ദിശാബോധവും അടിത്തറയുമേകി മുന്നിൽ


ജിഷ്ണു മധു
Published on Feb 22, 2025, 10:04 PM | 2 min read
കൊല്ലം : തെക്കൻ കേരളത്തിലെ വിദ്യാർഥി- യുവജനങ്ങൾക്കിടയിൽ ഇടതുപക്ഷ അടിത്തറ വിപുലപ്പെടുത്താൻ നിർണായകമായ സമരങ്ങൾ പിറന്ന കാലഘട്ടമാണ് 1940കളുടെ അവസാനവും 1950കളുടെ തുടക്കവും. പുരോഗമന രാഷ്ട്രീയ ശക്തികളുടെ സ്വാധീനം എസ്എൻ കോളേജ് ക്യാമ്പസിലും പ്രതിഫലിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന കമ്യൂണിസ്റ്റ് പ്രവർത്തകർ വിദ്യാർഥികളുമായി നേരിട്ട് ബന്ധപ്പെടുകയും പ്രോത്സാഹനം നൽകുകയുംചെയ്തത് വിദ്യാർഥി ഫെഡറേഷനെ കൂടുതൽ ജനകീയവും ശക്തവുമാക്കി.
തുടക്കംതന്നെ പ്രക്ഷോഭം
1948ൽ തുടങ്ങിയ എസ്‌എൻ കോളേജിലെത്തിയവരിൽ ഏറെയും സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽനിന്നുള്ളവരായിരുന്നു. മറ്റുള്ള കോളേജുകളിൽ ഇന്റർ മീഡിയറ്റ് കോഴ്സ് അനുവദിച്ചിട്ടും എസ്എന്നിൽ മാത്രം പ്രീയൂണിവേഴ്സിറ്റി കോഴ്സ് അനുവദിച്ചതിനെതിരെ വിദ്യാർഥിസമരം പ്രഖ്യാപിച്ചു. കോളേജിന്റെ തുടക്കംതന്നെ പ്രക്ഷോഭത്തോടെയായിരുന്നു. ഒടുവിൽ സമരം വിജയിച്ചു. പിന്നീട് വർഷാന്ത്യ പരീക്ഷ വന്നപ്പോൾ സമരനേതാക്കളിൽ ചിലരെ പിരിച്ചുവിടാനായി മാനേജ്മെന്റ് നീക്കം. വിദ്യാർഥികൾ ഇതിനെതിരെ 1948 മാർച്ച് 23ന് പരീക്ഷ ബഹിഷ്കരിച്ചു. ആർ എസ് ഉണ്ണി, പി ഭാസ്കരൻ, എൻ മാധവൻ, തെങ്ങമം ബാലകൃഷ്ണൻ, വി പി നെപ്പോളിയൻ എന്നിവരെ കോളേജിൽനിന്ന് പുറത്താക്കി.
ഒ എൻ വി ഉൾപ്പെടെ ഇടത്തേക്ക്
കോളേജ് യൂണിയൻ ഉദ്ഘാടനത്തിനായി അഖിലേന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് പ്രസിഡന്റ് ചക്കരച്ചെട്ടിയാരെ ക്ഷണിക്കാൻ വിദ്യാർഥി ഫെഡറേഷനും പറ്റില്ലെന്ന് പ്രിൻസിപ്പലും തീരുമാനിച്ചു. യൂണിയൻ ചെയർമാൻ ഒ മാധവൻ, സെക്രട്ടറി കോന്നിയൂർ പ്രഭാകരൻനായർ, കമ്മിറ്റി അംഗം ദാമോദരൻപിള്ള, വിദ്യാർഥി കോൺഗ്രസ് പ്രസിഡന്റ് പി കെ യശോധരൻ എന്നിവരെ കോളേജിൽനിന്ന് പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പെത്തി. ഇതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ പഠിപ്പുമുടക്കി പട്ടണത്തിൽ വൻപ്രകടനം നടത്തി.
ചരിത്രപ്രസിദ്ധമായ എസ്എൻ കോളേജ് സമരത്തുടക്കമായിരുന്നു അത്. തുടർന്ന് സമരത്തിൽ പങ്കെടുത്ത 23പേരെ കോളേജിൽനിന്ന് പുറത്താക്കി. മന്ത്രി പറവൂർ ടി കെ നാരായണപിള്ള കോളേജ് അധികൃതർക്ക് എല്ലാവിധ ഒത്താശയുംചെയ്തു. പുറത്താക്കിയവരുടെ പേരിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിദ്യാർഥികളെ കോളേജിൽ പൊലീസ് തല്ലിച്ചതച്ചു. സർക്കാർ അനുകൂലപത്രങ്ങൾ വിദ്യാർഥികൾ പ്രിൻസിപ്പലിനെ കൈയേറ്റംചെയ്തെന്നും കോളേജ് തല്ലിത്തകർത്തെന്നും കള്ളപ്രചാരണംനടത്തി. ഒന്നുകിൽ ജയം, അല്ലെങ്കിൽ മരണം എന്ന മുദ്രാവാക്യമുയർത്തി വിദ്യാർഥികൾ പ്രിൻസിപ്പലിന്റെ ഓഫീസിനു മുന്നിൽ നിരാഹാര സത്യഗ്രഹം നടത്താനെത്തി.
