വെനസ്വേല നിറയെ ചുവന്ന പൂക്കൾ


വിജേഷ് ചൂടൽ
Published on May 29, 2025, 03:02 PM | 3 min read

2013 മാർച്ച് അഞ്ചിന് പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ വിയോഗവാർത്തയറിഞ്ഞ് നെഞ്ചുനീറിയവരും കണ്ണീർപൊഴിച്ചവരും വെനസ്വേലയിൽ മാത്രമായിരുന്നില്ല. വർത്തമാനകാലത്തെ അസാമാന്യ വിപ്ലവകാരിയുടെ അകാല വേർപാടിൽ നിരാശയുടെ കയങ്ങളിലേക്ക് തെല്ലൊരു നെടുവീർപ്പോടെ വീണുടഞ്ഞ മനുഷ്യർ ലോകത്തിന്റെ പല കോണുകളിൽ ലാറ്റിനമേരിക്കയെക്കുറിച്ചോർത്ത് ആശങ്ക പൂണ്ടു. ആ ശങ്കകൾ ശരിവച്ച് അമേരിക്കൻ സാമ്രാജ്യത്വവും കൂട്ടാളികളും ഉന്മാദത്താൽ അട്ടഹസിച്ചു. ക്രൂരമായി പരിഹസിച്ചു. ഫിദൽ കാസ്‌ട്രോക്കുശേഷം ലാറ്റിനമേരിക്കയിൽ ഇടതുപക്ഷ മുന്നേറ്റത്തിന്റെ കമാൻഡറായിരുന്ന ഷാവേസ് ഇല്ലാതായതോടെ ഇനി കാര്യങ്ങൾ എളുപ്പമായെന്ന് അവർ കരുതി.
വെനസ്വേലയെയും പിന്നാലെ മറ്റ് രാജ്യങ്ങളെയും ചൊൽപ്പടിയിലാക്കി ഇടതുവസന്തത്തെ തല്ലിക്കൊഴിക്കുമെന്ന് ഒളിഞ്ഞും തെളിഞ്ഞും അമേരിക്ക പ്രഖ്യാപിച്ചു. എന്നാൽ, വ്യാഴവട്ടം വിടപറഞ്ഞിട്ടും വെനസ്വേലയിൽ നിറയെ ചുവന്ന പൂക്കൾ തന്നെയാണ്. കാരണം ഉപരിപ്ലവമായ രാഷ്‌ട്രീയധാരകൾക്കപ്പുറം ഇടതുപക്ഷത്തിന്റെ സമരമുദ്രകൾ പതിഞ്ഞ ബൊളിവേറിയൻ വിപ്ലവപാതയിലാണ് അവിടത്തെ മനുഷ്യർ നടന്നുനീങ്ങുന്നത്. ആവർത്തിച്ചുള്ള ജനവിധികളിലൂടെ അവരത് ലോകത്തോട് വിളിച്ചുപറയുന്നു.
നശിപ്പിക്കാനാവത്ത മുന്നേറ്റം
മെയ് 25ന് നടന്ന പാർലമെന്റ്–-പ്രാദേശിക തെരഞ്ഞെടുപ്പിൽ ഉജ്വല വിജയമാണ് ഇടതുപക്ഷത്തിന് വെനസ്വേലൻ ജനത സമ്മാനിച്ചത്. ദേശീയ അസംബ്ലിയിലേക്ക് 83.42 ശതമാനം വോട്ടു നേടിയ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർടി ഓഫ് വെനസ്വേലയും (പിഎസ്‌യുവി) സഖ്യകക്ഷികളും 24 സംസ്ഥാന ഗവർണർ സ്ഥാനങ്ങളിൽ 23 എണ്ണവും സ്വന്തമാക്കി. വോട്ടിങ് ശതമാനത്തിന് ആനുപാതികമായി 285 അംഗ ദേശീയ അസംബ്ലിയിലെ പുതിയ അംഗങ്ങളെ നാഷണൽ ഇലക്ടറൽ കൗൺസിൽ (സിഎൻഇ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. പിഎസ്‌യുവി നയിക്കുന്ന സിമോൺ ബൊളിവർ ഗ്രേറ്റ് പാട്രിയോട്ടിക് പോൾ (ജിപിപി) സഖ്യത്തിന് 253 സീറ്റ് ലഭിച്ചു. മുഖ്യപ്രതിപക്ഷമായ ഡെമോക്രാറ്റിക് അലയൻസ് 6.01 ശതമാനം വോട്ടും 13 സീറ്റും നേടി. 5.05 ശതമാനം വോട്ട് നേടിയ യുണീക അലയൻസിന് 11 സീറ്റ് സ്വന്തമാക്കി. പ്രധാന ഭരണഘടനാസ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളും നയതീരുമാനങ്ങളും എടുക്കുന്ന ദേശീയ അസംബ്ലിയിൽ മികച്ച ഭൂരിപക്ഷം ഉറപ്പാക്കാനായത് ഭരണപക്ഷത്തിന് വലിയ നേട്ടമായി.

പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഇടതുപക്ഷ സർക്കാരിനൊപ്പം ഷാവേസിന്റെ വിപ്ലവപാതയിൽ വെനസ്വേല അടിയുറച്ചു നിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജനവിധി. മുമ്പ് നാല് സംസ്ഥാനങ്ങളിൽ ഗവർണർമാർ ഉണ്ടായിരുന്ന പ്രതിപക്ഷത്തിന് ഇത്തവണ ഒന്നുകൊണ്ടു തൃപ്‌തിപ്പെടേണ്ടിവന്നു.കഴിഞ്ഞവർഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മഡുറോയുടെ വിജയം അംഗീകരിക്കാതെ പ്രതിഷേധം തുടരുന്ന പ്രതിപക്ഷ കക്ഷികൾ വോട്ടെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനംചെയ്‌തിരുന്നു. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രേഖപ്പെടുത്തിയ പോളിങ് ശതമാനം ഇത്തവണയും ഉണ്ടായി. കൊളംബിയയിൽനിന്ന് കൂലിപ്പട്ടാളക്കാരെ ഇറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും പലയിടത്തും സംഘർഷത്തിനും ശ്രമമുണ്ടായെങ്കിലും പൊതുവേ സമാധാനപരമായിരുന്നു വോട്ടെടുപ്പ്. നാലുലക്ഷം സുരക്ഷാസൈനികരെ വിന്യസിച്ചിരുന്നു. കമാൻഡർ ഷാവേസ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നാണ് പ്രസിഡന്റ് നിക്കോളാസ് മഡുറോ തെരഞ്ഞെടുപ്പുഫലത്തോട് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പാശ്ചാത്യ ശക്തികളും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും നടത്തിയ ശ്രമങ്ങൾക്കിടയിലും വെനസ്വേലൻ ജനത ഉജ്വലമായ വിജയം നേടിയെന്നും ഫാസിസത്തിനും ഭീകരതയ്ക്കുമെതിരായ വിജയമാണിതെന്നും മഡുറോ പറഞ്ഞു.
അമേരിക്കൻ മുഷ്കിന് മറുപടി
അമേരിക്കയുടെയും കൂട്ടാളികളുടെയും കടുത്ത ഉപരോധങ്ങളെ അതിജീവിച്ചാണ് വെനസ്വേലയിൽ ഹ്യൂഗോ ഷാവേസ് തുടക്കമിട്ട ബൊളിവേറിയൻ സോഷ്യലിസ്‌റ്റ് വിപ്ലവം നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിൽ മുന്നോട്ടുകൊണ്ടുപോകുന്നത്. മഡുറോയുടെ ഭരണത്തെ അട്ടിമറിക്കാൻ സാമ്പത്തികസ്രോതസുകൾ ഇല്ലാതാക്കാനായി എണ്ണഭീമനായ ഷെവ്‌റോണിന് വെനസ്വേലൻ ക്രൂഡ് ഓയിൽ വിതരണത്തിനുള്ള അനുമതി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ റദ്ദാക്കി. മൂന്നരലക്ഷം വെനസ്വേലൻ കുടിയേറ്റക്കാർക്ക് നാടുകടത്തലിൽനിന്നുള്ള സംരക്ഷണം റദ്ദാക്കിയ അമേരിക്ക നൂറുകണക്കിനുപേരെ എൽ സാൽവദോറിലെ ജയിലിലടയ്ക്കുകയും ചെയ്‌തു. ദുരാരോപണം ഉന്നയിച്ച് വെനസ്വേയിലേക്കുള്ള കടുത്ത യാത്രാവിലക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ചു. വെനസ്വേലൻ പൗരർ അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും യുഎസിൽ താമസിക്കുന്നവർ രാജ്യം വിടുന്നത് പരിഗണിക്കണമെന്നും മഡുറോ സർക്കാരും ഇതിനു പിന്നാലെ നിർദ്ദേശിച്ചു.

