ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പ്


വിജേഷ് ചൂടൽ
Published on Jun 06, 2025, 07:20 PM | 4 min read

ആരിലും ചിരി തൂകി പാറുന്നൊരു പൂമ്പാറ്റക്കുഞ്ഞായിരുന്നു സൽമ. എത്തുന്നിടത്തെല്ലാം സന്തോഷം പകരുന്ന മാലാഖ. അഞ്ചാം പിറന്നാളിന് ആഴ്‌ചകൾ ബാക്കിനിൽക്കേ അവൾ ചിറകറ്റുവീണു. സയണിസ്റ്റ് ക്രൗര്യം തുപ്പിയ പീരങ്കിക്കു മുന്നിൽ പിടഞ്ഞുവീണ ശലഭത്തിന്റെ കുഞ്ഞുമുഖത്ത് ഒരു പുഞ്ചിരി ചോരകുതിർന്ന് പടർന്നിരുന്നു.
ഇസ്രയേലി ബോംബിങ്ങിൽനിന്ന് രക്ഷപ്പെടാൻ ഗാസ നഗരത്തിലെ ബുറാഖ് സ്‌കൂളിൽ ഓടിയൊളിച്ച കുടുംബങ്ങൾക്കൊപ്പം സൽമയും സഹോദരങ്ങളായ സാറയും ഒമറുമുണ്ടായിരുന്നു. നാലുദിവസം ഭക്ഷണംപോലുമില്ലാതെ അവരവിടെ കഴിച്ചുകൂട്ടി. അച്ഛൻ പലസ്തീൻ അഭയാർഥികൾക്കു വേണ്ടിയുള്ള യുഎൻ ദുരിതാശ്വാസ ഏജൻസിയിലെ ഫോട്ടോഗ്രാഫർ ഹുസൈൻ ജാബർ കുടുംബത്തെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ വഴിയന്വേഷിച്ച് പുറത്ത് അലയുകയായിരുന്നു. കിഴക്കുനിന്നെത്തിയ ഇസ്രയേലി സൈന്യം കെട്ടിടത്തിൽ ശേഷിക്കുന്നവരോട് പടിഞ്ഞാറുഭാഗത്തേക്ക് ഒഴിഞ്ഞുപോകാൻ നിർദ്ദേശിച്ചു. ഇതനുസരിച്ച് സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പുറത്തിറങ്ങി. കാത്തുനിന്ന പീരങ്കി പൊടുന്നനെ പ്രദേശം മുഴുവൻ വെടിയുണ്ടകൾ വിതറിയതും മകളെ ഇസ്രയേൽ സൈന്യം തന്റെ കൺമുന്നിൽ കൊലപ്പെടുത്തിയതും എങ്ങനെയെന്ന് ഹുസൈൻ ജാബർ സമൂഹമാധ്യമത്തിൽ പിന്നീട് വിവരിച്ചു.
‘‘എപ്പോഴത്തേയുംപോലെ സൽമയായിരുന്നു മുന്നിൽ. അവൾ കവലയിൽ എത്തിയപ്പോൾ സാറ പിന്നാലെ ഓടി വന്നു. പെട്ടെന്ന് ശക്തമായ വെടിവയ്പ് തുടങ്ങി. സൽമയുടെ കഴുത്തിൽ വെടിയേറ്റത് എന്റെ കൺമുന്നിൽ കണ്ടു. അവൾ വേദനകൊണ്ട് പുളയുകയായിരുന്നു, പക്ഷേ അപ്പോഴും എങ്ങനെയോ ഓടിക്കൊണ്ടിരുന്നു. മറ്റുള്ളവർ ഓടിയെത്തുമ്പോഴേക്കും ഞാൻ അവളെ വാരിയെടുത്തു. അവൾ ഞങ്ങളെ വിട്ടുപോയിരുന്നു. എന്റെ മൂന്നു വയസ്സുള്ള ഒമർ ഇപ്പോഴും എന്നോട് സൽമ എവിടെയാണെന്ന് ചോദിക്കുന്നു. അവൾ പോയി എന്ന് അവന് മനസിലാകുന്നില്ല. സൽമ, എന്റെ മകൾ. ബുദ്ധിമതി, വികൃതി, വാത്സല്യം.. എന്നേക്കും പ്രിയപ്പെട്ടവൾ’’- സൽമയുടെ അച്ഛൻ എഴുതി.
