കുറ്റകരമായ ഗൂഢാലോചന എന്നാല്‍ ..?

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120എ വകുപ്പനുസരിച്ച്“രണ്ടോ അതിലധികമോ ആളുകള്‍ നിയമവിരുദ്ധമായ ഒരു കൃത്യം അല്ലെങ്കില്‍ നിയമവിരുദ്ധമല്ലാത്ത ഒരു കൃത്യം നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ചെയ്യാമെന്നോ ചെയ്യിക്കാമെന്നോ പരസ്പരം ആലോചിച്ചു സമ്മതിക്കുമ്പോള്‍ അങ്ങനെയുള്ള കരാറിന് കുറ്റകരമായ ഗൂഢാലോചന എന്നുപറയുന്നു.
എന്നാല്‍ രണ്ടോ അതിലധികമോ ആളുകള്‍ പരസ്പരം ആലോചിച്ചു സമ്മതിച്ചതല്ലാതെ തുടര്‍ന്ന് ഏതെങ്കിലും ഒരു കുറ്റ കൃത്യം അവര്‍ ചെയ്യാത്തപക്ഷം അത് കുറ്റകരമായ ഗൂഢാലോചനയല്ലാത്തതാകുന്നു.
കുറ്റകരമായ ഗൂഢാലോചനയ്ക്കുള്ള ശിക്ഷയെപ്പറ്റിയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120ബി വകുപ്പ് പറയുന്നത്. ഗൂഢാലോചന നടത്തി ഒരു കുറ്റകൃത്യത്തിന് ആളുകളെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നവരുടെ ശിക്ഷാ ബാധ്യത ഉറപ്പുവരുത്തുന്നതിനാണ് ഈ വകുപ്പ് നിയമത്തില്‍ ചേര്‍ത്തിട്ടുള്ളത്.
മരണശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ രണ്ടുവര്‍ഷമോ അതില്‍ക്കൂടുതലോ കഠിനശിക്ഷ കിട്ടാവുന്ന ഒരു കുറ്റത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയാവുകയും കുറ്റംചെയ്യുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രതിക്ക് ആ കുറ്റം ചെയ്താല്‍ എന്തു ശിക്ഷയാണോ കിട്ടുന്നത് ആ ശിക്ഷ തന്നെ കുറ്റകരമായ ഗൂഢാലോചന നടത്തിയ പ്രതിക്കും ലഭിക്കുന്നതാണ്. കേസിന്റെ തീവ്രതയനുസരിച്ചാണ് ശിക്ഷയുടെ കാഠിന്യം കൂടുന്നത്.
ഗൂഢാലോചന നടത്തിയ കുറ്റം വിസ്തരിക്കുന്നത് ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയിലാണ്. കുറ്റകരമായ ഗൂഢാലോചനയ്ക്ക് പ്രത്യക്ഷമായ തെളിവുകള്‍ എപ്പോഴും ലഭിക്കണമെന്നില്ല. ഗൂഢാലോചന എപ്പോഴും രഹസ്യമായാണ് നടക്കുന്നത്. ക്രിമിനല്‍ഗൂഢാലോചനക്കുറ്റം നിലനില്‍ക്കണമെങ്കില്‍ അതില്‍ ചില ഘടകങ്ങള്‍ വേണം. ഈ ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുന്ന പല കോടതിവിധികളും ഉണ്ട്.
ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രതികള്‍ തമ്മില്‍ ഒരു കരാര്‍ ഉണ്ടായിരിക്കണമെന്നും അങ്ങനെയുള്ള കരാര്‍ നിയമവിരുദ്ധമായ ഒരു കൃത്യം ചെയ്യാന്‍ വേണ്ടിയോ , ഒരു കൃത്യം താനെ നിയമ വിരുദ്ധമാക്കാത്തിടത്തു അത് നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ ചെയ്യാന്‍ വേണ്ടിയോ ഉള്ളതായിരിക്കണമെന്നും ബഹുഃ സുപ്രീം കോടതി Pratap Bhai Hamir Bahai Solanki Vs State of Gujarath and Anr. -2012 KHC 4603: 2013(1) SCC 613 എന്ന കേസില്‍ വിധിച്ചിട്ടുണ്ട് .
