SFI യെ മനസ്സിലായോ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 02:53 AM | 0 min read

തിരുവനന്തപുരം> മാധ്യമങ്ങൾ പടച്ചുവിട്ട പെരുംനുണകൾ‌ക്കൊപ്പം കുത്തിയൊലിച്ചുപോയില്ല. പ്രതിപക്ഷനേതാക്കൾ മുതൽ കേരള ഗവർണർവരെയുള്ളവർ  ചൊരിഞ്ഞ ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കുംമുമ്പിൽ പതറിയില്ല. നുണപ്രചാരണങ്ങൾ മലവെള്ളംപോലെ കുതിച്ചുവന്നിട്ടും കലാലയങ്ങളിൽ ഉയർന്നുപാറി തൂവെള്ളക്കൊടി. തെരഞ്ഞെടുപ്പ്‌ നടന്ന 443 കാമ്പസുകളിൽ 315ലും എസ്‌എഫ്‌ഐ. കണ്ണൂർ, കലിക്കറ്റ്, എംജി, കേരള സർവകലാശാലകളിലും പോളിടെക്നിക്, സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും എസ്‌എഫ്‌ഐയുടെ വിജയഗാഥ. ഇത്‌ വ്യാജപ്രചാരണങ്ങൾക്കെതിരായ യുവതയുടെ വിധിയെഴുത്ത്‌. ദുഷ്-പ്രചരണങ്ങളെയും വിവാദ കോലാഹലങ്ങളെയും കേരളത്തിലെ വിദ്യാർഥി സമൂഹം പൂർണമായും തള്ളിക്കളഞ്ഞതിന്റെ നേർസാക്ഷ്യം.

എബിവിപി, എംഎസ്എഫ്–-കെഎസ്-യു കൂട്ടുകെട്ട്  വർഷങ്ങളായി  വിജയിച്ചുവന്ന കോളേജുകളിലാണ്‌ ഒറ്റയ്ക്ക് മത്സരിച്ച് എസ്എഫ്ഐ വിജയക്കൊടി പാറിച്ചത്‌. എസ്‌എഫ്‌ഐക്ക്‌ നഷ്‌ടപ്പെട്ട നിരവധി കോളേജുകൾ ഇത്തവണ തിരിച്ചുപിടിച്ചു. സംഘപരിവാറിന്‌ മുഖാമുഖംനിന്ന് പ്രതിരോധം തീർക്കാൻ എസ്എഫ്ഐയ്ക്ക് അല്ലാതെ മറ്റൊരു വിദ്യാർഥി പ്രസ്ഥാനത്തിനും കഴിയില്ലെന്നതിന്റെ തെളിവാണ് 22 വർഷം എബിവിപി ഭരിച്ച കുന്നംകുളം വിവേകാനന്ദ​ കോളേജിലെ എസ്എഫ്ഐയുടെ വിജയം. സംഘപരിവാരത്തിന്റെ നാവായിനിലകൊണ്ട ​ഗവർണറുടെ നീക്കങ്ങളും അപക്വമായ പെരുമാറ്റവും തെറ്റാണെന്ന്‌ വിദ്യാർഥികൾ തെളിയിച്ചു.  വ്യാജവാർത്താ സൃഷ്ടികൾക്ക് മുമ്പിൽ വിദ്യാർഥികളോട് രാഷ്ട്രീയം പറഞ്ഞ്‌, വിദ്യാർഥികളുടെ പ്രശ്‌നങ്ങൾക്ക്‌ ഒപ്പംനിന്നാണ്‌ എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌.

എംജി സർവകലാശാലയുടെ കീഴിലെ മാർത്തോമ്മാ കോളേജ് യൂണിയൻ എല്ലാ സീറ്റും വനിതകളിലൂടെയാണ് എസ്എഫ്ഐ വിജയിച്ചത്.
ഇതിനൊപ്പം കേരള സർവകലാശാലയ്ക്ക് കീഴിലെ യൂണിവേഴ്സിറ്റി കോളേജിൽ ആദ്യ വനിതാ ചെയർപേഴ്സണെയും എസ്എഫ്ഐ സമ്മാനിച്ചു. എംജി, കണ്ണൂർ, കലിക്കറ്റ് സർവകലാശാല തെര‍ഞ്ഞെടുപ്പിൽ പലകോളേജുകളിലും വർഗീയവാദികളുടെ കൂട്ടുപിടിച്ചാണ് കെഎസ്-യുവിന് ജയിക്കാനായത്. സംഘടനാപരമായ തെരഞ്ഞെടുപ്പ് നടന്ന ഒരു കോളേജിൽ പോലും എബിവിപിയ്ക്ക് യൂണിയൻ നേടാനായില്ല.

