അമേരിക്കക്ക് ചെകിട്ടത്തടി; ഇറാന് സമ്മതപത്രം


വിജേഷ് ചൂടൽ
Published on Jun 28, 2025, 05:29 PM | 3 min read

നാട്ടുകാരെ ഭീഷണിപ്പെടുത്തി ജീവിക്കുന്നതിൽ അത്യാനന്ദം കണ്ടെത്തിയിരുന്ന കീലേരി അച്ചു ഒരൊറ്റ വിരട്ടലിൽ കത്തിമടക്കി സ്ഥലംവിട്ട സിനിമാക്കഥപോലെയാണിപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവസ്ഥ. പ്രതികാരചുങ്കം പ്രഖ്യാപിച്ച് വ്യാപാരയുദ്ധത്തിനിറങ്ങി പണിവാങ്ങിയതിനു പിന്നാലെ, നേരിട്ടിറങ്ങിയ സൈനിക നടപടിയിലും അമേരിക്ക അടപടലം പൊളിഞ്ഞുപാളീസായി. അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും സിറിയയിലും ഉൾപ്പെടെ പശ്ചിമേഷ്യയിൽ പലയിടത്തും പയറ്റിയ ഭീഷണിയുമായാണ് അമേരിക്ക ഇറാനെ ആക്രമിക്കാൻ ഇസ്രയേലിനൊപ്പംകൂടിയത്. അമേരിക്കയും ഇസ്രയേലും മുന്നോട്ടുവച്ച എല്ലാ വീരവാദങ്ങളും പൊളിഞ്ഞുപാളീസായതാണ് ‘യുദ്ധാ’വസാനം ലോകം കണ്ടത്.
ഒരു പ്രകോപനവുമില്ലാതെയാണ് 2025 ജൂൺ 13ന് ഇസ്രയേൽ ഇറാനെ ആക്രമിച്ചത്. എന്നാൽ, ഇറാന്റെ പക്കൽനിന്ന് ചെകിട്ടത്തടി കിട്ടിയ അമേരിക്കക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് സ്ഥലംവിടേണ്ടിവന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭീഷണികളും വെല്ലുവിളികളും പ്രഖ്യാപിതലക്ഷ്യങ്ങളുമെല്ലാം അമ്പേ പാളി. ‘റൈസിങ് ലയൺ’ എന്നുപേരിട്ട സൈനികനടപടിയെ തുടർന്നുള്ള സംഘർഷത്തിന്റെ പത്താംദിവസം അമേരിക്കയും ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനിൽ ആക്രമണം നടത്തി. ഈ ദിവസങ്ങളിൽ അമേരിക്കയും ഇസ്രയേലും മുഴക്കിയ വെല്ലുവിളികളും ഭീഷണികളും അവയുടെ ഫലവും നോക്കാം.
ഖമനേയിയെ കൊല്ലും; നിരുപാധികം കീഴടങ്ങണം:
ഇറാൻ നിരുപാധികം കീഴടങ്ങാതെ സൈനിക നടപടി അവസാനിപ്പിക്കില്ല എന്നായിരുന്നു പ്രധാന പ്രഖ്യാപനം. എന്നാൽ, ഒരുവിധത്തിലുള്ള ഒത്തുതീർപ്പിനും ഇറാൻ വഴങ്ങാതെതന്നെ അമേരിക്കക്കും ഇസ്രയേലിനും ആക്രമണം അവസാനിപ്പിക്കേണ്ടിവന്നു. ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയെ ഉന്മൂലനംചെയ്യുമെന്നായിരുന്നു ഇസ്രയേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സിന്റെ ഭീഷണി. ഖമനേയിക്ക് ജീവിച്ചിക്കാനുള്ള അവകാശം നഷ്ടപ്പെട്ടെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും പ്രഖ്യാപിച്ചു. അതേ ഖമനേയി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അമേരിക്കയുടെ ചെകിട്ടത്ത് ഇറാൻ പ്രഹരിച്ചുവെന്ന് യുദ്ധാനന്തരം പ്രഖ്യാപിച്ചത് ഖമനേയിയാണ്.
