സിൽവർലൈനും കോച്ച് ഫാക്ടറിയും അനുവദിക്കണം

കേരളത്തിലെ റെയിൽവേ വികസനത്തോട് കേന്ദ്രത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ആവശ്യമായ ഫണ്ട് കേന്ദ്രം അനുവദിക്കണം. സ്റ്റേഷൻ വികസനം, പുതിയ ലൈനുകൾ, റെയിൽവേ സൗകര്യങ്ങൾ എന്നിവ ഏറ്റെടുക്കണം. സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകണം. യാത്രാ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം. പാലക്കാട്ടെ നിർദിഷ്ട കോച്ച് ഫാക്ടറി യാഥാർഥ്യമാക്കണം.
റെയിൽവേ സ്വകാര്യവൽക്കരണത്തെ സമ്മേളനം അപലപിച്ചു. ശക്തമായ പ്രചാരണ–- പ്രക്ഷോഭത്തിന് മുൻകൈയെടുക്കും. ശബരിപാത പൂർത്തിയാക്കുന്നതിന് പണം അനുവദിക്കണം. തലശേരി– -വയനാട്– -മൈസൂരു, കോഴിക്കോട്–- മൈസൂരു, നിലമ്പൂർ–- നഞ്ചൻകോട്, ഗുരുവായൂർ– തിരുന്നാവായ തുടങ്ങിയ പുതിയ പാതകൾ അനുവദിക്കണം. തിരുവനന്തപുരം, കോഴിക്കോട് സിറ്റികളിൽ മെട്രോറെയിൽ സാധ്യതാപഠനം ത്വരിതപ്പെടുത്തണം. തിരുവനന്തപുരം, കൊച്ചുവേളി, എറണാകുളം, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ കൂടുതൽ പ്ലാറ്റ്ഫോമുകൾ നിർമിക്കണം. തിരുവനന്തപുരം, കൊച്ചുവേളി, എറണാകുളം സൗത്തിൽ ട്രെയിനുകൾ വന്നാൽ സ്റ്റേബ്ലിങ് ലൈൻ അടുത്ത പ്രദേശത്ത് പണിയണം.
എറണാകുളത്തെ മാർഷലിങ് യാർഡ് ടെർമിനൽ സ്റ്റേഷൻ ഉടൻ പണി ആരംഭിക്കണം. തൃശൂർ– -എറണാകുളം ഓട്ടോമാറ്റിക് സിഗ്നലിങ് നടപ്പാക്കണം. കൊച്ചി ഹാർബർ, എറണാകുളം, കളമശേരി, അങ്കമാലി മേഖലകളിലെ ഗുഡ്‌സ്ഷെഡുകൾ നവീകരിക്കണം. തിരുവനന്തപുരം നോർത്ത്, സൗത്ത് സ്റ്റേഷനുകൾ വികസിപ്പിക്കണം. വിഴിഞ്ഞത്തേക്ക് ട്രാക്ക് നിർമാണം ആരംഭിക്കണം. പാറശാലയിലേക്ക് 10 കിലോമീറ്റർ പുതിയ ട്രാക്ക് നിർമിക്കണം.
പുതിയ ദീർഘദൂര ട്രെയിനുകൾ ആരംഭിക്കണം. സെമി ഹൈസ്പീഡ് ട്രാക്ക് വന്നാൽ നാലുമണിക്കൂറിൽ കാസർകോട്ടുനിന്ന് തിരുവനന്തപുരത്ത് എത്താം. പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ച് രണ്ടുവർഷമായിട്ടും അനുവാദം ലഭിച്ചിട്ടില്ലെന്നും പി സതീദേവി അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.









0 comments