ചരിത്രം സംഗമിച്ചു ഇവിടെ

school

സ്‌കൂൾ ഉദ്ഘാടനം ചെയ്യുവാനായി ഗുരു തുറന്ന വാതിൽ, സ്കൂളിനുള്ളിൽ ഉദ്ഘാടനം ചെയ്ത കിണർ

വെബ് ഡെസ്ക്

Published on Mar 02, 2025, 01:41 AM | 2 min read

കൊല്ലം : ചരിത്രത്തിലെ ഐതിഹാസിക ഏടായിരുന്നു കേരളത്തിന്റെ നവോത്ഥാന വെളിച്ചം. അതിന് തിരികൊളുത്തിയ മഹാരഥന്മാരായ ശ്രീനാരായണഗുരു, കുമാരനാശാൻ, ചട്ടമ്പിസ്വാമി എന്നിവർ ഒരു സ്‌കൂളിന്റെ ഉദ്ഘാടനത്തിനു ഒരുമിച്ചെത്തിയ നിമിഷം ഇന്നും മിഴി മങ്ങാതെ തെളിഞ്ഞു നിൽക്കുകയാണ്. സമൂഹത്തിലെ ഫ്യൂഡൽ വ്യവസ്ഥിതിയോട് പടവെട്ടി നാട്ടിലെ എല്ലാ ജനങ്ങൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുവാനായി കൊച്ചുവരമ്പേൽ കേശവൻ മുതലാളി എന്ന മനുഷ്യസ്നേഹിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമായിരുന്നു നീരാവിൽ എസ്എൻഡിപി യോഗം സ്കൂൾ.


1920 കാലഘട്ടങ്ങളിൽ സവർണ ജാതിക്കാർക്കൊഴികെ മറ്റൊരു മനുഷ്യർക്കും വിദ്യാഭ്യാസമോ പ്രാർഥനാ സൗകര്യങ്ങളോ വഴിനടക്കാനുള്ള അവകാശങ്ങളോ ലഭ്യമല്ലാതിരുന്ന നാളുകൾ. ഈഴവരായ താൻ ഉൾപ്പെടെയുള്ള മനുഷ്യരെ പുഴുക്കളെപ്പോലെ ആട്ടിയോട്ടിക്കുന്ന ഫ്യൂഡൽ വേർതിരിവിനെതിരെ പോരാടണം എന്നുറച്ച മനസ്സുമായി കൊച്ചുവരമ്പേൽ കേശവൻ എന്ന വ്യക്തി തന്റെ ആത്മീയ ഗുരുവായിരുന്ന ശ്രീനാരായണഗുരുദേവനെ കാണാൻ വർക്കലയിൽ എത്തി. തങ്ങളെ പ്രവേശിപ്പിക്കാത്ത ക്ഷേത്രത്തിനു പകരമായി തങ്ങൾക്കൊരു ക്ഷേത്രം വേണമെന്ന് ആവശ്യം പറയുമ്പോൾ കേശവാ ക്ഷേത്രങ്ങൾ അല്ല നമുക്കിനി വേണ്ടത്, വിദ്യാലയങ്ങളാണ് എന്ന ഗുരുവിന്റെ നിർദേശ പ്രകാരം നാട്ടിൽ തിരികെവന്ന്‌ ജാതി മതഭേദമെന്യേ ഏവർക്കും ഒരുമിച്ചിരുന്ന് പഠിക്കുവാൻ ഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കുന്നു.