ലാറ്റിനമേരിക്കയിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ചുവപ്പുവസമ്പത്തിന് തുടക്കമിട്ട ചെയ്‌ത രാജ്യമാണ് വെനസ്വേല. ഹ്യൂഗോ ഷാവേസ് 1998ൽ നേടിയ ഉജ്വല വിജയം മേഖലയിലെ ‘പിങ്ക് വേലിയേറ്റ’ത്തിന്റെ നാന്ദിയായി മാധ്യമങ്ങളും രാഷ്‌ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് 14 വർഷത്തെ ഭരണകാലത്ത് നടപ്പാക്കിയ ജനക്ഷേമ പദ്ധതികളാണ് വെനസ്വേലയിൽ ദാരിദ്ര്യം ഗണ്യമായി കുറച്ചതെന്ന് അദ്ദേഹത്തിന്റെ എതിരാളികളും സമ്മതിക്കും. എണ്ണസമ്പത്തിന്റെ ശതകോടിക്കണക്കിന് ഡോളർ സാമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമപദ്ധതികളിലേക്ക് ഒഴുക്കിയാണ് ഷാവേസ് പാവങ്ങളുടെ ചാമ്പ്യനായത്.
ഷാവേസ് വെട്ടിത്തെളിച്ച പാത
വ്യവസ്ഥാപിത രാഷ്‌ട്രീയ കക്ഷികളോടുള്ള ജനങ്ങളുടെ അതൃപ്തിക്കിടയിലേക്ക് സൈന്യത്തിൽനിന്ന് ഇറങ്ങിവന്ന് ജനകീയ പോരാട്ടത്തിലൂടെ കരുത്താർജിച്ചാണ് ഹ്യൂഗോ ഷാവേസ് 1998ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ചൂഷണത്തിനെതിരെ തുറന്ന പോരാട്ടത്തിന് വെനസ്വേലയെ പ്രാപ്‌തമാക്കിയ വിദേശനയം ആവിഷ്‌കരിച്ച ഷാവേസ് എണ്ണയിൽനിന്നുള്ള വരുമാനം രാജ്യാഭിവൃദ്ധിക്കായി വിനിയോഗിച്ചത് വലിയ മാറ്റത്തിന് വഴിതെളിച്ചു. പുതിയ ഭരണഘടന നിലവിൽവന്നതോടെ ജനകീയ സോഷ്യലിസ്റ്റ് സാമ്പത്തിക–-സാമൂഹിക നയങ്ങൾ ആവിഷ്‌കരിച്ച് ''ബൊളിവാറിയൻ വിപ്ലവ''ത്തിന് വെനസ്വേലയിൽ തുടക്കമായി. 2001 ൽ- ഭൂമിയും സമ്പത്തും പുനർവിതരണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങൾ വെനസ്വേല പാസാക്കി. 1997-ൽ സ്ഥാപിതമായ ഫിഫ്ത്ത് റിപ്പബ്ലിക് മൂവ്‌മെന്റിന്റെ നേതാവായിരുന്നു ഷാവേസ്. 2012ൽ ഈ പ്രസ്ഥാനം മറ്റ് നിരവധി ഇടതുപക്ഷ–-പുരോഗമന കക്ഷികളുമായി ചേർന്ന് യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേല (പിഎസ്‌യുവി) രൂപീകൃതമായി.

ഹ്യൂഗോ ഷാവേസിന്റെ അകാല വേർപാടിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ ഉറ്റ അനുയായിയും വൈസ്‌പ്രസിഡന്റുമായിരുന്ന നിക്കോളാസ് മഡുറോ 2013 മാർച്ച് മുതൽ വെനസ്വേലയെ നയിക്കുന്നത്. 2018ലും 2024ലും നടന്ന തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം വീണ്ടും പ്രസിഡന്റായി വിജയിച്ചു. പ്രതിപക്ഷ ബഹിഷ്‌കരണവും വലതുപക്ഷ ശക്തികളുടെ കലാപനീക്കവും ചെറുത്താണ് ഇടതുപക്ഷ–-സോഷ്യലിസ്‌റ്റ് പാത മുന്നോട്ടുകൊണ്ടുപോകാൻ വെനസ്വേലൻ ജനത മഡുറോയുടെ പിന്നിൽ അണിനിരക്കുന്നത്. അമേരിക്കയും, യൂറോപ്യൻ യൂണിയനടക്കമുള്ള വലതുപക്ഷ സഖ്യങ്ങളും ഏർെപ്പടുത്തിയ ഉപരോധങ്ങളെയും വിലക്കുകളെയും തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലായിരുന്നിട്ടും വെനസ്വേല ഇടതുപക്ഷ രാഷ്‌ട്രീയത്തെ കൈവിട്ടില്ല എന്നത് ലാറ്റിനമേരിക്കക്കും ലോകത്തിനാകെയും വലിയ സന്ദേശമാണ് പകരുന്നത്.
ഷാവേസ് വെട്ടിത്തെളിച്ച പാതയിലൂടെത്തന്നെ വെനസ്വേല മുന്നോട്ടുനീങ്ങുമ്പോൾ അമേരിക്കയുടെ പിന്തുണയോടെയുള്ള അട്ടിമറിനീക്കം സജീവമാണ്. പലവട്ടം സർക്കാരിനെ താഴെയിറക്കാൻ അവർ കരുനീക്കി. 2019ൽ പ്രതിപക്ഷനേതാവ് യുവാൻ ഗ്വെയ്ഡോ സ്വയം ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിക്കുകയും പ്രസിഡന്റ് മഡുറോയെ പുറത്താക്കാൻ സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്തു. യൂറോപ്യൻ യൂണിയനും അമേരിക്കയും ചില ലാറ്റിനമേരിക്കൻ രാജ്യങ്ങൾ തന്നെയും ഗ്വെയ്‌ഡോയെ പ്രസിഡന്റായി അംഗീകരിച്ചു. അന്താരാഷ്ട്രതലത്തിൽ റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെയും, മേഖലയിൽ ക്യൂബയടക്കമുള്ള സഹോദര രാജ്യങ്ങളുടെ സഹായത്തോടെയുമാണ് ഈ നീക്കത്തെ മഡുറോ അതിജീവിച്ചത്.









0 comments