രൂപരേഖ മനസ്സില്‍ വരച്ച് ആ ദൂരത്തേക്ക് ജാവലിന്‍ പറത്താന്‍ കഴിയുന്ന നീരജിന് കഠിനപരിശീലനത്തിലൂടെയും സാങ്കേതിക മേന്മയിലൂടെയും 90 മീറ്ററിലേക്കടുക്കാന്‍ 12 മാസം മതിയാവുമെന്നും രണ്ടുവര്‍ഷംകൊണ്ട് 92-95 മീറ്റര്‍ ചുറ്റുവട്ടത്തേക്ക് മുന്നേറാനാവുമെന്നും കാള്‍വെര്‍ട്ട് നിരീക്ഷിക്കുന്നു. 95 മീറ്റര്‍ പരിധിയിലെത്തിയാല്‍ ഈ താരത്തിലൂടെ ഇന്ത്യക്ക് ഒളിമ്പിക് മെഡല്‍ അഥവാ സ്വര്‍ണമെഡല്‍തന്നെ നേടാനാവുമെന്ന് നീരജിനെ ജൂനിയര്‍ ലോകറെക്കോഡിലേക്ക് മിനുക്കിയെടുത്ത കാള്‍വെര്‍ട്ട് ഉറപ്പിച്ചുപറയുന്നു.

ആദ്യം 90 മീറ്ററിലെത്തുകയാണ് ലക്ഷ്യമെന്ന് നീരജും പറയുന്നു. എന്നാല്‍ ഇന്ത്യന്‍ അത്ലറ്റിക് അസോസിയേഷന്‍ കാള്‍വെര്‍ട്ടിന്റെ കരാര്‍ പുതുക്കാത്തത് തിരിച്ചടിയായത് നീരജിനുതന്നെയാണ്. ഇന്ത്യയില്‍ പരിശീലനം നടത്തുകയാണെങ്കില്‍ നീരജിന് അന്താരാഷ്ട്രവേദികളില്‍ മെഡല്‍ നേടാനുള്ള സാധ്യത കുറയും. അതിനാല്‍ ചൈനയിലേക്കു പോയ കാള്‍വെര്‍ട്ടിന്റെ വിദഗ്ധനിരീക്ഷണം ലഭ്യമാകുകയോ അല്ലെങ്കില്‍ ജര്‍മനിയിലോ ഫിന്‍ലന്‍ഡിലോ താരത്തെ പരിശീലനത്തിനയക്കുകയോ വേണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ഇന്ന് ലോകത്തിലെ മികച്ച 10 ജാവലിന്‍ ഏറുകാരില്‍ ഈ ഇന്ത്യന്‍താരമുണ്ട്. ജര്‍മനിയുടെ ജോഹന്നീസ് വെറ്ററും തോമസ് റോഹ്ളറും ഉള്‍പ്പെടെ ഈ രംഗത്തെ അതികായന്മാരുടെ പോരാട്ടവേദിയായ ലോകചാമ്പ്യന്‍ഷിപ്പില്‍ കന്നിഅങ്കത്തിനിറങ്ങുന്ന നീരജ് ചോപ്രയ്ക്ക് ലോകനിലവാരത്തില്‍ മാറ്റുരയ്ക്കാനുള്ള കഴിവും കരുത്തും പ്രതിഭാസ്പര്‍ശവും ഉണ്ടെന്ന് നിസ്സംശയം പറയാം.



deshabhimani section

Related News

View More
0 comments
Sort by

Home