വേലുക്കുട്ടി അരയൻ: നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളി

velukkutty arayan

വി വി വേലുക്കുട്ടി അരയൻ, ചെറിയഴീക്കലിലുള്ള സ്മൃതി മണ്ഡപം

avatar
സുരേഷ്‌ വെട്ടുകാട്ട്‌

Published on Feb 09, 2025, 01:22 AM | 2 min read

കരുനാഗപ്പള്ളി : പത്രാധിപരായും നവോത്ഥാന പോരാളിയായും തൊഴിലാളി സംഘാടകനായുമെല്ലാം കേരളത്തിന്റെ സാമൂഹിക, ശാസ്​ത്ര, സാഹിത്യ രംഗങ്ങളിലേക്ക്​ ജ്വലിച്ചുയർന്ന ഡോ. വി വി വേലുക്കുട്ടി അരയന്റെ സംഭാവനകൾ മായാത്ത മുദ്രകളായി കൊല്ലത്തിന്റെ ചരിത്ര ഏടുകളിൽ നിറയുന്നു. കരുനാഗപ്പള്ളി ആലപ്പാട്ടെ ചെറിയഴീക്കൽ എന്ന കടലോരഗ്രാമത്തിൽ വേലായുധന്റെയും വെളുത്തകുഞ്ഞമ്മയുടെയും മകനായി ജനിച്ച വേലുക്കുട്ടി അരയൻ ചെറുപ്രായത്തിൽ തന്നെ അച്ഛനിൽനിന്ന്​ ആയുർവേദവും സംസ്കൃതവും അഭ്യസിച്ചശേഷം 18 വയസ്സാകുമ്പോഴേക്കും ആയുർവേദത്തിലും സംസ്കൃതത്തിലും ഇംഗ്ലീഷിലും അഗാധമായ അറിവ്​ നേടി.


കൊൽക്കത്തയിലെ ഹോമിയോപ്പതിക്​ മെഡിക്കൽ കോളേജിൽനിന്ന് ഹോമിയോ ചികിത്സയിലും ഒന്നാം റാങ്കോടെ ബിരുദം നേടി. തുടർന്ന് മദിരാശിയിൽ അലോപ്പതി വൈദ്യത്തിൽ പഠനം തുടരുകയും അലോപ്പതി ബിരുദത്തിനുശേഷം നാട്ടിൽ തിരിച്ചെത്തി ഡോക്ടറായി പ്രാക്ടീസ് ആരംഭിച്ചു. ഡോക്ടറായി മറ്റു നഗരങ്ങളിലേക്കുള്ള ക്ഷണങ്ങൾ നിരസിച്ച അദ്ദേഹം സാധാരണക്കാരായ ജനങ്ങളുടെ പ്രശ്​നങ്ങളും വേദനകളും മനസ്സിലാക്കി അവരുടെ മോചനത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു. ചെറിയഴീക്കൽ ഗ്രാമത്തിൽ 1908-ൽ വിജ്ഞാനസന്ദായിനി എന്ന പേരിൽ ഒരു വായനശാലയ്ക്ക്​ തുടക്കമിട്ടത് വേലുക്കുട്ടി അരയനായിരുന്നു. കേരളത്തിലെ ആദ്യത്തെ തൊഴിലാളി യൂണിയനുകളായ തിരുവിതാംകൂർ നാവികത്തൊഴിലാളി സംഘം, തിരുവിതാംകൂർ മത്സ്യത്തൊഴിലാളി യൂണിയൻ, കയർ വർക്കേഴ്സ് യൂണിയൻ, തിരുവിതാംകൂർ മിനറൽ വർക്കേഴ്സ് യൂണിയൻ, പോർട്ട് വർക്കേഴ്സ് യൂണിയൻ തുടങ്ങിയവയുടെ സ്ഥാപകൻ കൂടിയായിരുന്നു വേലുക്കുട്ടി അരയൻ. അരയവംശ പരിപാലനയോഗം, സമസ്തകേരളീയ അരയമഹാജനയോഗം, അരയ സർവീസ് സൊസൈറ്റി തുടങ്ങി ഒട്ടനവധി സംഘടനകളും രൂപീകരിച്ചു.


1917-ൽ തന്റെ ‘അരയൻ' പത്രത്തിലൂടെ റഷ്യൻ വിപ്ലവത്തെ ആദ്യമായി റിപ്പോർട്ട്‌ ചെയ്യുകയും സോഷ്യലിസ്റ്റ്‌- പുരോഗമന ആശയങ്ങളോട് ശക്തമായ ആഭിമുഖ്യം പുലർത്തുകയും ചെയ്‌ത വേലുക്കുട്ടി അരയൻ അത് പത്രമാസികകളിലൂടെയും പ്രസംഗങ്ങളിലൂടെയും പിന്നീട് തൊഴിലാളി സംഘടനകളിലൂടെയും കേരളത്തിലെമ്പാടും പ്രചരിപ്പിക്കുകയും ചെയ്തു. വൈക്കം സത്യഗ്രഹത്തിന്റെ നേതൃത്വത്തിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. 1921-ൽ അരയൻ പത്രം കണ്ടുകെട്ടി. എന്നാൽ, പത്രത്തിലൂടെ സാമൂഹിക പ്രസക്തവും ഭരണാധികാരികളെ ചോദ്യംചെയ്യുന്നതുമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചും മുന്നോട്ടുപോയി. ഉത്തരവാദിത്ത പ്രക്ഷോഭത്തെ തുടർന്ന് രാജാവിനെയും ദിവാനെയും വിമർശിച്ചതിനെ തുടർന്ന് 1938-ൽ വീണ്ടും പ്രസ് കണ്ടുകെട്ടുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 1948-ലെ പൊതു തെരഞ്ഞെടുപ്പിൽ തിരു-കൊച്ചി നിയമസഭയിലേക്ക് കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥിയായും വേലുക്കുട്ടി അരയൻ മത്സരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home