സൽമ കൊല്ലപ്പെട്ടപ്പോൾ, ഒമ്പത് വയസുള്ള സഹോദരി സാറ അത്ഭുതകരമായി മരണത്തിൽനിന്ന് രക്ഷപ്പെട്ടു. ജാക്കറ്റിൽ വെടിയുണ്ട തുളച്ചുകയറിയെങ്കിലും അത് ശരീരത്തിൽ തൊടാതെ പുറത്തേക്ക് പോയി. ഒരു മില്ലിമീറ്റർ ദൂരം അവളെ മരണത്തിൽനിന്ന് വേർപെടുത്തി. ഇന്ന് ജാബറിന്റെ കുടുംബത്തിൽ സൽമ മൊബൈൽഫോണിലെ ഡിജിറ്റൽ ചിത്രങ്ങളിൽ പുഞ്ചിരിക്കുകയാണ്. അച്ഛന്റെ ക്യാമറയക്കുമുന്നിൽ അവൾ നൃത്തംചെയ്യുന്നതും കവിത ചൊല്ലുന്നതും കടൽത്തീരത്ത് പാറിപ്പറക്കുന്നതുമായ വീഡിയോകൾ സന്തോഷത്തിന്റെ വേദനിപ്പിക്കുന്ന ഓർമകളാകുന്നു.
ഗാസയിലെ വംശഹത്യ ഇന്ന് (ജൂൺ 6) 20 മാസം പൂർത്തിയാക്കുമ്പോൾ ഇസ്രയേൽ കൊന്നുതള്ളിയ പലസ്തീൻകാരുടെ എണ്ണം 55,000 അടുക്കുകയാണ്. ഇതിൽ ഏകദേശം 25,000 കുട്ടികൾ! 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച കടന്നാക്രമണത്തിൽ 50,000 കുട്ടികളെങ്കിലും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് യുണിസെഫ് മെയ് 27ന് പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നത്. ഗാസയിൽ ഇസ്രയേലി ആക്രമണത്തിന്റെ പുതിയ പതിപ്പിൽ പലദിവസവും നൂറിലേറെ കുട്ടികൾക്ക് ജീവൻ നഷ്ടമാവുകയോ പരിക്കേൽക്കുകയോ ചെയ്യുന്നുവെന്ന് യുഎൻ ഏജൻസി സാക്ഷ്യപ്പെടുത്തുന്നു.

സ്വതന്ത്രരും സുരക്ഷിതരുമായി വളരേണ്ട കുട്ടികൾ ഗാസയിൽ നിരന്തരമായ ദുഃസ്വപ്നത്തിന്റെ ഭയാവശിഷ്ടങ്ങൾക്കിടയിൽ - കുടുങ്ങി മരണത്തിലേക്ക് വീഴുമ്പോഴാണ് ‘ആക്രമണത്തിന് ഇരയായ നിരപരാധികളായ കുട്ടികളുടെ അന്താരാഷ്ട്രദിനം’ കഴിഞ്ഞദിവസം (ജൂൺ 4) ലോകം ആചരിച്ചത്. പലസ്തീൻ ശിശുദിനമായിരുന്നു ഏപ്രിൽ അഞ്ച്. സയണിസ്‌റ്റ് ക്രൗര്യത്തിന്റെ ബോംബുവർഷത്തിൽ അന്ന് കൊല്ലപ്പെട്ടത് 33 കുഞ്ഞുങ്ങളാണ്. പരിക്കേറ്റവർ ഇരട്ടിയിലേറെ. ഗാസാമുനമ്പിലെ കുഞ്ഞുങ്ങൾക്ക് ദിനാഘോഷങ്ങളില്ല; മരണാചാരങ്ങൾ മാത്രമേയുള്ളൂ.