ആയത്തുള്ള അലി ഖമനേയി
ആണവനിരായുധീകരണം ലക്ഷ്യം:
ഇറാന്റെ സമ്പൂർണ ആണവനിരായുധീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അമേരിക്കയും ഇസ്രയേലും അടിവരയിട്ടു പറഞ്ഞത്. ഫൊർദോ, നതാൻസ്, ഇസ്‌ഫഹാൻ എന്നീ മൂന്ന് ആണവകേന്ദ്രങ്ങളിലേക്കും അമേരിക്ക ബോംബിട്ടു. എന്നാൽ, ബങ്കർബസ്‌റ്റർ പ്രയോഗിച്ചിട്ടും ഇറാന്റെ ആണവപരിപാടികൾക്കോ യുറേനിയം സമ്പുഷ്ടീകരണ നിലയങ്ങൾക്കോ കാര്യമായ ഒരു ആഘാതവും ഏൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് യുഎസ് പ്രതിരോധ ഇന്റലിജൻസ് തന്നെ റിപ്പോർട്ട്‌ചെയ്‌തു. സ്വന്തം ഇന്റലിജൻസ് റിപ്പോർട്ടിനെ ട്രംപ് എത്രതന്നെ തള്ളിപ്പറഞ്ഞാലും ഏതാനും ആഴ്‌ചകൾകൊണ്ട് അറ്റുകുറ്റപ്പണി നടത്താവുന്ന നിസാര പരിക്കുകളേ ഇറാന് സംഭവിച്ചിട്ടുള്ളൂവെന്ന് വ്യക്തമാണ്. മാത്രമല്ല, ആക്രമണത്തിന് മുമ്പുതന്നെ ഫൊർദോ ആണവനിലയത്തിൽനിന്നും സമ്പുഷ്ടീകരിച്ച യുറേനിയവും മറ്റും ട്രക്കുകളിൽ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും ഉപഗ്രഹദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. ഇറാന്റെ ആണവപദ്ധതികളെ തകർക്കാൻ പോയിട്ട് അതിനെ പിന്നോട്ടടിപ്പിക്കാൻ പോലും അമേരിക്കക്കോ ഇസ്രയേലിനോ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. മാത്രവുമല്ല, ആണവനിർവ്യാപന ഉടമ്പടിയിൽനിന്നുതന്നെ തങ്ങൾ പിന്മാറുകയാണെന്ന് ഇറാൻ പ്രഖ്യാപിക്കുകയുംചെയ്‌തു.
ലക്ഷ്യം നേടുംവരെ ദീർഘയുദ്ധം:
ഇറാനിൽ ദീർഘകാലയുദ്ധത്തിനാണ് ഇസ്രയേൽ പദ്ധതിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലക്ഷ്യങ്ങളെല്ലാം നേടിയിട്ടേ ദൗത്യം അവസാനിപ്പിക്കൂവെന്നു പ്രഖ്യാപിച്ച ഇസ്രയേൽ സൈനികമേധാവി നീണ്ടയുദ്ധത്തിനായി തയ്യാറെടുക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകി. സംഘർഷം തുടങ്ങി ഒമ്പതാംദിവസമാണ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ സൈന്യത്തിന് ഈ നിർദേശം നൽകിയത്. ഭീഷണി ഇല്ലാതാക്കാൻ ആവശ്യമുള്ളിടത്തോളം കാലം ഇറാനിൽ സൈനിക നടപടി തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഒമ്പതാംദിവസവും സംഘർഷം തുടരവേ മിസോറിയിലെ വൈറ്റ്മാൻ വ്യോമതാവളത്തിൽനിന്ന് അമേരിക്കയുടെ പടുകൂറ്റൻ ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ മേഖലയിലേക്ക് പുറപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു. തൊട്ടടുത്ത ദിവസമാണ് ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തുന്നത്. എന്നാൽ, ദീർഘയുദ്ധത്തിനിറങ്ങിയ ഇസ്രയേലിന് പിന്നീട് രണ്ടുദിവസംകൊണ്ട് അമേരിക്കക്കൊപ്പം ഭാണ്ഡവുമെടുത്ത് തിരിച്ചുപോകേണ്ടിവന്നു. ഇറാന് തീരുമാനമെടുക്കാൻ പത്തുദിവസത്തെ സമയം നൽകുകയാണെന്ന് പ്രഖ്യാപിച്ചശേഷമാണ് രണ്ടാംദിവസം ആക്രമണത്തിന് ട്രംപ് ഒരുമ്പെട്ടത്.