ഒ മാധവനെയും എം കെ പുരുഷോത്തമനെയും ജയിലിലടച്ചു. രണ്ടാളും ലോക്കപ്പിലും നിരാഹാരസമരം തുടർന്നു. എട്ടുദിവസമായതോടെ ആരോഗ്യസ്ഥിതി വഷളായി ജില്ലാ ആശുപത്രിയിലെ ലോക്കപ്പ് സെല്ലിലേക്ക് മാറ്റി. മർദനത്തിനിടെ മാധവന്റെ തലമുടി പൊലീസുകാർ പിഴുതെടുത്തു. അദ്ദേഹം മരിച്ചെന്ന വ്യാജവാർത്ത ഇതിനിടെ പടർന്നു. മൃതദേഹം ഏറ്റുവാങ്ങാനായി ആശുപത്രിക്കുമുന്നിൽ ജനംതടിച്ചുകൂടി. പൊലീസ് ഭീകരലാത്തിച്ചാർജ് നടത്തി. പലവഴിക്കായവർ ചിന്നക്കട റെയിൽവേ സ്റ്റേഷൻ മൈതാനത്ത് ഒത്തുകൂടി. യോഗത്തിനു നേരെയും പൊലീസ് ലാത്തിവീശി.
സമരത്തിന് ബഹുജനങ്ങളും സർക്കാർ ഉദ്യോഗസ്ഥരും പിന്തുണ നൽകി. ചർച്ചയെത്തുടർന്ന് വിദ്യാർഥികൾക്കെതിരായ ശിക്ഷാനടപടികളും കേസുകളും പിൻവലിക്കാമെന്ന മാനേജ്മെന്റിന്റെ ഉറപ്പിന്മേൽ നിരാഹാരസമരം പിൻവലിച്ചു. അടുത്തദിവസംതന്നെ രാജിക്കത്തുപോലും നൽകാതെ പ്രിൻസിപ്പൽ സഹസ്രനാമയ്യർ കൊല്ലംവിട്ടു. സമരത്തിൽ വിദ്യാർഥി കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഒ എൻ വി കുറുപ്പ്, എൻ വേലപ്പൻനായർ, കെ ഗോവിന്ദപ്പിള്ള തുടങ്ങിയവർ വിദ്യാർഥി ഫെഡറേഷനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു.
എ കെ ജിയും ചരിത്രത്തിലെ എസ്‌എൻവി ലോഡ്ജും
1951ൽ വിയ്യൂർ ജയിലിൽനിന്ന് മോചിതനായ എ കെ ജി മലബാറിലേക്ക് കടക്കാതെ കൊല്ലം റെയിൽവേസ്റ്റേഷനിൽ വന്നിറങ്ങണമെന്നായിരുന്നു സർക്കാർ നിർദേശം. പ്രകടനങ്ങൾ ഒഴിവാക്കാനായിരുന്നു ഇത്. പാർടി തീരുമാനപ്രകാരം കൊല്ലത്തിറങ്ങിയ എ കെ ജിയെ കോളേജ് ചെയർമാനായ ഒ എൻ വിയോടൊപ്പം വിദ്യാർഥികൾ സ്വീകരിച്ചു. താമസം ഒരുക്കിയ മുണ്ടയ്‌ക്കലുള്ള എൻഎൻവി ലോഡ്ജിലേക്കുള്ള കാൽനട യാത്രയിൽ തൊഴിലാളികളാകെ അനുഗമിച്ചു. പതിനഞ്ച് ദിവസത്തോളം താമസിച്ചതിനിടയിൽ മുണ്ടയ്ക്കൽ മുതൽ പോളയത്തോട് വരെയുള്ള നിരവധി ഹോസ്റ്റലുകളിൽ കയറിയിറങ്ങി വിദ്യാർഥി പ്രശ്നങ്ങൾ നേരിട്ടറിഞ്ഞു.
വിവിധ നാടുകളിൽനിന്ന് എ കെ ജിയെ കാണാൻ എത്തിയവരുടെ കൂട്ടത്തിൽ ആയൂർ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കുഞ്ഞൂഞ്ഞുമുണ്ടായിരുന്നു. നടക്കുന്നതിനിടയിൽ കല്ലുകൊണ്ട് മുറിവേറ്റ എ കെ ജിയുടെ കാൽ കുഞ്ഞൂഞ്ഞിന്റെ കൈയ്യിലുള്ള തൂവാലകൊണ്ട് രക്തംതുടച്ചു. പിന്നീട് വർഷങ്ങൾക്കുശേഷം ആരോഗ്യബുദ്ധിമുട്ടുകളാൽ കിടപ്പിലായ കുഞ്ഞൂഞ്ഞിനെ സന്ദർശിക്കുന്നതിനിടയിൽ എ കെ ജിയുടെ രക്തംപുരണ്ട തൂവാല കാണിച്ചുതന്നെന്നും അത്രത്തോളം സ്നേഹമായിരുന്നു നാടിന് എ കെ ജിയെയെന്നും പറയുമ്പോൾ തൊണ്ണൂറ്റിമൂന്നുകാരനായ ഓയൂർ സ്വദേശി എ മജീദ് മാഷിന് ഇന്നും ക്യാമ്പസ് ആവേശം.









0 comments