എസ് ടി റെഡ്യാരുടെ കഥ; മലയാളം അച്ചടിയുടെയും

എസ് ടി റെഡ്യാർ, വിദ്യാഭിവർധിനി അച്ചുകൂടം (ഫയൽ ചിത്രം)

അതുൽ ബ്ലാത്തൂർ
Published on Feb 15, 2025, 08:59 AM | 2 min read
കൊല്ലം : ‘ഓച്ചിറക്കളിക്കും കാർത്തികയ്‌ക്കും ഒന്നോ രണ്ടോ ദിവസംമുമ്പേ പ്രഭാതത്തിൽ ഇരട്ടവേഷ്‌ടിയുടുത്ത്, ഒരു കുടുത്തുണിയിട്ട്, ഒരു ഉത്തരീയവും ധരിച്ച് മരം കൊണ്ടുണ്ടാക്കിയ ഒരു ചട്ടക്കൂട്ടിൽ തകരംകൊണ്ടുള്ള ഒരു വളവരപ്പെട്ടിയുമായി മെലിഞ്ഞുനീണ്ട ഒരു പുറകിൽ കുടുമ്മിക്കാരൻ യുവാവ് പടനായരുകുളങ്ങര അമ്പലത്തിനു പടിഞ്ഞാറുവശത്തുള്ള ആൽത്തറയിൽ കണിശമായി ഹാജരാകും. ചിലപ്പോൾ ഒന്നുരണ്ടു കൂട്ടുകാരും ഉണ്ടായിരിക്കും. ആ മെലിഞ്ഞുനീണ്ട് ധാരാളം സംസാരിക്കുന്ന ശീലമുള്ള യുവാവായിരുന്നു പിന്നീട് പ്രസിദ്ധ പുസ്തക വ്യാപാരിയായിത്തീർന്ന സുബ്ബയ്യാ തെന്നാട്ടു റെഡ്യാർ.’ കവി സി എസ് സുബ്രഹ്മണ്യൻപോറ്റിയുടെ റെഡ്യാർ അനുസ്‌മരണമാണിത്. മലയാളത്തിലെ പുസ്‌തക പ്രസാധന ചരിത്രത്തിലേക്കുള്ള വെളിച്ചം. വിദ്യാഭിവർധിനി പ്രസിന്റെ കനകജൂബിലിവേളയിൽ (1937) പുറത്തിറക്കിയ സുവനീറിലാണ് രേഖപ്പെടുത്തൽ. തലച്ചുമടായി വീടുകളിലും ഉത്സവപ്പറമ്പുകളിലും എത്തി പുസ്തകംവിറ്റ, തമിഴ്നാട്ടിൽനിന്ന് ജീവിതവഴിതേടി കൊല്ലത്തുവന്ന ദരിദ്രനായ ഒരാൾ പിൽക്കാലത്ത് ഇവിടെ പ്രസിദ്ധനായ ഒരു പുസ്‌തക വ്യാപാരിയായിത്തീർന്ന ചരിത്രമാണ് സി എസ് രേഖപ്പെടുത്തിയത്. മലയാള സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രചാരകനായിമാറിയ കഥ.
തിരുനെൽവേലിക്കാരൻ മലയാളത്തിന്റെ പുസ്‌തകക്കാരൻ
1855ൽ തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ സമൂഹരംഗപുരത്താണ് സുബ്ബയ്യ തെന്നാട്ടു റെഡ്യാർ എന്ന എസ് ടി റെഡ്യാർ ജനിച്ചത്. തമിഴിൽ പ്രാഥമിക വിദ്യാദ്യാസംമാത്രമേ നേടാനായുള്ളൂ. 12–-ാം വയസ്സിൽ ഉപജീവനത്തിനായി പല ദിക്കിലേക്ക് തിരിച്ചു. ആദ്യം നാഗർകോവിലിൽ, പിന്നീട് തുരുവനന്തപുരത്ത്. 