എന്റെ പ്രിയപ്പെട്ട ചെറിയരാമൻ നായർ

വലിയരാമൻ നായർക്ക് പിന്നാലെ എനിക്ക് പ്രിയപ്പെട്ട ചെറിയരാമൻ നായരും ഓർമയാകുന്നു. ‘നഗരങ്ങളിൽചെന്ന് രാപാർക്കാം’ സിനിമയിലാണ് ചെറിയരാമൻ നായരായി മാമുക്കോയയും വലിയരാമൻ നായരായി കുതിരവട്ടം പപ്പു (അച്ഛനും)വും നിറഞ്ഞുനിന്നത്. കോഴിക്കോട്ടുനിന്ന് ഒരുമിച്ചെത്തി, മലയാള സിനിമയിൽ ചിരിയുടെ പൂക്കാലം തീർത്ത ചിരകാല സുഹൃത്തുക്കളായിരുന്നു ഇരുവരും. അച്ഛനുള്ളപ്പോഴൊക്കെ വീട്ടിലേക്ക് എത്തിയിരുന്ന മാമുക്കോയയെ ഒരിക്കലും നടനായോ സിനിമാക്കാരനായോ കണ്ടിട്ടേയില്ല.
കുട്ടിക്കാലംമുതൽ അദ്ദേഹത്തെ കണ്ടാണ് വളർന്നത്. സ്‌കൂൾ വിട്ടുവരുമ്പോൾ അച്ഛനൊപ്പം വീട്ടിലിരിക്കുന്നുണ്ടാകും. ‘‘എന്തടാ സ്‌കൂളില് വിശേഷം, കുരുത്തക്കേടൊന്നുമില്ലേ’ എന്നുചോദിച്ച് തലോടുന്ന അച്ഛന്റെ സ്ഥാനത്തുനിന്ന് ഒരാളായി കൂടെയുണ്ടായിരുന്നു. മാമുക്കോയയുടെ മക്കളും ഞങ്ങൾ സഹോദരങ്ങളും ഒരേകാലത്താണ് പഠിച്ചത് അതും അടുപ്പത്തിന് കാരണമായി. അച്ഛനില്ലാതായപ്പോഴും ആ സ്‌നേഹം ഒട്ടുംകുറഞ്ഞിട്ടില്ല. എവിടെ കണ്ടാലും സിനിമയെക്കുറിച്ചല്ല, ഞങ്ങളുടെ അമ്മയെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചും അന്വേഷിക്കുന്ന വീട്ടുകാരനായിരുന്നു.
ഒരിക്കലും സിനിമയെക്കുറിച്ചോ, അഭിനയത്തെക്കുറിച്ചോ പറഞ്ഞിട്ടില്ല. ഹൃദയത്തോട് ചേർന്നുനിന്ന വീട്ടുകാരനെയാണ് എനിക്ക് നഷ്ടമായത്. ഇപ്പോഴും ആ വിയോഗം ഉൾക്കൊള്ളാനുമായിട്ടില്ല. അത്രമേൽ അടുപ്പമുണ്ടായിട്ടും ഒരു സിനിമയിലാണ്, അതും ഒരൊറ്റ സീനിൽമാത്രമാണ് ഞങ്ങൾ ഒരുമിച്ചത്. അസോസിയറ്റ് ഡയറക്ടറായിരുന്ന ഹലാൽ ലൗ സ്‌റ്റോറിയിൽ പകരക്കാരനായി ഒരു സീനിൽ യാദൃച്ഛികമായി ഞാനെത്തുകയായിരുന്നു. ആ വലിയ പ്രതിഭയ്‌ക്കൊപ്പം എക്കാലത്തേക്കും ഓർമിച്ചുവയ്‌ക്കാനുള്ള ഒരു സന്ദർഭമായി അത്. ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും മറ്റൊരു സീൻ നമുക്കിടയിലുണ്ടായില്ല. വലിയ നഷ്ടങ്ങളിലേക്ക് അതൊന്നുകൂടി ചേർത്തുവയ്‌ക്കുന്നു. എത്രയോ അഭിനയമുഹൂർത്തങ്ങൾ മനസ്സിൽ നിറയുന്നുണ്ട്. അതിനേക്കാൾ ആഴത്തിൽ അച്ഛനൊപ്പമിരിക്കുന്ന ചിത്രങ്ങളും. വിട എന്റെ പ്രിയപ്പെട്ട ചെറിയരാമൻ നായർക്ക്.









0 comments