മുറിവേറ്റ സിറിയയിൽ ഇസ്രയേലിന്റെ കൈയാങ്കളി

Israel Syria
avatar
വിജേഷ്‌ ചൂടൽ

Published on Jul 18, 2025, 02:22 PM | 5 min read

worldwide


പശ്ചിമേഷ്യയിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ച ഭരണാധികാരിയായിരുന്നു സിറിയയിലെ ബഷാർ അൽ അസദ്‌. കാൽനൂറ്റാണ്ടുകാലം അസദ്‌ നിലനിർത്തിയ മതനിരപേക്ഷ ഭരണത്തെ അട്ടിമറിച്ച്‌ പാശ്ചാത്യ പിന്തുണയോടെ അധികാരത്തിലെത്തിയ ഭീകരവാദി അഹമ്മദ്‌ അൽഷരായുടെ മതാധിപത്യഭരണം സിറിയയെ അക്ഷരാർഥത്തിൽ കീറിമുറിയ്ക്കുകയാണ്‌. ആഭ്യന്തരസംഘർഷത്തിന്റെ ചോരപ്പാടുകൾ മായാത്ത മണ്ണിൽ വംശീയ ഏറ്റുമുട്ടലുകൾ ഉയരുമ്പോൾ ഇസ്രയേൽ സിറിയയിൽ വീണ്ടുമൊരു യുദ്ധമുഖം കൂടി തുറന്ന്‌ സ്ഥിതി സങ്കീർണമാക്കുന്നു.


സിറിയയുടെ തെക്കൻ നഗരമായ സുവൈദയിൽ ബദൂയിൻ സുന്നി ഗോത്രവംശജരും ദ്രൂസ് മതന്യൂനപക്ഷത്തിൽനിന്നുള്ളവരും തമ്മിലുള്ള വംശീയകലാപം അവസാനിപ്പിക്കാനെത്തിയ സിറിയൻ സൈന്യം സ്ഥിതി വഷളാക്കി. ദ്രൂസുകളും സൈന്യവും നേരിട്ട്‌ ഏറ്റുമുട്ടലായി. ഇതിനിടെയാണ്‌ ദ്രൂസുകളെ സംരക്ഷിക്കാനെന്നപേരിൽ ഇസ്രയേലിന്റെ രംഗപ്രവേശം. സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ റിപ്പോർട്ട് പ്രകാരം സുവൈദയിൽ കുറഞ്ഞത് 400 പേർ ഇതിനകം കൊല്ലപ്പെട്ടതായാണ്‌ റിപ്പോർട്ട്‌. ഡിസംബറിൽ ബഷാർ അൽ അസദിന്റെ മതനിരപേക്ഷ ഭരണത്തെ പാശ്ചാത്യപിന്തുണയോടെ തീവ്രവാദികൾ അട്ടിമറിച്ചതിനുശേഷമാണ്‌ വിവിധ ന്യൂനപക്ഷ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വർധിച്ചത്‌. അസദിന്റെ ഭരണകാലത്ത്‌ രാജ്യത്ത്‌ വംശീയ ഭിന്നതകൾ കലാപങ്ങളായി ഉയർന്നിരുന്നില്ല. ഇപ്പോൾ അസംതൃപ്‌തരായ ദ്രൂസ്‌ വിഭാഗം ഉൾപ്പെടെ സർക്കാരിൽ വിശ്വാസമർപ്പിച്ചാണ്‌ പ്രവർത്തിച്ചിരുന്നത്‌. അതുകൊണ്ടുതന്നെ അക്കാലത്ത്‌ ഇസ്രയേലിന്റെ ഇടപെടലിനെ ദ്രൂസുകൾതന്നെ തള്ളിക്കളയുകയുംചെയ്തിരുന്നു.


israel attack in syria

രൂക്ഷമാകുന്ന വംശീയസംഘർഷം:


