സമരായുധം വി കെ എസിന്റെ പടപ്പാട്ടുകൾ

vk sasidharan
avatar
സുരേഷ്‌ വെട്ടുകാട്ട്‌

Published on Feb 28, 2025, 08:59 AM | 3 min read

കരുനാഗപ്പള്ളി > മൂന്നു പതിറ്റാണ്ട് മുമ്പ് 1995ൽ പതിനഞ്ചാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സിപിഐ എം സംസ്ഥാന സമ്മേളനത്തിന് കൊല്ലം വേദിയാകുന്നു. സമ്മേളനത്തിലേക്ക് എത്തിയ പ്രതിനിധി സഖാക്കളെ അഭിവാദ്യം ചെയ്തുകൊണ്ട് വേദിയിൽനിന്നും സ്വാഗത ഗാനം ഉയരുന്നു.

"സഖാക്കളെ മുന്നോട്ട്..
സഖാവ് നമ്മൾക്കരുളിയ അന്തിമ സന്ദേശം കേൾക്കൂ..
സമത്വ ശോഭനമായൊരു ലോകം സ്വപ്നം കണ്മവരെ..
നമുക്ക് പോകാൻ ഇനിയും മുന്നിൽ ദൂരമിതേറെ..
നമ്മുടെ ലോകം നേടും വരെയും ധീരതയോടെ മുന്നോട്ട്...... "

ഒഎൻവിയുടെ മനോഹരമായ വരികൾ പതിന്മടങ്ങ് ആവേശത്തോടെ സംഗീതം നൽകി ഗായക സംഘത്തിന് നേതൃത്വം നൽകിക്കൊണ്ട് മുന്നിൽ നിന്ന് പാടുകയാണ് വി കെ ശശിധരൻ എന്ന വികെഎസ്. സ്വാഗത ഗാനം അവസാനിച്ചപ്പോൾ പ്രതിനിധികളുടെ നിലയ്ക്കാത്ത കരഘോഷം. അത്രയ്ക്ക് ആവേശഭരിതമായിരുന്നു ആ ഗാനവും അതിൻ്റെ അവതരണവും. അതിനു നേതൃത്വം നൽകിയ വി കെ ശശിധരൻ എന്ന വികെസിനെ വീണ്ടുമൊരു സംസ്ഥാന സമ്മേളനം കൊല്ലത്തെത്തുമ്പോൾ കൊല്ലത്തിനും വിപ്ലവ പ്രസ്ഥാനത്തിനും ഒരിക്കലും മറക്കാനാവില്ല. അന്നത്തെ സംസ്ഥാന സമ്മേളനത്തിനുവേണ്ടി 'പടയൊരുക്ക പാട്ടുകൾ ' എന്ന പ്രത്യേക സംഗീത ആൽബം സംഘാടകസമിതിയുടെ നേതൃത്വത്തിൽ വികെഎസ് പാടി പുറത്തിറക്കിയിരുന്നു. പിന്നീട് പതിനേഴാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന കൊല്ലം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പടയൊരുക്ക പാട്ടുകളുടെ രണ്ടാം വോളിയവും പുറത്തിറക്കി.

കവർ15-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന് വേണ്ടി വി കെ എസ് പുറത്തിറക്കിയ പടയൊരുക്കപാട്ടുകൾ എന്ന സംഗീത ആൽബത്തിന്റെ കവർ