ഗൂഢാലോചന സംബന്ധിച്ച് ആരോപണം മാത്രം പോര, അതിനു തെളിവും വേണം. കുറ്റത്തെ കുറിച്ചുള്ള അറിവോ ചര്‍ച്ചയോ ഒരു പ്രതിയുടെ മനസ്സില്‍ കുറ്റം ഉത്ഭവിച്ചുവെന്നതോ ഗൂഢാലോചനകുറ്റം രൂപീകരിക്കാന്‍ പര്യാപ്തമായ സംഗതിയല്ല . എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച് നേരിട്ട് തെളിവ് ലഭിക്കില്ലെങ്കിലും സാഹചര്യതെളിവുകള്‍ തെളിയിക്കുന്നതുവഴിയോ സാഹചര്യതെളിവുകളുടെ വ്യഞ്ജിപ്പിക്കല്‍ വഴിയോ പ്രോസിക്യൂഷനു കുറ്റകരമായ ഗൂഢാലോചന തെളിയിക്കാം. (Gulam Sarbar Vs State of Bihar , 2013 KHC 4810 )
ഗൂഢാലോചനകുറ്റം രൂപീകരിക്കുന്നതിന് കുറ്റത്തില്‍ ഉള്‍പ്പെട്ടയാള്‍ക്കു ഒരു കുറ്റ പ്രവര്‍ത്തിയുടെ എല്ലാ ഘട്ടങ്ങളെക്കുറിച്ചും അറിവ് വേണമെന്നില്ലെന്നും ഒരു ഗൂഢാലോചനയുടെ മുഖ്യലക്ഷ്യത്തെ കുറിച്ചുകൊണ്ടുള്ള അറിവ് കൊണ്ട് മാത്രം പ്രതികള്‍ക്കു ശിക്ഷ നല്‍കാന്‍ കഴിയുമെന്നും Shaji . R Vs State of Kerala.( 2013 KHC 4098) എന്ന കേസില്‍ ബഹുഃ കേരളാ ഹൈക്കോടതിയും വിധിച്ചിട്ടുണ്ട് .
രണ്ടോ അതിലധികമോ ആളുകള്‍ നിയമവിരുദ്ധമായ ഒരു കൃത്യമോ അല്ലെങ്കില്‍ നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെ നിയമ വിരുദ്ധമല്ലാത്ത ഒരു കൃത്യമോ ചെയ്യാമെന്നോ ചെയ്യിക്കാമെന്നോ പരസ്പരം സമ്മതിക്കുമ്പോള്‍ കുറ്റകരമായ ഗൂഢാലോചന കുറ്റം ചെയ്യപ്പെടുന്നു എന്നും ഉദ്ദേശമുള്ളതുകൊണ്ടു മാത്രം കുറ്റമായിതീരാത്ത കുറ്റകരമായ ഗൂഢാലോചന കുറ്റം പൊതു നിയമത്തിനു അപവാദമാണെന്നും Dharmarajan Vs State of Kerala , (2014 KHC 251) ബഹുഃ കേരളാ ഹൈക്കോടതി വിധിക്കുകയുണ്ടായി .
State of Himachal Pradesh Vs Krishan Lal Pardhan And Ors. (AIR 1987 SC 773) എന്ന കേസില്‍ ബഹുഃ സുപ്രീം കോടതി യും ഇങ്ങനെ സമാനമായ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട് .
ഒരു കേസില്‍ തെളിയിക്കാന്‍ ഏറെ പ്രയാസമുള്ളതാണ് ഗൂഢാലോചന കുറ്റം. ഗൂഢാലോചന കുറ്റം ചുമത്തിയ ഒരു കേസില്‍ രണ്ടു പ്രതികളില്‍ ഒരാള്‍ നിര്‍ദോഷിയാണെന്നു വിചാരണ വേളയില്‍ കണ്ടെത്തിയാല്‍ രണ്ടു പേരെയും കുറ്റവിമുക്തരാക്കേണ്ടി വരും. ഗൂഢാലോചനകുറ്റം ചാര്‍ജ് ചെയ്തു കോടതിയില്‍ എത്തുമ്പോള്‍ പൊലീസ് നിരത്തുന്ന തെളിവുകള്‍ വിചാരണക്കോടതി തലനാരിഴ കീറി പരിശോധിക്കും. കേസില്‍ സംശയത്തിന്റെ നേരിയ ആനൂകൂല്യം പോലും പ്രതികള്‍ക്ക് ലഭിക്കും . അതിനാല്‍ ഇത്തരം കേസുകളില്‍ തെളിവുകളുടെ കാര്യത്തില്‍ പൊലീസും പ്രോസിക്യൂഷനും അതീവ ജാഗ്രത പുലര്‍ത്താറുണ്ട്
email: [email protected]









0 comments