സുവൈദയിൽ ജൂലൈ 13ന്‌ ദ്രൂസ് ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള ഒരു വ്യാപാരിയെ തട്ടിക്കൊണ്ടുപോയതാണ്‌ ഇപ്പോഴത്തെ സംഘർഷങ്ങൾക്ക്‌ തുടക്കമിട്ടത്‌. ഇതേതുടർന്ന്‌ ദ്രൂസ് സേനാംഗങ്ങളും സുന്നി ബദൂയിൻ പോരാളികളും ഏറ്റുമുട്ടി. വംശീയകലാപം അടിച്ചമർത്താൻ സിറിയൻ സർക്കാർ അയച്ച സൈന്യം ആധിപത്യം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്‌ സ്ഥിതി വഷളാക്കുകയാണ്‌ ചെയ്‌തത്‌. ഇതിനിടെ, ജൂലൈ 15ന്‌ ഇസ്രയേൽ സൈനികമായി ഇടപെട്ടു. തങ്ങളുടെ സൈന്യം ദ്രൂസുകളെ സംരക്ഷിക്കാനും സുവൈദയിൽ അവരെ ആക്രമിക്കുന്ന സർക്കാർ അനുകൂല സേനയെ ഇല്ലാതാക്കാനും ശ്രമിക്കുന്നുവെന്നാണ്‌ ഇസ്രയേൽ അവകാശവാദം. ഏപ്രിൽ, മെയ് മാസങ്ങളിൽ ദ്രൂസ് പോരാളികളും സിറിയയുടെ പുതിയ സുരക്ഷാസേനയും തമ്മിലുള്ള പോരാട്ടത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം ദ്രൂസ്‌ ഭൂരിപക്ഷ പ്രവിശ്യയായ സുവൈദയിൽ ആദ്യമായാണ് അക്രമം നടക്കുന്നത്.


അസദിനെ അട്ടിമറിച്ചശേഷം അധികാരത്തിലെത്തിയ അൽഷരായുടെ സർക്കാർ സിറിയയെ ഒന്നിപ്പിച്ചുനിർത്തുന്നതിൽ സമ്പൂർണ പരാജയമാണെന്നാണ്‌ ഇപ്പോഴത്തെ സംഭവവികാസങ്ങൾ അടിവരയിടുന്നത്‌. രാജ്യസുരക്ഷയുടെയും രാഷ്ട്രീയാവസ്ഥടെയും ദൗർബല്യമാണ്‌ വ്യക്തമാകുന്നത്‌. പുതിയ അക്രമപരമ്പരകൾ സിറിയയിലുടനീളം വിഭാഗീയ ആക്രമണങ്ങളെക്കുറിച്ചുള്ള ഭയം ശക്തമാക്കി. സിറിയയിൽ നിയന്ത്രണം സ്ഥാപിക്കാനും വിവിധ ഗ്രൂപ്പുകളെ ഒന്നിപ്പിക്കാനും അൽഷരാ ശ്രമിക്കുമ്പോൾ, വർഷങ്ങളായി ആഭ്യന്തരയുദ്ധത്തിൽ ശക്തമാക്കിയ വിഭാഗീയത അനുരഞ്ജനം അസാധ്യമാക്കുകയാണ്‌. മതനിരപേക്ഷ ഭരണം നിലനിന്ന രാജ്യത്ത്‌ മതാധിപത്യ സർക്കാരിന് ഇതിന്‌ കഴിയുമെന്ന്‌ കരുതുക വയ്യ. ആഭ്യന്തരമായി തന്നെ നേരിടുന്ന വൻ പ്രതിസന്ധികൾക്കിടെയാണ്‌ ഇസ്രയേലിന്റെ ഇടപെടൽ സ്ഥിതി സങ്കീർണമാക്കുന്നത്‌. അമേരിക്കയുടെ പിന്തുണയുള്ള അൽഷരായുടെ സൈന്യത്തെയാണ്‌ ഇസ്രയേൽ ആക്രമിക്കുന്നത്‌ എന്നത്‌ ഒട്ടും നിസാരമല്ല. പുതിയ ഭരണാധികാരികളാൽ അകറ്റിനിർത്തപ്പെടുന്ന ഗ്രൂപ്പുകളുമായി സഖ്യങ്ങൾ സ്ഥാപിക്കാൻ ഇസ്രയേൽ തീരുമാനിച്ചുറപ്പിച്ചാണ്‌ ഇറങ്ങിയിരിക്കുന്നത്‌.


druze


ആരാണ് ദ്രൂസ്‌ ?


