യെച്ചൂരിയുടെയും കോടിയേരിയുടെയും സ്‌മരണകൾ നിറഞ്ഞ് സമ്മേളന നഗരി

പ്രത്യേക ലേഖകൻ
Published on Mar 06, 2025, 07:46 PM | 1 min read
കോടിയേരി ബാലകൃഷ്‌ണൻ നഗർ (ടൗൺ ഹാൾ): സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ സീതാറാം യെച്ചൂരിയുടെയും കോടിയേരി ബാലകൃഷ്‌ണന്റെയും സ്‌മരണകൾ നിറഞ്ഞു. പൊളിറ്റ്‌ബ്യൂറോ അംഗവും കോ- ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് നടത്തിയ പ്രസംഗത്തിൽ സീതാറാം യെച്ചൂരിയുടെ ആകസ്‌മിക വിയോഗം സൃഷ്ടിച്ച ആഘാതം വിശദീകരിച്ചു. 24–-ാം പാർടി കോൺഗ്രസിന്റെ കരട് രാഷ്‌ട്രീയ പ്രമേയം തയ്യാറാക്കിവരവെയാണ് ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി വിട്ടുപിരിഞ്ഞത്. ഇതേതുടർന്നുണ്ടായ ശൂന്യത കഠിനമായിരുന്നു. പാർടി പൊളിറ്റ്‌ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞത്. കരട് പ്രമേയം തയ്യാറാക്കാനും എല്ലാ സംസ്ഥാനസമ്മേളനങ്ങളും വിജയകരമായി നടത്താനും സാധിച്ചു. സീതാറാം യെച്ചൂരിയുടെ സംഭാവനകൾ ഉജ്വലമാണ്. കഴിഞ്ഞ സംസ്ഥാന സമ്മേളനം സെക്രട്ടറിയായും പാർടി കോൺഗ്രസ് പൊളിറ്റ്‌ബ്യൂറോ അംഗമായും തെരഞ്ഞെടുത്ത കോടിയേരി ബാലകൃഷ്‌ണന്റെ വിയോഗവും പാർടിക്ക് കനത്ത നഷ്ടമായെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
സമ്മേളനത്തിന് സ്വാഗതം ആശംസിച്ച സംഘാടക സമിതി ചെയർമാനും പാർടി കേന്ദ്രകമ്മിറ്റി അംഗവുമായ കെ എൻ ബാലഗോപാൽ ഇരുനേതാക്കൾക്കും കൊല്ലവുമായി ഉണ്ടായിരുന്ന ബന്ധം സ്‌മരിച്ചു. കോടിയേരി ബാലകൃഷ്‌ണൻ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത് കൊല്ലത്ത് സമ്മേളനം നടന്നപ്പോഴാണ്. സീതാറാം യെച്ചൂരിയുടെ പ്രഥമ കേരള സന്ദർശനം പുനലൂരിൽ നടന്ന എസ്‌എഫ്‌ഐ സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു- ബാലഗോപാൽ പറഞ്ഞു.
സമ്മേളന നഗരികളിലും ഇരുവരുടെയും സ്മരണകൾ നിറഞ്ഞുനിൽക്കുകയാണ്. ഇരുവരുടെയും ചിത്രങ്ങളും സമ്മേളന നഗരികളിൽ സ്ഥാപിച്ചിരിക്കുന്ന ഇൻസ്റ്റലേഷനുകളും ശ്രദ്ധേയമാണ്. കോടിയേരി ബാലകൃഷ്ണൻ, സീതാറാം യെച്ചൂരി, എൻ എസ് എന്നിവരുടെ പേരിലുള്ള ചത്വരങ്ങൾ (സ്ക്വയറുകൾ ) പ്രതിനിധി സമ്മേളനം നടക്കുന്നതിന് സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്.









0 comments