തിരുമ്പി വന്തിട്ടേന്ന് സൊല്ല് 


കോട്ടയം> ‘വന്തിട്ടേന്ന് സൊല്ല്, തിരുമ്പി വന്തിട്ടേന്ന് സൊല്ല്, ഒരു വർഷത്തുക്ക് മുന്നാടി എപ്പടി പോനാലോ അപ്പടിയേ തിരുമ്പി വന്തിട്ടേന്ന് സൊല്ല്.' രജനി ചിത്രത്തിലെ സൂപ്പർ ഡയലോഗുപോലെ ‘മാസ്‌’ തിരിച്ചുവരവാണ്‌ തൊടുപുഴ കോ ഓപ്പറേറ്റീവ്‌ കോളേജ്‌, കട്ടപ്പന ജെപിഎം കോളേജ്‌ എന്നിവിടങ്ങളിൽ എസ്‌എഫ്‌ഐ നടത്തിയത്‌. കെഎസ്‌യുവിന്റെ കൈയിലിരുന്ന കാമ്പസുകൾ എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു.
കോ–- ഓപ്പറേറ്റീവ്‌ കോളേജിൽ  മത്സരം നടന്ന ഒമ്പതിൽ എട്ടുസീറ്റും സ്വന്തമാക്കി തിരിച്ചുവന്നു.

ജെപിഎം കോളേജിൽ 2023–-24ൽ 14 സീറ്റിൽ ഒന്നുമാത്രം നേടിയ സ്ഥാനത്ത്‌, ചെയർപേഴ്‌സൺ ഉൾപ്പെടെ 14ൽ പ്രധാനപ്പെട്ട ഏഴ്‌ സീറ്റ്‌ നേടിയാണ്‌ യൂണിയൻ സ്വന്തമാക്കിയത്‌. സിദ്ധാർഥ്‌ സാജുവാണ്‌ ചെയർപേഴ്‌സൺ.     എറണാകുളം ജില്ലയിൽ നാല്‌ കോളേജുകൾ എസ്‌എഫ്‌ഐ കെഎസ്‌യുവിൽനിന്ന്‌ പിടിച്ചെടുത്തു. കളമശ്ശേരി സെന്റ്‌ പോൾസ്,  ജയ്ഭാരത് 
പെരുമ്പാവൂർ, 
         എംഇഎസ്‌ മാറമ്പള്ളി, എസ്‌എൻ ലോ കോളേജ് പൂത്തോട്ട എന്നിവയും എസ്‌എഫ്‌ഐ പിടിച്ചെടുത്തു. എംഇഎസിലും ജയ്‌ഭാരതിലും മൂന്നുവർഷത്തിനുശേഷമാണ്‌ യൂണിയൻ തിരികെ പിടിച്ചത്‌.  ജില്ലയിൽ 44ൽ 22 കോളേജുകളിൽ എസ്‌എഫ്‌ഐയെ എതിരില്ലാതെ തെരഞ്ഞെടുത്തു.

ഡബിൾ 
സ്ട്രോങ്

തിരുവനന്തപുരം> തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് യൂണിയനിൽ വിജയത്തിന്റെ ഇരട്ടി മധുരം പങ്കിട്ട് ഇരട്ട സഹോദരിമാർ. വെങ്ങാനൂർ സ്വദേശികളായ എസ് സ്നേഹാ ബിനുവും എസ് നേഹാ ബിനുവുമാണ് കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഒരേസ്ഥാനത്തേക്ക് ഒന്നിച്ച് മത്സരിച്ച് ജയിക്കുന്ന സഹോദരിമാർ എന്ന അപൂർവതയും ഇവർക്ക് സ്വന്തം. തിരുവനന്തപുരം വഴുതക്കാട് വനിതാ കോളേജിലെ ഒന്നാം വർഷ ബിഎ സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർഥികളാണ് ഇരുവരും.

‘അടുത്ത കൂട്ടുകാർക്ക്‌ മാത്രമായിരുന്നു ഞങ്ങൾ ഇരട്ടകളാണെന്ന് അറിയാവുന്നത്. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തോടെ വിദ്യാർഥികൾക്ക് ഞങ്ങളുടെ മത്സരം കൗതുകമായി. വിദ്യാർഥികൾക്ക് എസ്എഫ്ഐയോടുള്ള വിശ്വാസമാണ് ഞങ്ങളുടെ വിജയം’–- ഇരുവരും പറഞ്ഞു. ബാലസംഘത്തിൽ തുടങ്ങിയ സംഘടനാപ്രവർത്തനമാണ് നേഹാ -–-സ്നേഹ സഹോദരങ്ങളെ വനിതാ കോളേജ് യൂണിയൻ ഭാരവാഹിത്വത്തിലേക്ക് നയിച്ചത്. വെങ്ങാനൂർ സ്വദേശിയും ഫോർട്ട് ഹൈസ്കൂളിലെ ജീവനക്കാരനുമായ ബിനുകുമാറിന്റെയും എം കെ ശ്രീകലയുടെയും മക്കളാണ്‌.