സിറിയ, ലെബനൻ, ഇസ്രയേൽ, അധിനിവേശ ഗോലാൻ കുന്നുകൾ എന്നിവിടങ്ങളിൽ അറബി സംസാരിക്കുന്ന ഒരു വംശീയ- മതന്യൂനപക്ഷമാണ് ദ്രൂസ്. ഷിയ ഇസ്ലാമിന്റെ ഒരു ശാഖയാണ് ദ്രൂസ് വിശ്വാസം. ദ്രൂസ് വിശ്വാസത്തിന്റെ വേരുകൾ ഇസ്ലാമിലാണ്. പക്ഷേ അതിന്റെ ആരാധകർ എല്ലാവരും മുസ്ലീങ്ങളല്ല. ക്രൈസ്തവ, മുസ്ലീം മതങ്ങൾ അംഗീകരിച്ച പ്രവാചകന്മാരുള്ള ഏകദൈവ മതമാണിത്. വ്യത്യസ്തമായ വ്യക്തിത്വവും വിശ്വാസങ്ങളുമുള്ള വംശീയ മതവിശ്വാസികളാണ്.


ലോകത്താകെയുള്ള ഏകദേശം പത്തു ലക്ഷം ദ്രൂസ്‌ വിശ്വാസികളിൽ പകുതിയും സിറിയയിലാണ് വസിക്കുന്നത്. സിറിയൻ ജനസംഖ്യയുടെ ഏകദേശം മൂന്നു ശതമാനം. ഇസ്രയേലി സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം, ഇസ്രയേലിലും അധിനിവേശ ഗോലാൻകുന്നുകളിലുമായി ഏകദേശം 1.52 ലക്ഷം ദ്രൂസുകൾ താമസിക്കുന്നുണ്ട്. ഇസ്രയേലിലുള്ള ദ്രൂസ് സമൂഹം പൊതുവിൽ ആ രാഷ്ട്രത്തോട് വിശ്വസ്തത പുലർത്തുന്നവരാണ്. അവർ സൈനിക സേവനത്തിലടക്കം പങ്കെടുക്കുന്നു. സിറിയയുടെ രാഷ്ട്രീയക്രമത്തിൽ ഈ ന്യൂനപക്ഷ വിഭാഗം ചരിത്രപരമായി ഒരു അനിശ്ചിതമായ സ്ഥാനം വഹിച്ചിട്ടുണ്ട്. 14 വർഷം നീണ്ട സിറിയൻ ആഭ്യന്തര യുദ്ധത്തിൽ, തെക്കൻ മേഖലയിൽ ദ്രൂസ് സ്വന്തം സൈന്യത്തെ പ്രവർത്തിപ്പിച്ചു.


ഡിസംബറിൽ ബഷാർ അൽ അസദിന്റെ പതനത്തിനുശേഷം, തെക്കൻ സിറിയയിൽ അധികാരം അടിച്ചേൽപ്പിക്കാനുള്ള ഭരണകൂട ശ്രമങ്ങളെ ദ്രൂസ് ശക്തമായി ചെറുത്തു. പുതിയ ഭരണാധികാരികളോടുള്ള സമീപനത്തിൽ ജാഗ്രത മുതൽ പൂർണ്ണമായ തിരസ്കരണം വരെ പല ഭിന്നമായ അഭിപ്രായങ്ങളും ദ്രൂസ് വിഭാഗങ്ങൾക്കിടയിൽ ഉയർന്നിരുന്നു. എന്നാൽ, സുവൈദയിലെ സിറിയൻ സുരക്ഷാസേനയുടെ സാന്നിധ്യത്തെ പൊതുവിൽ ദ്രൂസ്‌ നേതൃത്വം എതിർക്കുകയാണ്‌. പ്രദേശിഷമായി രൂപപ്പെടുത്തിയ തങ്ങളുടെ സേനയെ ആശ്രയിച്ചാണ്‌ ഇവരുടെ പ്രവർത്തനം.