ലോകം വെളുത്ത തുണിയിൽ പൊതിഞ്ഞ കുഞ്ഞുമൃതദേഹങ്ങളുടെ റീലുകൾ നിസംഗതഗയോടെ കാണുമ്പോൾ, പരിഹരിക്കപ്പെടാൻ വിസമ്മതിക്കുന്ന അസ്വസ്ഥമായ യാഥാർഥ്യമായി ‘യുദ്ധം’ മാറുന്നു. റൊട്ടിക്കഷ്‌ണത്തിനായി പരസ്പരം പോരാടുന്ന മനുഷ്യരുടെയും തലചിതറി മരിച്ച കുട്ടികളുടെയും വേദനാജനകമായ ചിത്രങ്ങൾ ഉയർത്തിക്കാട്ടി യുഎൻ സെഷനുകളിൽ പലസ്തീൻ സ്ഥാനപതി പൊട്ടിക്കരയുന്നു. ഈ ഭീകരത എങ്ങനെ സഹിക്കാൻ കഴിയുമെന്ന് വിളിച്ചുചോദിക്കുന്നു. ലോകനേതാക്കൾ പ്രസംഗങ്ങൾ തുടരുമ്പോഴും കുട്ടികൾ മരിച്ചുകൊണ്ടേയിരിക്കുന്നു. ശേഷിക്കുന്നത് കുഞ്ഞുജീവിതത്തിന്റെ അവശിഷ്ടങ്ങൾ മാത്രം. അവരുടെ ഷൂസ്, പുസ്തകങ്ങൾ, ഉത്തരമില്ലാത്ത ചോദ്യങ്ങൾ... ഗാസയിൽ വിടരുംമുമ്പേ കൊഴിഞ്ഞുപോയ പൂക്കൾക്കുവേണ്ടി ലോകം ഒരു ചോദ്യത്തിനെങ്കിലും ഉത്തരം പറയേണ്ടതുണ്ട്: സ്വയം പ്രതിരോധത്തിന്റെ പേരിൽ ഇസ്രയേലിന് ഗാസയിൽ എത്ര ജീവനുകളെ അപഹരിക്കാൻ കഴിയും?
മെഡിറ്ററേനിയൻ കടലും ഇസ്രയേലി സൈനികശക്തിയും ചുറ്റിവരഞ്ഞ കുഞ്ഞു ഭൂപ്രദേശമായ ഗാസ ബോംബാക്രമണത്തിലും പട്ടിണിയിലും ഭൂമിയിലെ നരകത്തേക്കാൾ മോശമായെന്നാണ് റെഡ്‌ക്രോസ് മേധാവി അഭിപ്രായപ്പെട്ടത്. സ്വന്തം നാട് ചുരുങ്ങുമ്പോൾ മരിച്ചവരെ സംസ്കരിക്കാൻ ഇടംതേടുന്ന ജനത ഉന്മൂലനത്തിന്റെ വക്കിലും പൊരുതിക്കൊണ്ടേയിരിക്കുന്നു. ദിവസവും നൂറു കുഞ്ഞുങ്ങൾ പിടഞ്ഞുമരിക്കാൻ വിധിക്കപ്പെട്ട നാട്... പതിനായിരങ്ങൾ പിറന്നമണ്ണിൽനിന്നും ആട്ടിയോടിക്കപ്പെടുന്ന നാട്... 20 മാസത്തിനിടെ കാൽലക്ഷത്തോളം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട ഭൂമി... തകർന്നടിഞ്ഞ സ്‌കൂളുകളിലേക്ക് ഇറങ്ങുന്ന മക്കൾ തിരികെയെത്തുമെന്ന് പ്രതീക്ഷിക്കാനാകാത്ത അച്ഛനമ്മമാരുടെ നാട്... കുട്ടികളിൽ 80 ശതമാനവും അടുത്തബന്ധുക്കൾ കൊല്ലപ്പെടുന്നത് നേരിൽക്കണ്ട് പോസ്‌റ്റ് ട്രോമാറ്റിക് ഡിസോർഡറിന് ഇരകളായ നാട്.. മരണം ഒഴികെ ഒന്നിനും ഒരുറപ്പുമില്ലാത്ത നാട്... പലസ്തീൻകാരുടെ ജന്മഗേഹമായ ഗാസാമുനമ്പിന്റെ മൂന്നിൽരണ്ടു പ്രദേശത്തും ഇന്ന് അവർക്ക് പ്രവേശനമില്ല. മെഡിറ്ററേനിയന്റെ തീരത്ത് ശേഷിക്കുന്നൊരു മണൽത്തിട്ടിലേക്ക് ആട്ടിപ്പായിച്ച് ഒതുക്കിക്കൂട്ടിയ മനുഷ്യരെ ഇസ്രയേൽ വളഞ്ഞുവച്ച് കൊല്ലാക്കൊല ചെയ്ത് ഒടുക്കുകയാണ്.