17–-ാം വയസ്സിൽ കൊല്ലത്തെത്തി. പുസ്‌തക വിൽപ്പന തുടങ്ങി. കുഞ്ഞുണ്ണിപ്പിള്ള എന്ന കുട്ടിയെ സഹായിയാക്കി. മലയാളവും പഠിച്ചു. രാമായണം, മഹാഭാരതം, ഭാഗവതം മുതൽക്കുള്ള കൃതികളുടെ വിപണനസാധ്യത റെഡ്യാർക്ക് തുണയായി. വരേണ്യകൃതികൾ കുറഞ്ഞവിലയ്‌ക്ക് ഉത്സവപ്പറമ്പിലും അങ്ങാടിയിലും വീടുകളിലും കൊണ്ടുചെന്നുവിറ്റു. ഒരേ സമയം കുടിലുകളിലും മാളികകളിലും പുസ്‌തകങ്ങളെത്തിച്ചു. സാഹിത്യരംഗത്തെ പ്രമുഖരുടെ സഹായത്തിൽ അന്യഭാഷാകൃതികളുടെ തർജമ വഴി താളിയോലകളിലെ സാഹിത്യം പുസ്‌തകത്തിലാക്കി, മിതമായ വിലയിട്ടു. സാധാരണക്കാർ എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ ഉൾപ്പെടെയുള്ളവരെ വായിച്ചു. കിളിപ്പാട്ട്, മണിപ്രവാളകൃതികൾ, വള്ളപ്പാട്ട്, തിരുവാതിരപ്പാട്ട്, അമ്മാനപ്പാട്ട്, കുമ്മി, ഊഞ്ഞാൽപ്പാട്ട് തുടങ്ങി വിവിധകാര്യങ്ങൾ പുസ്‌തകത്തിലായി. കുഞ്ചൻനമ്പ്യാരുടെ 56 തുള്ളൽക്കഥകൾ സമാഹരിച്ചതും 72 ആട്ടക്കഥകൾ ഒരൊറ്റ ഗ്രന്ഥമാക്കിയതും ശ്രദ്ധേയം.
വിദ്യാഭിവർധിനി പ്രസിന്റെ പിറവി
പുസ്‌തകവിൽപ്പന മെച്ചപ്പെട്ട ഘട്ടത്തിൽ സ്വന്തം ഉടമസ്ഥതയിലൊരു അച്ചടിശാല തുടങ്ങാൻ റെഡ്യാർ തീരുമാനിച്ചു. 1886-ൽ കൊല്ലത്ത് വിദ്യാഭിവർധിനി പ്രസ്‌സ്സ് സ്ഥാപിച്ചു. കോഴിക്കോട്ടുനിന്ന് വാങ്ങിയ പഴയ പ്രൂഫ് പ്രസിലായിരുന്നു തുടക്കം. പിന്നീട് ഇംഗ്ലണ്ടിൽനിന്ന് അച്ചടിയന്ത്രങ്ങൾ വരുത്തി പ്രസ് വിപുലമാക്കി. ചിന്നക്കടയിൽ പ്രസിനും പുസ്‌തകശാലയ്‌ക്കുമായി മന്ദിരങ്ങളും പണിതു. എ ആർ രാജരാജവർമ, കേരളവർമ വലിയകോയിതമ്പുരാൻ, സി എസ് സുബ്രഹ്മണ്യൻപോറ്റി, കെ സി കേശവപിള്ള, ഐ സി ചാക്കോ തുടങ്ങിയ സാഹിത്യപ്രതിഭകൾ വിദ്യാഭിവർധിനി പ്രസുമായി ബന്ധപ്പെട്ടിരുന്നു. കൊല്ലം അച്ചടിയുടെ ഈറ്റില്ലമായതിന്റെ തുടക്കം റെഡ്യാരിലൂടെയാണ്.
പുസ്‌തക ചരിത്ര പഠനത്തിൽ
മലയാള പുസ്‌തക ചരിത്രത്തിലെ നിർണായക സന്ദർഭങ്ങൾ പഠിച്ച പി ഭാസ്‌കരനുണ്ണി, കെ എം ഗോവി, ജി പ്രിയദർശനൻ, ഡോ. പി കെ രാജശേഖരൻ എന്നിവർ റെഡ്യാരുടെ സംഭാവന അടയാളപ്പെടുത്തിയിട്ടുണ്ട്. അക്കാദമിക മേഖലയിൽ റെഡ്യരുടെ സംഭാവന ഗവേഷണവിഷയമായി ഉയർത്തിയത് ഡോ. എ ജി ശ്രീകുമാർ ആണ്. ‘ആധുനികതയുടെ അക്ഷരവടിവുകൾ: എസ് ടി റെഡ്യാരും കേരളീയമുദ്രണവും' എന്ന പുസ്‌തകം ആവഴിക്കുള്ള സംഭാവനയാണ്.









0 comments