ദ്രൂസ് ജനതയ്ക്കെതിരായ ആക്രമണങ്ങളെ സിറിയൻ സർക്കാർ അപലപിക്കുകയും തെക്കൻ സിറിയയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, കലാപം അടിച്ചമർത്താൻ തെക്കൻ മേഖലകയിൽ എത്തിയ സിറിയൻ സൈന്യം ദ്രൂസ്‌ ന്യൂനപക്ഷത്തെ ബോധപൂർവം ആക്രമിച്ചതായും "കൂട്ട വധശിക്ഷകൾ’ നടപ്പാക്കിയതായും ബ്രിട്ടൻ ആസ്ഥാനമായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട്‌ചെയ്‌തിരുന്നു. ഇതോടെ ദ്രൂസ് സമൂഹത്തിന് ഡമാസ്കസിലെ അധികാരികളോടുള്ള അവിശ്വാസം വർധിച്ചു.


അസദിന്റെ പെട്ടെന്നുള്ള പതനത്തിനുശേഷം, സിറിയയിലെ ദ്രൂസുകൾ, കുർദുകൾ, അലവൈറ്റുകൾ എന്നിവരുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷകസ്ഥാനം സ്വയം ഏറ്റെടുക്കാനായി ഇസ്രയേൽ ശ്രമം തുടങ്ങിയിരുന്നു. തങ്ങളുടെ വടക്കൻ അതിർത്തിക്കടുത്തുള്ള ദ്രൂസ്‌ സമൂഹവുമായി ബന്ധപ്പെടാൻ ഇസ്രയേൽ നിരന്തര ശ്രമം നടത്തി. ദ്രൂസുകൾക്കുവേണ്ടിയെന്ന പേരിൽ സിറിയയിലെ സൈനികകേന്ദ്രങ്ങളെയും സർക്കാർസേനയെയും ആക്രമിക്കുകയും ചെയ്തു. മെയ് മാസത്തിൽ നടന്ന വിഭാഗീയ സംഘർഷങ്ങൾക്കിടെയും ഇസ്രയേൽ ഡമാസ്കസിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് സമീപം ആക്രമണം നടത്തി. എന്നാൽ, മേഖലയിൽ സ്വന്തം വിപുലീകരണ താൽപ്പര്യങ്ങൾക്കായി ഇസ്രയേൽ വിഭാഗീയ വിഭജനങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ്‌ സിറിയയിലെയും ലെബനനിലെയും ചില ദ്രൂസ്‌ നേതാക്കൾ ആരോപിക്കുന്നത്‌.


ഇസ്രയേൽ സിറിയയെ ആക്രമിക്കുന്നത് എന്തിന്‌?


തങ്ങളുടെ സൈനികതാൽപ്പര്യവും രാഷ്‌ട്രീയ ലക്ഷ്യങ്ങളും ഉള്ളിൽവച്ച്‌ കണക്കുകൂട്ടിയുള്ള ഇടപെടലാണ്‌ സിറിയയിൽ ഇപ്പോൾ ഇസ്രയേൽ നടത്തുന്നത്‌. അത്‌ ദ്രൂസുകളുടെ സംരക്ഷണത്തിനായുള്ള സദുദ്ദേശപരമായ ഇടപെടലാണെന്ന്‌ ആ വിഭാഗംതന്നെ കരുതുന്നില്ല. തങ്ങളുടെ അതിർത്തിയോടു ചേർന്ന തെക്കൻ സിറിയയിലേക്ക് സിറിയൻ സൈന്യത്തിന്റെ വിന്യാസം ഇസ്രയേൽ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ വടക്കൻ അതിർത്തിയിൽ അധിനിവേശ ഗോലാൻകുന്നുകളോട്‌ ചേർന്നുള്ള പ്രദേശമാകെ സൈനികരഹിത മേഖലയായി നിലനിർത്താനാണ്‌ ഇസ്രയേലിന്റെ ശ്രമം. ഗോലാൻ കുന്നുകളിലെ വടക്കൻ അതിർത്തിക്ക് സമീപം സിറിയയിൽനിന്നുള്ള ഇസ്ലാമിക പോരാളികളുടെ സാന്നിധ്യം ഇസ്രയേൽ ഭയപ്പെടുന്നു. ഈ മേഖലയിൽ ശക്തമായ സാന്നിധ്യമായ ദ്രൂസുകളെയും അവരുടെ പ്രാദേശികസേനയെയും തങ്ങളുടെ കൈയാളായി നിർത്തിയാൽ ഇക്കാര്യങ്ങൾ എളുപ്പമാകുമെന്നാണ്‌ ഇസ്രയേലി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. അതുകൊണ്ടാണ്‌ ആരും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ദ്രൂസുകളുടെ രക്ഷാകർത്തൃത്വം ഏറ്റെടുത്ത്‌ ഇസ്രയേൽ രംഗത്തിറങ്ങിയിരിക്കുന്നത്‌.