ഡോണൾഡ് ട്രംപ്, ബെന്യാമിൻ നെതന്യാഹു, ആയത്തുള്ള അലി ഖമനേയി
അമേരിക്കയെ തൊട്ടാൽ കളിമാറും?:
അമേരിക്കയുടെ ഏതെങ്കിലും സ്ഥാപനത്തെ തൊട്ടാൽ കളിമാറുമെന്ന് ആദ്യദിവസംതന്നെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിട്ടും യുഎസ് താൽപ്പര്യങ്ങൾക്കുനേരെ തിരിച്ചടിക്ക് ഇറാൻ മുതിർന്നില്ല. ഇസ്രയേലിന്റെ സൈനികനടപടിക്ക് ട്രംപ് അംഗീകാരം നൽകിയിട്ടും ആക്രമണത്തിൽ പങ്കാളിയാകുമെന്ന് പ്രഖ്യാപിച്ചിട്ടും ഇറാൻ സംയമനം പാലിച്ചു. അപരിഹാര്യമായ പ്രത്യാഘാതം അമേരിക്ക നേരിടേണ്ടിവരുമെന്ന് താക്കീത് നൽകിയതല്ലാതെ മേഖലയിലെ അമേരിക്കൻ സ്ഥാപനങ്ങൾക്കുനേരെയോ പൗരന്മാരെ ലക്ഷ്യമിട്ടോ ഒരു നീക്കവും ഇറാൻ നടത്തിയില്ല. എന്നാൽ, ജൂൺ 22ന് അമേരിക്ക നേരിട്ട് ഇറാനുമേൽ ആക്രമണം നടത്തിയതോടെ കളിമാറി. മേഖലയിൽ അമേരിക്കയുടെ ഏറ്റവും വലിയ സൈനികകേന്ദ്രമായ ഖത്തറിലെ ദോഹയിലെ അൽഉദൈദ് വ്യോമതാവളത്തിലേക്ക് തൊട്ടടുത്തദിവസം ഇറാൻ സധൈര്യം മിസൈൽ തൊടുത്തു. അമേരിക്കയുടെ ഒരു സൈനികകേന്ദ്രം മറ്റൊരു രാജ്യത്തിന്റെ ആക്രമണത്തിനിരയാകുന്നത് സമീപകാലചരിത്രത്തിൽ ആദ്യമായാണ്. കിട്ടാനുള്ളത് കിട്ടിയതോടെ ട്രംപ് പഠിച്ചു. എന്നാലിനി സമാധാനമാവാം എന്നായി. സംഘർഷം തുടങ്ങി പന്ത്രണ്ടാംനാൾ ജൂൺ 24ന് വെടിനിർത്തൽ പ്രഖ്യാപിച്ചതും ട്രംപ് തന്നെ. അമേരിക്കക്ക് കരണത്തടിയായി അവരുടെ സൈനികതാളവംതന്നെ ഇറാൻ ആക്രമിച്ചിട്ടും ഒരു പരിഭവവുമില്ലാതെ വെടിനിർത്തൽ!