ബാലസംഘത്തിന്റെ മുദ്രാഗീതമായ "പഠിച്ചു ഞങ്ങൾ നല്ലവരാകും" എന്ന് തുടങ്ങുന്ന ഗാനം ഉൾപ്പെടെയുള്ള പാട്ടുകൾ ചേർത്ത് ബാലസംഘത്തിന് വേണ്ടി ഇറക്കിയിട്ടുള്ള സംഗീത ആൽബങ്ങൾ, ബാലവേദി കുട്ടികൾക്ക് വേണ്ടി പുറത്തിറക്കിയ നിരവധി ബാലോത്സവ ഗാനങ്ങൾ, ശാസ്ത്ര ഗീതങ്ങൾ എന്നിവ ഏറെ ശ്രദ്ധേയമായി. സംഗീതത്തെ പ്രതിരോധത്തിന്റെ സമരായുധമാക്കി ഉപയോഗിക്കാം എന്ന് കേരള സമൂഹത്തെ പഠിപ്പിച്ച ജനകീയ സംഗീതഞ്ജനായ അദ്ദേഹം വിപ്ലവഗാനങ്ങള്‍ ഉണര്‍ത്തുപാട്ടുകളാവണമെന്നും അത് മതനിരപേക്ഷതയുടെയും വിശ്വമാനവികതയുടേയും കാഹളം മുഴക്കണമെന്നുമുള്ള ലക്ഷ്യത്തോടെ 'ബോള്‍ഷെവിക് ഗായകസംഘ' ത്തിന് രൂപം നല്‍കുകയുണ്ടായി.

80 കളിൽ കേരളത്തിൻ്റെ തെരുവുകളിൽ നിന്ന് പുനലൂർ ബാലൻ പരിഭാഷപ്പെടുത്തിയ ബർതോൾത്ത് ബ്രഹ്ത്തിന്റെ വരികൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ ശാസ്ത്ര കലാജാഥയിലൂടെ ജനങ്ങളുടെ മനസ്സിലേക്ക് അദ്ദേഹം എയ്തുവിട്ടു. ''പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ.. പുത്ത നൊരായുധമാണു നിനക്കത് പുസ്തകം കയ്യിലെടുത്തോളൂ... " എന്ന പാട്ട് തലമുറകൾ ഇപ്പോഴും ഏറ്റു പാടുന്നു. സാക്ഷരതാ പ്രസ്ഥാനം കേരളത്തിൽ പടർന്നു പിടിച്ചപ്പോൾ ആ പ്രസ്ഥാനത്തിന് ആവേശമായി മാറിയ അക്ഷരഗാനങ്ങളിലൂടെ കേരളത്തിൻ്റെ ഹൃദയവായ്പ്പ് ഏറ്റുവാങ്ങിയ ആദ്ദേഹം, സംഗീതമേഖലയിൽ ഒരുപക്ഷേ പിടിച്ചടക്കാമായിരുന്ന എല്ലാ നേട്ടങ്ങളും വേണ്ടെന്നുവച്ച് കുട്ടികളുടെ കൂട്ടായ്മകളിലേക്കും, ബാലോത്സവങ്ങളിലേക്കും, ജനകീയ പ്രതിരോധ സദസ്സുകളിലേക്കും തൻ്റെ പാട്ടുകളുമായി ഓടിനടന്നു.
വി കെഎസ്വികെഎസ് കുട്ടികൾക്കൊപ്പം

അവസാന നാൾ വരെ ഇടതുപക്ഷ ആശയങ്ങൾക്കും ശാസ്താവബോധത്തിനുമായി തൻ്റെ സംഗീതത്തെ വികെഎസ് പകുത്തു നൽകിയിരുന്നു. എൻജിഒ യൂണിയൻ, കെജിഒഎ മഹിളാ അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകളുടെ വാർഷിക സമ്മേളനങ്ങൾക്ക് അദ്ദേഹത്തിൻ്റെ പാട്ടുകൾ അകമ്പടിയായി.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം

1938 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് ജനിച്ചത്. ആലുവ യുസി കോളേജിലെ പഠനത്തെ തുടർന്ന് തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കി. പിന്നീട് കൊല്ലത്ത് താമസമാക്കി. മുപ്പതു വർഷക്കാലം കൊട്ടിയം എസ് എൻ പോളിടെക്നിക്കിലെ അധ്യാപകനായിരുന്നു. 1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂർ സോമദാസൻ രചിച്ച നാലു ഗാനങ്ങൾ 'ശിവൻശശി' എന്ന പേരിൽ പി കെ ശിവദാസുമൊത്തു ചിട്ടപ്പെടുത്തി. ചിത്രം റിലീസ് ആകാതിരുന്നതിനെതുടർന്ന് 'തീരങ്ങൾ' എന്ന ചിത്രത്തിൽ ഗാനങ്ങൾ ഉൾപ്പെടുത്തി.ഇരുവരും ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി നിരവധി നാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചു. കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച വികെഎസ് ഇടശ്ശേരിയുടെ പൂതപ്പാട്ട്, രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി തുടങ്ങി നിരവധി കവിതകൾക്ക് സംഗീതാവിഷ്ക്കാരം നൽകി.

