സ്കൂളില്ലാത്ത പെൺകുട്ടികൾ, ചലിക്കുന്ന മൃതദേഹങ്ങൾ

AFGHAN

x.com/UN/status

avatar
വിജേഷ്‌ ചൂടൽ

Published on Sep 25, 2025, 10:25 AM | 3 min read

worldwide


അഫ്‌ഗാനിസ്ഥാന്റെ പടിഞ്ഞാറൻ നഗരമായ ഹെരാത്തിന്റെ പ്രാന്തപ്രദേശത്താണ്‌ പർവാനയുടെ വീട്‌. പലയിടത്തുനിന്നായി ശേഖരിച്ച കുറേ പുസ്തകങ്ങൾ കയർതുന്നിയ കട്ടിലിനടിയിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട്‌ അവൾ. എന്നെങ്കിലും ഒരിക്കൽ തന്റെ സ്വപ്‌നത്തിനു ചിറകുവിരിയുമെന്ന പ്രതീക്ഷയോടെ രാത്രിയിൽ ആരുമറിയാതെ എഴുത്തും വായനയും തുടരുന്നു. ‘ഞാനൊരു ഡോക്ടറാകാൻ ആഗ്രഹിച്ചാണ്‌ പഠിക്കാൻ പോയത്‌. ഇപ്പോൾ മൂന്നുവർഷമായി സ്കൂളിൽ പോകാൻ കഴിയുന്നില്ല. എന്റെയും കുടുംബത്തിന്റെയും ആഗ്രഹം വെറുതെയായി. വല്ലാത്ത സങ്കടമുണ്ട്’- നാലുവർഷം മുൻപ് താലിബാൻ വീണ്ടും അധികാരംപിടിച്ചതോടെ പഠനം നിലച്ച പതിനാലുകാരി പറഞ്ഞു.


പർവാനയെ പോലെ സ്വപ്‌നങ്ങൾ ചിറകറ്റ ശലഭങ്ങളുടെ എണ്ണം ദശലക്ഷങ്ങളായി പെരുകുകയാണ്‌ അഫ്‌ഗാനിസ്ഥാനിൽ. പുതിയ അധ്യയനവർഷം ആരംഭിച്ചപ്പോൾ സ്കൂളിൽനിന്ന്‌ പുറത്തായത്‌ നാലുലക്ഷം പെൺകുട്ടികൾ. വിദ്യാഭ്യാസം വിലക്കപ്പെട്ട പെൺകുട്ടികളുടെ ആകെ എണ്ണം 22 ലക്ഷം കവിഞ്ഞെന്ന്‌ യുനിസെഫിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അയൽരാജ്യങ്ങളിൽ അഭയാർഥികളായ 20 ലക്ഷത്തിലധികം അഫ്ഗാനികൾ ഈവർഷം തിരിച്ചെത്തുന്ന സാഹചര്യത്തിൽ സ്കൂളിൽ പോകാനാകാഴത്ത പെൺകുട്ടികളുടെ എണ്ണം ഇനിയും ഉയരും. പെൺകുട്ടികളുടെ വിദ്യാഭ്യാസവിലക്ക്‌ പിൻവലിക്കണമെന്ന്‌ അഫ്‌ഗാനിലെ താലിബാൻ ഭരണാധികാരികളോട്‌ കഴിഞ്ഞദിവസവും യുനിസെഫ്‌ അഭർ്യഥിച്ചു.



ലോകത്ത്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ ‘പ്രഖ്യാപിത വിലക്ക്‌’ നിലനിൽക്കുന്ന ഏക രാജ്യമാണ്‌ അഫ്‌ഗാനിസ്ഥാൻ. 2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയശേഷമാണ്‌ പെൺകുട്ടികൾ ആറാംക്ലാസിനപ്പുറം പഠിക്കുന്നത്‌ നിയമവിരുദ്ധമായി പ്രഖ്യാപിച്ച്‌ വിലക്ക്‌ ഏർപ്പെടുത്തിയത്‌. പന്ത്രണ്ട്‌ വയസിനുമേൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ശരിയത്തിന്റെ വ്യാഖ്യാനത്തിന് അനുസൃതമല്ലെന്നും വ്യവസ്ഥകൾ പാലിച്ച്‌ കരിക്കുലം ‘ഇസ്ലാമിക’മാക്കുന്നതുവരെ പെൺകുട്ടികൾക്ക്‌ സെക്കൻഡറി വിദ്യാഭ്യാസം താൽക്കാലികമായി വിലക്കുന്നുവെന്നുമാണ്‌ ഭരണാധികാരികൾ തുടക്കത്തിൽ പറഞ്ഞത്‌. എന്നാൽ പെൺകുട്ടികളെ ക്ലാസ് മുറികളിലേക്ക് തിരികെയെത്തിക്കാൻ ഒരു നടപടിയും നാലുവർഷത്തിനിടെ ഉണ്ടായില്ല. സ്ത്രീകളെ അടിമകളായി കരുതുന്ന ഭീകരഭരണത്തിൽ അനുകൂലമായ നടപടി പൊതുവിൽ പ്രതീക്ഷിച്ചിരുന്നുമില്ല. വിദ്യാഭ്യാസവിലക്ക്‌ ഇസ്ലാമികവിരുദ്ധമാണെന്ന് താലിബാൻ സർക്കാരിലെ വിദേശ സഹമന്ത്രി മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി പരസ്യമായി വിമർശിച്ചിരുന്നു. തൊട്ടുപിന്നാലെ അദ്ദേഹം ജീവനുംകൊണ്ട്‌ നാടുവിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ‘ജനാധിപത്യത്തിന്‌ അൽപ്പമൊക്കെ വിലകൽപ്പിക്കുന്ന മിതവാദി സർക്കാർ’ എന്ന പുറംപൂച്ചാണ്‌ പൊളിഞ്ഞത്‌.



