നാടിന്റെ കെടാവിളക്കായി ശ്രീരാജ്

sreeraj
avatar
എസ് അനന്ദവിഷ്ണു

Published on Feb 24, 2025, 02:15 PM | 2 min read

കൊല്ലം : ആർഎസ്‌എസിന്റെ വർഗീയ കൊലപാതക രാഷ്ട്രീയത്തിന്റെ ഇനിയും അസ്തമിക്കാത്ത ഓർമയാണ് നെടുമൺകാവ് ശ്രീരാജ്‌. ആർഎസ്എസുകാർ ക്രൂരമായി കൊലപ്പെടുത്തിയിട്ടും ഇന്നും ആ നാട്ടിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് ആവേശവും ഊർജവുമാണ് ശ്രീരാജിന്റെ ഓർമകൾ. 2014 ഏപ്രിൽ 15 വിഷുവിനാണ് ആർഎസ്എസ് കൊലക്കത്തി ശ്രീരാജിന്റെ ജീവൻ എടുത്തത്‌. ജനകീയനും ഡിവൈഎഫ്ഐ നെടുമൺകാവ് യൂണിറ്റ് പ്രസിഡന്റും പാർടിഅംഗവുമായിരുന്നു ശ്രീരാജ്‌.


ഏഴോളം പേരടങ്ങുന്ന ആർഎസ്എസ് സംഘം അച്ഛന്റെ മുന്നിലാണ്‌ അതിക്രൂരമായി ശ്രീരാജിന്റെ ജീവൻ കവർന്നത്. നാടെങ്ങും കണിക്കൊന്ന സന്തോഷം തീർക്കുന്ന മേടമാസത്തിലെ വിഷുദിനാഘോഷങ്ങളിലൊന്നിൽ നെടുമൺകാവ് ശാസ്താക്ഷേത്രത്തിലെ ഉത്സവത്തിൽ മദ്യപിച്ചു പ്രശ്‌നം ഉണ്ടാക്കിയ ആർഎസ്എസ് സാമൂഹ്യവിരുദ്ധരെ ഉത്സവത്തിൽനിന്ന്‌ വിലക്കിയതിന്റെ പകയാണ് ശ്രീരാജിന്റെ ജീവനെടുത്തത്. നെടുമൺകാവിൽ സ്വന്തമായി തടിപ്പണി ചെയ്തിരുന്ന ശ്രീരാജ് ഉത്സവത്തിനോട് അനുബന്ധിച്ചു ജോലിയിൽനിന്ന്‌ ലീവ് എടുത്തിരുന്ന സമയമായിരുന്നു അത്. മനസ്സിൽ പക സൂക്ഷിച്ച ആർഎസ്എസ് ക്രിമിനലുകൾ ഉത്സവത്തിന്റെ പിറ്റേദിവസം വീട്ടിൽനിന്ന ശ്രീരാജിനെ വീടിനു സമീപത്തുള്ള പണിതീരാത്ത വീട്ടിൽ കതകിന്റെ കൊത്തുപണിയെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തുകയായിരുന്നു. അച്ഛനൊപ്പം എത്തിയ ശ്രീരാജിനെ പണിനടക്കുന്ന വീടിന്റെ പിറകുവശത്തു പതിയിരുന്ന ആർഎസ്എസ് ക്രിമിനലുകൾ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച അച്ഛൻ രാജേന്ദ്രനെയും ക്രൂരമായി ആക്രമിച്ചു. ശ്രീരാജിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തുമ്പോൾ നാട്ടിൽ വിഷുവിന്റെ ആഘോഷങ്ങൾ ആരവം ഉയർത്തുകയായിരുന്നു. ക്ഷേത്രങ്ങളിൽ വിശ്വാസികളുടെ പേരിൽ വിദ്വേഷം വളർത്തി നാടിനെ കുട്ടിച്ചോറാക്കാൻ ശ്രമിക്കുന്ന ആർഎസ്എസിന്റെ ഹീനമായ ക്രൂരകൃത്യങ്ങളിൽ ഒന്നായിരുന്നു ശ്രീരാജിന്റെ കൊലപാതകം.


കൊല്ലപ്പെടുന്നതിനു തലേദിവസം ശ്രീരാജ് എഴുകോണിലുള്ള പാർടി ഓഫീസിലാണ് രാത്രി കിടന്നുറങ്ങിയത്. പിറ്റേന്നു രാവിലെ വീട്ടിൽവന്ന്‌ ആഹാരം കഴിച്ച ശ്രീരാജ്‌ അച്ഛനൊപ്പം ജോലിക്കുപോയശേഷം ഉച്ചയ്‌ക്ക്‌ വീട്ടിൽവന്ന് ഭാര്യയോടൊപ്പം ഒരുമിച്ചിരുന്നു ആഹാരം കഴിച്ചിരുന്നു. അതിനുശേഷം ജോലിസ്ഥലത്തേക്കു പോയ ശ്രീരാജിനെ വിളിച്ചിട്ടു കിട്ടാതായപ്പോൾ തന്റെ മനസ്സിൽ തോന്നിയ ടെൻഷനും പേടിയും എല്ലാം സത്യമാവുകയായിരുന്നു എന്ന് നിറഞ്ഞ കണ്ണുനീരോടുകൂടി ശ്രീരാജിന്റെ ഭാര്യ ശാരി ഇപ്പോഴും ഓർക്കുന്നു. അന്ന് രണ്ടരവയസ്സുകാരനായിരുന്ന മകൻ അധിൻശ്രീ ഇപ്പോൾ ഏഴാം ക്ലാസിലാണ്‌. ശ്രീരാജിന്റെ കൊലപാതകക്കേസിൽ പ്രതികളായ ആർഎസ്എസ് ക്രിമിനിലുകളെ വിട്ടയച്ച കോടതി നടപടിക്കെതിരെ ഇപ്പോൾ പാർടിയും ശ്രീരാജിന്റെ കുടുംബവും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.


ശ്രീരാജിനെ അതിക്രൂരമായി ആക്രമിച്ചതു കണ്ട സാക്ഷിയെ കൊലപ്പെടുത്താനും ആർഎസ്എസ് ശ്രമിച്ചു. മകൻ കൺമുന്നിൽ കൊല്ലപ്പെടുന്നതുകണ്ട ശ്രീരാജിന്റെ അച്ഛൻ രാജേന്ദ്രന് ഇപ്പോഴും ആ ദിനങ്ങൾ നോവിന്റെ കറുത്ത ഓർമയാണ്. നാട്ടിൽ സംഘടനാ പ്രവർത്തനവും രാഷ്ട്രീയപ്രവർത്തനവും നടത്തുന്ന യുവാക്കളെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുക എന്നുള്ള സംഘപരിവാർ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയാണ് ശ്രീരാജ്. ഇന്ന് ആ നാട്ടിൽ ഡിവൈഎഫ്ഐക്കും പാർടിക്കും ഉണ്ടായ വളർച്ചയും ആർഎസ്എസ് എന്ന സംഘടന ആ മണ്ണിൽനിന്ന് നാമാവശേഷമായി പോയതും കാലം കണക്കുപറയുന്ന നേർസാക്ഷ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home