ജൂലൈ 15ന് ഇസ്രയേൽ വ്യോമാക്രമണം തെക്കൻനഗരമായ സുവൈദയിലെ സുരക്ഷാസേനയെയും വാഹനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു തുടങ്ങിയത്‌. 16ന് തലസ്ഥാനമായ ഡമാസ്‌കസിലെ സിറിയൻ സൈനിക ആസ്ഥാനത്തെയും പ്രസിഡന്റിന്റെ കൊട്ടാരവളപ്പിനോടു ചേർന്ന പ്രതിരോധ മന്ത്രാലയ കെട്ടിടത്തെയും ആക്രമിച്ചു. 2024 ഡിസംബറിൽ നൂറുകണക്കിന് സൈനികകേന്ദ്രങ്ങൾ നശിപ്പിക്കുകയും ഗോലാൻകുന്നുകളിലെ യുഎൻ പട്രോളിങ്‌ ബഫർസോൺ പിടിച്ചെടുക്കുകയും ചെയ്‌തശേഷം സിറിയയിൽ ഇസ്രയേലിന്റെ ഏറ്റവും വലിയ ആക്രമണമാണിത്. പുതിയ ഭരണാധികാരികൾ തങ്ങളുടെ അതിർത്തിയിൽ സൈനികശേഷി വികസിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇസ്രയേൽ നിരവധി തവണ സിറിയയിൽ ആക്രമണം നടത്തിയത്‌.


Bashar Al-Assad


അസദിന്റെ അസാന്നിധ്യം


പശ്ചിമേഷ്യയിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്‌ ശക്തമായ വെല്ലുവിളിയായി നിലകൊണ്ട അസദ്‌ വിമതനീക്കത്തിനൊടുവിൽ അട്ടിമറിക്കപ്പെട്ട്‌ രാജ്യംവിടാൻ നിർബന്ധിതനായത്‌ 2024 ഡിസംബറിലാണ്‌. 1970ൽ ഹഫീസ് അൽ അസദ് ആരംഭിച്ച കുടുംബഭരണത്തിന്‌ അന്ത്യമായെങ്കിലും പശ്ചിമേഷ്യയെ അത് കൂടുതൽ സംഘർഷത്തിലേക്കായിരിക്കും നയിക്കുകയെന്ന ആശങ്ക ശരിവയ്ക്കുന്നതായി പിന്നീടുള്ള സംഭവവികാസങ്ങൾ. എല്ലാ അർഥത്തിലും സാമ്രാജ്യത്വവിരുദ്ധനും മതനിരപേക്ഷവാദിയുമായിരുന്നു ബഷാർ അൽ അസദ്‌. അദ്ദേഹത്തിന്റെ അസാന്നിധ്യം മേഖലയിൽ ഇസ്രയേൽ– അമേരിക്കൻ സഖ്യത്തിന്റെ അധിനിവേശത്തിന്‌ കളമൊരുക്കി.


