എഫ്ഐ ആറിന്റെ പ്രാധാന്യം

പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന കുറ്റകൃത്യത്തെക്കുറിച്ച് പൊലീസ്സ്റ്റേഷനില്‍ ഒരാള്‍ നല്‍കുന്ന ആദ്യ വിവരമാണ് എഫ്ഐആര്‍ അഥവാ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്.
ക്രിമിനല്‍നടപടി നിയമത്തിലെ 154 (1) വകുപ്പനുസരിച്ചാണ് പൊലീസ്സ്റ്റേഷന്‍ ചാര്‍ജുള്ള പൊലീസ് ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മറ്റു പൊലീസ് ഉദ്യോഗസ്ഥനോ എഫ്ഐആര്‍ തയ്യാറാക്കുന്നത്. കുറ്റകൃത്യം നടന്ന ഉടന്‍ അതുസംബന്ധിച്ച ആദ്യവിവരം പൊലീസിനെ അറിയിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുറ്റകൃത്യത്തെക്കുറിച്ച് അറിയാവുന്ന ഏതൊരു വ്യക്തിക്കും പരാതിരൂപത്തില്‍ പൊലീസിനു വാക്കാലോ രേഖാമൂലമോ വിവരങ്ങള്‍ നല്‍കാം. ഒരു കുറ്റകൃത്യം അല്ലെങ്കില്‍ സംഭവം നടന്ന തീയതി, അതിന്റെ സ്ഥലം, നടന്ന സമയം, കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍, ഇതിനു സാക്ഷികളുണ്ടെങ്കില്‍ അവരുടെ പേരുകള്‍ എന്നിവ എഫ്ഐആറില്‍ പൊലീസ് ഉള്‍പ്പെടുത്തുന്നു.
കുറ്റകൃത്യത്തെപ്പറ്റി ഫോണിലോ ഫാക്സ് അല്ലെങ്കില്‍ ഇ-മെയില്‍ മുഖേനയോ പൊലീസ്സ്റ്റേഷനില്‍ ഒരാള്‍ പരാതി നല്‍കുന്ന അവസരത്തില്‍ അയാളുടെ പരാതിയെ ബലപ്പെടുത്തുന്ന രീതിയിലുള്ള ഒരു മൊഴികൂടി പരാതിക്കാരന്‍ ഒപ്പിട്ടു നല്‍കണം. ഇങ്ങനെ രേഖാമൂലമുള്ള മൊഴി കൊടുത്തില്ലെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യില്ല.
വാക്കാലുള്ള പരാതിയാണെങ്കില്‍, പൊലീസ്സ്റ്റേഷനിലെ ഉത്തരവാദിത്തപ്പെട്ട ഓഫീസര്‍ ആ പരാതി എഴുതിയെടുത്ത് പരാതിക്കാരനെ വായിച്ചുകേള്‍പ്പിച്ച് പരാതിക്കാരന്റെ ഒപ്പു വാങ്ങിച്ചശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യുന്നു. ഒപ്പിടാന്‍ അറിയാത്ത ആളാണെങ്കില്‍ അയാളുടെ ഇടതു കൈ തള്ളവിരലിന്റെ അടയാളം പരാതിയില്‍ പതിപ്പിക്കണം. എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യുന്നതിന് സാക്ഷിയുടെ ആവശ്യമില്ല.
കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഒരിക്കലും എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യില്ല. കേസ് രജിസ്റ്റര്‍ചെയ്താലുടന്‍ ഒരു പ്രതിഫലവും വാങ്ങാതെ പ്രഥമവിവര റിപ്പോര്‍ട്ടിന്റെ കോപ്പി അറിവുനല്‍കിയ ആളിന് പൊലീസ് നല്‍കണം. പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന കുറ്റകൃത്യത്തെക്കുറിച്ചു പൊലീസ്സ്റ്റേഷനില്‍ അറിവു നല്‍കിയിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചാല്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കണം. ജില്ലാ പൊലീസ് സൂപ്രണ്ട് പരാതി പരിശോധിച്ച് മേല്‍നടപടി സ്വീകരിക്കും.
മോഷണമോ വല്ല സാധനങ്ങളും നഷ്ടപ്പെടുകയോ സംഭവിക്കുന്ന കേസുകളില്‍ സാധനങ്ങള്‍ തിരിച്ചറിയുന്ന വിവരങ്ങള്‍ എഫ്ഐആറില്‍ രേഖപ്പെടുത്തണം. രാത്രിയിലാണ് സംഭവം നടന്നതെങ്കില്‍ സംഭവസ്ഥലത്തെ വെളിച്ചത്തെപ്പറ്റി കൃത്യമായ വിവരം വേണം. കുറ്റകൃത്യം നടന്നശേഷം പൊലീസ്സ്റ്റേഷനില്‍ മൊഴി നല്‍കുന്നത് വളരെ താമസിച്ചാണെങ്കില്‍ മൊഴി നല്‍കാന്‍ കാലതാമസം വന്നതിന്റെ കാരണം മൊഴിയില്‍ രേഖപ്പെടുത്തണം.