'ഗാസയിലെ ഓരോ കുഞ്ഞും നമുക്കൊരു ശത്രുവാണ്. ശത്രു ഹമാസോ അവരുടെ സൈനികവിഭാഗമോ അല്ല. നമ്മൾ ഗാസ കീഴടക്കി കോളനിവൽക്കരിക്കണം, ഒരു ഗാസൻ കുട്ടിയെപോലും അവിടെ അവശേഷിപ്പിക്കരുത്. അതല്ലാതെ മറ്റൊരു വിജയവുമില്ല’- കഴിഞ്ഞമാസം ഇസ്രയേലി രാഷ്ട്രീയനേതാവായ മോഷെ ഫെയ്ഗ്ലിൻ പ്രഖ്യാപിച്ചു. ഗാസയ്ക്കുമേൽ അന്തിമയുദ്ധം പ്രഖ്യാപിച്ച് ‘ഓപ്പറേഷൻ ഗിദിയോൻസ് ചാരിയറ്റി’ന് ഇസ്രയേൽ മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി കഴിഞ്ഞ മെയ് നാലിന് അംഗീകാരം നൽകിയ ഘട്ടത്തിലായിരുന്നു ഈ പ്രതികരണം. രാവും പകലും ആക്രമിക്കപ്പെടുന്ന, യുദ്ധവും ക്ഷാമവും സഹിക്കുന്ന പോഷകാഹാരക്കുറവുള്ള കുട്ടികൾ... ബോംബുകൾ വെറും മീറ്ററുകൾ അകലെ ചിന്നിച്ചിതറുമ്പോൾ അവർ എവിടേക്ക് ഓടിപ്പോകാനാണ്. വിശന്നൊട്ടിയ വയറുമായി വല്ലപ്പോഴുമെത്തുന്ന ഭക്ഷണപ്പൊതികൾക്കായി അവർ എങ്ങനെ യുദ്ധം ചെയ്യാനാണ്.
പലസ്‌തീൻ മണ്ണിൽനിന്ന് ഓരോ ഘട്ടങ്ങളിലായി നിരപരാധികളായ മനുഷ്യരെ ആട്ടിയിറക്കുന്ന സയണിസ്റ്റ് അധിനിവേശത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 21 ലക്ഷത്തിൽപ്പരം മനുഷ്യർ തങ്ങുന്ന ഗാസയുടെ ഒരു തുണ്ടുഭൂമിപോലും പലസ്തീൻകാർക്ക് നൽകില്ലെന്ന ഇസ്രയേലിന്റെ പ്രഖ്യാപനം ലക്ഷ്യത്തിലെത്തിക്കാനുള്ള അന്തിമ കടന്നാക്രമണമാണ് ഇപ്പോൾ ബെന്യമിൻ നെതന്യാഹുവും സംഘവും നടത്തുന്നത്. ഇസ്രയേൽ അതിർത്തിക്കുള്ളിൽ കടന്നുകയറി ഹമാസ് ആക്രമിച്ചതിനെ തുടർന്ന് 2023 ഒക്‌ടോബർ ഏഴിനാണ് ഗാസയിൽ ഇപ്പോഴത്തെ ആക്രമണത്തിന് തുടക്കമിട്ടത്. 54,677 പേർ കൊല്ലപ്പെട്ടുവെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക റിപ്പോർട്ട്. 125,530 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 51 ശതമാനവും കുട്ടികളാണ്. സ്‌ത്രീകളും കുട്ടികളും ചേർന്നാൽ 70 ശതമാനം. പത്ത് വിദേശികളടക്കം ഇരുനൂറ്റമ്പതോളം മാധ്യമപ്രവർത്തകരും അഞ്ഞൂറിലേറെ ആരോഗ്യപ്രവർത്തകരും കൊല്ലപ്പെട്ടു. ആരെയും നടുക്കേണ്ട ഈ കണക്കുകൾക്കു മുന്നിൽ ഒന്നുംചെയ്യാനാകാതെ നിൽക്കുകയാണ് ലോകരാജ്യങ്ങളും യുഎൻ ഉൾപ്പെടെയുള്ള സംഘനകളും.