അൽ ഖായ്ദയുടെ ശാഖയായിരുന്ന ഹയാത് തഹ്‌രീർ അൽ ഷാം (എച്ച്ടിഎസ്) എന്ന ഭീകരസംഘടനയുടെ നേതൃത്വത്തിൽ 2024 നവംബർ 27നാണ് അസദ് ഭരണത്തിനെതിരായ സൈനികനീക്കം ആരംഭിച്ചത്. നാലുവർഷംമുമ്പ് ബഷാർ അടിച്ചമർത്തിയ എച്ച്ടിഎസ് വീണ്ടും കരുത്താർജിച്ച് 11 ദിവസംകൊണ്ട്‌ സർക്കാരിനെ അട്ടിമറിച്ചു. എച്ച്ടിഎസ് തലവനായിരുന്ന ഭീകരവാദി അബു മൊഹമ്മദ് അൽ ജൂലാനിയാണ്‌ അഹമ്മദ്‌ അൽഷരാ എന്നു പേരുമാറി പുതിയ പ്രസിഡന്റായത്‌. യുഎൻ ഭീകരപ്പട്ടികയിൽപ്പെടുന്ന സംഘടനയുടെ നേതാവിനെ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഹസ്‌തദാനംചെയ്‌ത്‌ സ്വീകരിക്കുകയുംചെയ്‌തു. എച്ച്ടിഎസ് ഭരണം ഏറ്റെടുത്തെങ്കിലും സിറിയയിൽ പൊതുസ്വീകാര്യത നേടാൻ കഴിഞ്ഞിട്ടില്ലെന്നാണ്‌ നിലവിലെ സംഭവവികാസങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്‌. വടക്കുകിഴക്കൻ നഗരങ്ങളായ റാക്കാ, ദേർ അൽ സൂർ തുടങ്ങിയവ കുർദ് വിഭാഗമായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ നിയന്ത്രണത്തിലാണ്. ബാഷറുടെ അസാന്നിധ്യത്തിൽ കീറിമുറിഞ്ഞ അവസ്ഥയിലാണ് സിറിയ. മതനിരപേക്ഷ ഭരണം നിലനിന്ന സിറിയയെ മതരാഷ്ട്രമാക്കി മാറ്റാനാണ്‌ എച്ച്ടിഎസ്‌ ലക്ഷ്യമിടുന്നത്‌. രാജ്യത്ത്‌ അധിവസിക്കുന്ന വലുതുംചെറുതുമായ വംശങ്ങളും വിഭാഗങ്ങളും ഇതിനോട്‌ തെല്ലും യോജിക്കുന്നില്ല.


1963 മുതൽ തുടർച്ചയായി മൂന്നു സൈനിക അട്ടിമറികളിലൂടെയാണ് 1970ൽ ഹഫീസ് അൽ അസദ് സിറിയൻ ഭരണം പിടിച്ചത്. 2000ൽ അദ്ദേഹത്തിന്റെ മരണശേഷം മകൻ ബഷാർ അൽ അസദ്‌ അധികാരമേറ്റെടുത്തു. 2011ൽ അറബ് മേഖലയിലാകെ പടർന്ന മുല്ലപ്പൂവിപ്ലവം സിറിയയിലും അലയൊലി തീർത്തെങ്കിലും റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ അസദ്‌ അതിജീവിച്ചു. പിന്നീട്‌ പാശ്‌ചാത്യചേരിയുടെ പിന്തുണയോടെ ശക്തമായ വിമതകലാപത്തെ അസദിന്റെ സൈന്യം ധീരമായി നേരിട്ടു. ആഭ്യന്തരസംഘർഷങ്ങളിൽ അഞ്ചുലക്ഷത്തോളം പേർ മരിച്ചതായാണ്‌ കണക്ക്‌. സിറിയൻ ജനസംഖ്യയുടെ പകുതിയോളം അഭയാർഥികളായി. എച്ച്ടിഎസ് സിറിയയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ കൂടുതൽപേർ സിറിയയിൽനിന്നു രക്ഷപ്പെടുന്നുണ്ട്.


–-വിജേഷ്‌ ചൂടൽ



deshabhimani section

Related News

View More
0 comments
Sort by

Home