എഫ്ഐആര്‍ കേസിന്റെ അന്വേഷണം ആരംഭിക്കുന്നതിന് കാരണമായ രേഖയായതിനാല്‍ മൊഴി നല്‍കുമ്പോള്‍ യഥാര്‍ഥമല്ലാത്ത കാര്യങ്ങള്‍ എഫ്ഐആറില്‍ രേഖപ്പെടുത്തിയാല്‍ കേസിന്റെ വിജയത്തെ അത് ബാധിക്കുമെന്ന് മൊഴി നല്‍കുന്നയാള്‍ അറിഞ്ഞിരിക്കണം. ഒരു അറിവ് പൊലീസില്‍ നല്‍കുന്നയാള്‍ ഒരു കുറ്റകൃത്യം നടക്കുമ്പോള്‍ അല്ലെങ്കില്‍ അതു നടന്നപ്പോള്‍ സ്ഥലത്തില്ലായിരുന്നുവെങ്കില്‍ അയാള്‍ക്ക് ആ കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങള്‍ എങ്ങനെ കിട്ടിയെന്നും കുറ്റവാളി ആരാകാം എന്നും മറ്റുമുള്ള വിവരം പൊലീസിന് നല്‍കണം. അറിവ് നല്‍കുന്നയാള്‍ അയാളുടെ മൊഴിയില്‍ പറയുന്ന വിവരങ്ങള്‍ എപ്പോഴും പരസ്പരം യോജിപ്പുള്ളതാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരാളുടെ മൊഴിയനുസരിച്ചുള്ള വകുപ്പുകള്‍ മാത്രമേ എഫ്ഐആറില്‍ ചേര്‍ക്കാന്‍പാടുള്ളു.
കൊലക്കുറ്റം നടത്തി കൊല്ലാന്‍ ഉപയോഗിച്ച കത്തിയും മറ്റുമായി പ്രതി പൊലീസ്സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ പ്രതിയുടെ കുറ്റസമ്മതപ്രകാരമുള്ള മൊഴി രേഖപ്പെടുത്തി ഒപ്പിടീച്ച് പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. പരിക്കുപറ്റിയ ഒരാളുടെ മൊഴിയാണെങ്കില്‍ ആശുപത്രിയില്‍ചെന്ന് പൊലീസ് രേഖപ്പെടുത്തണം.
പൊലീസിന് നേരിട്ട് കേസെടുക്കാന്‍പാടില്ലാത്ത കുറ്റകൃത്യത്തെപ്പറ്റി അറിവുകിട്ടിയാല്‍ ആ വിവരം പൊലീസ് ജനറല്‍ ഡയറില്‍ രേഖപ്പെടുത്തി തുടര്‍ന്ന് അധികാരമുള്ള മജിസ്ട്രേട്ടിന്റെ അനുമതിയോടെ മാത്രമേ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യുകയുള്ളു.
ഒരിക്കല്‍ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ചെയ്താല്‍ അത് ക്യാന്‍സല്‍ചെയ്യാന്‍ പൊലീസിന് അധികാരമില്ല. ഹൈക്കോടതിക്കു മാത്രമേ ഇതിനുള്ള അധികാരമുള്ളൂ.
കേസ് രജിസ്റ്റര്‍ചെയ്ത് 24 മണിക്കൂറിനകം എഫ്ഐആറിന്റെ കോപ്പി പൊലീസിന്റെ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തണമെന്ന് 2016ല്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഭീകരപ്രവര്‍ത്തനം, കലാപം, സ്ത്രീകള്‍ക്കുംകുട്ടികള്‍ക്കും എതിരെയുള്ള ലൈംഗികാതിക്രമം തുടങ്ങിയ വൈകാരിക കേസുകളുടെ എഫ്ഐആര്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തില്ല.
ഇപ്പോള്‍ കേരളത്തിലും പൊലീസിന്റെ ഔദ്യോഗികവെബ്സൈറ്റില്‍നിന്ന് (www.keralapolice.org/public-information/e-services/search-fir) എഫ്ഐആറിന്റെ കോപ്പി ഡൌണ്‍ലോഡ്ചെയ്ത് പ്രിന്റെടുക്കാന്‍ സൌകര്യമുണ്ട്. കഴിഞ്ഞലക്കം രാജ്യദ്രോഹവും നിയമവും എന്ന ലേഖനത്തില്‍, മൂന്നാം പാരഗ്രാഫില്‍ 1898ല്‍ ഒരു ഭേദഗതി നിയമത്തിലുടെയാണ് ഈ വകുപ്പ് ഇന്ത്യന്‍ പീനല്‍കോഡിന്റെ ഭാഗമായത് എന്നു തിരുത്തി വായിക്കുക.








0 comments