എല്ലാ ഘട്ടത്തിലും അമേരിക്കയുടെ അടിയുറച്ച പിന്തുണയോടെയും സഹായത്തോടെയുമാണ് ഇസ്രയേലിന്റെ ക്രൂരത തുടരുന്നത്. ലോകം ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കാനുള്ള മാർഗങ്ങൾ തേടുമ്പൊഴെല്ലാം അമേരിക്ക അതിന് തുരങ്കംവച്ചു. ഗാസയിൽ അടിയന്തരവും നിരുപാധികവും ശാശ്വതവുമായ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞദിവസം യുഎൻ രക്ഷാസമിതിയിൽ അമേരിക്ക ഒറ്റയ്‌ക്ക് വീറ്റോചെയ്‌തു. സമാധാനം പുനഃസ്ഥാപിക്കാനുള്ള യുഎൻ പ്രമേയത്തെ രക്ഷാസമിതിയിലെ മറ്റ് 14 അംഗരാജ്യങ്ങളും പിന്തുണച്ചെങ്കിലും സ്ഥിരാംഗത്വമുള്ള അമേരിക്ക എതിർത്തതിനാൽ പ്രമേയം പാസാക്കാനായില്ല. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ് അമേരിക്കയുടെ നിലപാട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പശ്ചിമേഷ്യ സന്ദർശിക്കുമ്പോൾ ഗാസയിൽ താൽക്കാലികമായെങ്കിലും വെടിനലിർത്തൽ ഉണ്ടായേക്കുമെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ പ്രചിരിപ്പിച്ചത്. എന്നാൽ, ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് ബിസിനസ് ഉടമ്പടികൾ ഒപ്പുവച്ച ട്രംപ് ഇസ്രയേൽ സന്ദർശിക്കാനോ ഗാസയിൽ ഇടപെടാനോ കൂട്ടാക്കിയില്ല. ട്രംപ് മടങ്ങിയതിനു തൊട്ടുപിന്നാലെ ഗാസയിൽ കൂട്ടക്കൊലയ്ക്ക് രഥവേഗം കൂട്ടുന്ന സൈനികനടപടി പ്രഖ്യാപിക്കുകയാണ് ഇസ്രയേൽ ചെയ്‌തത്. ഗാസയിലെ പലസ്തീൻകാരെ മറ്റെവിടേക്കെങ്കിലും ഒഴിപ്പിച്ചാൽ അവിടെ നിറയെ റിസോർട്ടുകൾ പണിയാമെന്ന് ഒരു മടിയുമില്ലാതെ താൽപ്പര്യം പ്രകടിപ്പിച്ചയാളാണ് ബിസിനസുകാരനും കുടിയേറ്റവിരുദ്ധനുമായ ട്രംപ്.
‘മറ്റു പല ജനവിഭാഗങ്ങളെയും പോലെ പലസ്‌തീൻ ജനതയും ദുരിതം അനുഭവിക്കുന്നു’വെന്ന പൊതുവൽക്കരണം തികഞ്ഞ വിഡ്‌ഢിത്തവും കൊടും ക്രൂരതയുമാണ്. ലോകത്ത് കടുത്ത അനീതിയും ക്രൂരതയും ഏറ്റുവാങ്ങുന്ന ഒട്ടേറെ ജനവിഭാഗങ്ങളുണ്ട്. അവയൊന്നിനോടും താരതമ്യമില്ലാത്ത, ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതയാണ് ഗാസ നേരിടുന്നത്. അവിടത്തെ കുഞ്ഞുങ്ങളുടെ നിലവിളിക്ക് ഈ ഭൂമിയിൽ നിശബ്ദദമായി ജീവിക്കുന്ന ഓരോ മനുഷ്യനും ഉത്തരവാദിയാണ്. തീവ്രവലതുപക്ഷ രാഷ്‌ട്രീയ അച്ചുതണ്ട് കെട്ടഴിക്കുന്ന ബ്രഹ്മാണ്ഡ നുണപ്രചാരണത്തിന്റെ ഇരകളായി പലസ്‌തീൻ വിഷയത്തെ സാമാന്യവൽക്കരിക്കുന്നവർ കൂട്ടക്കൊലയ്‌ക്ക് കൂട്ടുനിൽക്കുകയാണ്.









0 comments