ഇന്നിത് വാങ്ങൂ; നാളെ വാദിക്കാം

തൃശൂര്‍ > കറുത്തഗൌണിട്ട വക്കീലന്മാര്‍ മീന്‍ വാങ്ങാനെത്തുമ്പോള്‍ പ്രിയ മനസ്സില്‍ കുറിക്കും. അധികം വൈകാതെ ഈ കോട്ട് താനുമണിയും. എല്‍എല്‍ബി പഠനത്തിനിടയിലും അയ്യന്തോളില്‍ വഴിയരികില്‍ മീന്‍ വില്‍ക്കുകയാണ് പ്രിയ. ബിരുദധാരിയായ മനീഷയും ഒപ്പമുണ്ട്. കച്ചവടം കഴിഞ്ഞ് മീന്‍വണ്ടി ഒതുക്കി രാത്രിയില്‍ ഇരുചക്രവാഹനത്തില്‍ ഇവര്‍ വീട്ടിലേക്ക് മടങ്ങും.
വാടാനപ്പള്ളി മേപ്പറമ്പില്‍ കൊച്ചയ്യപ്പന്റെ മകള്‍ പ്രിയ, വലപ്പാട് കോതകുളം പതിശേരി ജയസേനന്റെ മകള്‍ മനീഷ എന്നിവരാണ് മീന്‍കച്ചവടം ചെയ്ത് ജീവിതത്തിന്റെ പുതുവഴി തേടുന്നത്. ചേറ്റുവ ഹാര്‍ബറില്‍നിന്ന് പച്ചമീന്‍ വാങ്ങി ഇവര്‍ തൃശൂരിലെത്തിക്കും. രണ്ടരയ്ക്ക് കച്ചവടം തുടങ്ങിയാല്‍ ആറരയോടെ തീരും.
ബിഎ പഠനംമുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. വിവിധ തൊഴില്‍മേഖല തേടിയെങ്കിലും സ്വന്തം നാട്ടിലെ കടലും മീനും ജീവിതോപാധിയാക്കുകയായിരുന്നു. ആദ്യം തൃശൂരില്‍ ഫ്ളാറ്റുകളിലാണ് മീന്‍ നല്‍കിയത്. വീടുകളില്‍ നോട്ടീസ് വിതരണം ചെയ്തു. ഫോണ്‍ വഴി ഓര്‍ഡറെടുത്ത് മീന്‍ വൃത്തിയാക്കി നല്‍കും. തുടര്‍ന്ന് ഇരുവരും മണലൂരില്‍ വിഷ്ണുമായ ഫിഷ്സ്റ്റാള്‍ തുടങ്ങി.
ഇതിനിടെ പ്രിയ വിദൂരവിദ്യാഭ്യാസപദ്ധതി വഴി ബംഗളൂരു ആര്‍എംഎല്‍ കോളേജില്‍ എല്‍എല്‍ബിക്ക് ചേര്‍ന്നു. ഒരു ലക്ഷത്തോളം രൂപ പഠനച്ചെലവുണ്ട്. ഈ പണം സ്വന്തമായി കണ്ടെത്താനാണ് മീന്‍ കച്ചവടത്തിനിറങ്ങിയതെന്ന് പ്രിയ പറഞ്ഞു. ഇടയ്ക്ക് ബംഗളൂരുവില്‍ ക്ളാസിന് പോവും. ഈ സമയം മനീഷ കച്ചവടം തുടരും. ഇപ്പോള്‍ രണ്ടാംവര്‍ഷ പരീക്ഷകഴിഞ്ഞു. വീണ്ടും മീന്‍ കച്ചവടത്തില്‍ സജീവമായി. അടുക്കളയില്‍ ഒതുങ്ങിയാല്‍ ഒന്നും നേടാനാവില്ലെന്ന തിരിച്ചറിവിലാണ് പുറത്തിറങ്ങിയത്. ആരും മോശമായി പറഞ്ഞില്ല. കൂട്ടുകാരെല്ലാം പ്രോത്സാഹിപ്പിച്ചതായും പ്രിയ പറഞ്ഞു.
പ്രിയയുടെ അച്ഛന്‍ കൊച്ചയ്യപ്പന്‍ 40 വര്‍ഷമായി അയ്യന്തോള്‍ കാഞ്ഞാണി റോഡില്‍ വണ്ടിയില്‍ മീന്‍ കച്ചവടം നടത്തിയിരുന്നു.ചേറ്റുവയില്‍നിന്ന് ഓട്ടോയില്‍ മീന്‍ എത്തിച്ചാണ് കച്ചവടം. അച്ഛന്റെ കൈയൊടിഞ്ഞതോടെ വണ്ടി ഉന്താനാവാതായി. ഇതോടെയാണ് പ്രിയയും മനീഷയും ഒരാഴ്ചയായി ഇവിടത്തെ കച്ചവടം ഏറ്റെടുത്തത്.
ദിവസവും അഞ്ഞൂറ് രൂപയെങ്കിലും വരുമാനം ലഭിക്കുന്നുണ്ടെന്ന് മനീഷ പറഞ്ഞു. മനീഷയ്ക്ക് അമ്മ മണിമാത്രമാണ് തുണ. സഹോദരിമാരുടെ വിവാഹം കഴിഞ്ഞു. മനീഷയുടെ വരുമാനം മാത്രമാണ് ജീവിതമാര്‍ഗം. പ്രിയയും അച്ഛനും മാത്രമാണ് വീട്ടിലുള്ളത്. സഹോദരന്മാര്‍ വിവാഹം കഴിഞ്ഞ് താമസം മാറി. നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ബാധ്യതകള്‍ വഴിമാറി ജീവിതവിജയം ഇവരെ തേടിയെത്തുകയാണ്.









0 comments