പൂതപ്പാട്ട്

ഗാനാലാപനം സാമൂഹ്യമാറ്റത്തിനായുള്ള ഒരു ഉപാധിയാണെന്നു കരുതിയ ഇദ്ദേഹം ഗാനങ്ങൾക്ക് ഈണം പകരുമ്പോൾ സംഗീതത്തേക്കാളുപരി  വരികളുടെ അർത്ഥവും അതുൾക്കൊള്ളുന്ന വികാരവും പ്രതിഫലിപ്പിക്കാനാവണം എന്ന നിർബന്ധം വച്ചു പുലർത്തി. ഇതാണ് വികെഎസിന്റെ ഗാനങ്ങളെ ഗാംഭീര്യമുള്ളതാക്കി തീർത്തത്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ കലാജാഥകൾക്കായി അനവധി ഗാനങ്ങൾക്ക് സംഗീതം നൽകി. ബർതോൾത് ബ്രഹത്, ഡോ എം പി പരമേശ്വരൻ, പി മധുസൂദനൻ, മുല്ലനേഴി, കരിവെള്ളൂർ മുരളി തുടങ്ങി അനവധി പേരുടെ രചനകൾ സംഗീത ശില്പങ്ങളായും, സംഘഗാനങ്ങളായും ശാസ്ത്ര കലാജാഥകളിലൂടെ അവതരിക്കപ്പെട്ടു.80 കളുടെ തുടക്കത്തിൽ കലാജാഥയിൽ പങ്കെടുത്തും , അഭിനയിച്ചും കേരളത്തിലുടനീളം സഞ്ചരിച്ചു.

ജാഥയിൽ

കൂടാതെ ശാസ്ത്ര സംഘടനകളുടെ അഖിലേന്ത്യാ തലത്തിലുള്ള കലാജാഥകൾക്കു സംഗീതാവിഷ്കാരം നിർവഹിച്ചു. ശാസ്ത്ര സാഹിത്യപരിഷത്ത്, കേരള സാക്ഷരതാ സമിതി ,മാനവീയം മിഷൻ , സംഗീത നാടക അക്കാഡമി എന്നിവയ്ക്ക് വേണ്ടിയും ആഡിയോ ആൽബങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി എന്നത് കൂടാതെ ,വൈസ് പ്രസിഡണ്ട്‌, സംസ്ഥാന ബാലവേദി കൺവീനർ, പ്രസിദ്ധീകരണ സമിതി കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

വികെഎസ്

1993 ൽ കൊട്ടിയം ശ്രീനാരായണ പോളിടെൿനിക്കിൽ നിന്നും ഇലക്‌ട്രിക്കൽ വിഭാഗം മേധാവിയായി വിരമിച്ചു.2021 ഒക്ടോബർ 6ന് അന്തരിച്ചു. ഭാര്യ : വസന്ത ലത ,മകൾ :ദീപ്തി


പ്രധാന ആൽബങ്ങൾ- ഗീതാഞ്ജലി, പൂതപ്പാട്ട്‌, പുത്തൻ കലവും അരിവാളും, ബാലോത്സവ ഗാനങ്ങൾ

കളിക്കൂട്ടം, മധുരം മലയാളം, മുക്കുറ്റിപൂവിന്റെ ആകാശം, ശ്യാമഗീതങ്ങൾ, പ്രണയം

അക്ഷരഗീതങ്ങൾ, പടയൊരുക്കപ്പാട്ടുകൾ.



deshabhimani section

Related News

View More
0 comments
Sort by

Home