ഇസ്ലാമിന്റെ പേരിൽ താലിബാൻ നടപ്പാക്കുന്നത്‌ മതവിരുദ്ധഭരണമാണെന്ന്‌ വെളിവാക്കുന്നതാണ്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ ഏർപ്പെടുത്തിയ വിലക്ക്‌. സ്‌ത്രീപുരുഷ ഭേദമന്യേ എല്ലാവരുടെയും വിദ്യാഭ്യാസത്തെ ശക്തമായി പിന്തുണയ്ക്കുന്ന ‘ഖുർആൻ’ ആരംഭിക്കുന്നതുതന്നെ "ഇഖ്‌റഅ്‌’ (വായിക്കുക) എന്ന കൽപ്പനയോടെയാണ്. "അറിവു തേടൽ ഓരോ മുസ്ലീമിന്റെയും ബാധ്യതയാണ്’ എന്നുപറഞ്ഞ പ്രവാചകൻ മുഹമ്മദ് അറിവുനേടലും പഠനവും ലിംഗഭേദമില്ലാതെ എല്ലാവർക്കും ബാധകമാണെന്ന്‌ ഊന്നിപ്പറഞ്ഞിട്ടുമുണ്ട്‌.


മൂന്നുവർഷംമുമ്പ്‌ പഠനം നിലച്ച സഹപാഠികളായ ഹബീബ, മഹ്താബ്, തമാന എന്നിവർ ബിബിസിയോട് സംസാരിക്കവേ വെളിപ്പെട്ടത്‌ അഫ്‌ഗാനിലെ പെൺകുട്ടികളുടെ കടുത്ത നൈരാശ്യവും ഭീതിദമായ മാനസികനിലയുമാണ്‌. "ഞങ്ങൾ ശാരീരികമായി ജീവിച്ചിരിപ്പുണ്ട്. പക്ഷേ മാനസികമായി മരിച്ചിരിക്കുന്നു. ചലിക്കുന്ന മൃതദേഹങ്ങളാണ് ഞങ്ങൾ!’- അവർ പറയുന്നു.



പഠിക്കാൻ പലവഴികൾ തേടുന്ന പെൺകുട്ടികളുടെയും അവരുടെ പഠനത്തിനുവേണ്ടി എന്തും ത്യജിക്കാൻ തയ്യാറാകുന്ന മാതാപിതാക്കളുടെയും പോരാട്ടത്തിന്റെയും സഹനത്തിന്റെയും ജീവിതകഥകളാണ്‌ അഫ്‌ഗാന്റെ വർത്തമാനം. താലിബാൻ ഭരണത്തിലേറുമ്പോൾ സൈനബ് ആറാംക്ലാസിലായിരുന്നു. തനിക്കും കൂട്ടുകാരികൾക്കും ഏഴാംക്ലാസിലേക്ക്‌ എത്താൻ കഴിയില്ലെന്ന്‌ അവൾ ഒരിക്കലും കരുതിയിരുന്നില്ല. അവസാന പരീക്ഷാദിവസം പ്രധാനാധ്യാപകൻ ക്ലാസിലെത്തി അവരോട്‌ പറഞ്ഞു– ഇനി സ്‌കൂളിലേക്ക്‌ വരേണ്ടെന്ന്‌! സൈനബ് തന്റെ ക്ലാസിലെ ഒന്നാംറാങ്കുകാരിയായിരുന്നു. വർഷങ്ങൾക്കിപ്പുറം അവൾ പറയുന്നു– "എന്റെ സ്വപ്നങ്ങളെ ഒരു ഇരുണ്ട കുഴിയിൽ കുഴിച്ചിട്ടതായി എനിക്ക് തോന്നുന്നു’.