വിക്ടറി ചെയർ

പത്തനംതിട്ട>  സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്‌എംഎ) എന്ന അപൂർവരോഗം  വീൽച്ചെയറിലാക്കിയിട്ടും തളർന്നുപോകാതെ  കൈയിൽ ശുഭ്രപതാകയുമേന്തി ആർ വി രേവതി. പരിമിതികളോട്‌ പടവെട്ടുമ്പോഴും ആത്മവിശ്വാസത്തിന്റെ കൊടിക്കൂറയേന്തി ഒപ്പമുള്ളവരെ നയിക്കുകയാണ്‌ പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിനി.  കോളേജ്‌ യൂണിയന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചെയർപേഴ്‌സനാണ്‌ രേവതി. കെഎസ്‌യുവിൽനിന്ന്‌ തിരിച്ചുപിടിച്ച കോളേജ്‌ യൂണിയനെ ഇത്തവണ നയിക്കുക രേവതി.
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് രേവതിക്ക്‌ ആദ്യമായി ശാരീരികബുദ്ധിമുട്ട്‌ അനുഭവപ്പെട്ടത്‌. പതിയെ നടക്കാനാവാത്ത സ്ഥിതിയായി. പിന്നീട്‌ അങ്ങോട്ട്‌ വീൽചെയറിലായി ജീവിതം.

കാതോലിക്കേറ്റിന്റെ സ്വപ്നങ്ങൾക്ക്‌ പരിമിതിയില്ല എന്നതാണ് രേവതിയെ മുന്നിൽ നിർത്താൻ എസ്‌എഫ്‌ഐക്ക്‌ കരുത്തായത്‌. തന്റെ സ്വപ്നങ്ങൾക്കു ശാരീരിക വെല്ലുവിളി തടസ്സമാവരുതെന്ന ബോധ്യം രേവതിയ്‌ക്കുമുണ്ടായി. എസ്‌എഫ്‌ഐ യൂണിറ്റി കമ്മിറ്റി അംഗമായ രേവതി  ഇലവുംതിട്ട തോപ്പിൽകിഴക്കേതിൽ രവി–- ജിജി ദമ്പതികളുടെ മകളാണ്‌.

ഞാന്‍ ഇന്ത്യൻ, പേരിട്ടത്‌ 
സഖാവ്‌ രമേശൻ
തിരുവനന്തപുരം> ‘എന്റെ പേര് ഇന്ത്യൻ, ബി എ ഫിലോസഫി വിദ്യാർഥി. എന്റെ പേര് കേൾക്കുമ്പോൾ കൗതുകം തോന്നുന്നവരുണ്ടാകും. ആശ്ചര്യപ്പെടുന്നവരുണ്ടാകും, കളിയാക്കുന്നവർ ഉണ്ടാകും. മകന്റെ പേര് കേട്ടാൽ ജാതിയോ മതമോ തിരിച്ചറിയറിയരുതെന്നും മകനെ എക്കാലവും  മനുഷ്യനായി  കാണണമെന്നും ആഗ്രഹിച്ച എന്റെ അച്ഛൻ സഖാവ്‌ കെ രമേശൻ എനിക്ക്‌ നൽകിയ പേരാണ്‌ ഇന്ത്യൻ’.  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടന്ന മീറ്റ്‌ ദി കാൻഡിഡേറ്റ്‌ വേദിയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥി എ ആർ ഇന്ത്യന്റെ വാക്കുകൾക്ക്‌ നിറഞ്ഞ കൈയടി. ഒന്നാം വർഷ ബിരുദ വിദ്യാർഥി പ്രതിനിധിയായാണ്‌ ഇന്ത്യൻ മത്സരിച്ച്‌ വിജയിച്ചത്‌.

ബാലസംഘം കൊല്ലം പുന്നത്തൂർ ഏരിയ കമ്മിറ്റിയം​ഗവും പടിഞ്ഞാറെകല്ലട വില്ലേജ് സെക്രട്ടറിയുമായിരുന്നു ഇന്ത്യൻ. പേര് പറയുമ്പോൾ വിശ്വസിക്കാത്തവരും ഒരിക്കൽക്കൂടി ചോദിക്കുന്നവരുമാണ് അധികവുമെന്ന് ഇന്ത്യൻ പറയുന്നു. സഹോദരന്റെ പേരിലും ഇതേ കൗതുകമുണ്ട്, ഭാരതീയൻ. പ്ലസ് ടു വിദ്യാർഥിയാണ് ഭാരതീയൻ. അമ്മ ആർ അജിത തേവലക്കര ​ഗേൾസ് ഹൈസ്കൂൾ ജീവനക്കാരിയാണ്.