കൊച്ചുവരമ്പേൽ കേശവനെന്നെ കേശവൻ മുതലാളിയുടെ നിശ്ചയദാർഢ്യത്തിൽ 1922 ജൂലൈ നാലിന് നാടിന്‌ സമർപ്പിച്ചതാണ് ഐപ്പുഴ ഇംഗ്ലീഷ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന നീരാവിൽ എസ്എൻഡിപി യോഗം സ്കൂൾ. പൊതു കിണറുകൾ ഉപയോഗിക്കാൻ അധകൃതർക്ക് അനുവാദം ഇല്ലാതിരുന്ന കാലത്ത് അവർക്കായി സ്കൂളിനോട് ചേർന്ന് ഭജനമഠത്തിലും സ്കൂളിന്റെ ഉള്ളിലും പൊതു കിണറുകൾ കുഴിക്കുകയുണ്ടായി. ഗുരുദേവൻ, സഹോദരൻ അയ്യപ്പൻ, ടി കെ മാധവൻ, മുക്കോത്ത് കുമാരൻ, സി വി കുഞ്ഞിരാമൻ എന്നിവരുടെ നേതൃത്വത്തിൽ പ്രാക്കുളത്ത്‌ കൂടിയ യോഗത്തിനു ശേഷമാണ് നൂറിലധികം ഓടിവള്ളങ്ങളുടെ അകമ്പടിയോടെ ഗുരുദേവൻ നീരാവിൽ സ്‌കൂൾ ഉദ്ഘാടനത്തിനു കായൽ വാരത്ത്‌ എത്തിയത്. അവിടെനിന്ന് കാൽനടയായി വന്ന്‌ കുന്നുംപുറത്ത് വീട്ടിൽ വിശ്രമിക്കുമ്പോഴാണ് ചികിത്സയുമായി കൊല്ലത്തു ഉണ്ടായിരുന്ന ചട്ടമ്പിസ്വാമി ഗുരുവിനെ കാണാൻ എത്തിച്ചേരുന്നത്. തുടർന്ന് വൈകിട്ടോടെ മഹാകവി കുമാരനാശാൻ അധ്യക്ഷനായ യോഗത്തിൽ ഗുരുദേവൻ സ്കൂളിന്റെ വാതിൽ തുറന്നുകൊണ്ട് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. ഒരു കാലഘട്ടത്തിന്റെ മാമൂലുകളെ പൊളിച്ചെഴുതിക്കൊണ്ട് നവോത്ഥാനത്തിന്റെ വെളിച്ചം വിതറിയ ഇതിഹാസത്തിനു അവിടെ ആരംഭം കുറിക്കുകയിരുന്നു.


ഉദ്ഘാടനത്തിന്‌ സ്കൂളിന്റെ സ്ഥലപരിമിതികൾ മനസ്സിലാക്കിയ കൊച്ചുവരമ്പേൽ കേശവൻ മുതലാളി താൻ ആദ്യം ദാനംനൽകിയ 30 സെന്റിനോടൊപ്പം 70 സെന്റുകൂടി എഴുതിച്ചേർത്ത് ഒരേക്കർ ഭൂമിയാണ് സ്കൂളിന്റെ പേരിൽ ആധാരം പതിപ്പിച്ചു നൽകിയത്. ഒപ്പം സ്കൂളിനോട് ചേർന്ന് യുവജനങ്ങൾക്കായി ഒരു ഭജനമഠവും നിർമിച്ചു നൽകി. മാറുമറയ്ക്കാനും സവർണ ജാതിക്കാർ നടക്കുന്ന വഴിയിലൂടെ നടക്കുവാനും ഭയപ്പെട്ടിരുന്ന ഒരു ജനതയെ വിദ്യാഭ്യാസത്തിനും തന്റെ അവകാശങ്ങൾക്കായും പോരാടാൻ ആത്മവിശ്വാസം നൽകിയ ഗുരുദേവന്റെയും കൊച്ചുവരമ്പേൽ കേശവൻ മുതലാളിയുടെയും ഓർമകൾ ഇന്നും ആ നാട്ടിൽ പ്രകാശം വിതറി നിൽക്കുന്നു.


മുന്നേറ്റങ്ങൾക്ക് വഴികാട്ടി


വിദ്യാഭ്യാസത്തിനോ അമ്പലത്തിന്റെ ഭാഗത്തോ പോകുവാൻ പറ്റാത്ത സമയത്ത്‌ കേശവൻ മുതലാളിയുടെ നേതൃത്വത്തിൽ നടത്തിയ സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങളാണ് ഈ നാട്ടിലെ നവോത്ഥാനത്തിനു ആരംഭമായത്. ഗുരുദേവനും കുമാരനാശാനും ചട്ടമ്പിസ്വാമിയും ഈ മണ്ണിൽ വന്നു പകർന്നു നൽകിയ സംഘടനാബോധവും ആത്മധൈര്യവുമാണ് ഇന്നും ഈ നാട്ടിലെ മുന്നേറ്റങ്ങൾക്ക് വഴികാട്ടിയായത്. കയർത്തൊഴിലാളികൾ ആയിരുന്ന ഈ നാട്ടിലെ സാധാരണക്കാരായ പാവപ്പെട്ടവരുടെ ശബ്ദമായിമാറാൻ കേശവൻ മുതലാളിക്ക് സാധിച്ചിരുന്നു. സ്വന്തം വരുമാനത്തിൽനിന്ന് സ്കൂളും മറ്റും നിർമിച്ച്‌ എസ്എൻഡിപി യോഗത്തിന് കൈമാറുമ്പോൾ തിരിച്ച് യാതൊന്നും പ്രതീക്ഷിക്കാതെ ഈ നാട്ടിലെ അധകൃതരായ എല്ലാ മനുഷ്യർക്കും ജാതിമതഭേദമെന്യേ വിദ്യാഭ്യാസം ലഭിക്കണമെന്ന് ആഗ്രഹമായിരുന്നു



deshabhimani section

Related News

View More
0 comments
Sort by

Home