യുദ്ധബാക്കി ഇറാന് സമ്മതപത്രം:
തിരിച്ചടി കിട്ടിയാൽ ഏത് മാടമ്പിയും അടങ്ങുമെന്നതാണ് പന്ത്രണ്ടാംദിനത്തിൽ ഒടുക്കമായ യുദ്ധം ലോകത്തിനു നൽകുന്ന പാഠം. മറ്റാരെയും കൂസാതെ തങ്ങളുടെ ആണവപദ്ധതികളുമായി മുന്നോട്ടുപോകാൻ ഇറാന് ആധികാരികമായ അവകാശം ലഭിച്ചുവെന്നതാണ് സംഘർഷത്തിന്റെ ഫലം. ഉത്തരകൊറിയയെ അമേരിക്കയും കൂട്ടാളികളും ആക്രമിക്കാത്തത് അവരുടെ പക്കൽ ആണവായുധമുള്ളതുകൊണ്ടാണ്. ആണവായുധം സ്വന്തമാക്കിയാൽ തങ്ങളും ഇത്തരം ആക്രമണങ്ങളിൽനിന്ന് സുരക്ഷിതരാകുമെന്ന ചിന്ത ഇറാൻ പങ്കുവച്ചാൽ ആർക്കും തടയാനാവില്ല.
സമാധാനപരമായ ഊർജാവശ്യങ്ങൾക്കായാണ് തങ്ങളുടെ പരിമിതമായ ആണവപദ്ധതിയെന്നും യുറേനിയം സമ്പുഷ്ടീകരണം ആണവായുധത്തിനുള്ള തോതിലേക്ക് എത്തിക്കുന്നില്ലെന്നുമാണ് ഇറാന്റെ നിലപാട്. അന്താരാഷ്‌ട്ര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) കർശനമായ നിരീക്ഷണത്തിലുമായിരുന്നു ഈ പ്രവർത്തനം. 2015ൽ ബറാക് ഒബാമയുടെ കാലത്ത് ലോകരാജ്യങ്ങളുമായി ഇറാൻ ഏർപ്പെട്ട കരാറിൽനിന്ന് ട്രംപ് 2018ൽ ഏകപക്ഷീയമായി പിന്മറിയിരുന്നു. എന്നിട്ടും ഐഎഇഎയുടെ നിരീക്ഷണം ഉൾപ്പെടെ ഇറാൻ അനുവദിച്ചിരുന്നു. ട്രംപ് വീണ്ടും പ്രസിഡന്റായതോടെ ആണവചർച്ചകൾക്ക് ഇറാൻ സമ്മതിക്കുകയും അഞ്ച് റൗണ്ട് ചർച്ചകൾ ഒമാന്റെ മധ്യസ്ഥതയിൽ പൂർത്തിയാവുകയുംചെയ്‌തു. ആറാംവട്ട ചർച്ചക്ക് മണിക്കൂറുകൾക്കുമുമ്പാണ് ഇസ്രയേലും അമേരിക്കയും സൈനികഇടപെടലിലൂടെ സമാധാനനീക്കം അട്ടിമറിച്ചത്.
തീർത്തും ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച ഐഎഇഎയുമായുള്ള സഹകരണം അവസാനിപ്പിച്ച് ഇറാൻ പാർലമെന്റ് ബിൽ പാസാക്കി. ഐഎഇഎ ,അടക്കമുള്ള അന്താരാഷ്‌ട്ര നിരീക്ഷകർ ആരും ഇനി ഇറാനിലേക്ക് വന്നുപോകരുതെന്ന് ഖമനേയിയും പ്രസിഡന്റ മസൂദ് പെസെഷ്‌ക്യനും പ്രഖ്യാപിച്ചുകഴിഞ്ഞു. ആണവനിർവ്യാപന ഉമ്പടിയിൽനിന്നും പിന്മാറിയ ഇറാൻ ആണവപദ്ധതികൾ തുടരുമെന്ന് വ്യക്തമാക്കി. അമേരിക്കയുടെ ആക്രമണത്തിന്റെ ‘ടെസ്‌റ്റിങ്ങും’ കഴിഞ്ഞ സ്ഥിതിക്ക് ഇനി ആരെയും ബോധിപ്പിക്കാതെതന്നെ ആണവസമ്പുഷ്ടീകരണം തുടരാൻ ഇറാനുള്ള സമ്മതപത്രമാണ് യുദ്ധത്തിന്റെ ബാക്കിപത്രം.









0 comments