മകളെ പഠിപ്പിക്കാനുള്ള ഒറ്റലക്ഷ്യത്തിനായി സൈനബിന്റെ അച്ഛൻ അഫ്ഗാനിസ്ഥാൻ വിടാൻ ശ്രമിച്ചിട്ടുണ്ട് പലവട്ടം. ഇപ്പോൾ, അവൾ അയൽപക്കത്ത് രഹസ്യമായി നടത്തുന്ന ഒരു ഇംഗ്ലീഷ് ക്ലാസിൽ പങ്കെടുക്കുന്നു. നിരോധനത്തെ ധിക്കരിച്ച് നിശബ്ദമായി ഉയർന്നുവന്ന നിരവധി ക്ലാസുകളിൽ ഒന്നാണിത്‌. താലിബാന്റെ വിലക്കുകൾക്കുള്ളിലും ഓൺലൈൻ കോഴ്സുകൾ പിന്തുടർന്നും മറ്റും രഹസ്യമായി പഠനം തുടരുന്ന നിരവധി പെൺകുട്ടികളുണ്ട്‌. പുതിയ അധ്യയനവർഷത്തിന്‌ തുടക്കംകുറിക്കവേ ‘നമുക്ക് പഠിക്കാം' എന്ന പേരിൽ കാമ്പയിൻ ശക്തമാക്കി താലിബാനി നിയമങ്ങൾക്കെതിരെ ശബ്ദിക്കാനും വനിതാപ്രവർത്തകർ രംഗത്തിറങ്ങി എന്നതും ശ്രദ്ധേയമാണ്‌.





"ആ പെൺകുട്ടികൾക്കു മാത്രമല്ല,- രാജ്യത്തിനും അനന്തരഫലം വിനാശകരമാകും. പ്രത്യാഘാതങ്ങൾ തലമുറകളോളം നിലനിൽക്കും. പുതിയ അധ്യയനവർഷം ലോകമെമ്പാടും ദശലക്ഷക്കണക്കിന് കുട്ടികൾ ക്ലാസ് മുറികളിലേക്ക് മടങ്ങുമ്പോൾ, അഫ്ഗാനിലെ പെൺകുട്ടികൾക്ക് ഈ അടിസ്ഥാന അവകാശം നിഷേധിക്കപ്പെടുന്നത് നമ്മുടെ കാലത്തെ അനിവർവചനീയമായ അനീതികളിലൊന്നാണ്’– യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌. വിദ്യാഭ്യാസവിലക്ക്‌ പെൺകുട്ടികൾ ശൈശവ വിവാഹത്തിന്‌ ഇരയാകാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് അവർ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തിലും സമ്പദ്‌വ്യവസ്ഥയിലും ഉണ്ടാകുന്ന ആഘാതവും വലുതാണ്‌. വനിതാ ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും എണ്ണം കുറയുന്നതിനാൽ, പെൺകുട്ടികൾക്കും സ്ത്രീകൾക്കും മതിയായ ചികിത്സയും പിന്തുണയും ലഭിക്കില്ല. 1,600 മാതൃമരണങ്ങളും 3,500-ലധികം ശിശുമരണങ്ങളും ഈവർഷം ഉണ്ടാകുമെന്നാണ്‌ കണക്കാക്കുന്നത്‌. 1,172 കുട്ടികളുടെ ജീവൻ അപഹരിച്ച ഭൂകമ്പത്തിനു ശേഷം, വിദ്യാസമ്പന്നരും പരിശീലനം ലഭിച്ചവരുമായവനിതാസാമൂഹിക–ആരോഗ്യ പ്രവർത്തകരുടെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.


ലോകത്ത്‌ 11.90 കോടി പെൺകുട്ടികൾ സ്കൂൾവിദ്യാഭ്യാസത്തിന് പുറത്താണെന്ന്‌ സെപ്‌തംബർ 23ന്‌ ഐക്യരാഷ്‌ട്ര പൊതുസഭയുടെ സമ്മേളനത്തിനിടെ കുട്ടികളുടെ പ്രശ്‌നങ്ങളിലെ നയപരിഹാരങ്ങളെക്കുറിച്ചുള്ള ഉന്നതതല ചർച്ചക്കായി അവതരിപ്പിച്ച രേഖയിൽ പറയുന്നുണ്ട്‌. ഇതിൽ പ്രൈമറി സ്‌കൂൾ പ്രായത്തിലുള്ളവർ 3.40 കോടിയും, സെക്കൻഡറി സ്‌കൂൾ പ്രായത്തിലുള്ളവർ 8.50 കോടിയുമാണ്‌. 15-19 വയസ് പ്രായമുള്ള പെൺകുട്ടികളിൽ നാലിൽ ഒരാൾക്ക് വിദ്യാഭ്യാസമോ തൊഴിൽപരിശീലനമോ ലഭിക്കുന്നില്ല. ആൺകുട്ടികളിൽ പത്തിലൊന്നാണ്‌ ഈ നിരക്ക്‌. പ്രാഥമിക വിദ്യാഭ്യാസത്തിൽ 49 ശതമാനം രാജ്യങ്ങളേ ലിംഗസമത്വം നേടിയിട്ടുള്ളൂ.





deshabhimani section

Related News

View More
0 comments
Sort by

Home