മുൻനിരയിൽ

സ്വന്തം ലേഖിക
കോട്ടയം> രോഗം തളർത്താത്ത മനസുണ്ട്‌, പിന്നെ ആർക്ക്‌ തോൽപ്പിക്കാനാകും കാർത്തിക്കിനെ. കോട്ടയം നാട്ടകം  ഗവ. കോളേജിൽ എസ്‌എഫ്‌ഐ പാനലിൽ എതിരില്ലാതെയാണ്‌  യൂണിയൻ ചെയർമാനായി എ ജി കാർത്തിക്കിന്റെ വിജയം. എസ്‌എംഎ എന്ന അപൂർവരോഗം വീൽച്ചെയറിൽ ഒതുക്കിയെങ്കിലും തളരാത്ത മനസ്സുകൊണ്ട്‌ സൗഹൃദങ്ങളുടെ പൂപ്പന്തൽ തീർത്തു കാർത്തിക്‌.

ജനിച്ച്‌ ആറുമാസം കഴിഞ്ഞപ്പോഴാണ്‌ എസ്‌എംഎ രോഗമാണെന്ന്‌ കണ്ടെത്തുന്നത്‌. അന്നുതുടങ്ങിയ പോരാട്ടം കോളേജ്‌ യൂണിയൻ ചെയർമാനിലെത്തിനിൽക്കുന്നു. വീൽചെയറിൽ അമ്മയ്‌ക്കൊപ്പം കോളേജിലെത്തിയാൽ പിന്നെ സൗഹൃദത്തണലിൽ. ഒന്നാംവർഷ വിദ്യാർഥിയായി കോളേജിലെത്തിയപ്പോൾ താങ്ങായത്‌ ഒരുപറ്റം എസ്‌എഫ്‌ഐ കൂട്ടുകാരാണെന്ന്‌ കാർത്തിക്‌ പറയുന്നു. വൈകാതെ അവർക്കൊപ്പം കാർത്തിക്കും എസ്എഫ്‌ഐക്കാരനായി. കഴിഞ്ഞവർഷം മാഗസിൻ എഡിറ്ററായിട്ടാണ്‌ കോളേജ്‌ യൂണിയൻ ഭാരവാഹിത്വത്തിലേക്ക്‌ എത്തുന്നത്‌. കാമ്പസിലെ എല്ലാപ്രവർത്തനങ്ങളിലും മുൻനിരയിലുണ്ടാവുമെന്നും ക്യാമ്പസിനെ ഭിന്നശേഷി സൗഹൃദമാക്കാനുള്ള ശ്രമങ്ങളുമുണ്ടാവുമെന്നും കാർത്തിക്‌ പറഞ്ഞു.

പൊളിറ്റിക്കൽ സയൻസ്‌ അവസാനവർഷ ബിരുദ വിദ്യാർഥിയാണ്‌.  ട്രാവൽസ്‌ ഡ്രൈവറായ തൃശൂർ തളിക്കുളം അന്തിക്കാട്‌ എ കെ ഗിരീഷിന്റെയും ഷൈനിയുടെയും മകനാണ്‌. മകന്റെ പഠനത്തിനായി കോട്ടയത്ത്‌ താമസമാക്കുകയായിരുന്നു കുടുംബം.

ഇടറാതെ യുസി; 
നയിക്കാന്‍ ഫരിഷ്ത

തിരുവനന്തപുരം> 158 വർഷത്തെ ചരിത്രമുറങ്ങുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനെ നയിക്കാൻ ഇത്തവണ ചെയർപേഴ്സൺ. മുൻ യൂണിയനിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥി പ്രതിനിധിയായിരുന്ന എൻ എസ് ഫരിഷ്ത 1427 വോട്ട്‌ നേടിയാണ് ആദ്യ ചെയർപേഴ്സണായത്. കോളേജ് യൂണിയനിലെ 14 പേരിൽ ഒമ്പത് പേരും പെൺകുട്ടികൾ. ബാലസംഘം ഫറോക്ക് മുൻ ഏരിയാ പ്രസിഡന്റായിരുന്നു ഫരിഷ്‌ത. എസ്‌എഫ്‌ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗവും കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയം​ഗവുമായ പി എസ് സ്മിജയുടെയും ദേശാഭിമാനി ന്യൂസ് എഡിറ്റർ എൻ എസ് സജിത്തിന്റെയും മകൾ. കെഎസ്-യു സ്ഥാനാർഥി എ എസ് സിദ്ധിയെ പരാജയപ്പെടുത്തിയാണ്‌ ഫരിഷ്തയുടെ വിജയം.


 



deshabhimani section

Related News

View More
0 comments
Sort by

Home