ബദൽ, പോരാട്ടം ; കേരളം നയിക്കുന്നു : പ്രകാശ് കാരാട്ട്


സി കെ ദിനേശ്
Published on Mar 07, 2025, 01:25 AM | 1 min read
കോടിയേരി ബാലകൃഷ്‌ണൻ നഗർ (കൊല്ലം ടൗൺ ഹാൾ) : ബിജെപിയുടെ ഹിന്ദുത്വ വർഗീയതയ്ക്കും നവഉദാരവൽക്കരണ കോർപറേറ്റ് നയത്തിനുമെതിരായ പോരാട്ടത്തിനും ബദൽ വികസന നയത്തിനും രാജ്യത്ത് നേതൃത്വംനൽകുന്നത് കേരളമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ കോ–-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്. ഈ ദിശയിൽ കൂടുതൽ ശക്തമായ മുന്നേറ്റത്തിനുള്ള ഉത്തരവാദിത്വമാണ് കേരളത്തിലെ പാർടി ഏറ്റെടുക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്‌ത് കാരാട്ട് പറഞ്ഞു.
രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ ശക്തികൾ ഏറെ താൽപ്പര്യത്തോടെയാണ് കേരളത്തെ ഉറ്റുനോക്കുന്നത്. വികസനബദൽ എന്താണെന്ന് എൽഡിഎഫ് സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തി. രാഷ്ട്രീയ, സംഘടനാ കാര്യങ്ങൾക്കൊപ്പം സംസ്ഥാന സമ്മേളനം ‘നവകേരളത്തിനുള്ള പുതുവഴികൾ ’ എന്ന രേഖയും ചർച്ചചെയ്യുന്നു. എൽഡിഎഫ് സർക്കാരിന്റെ ബദൽ വികസനനയം കൂടുതൽ പുരോഗമനപരവും മതനിരപേക്ഷവും ആധുനികവുമായി നടപ്പാക്കുന്നതിനുള്ള ശരിയായ കാഴ്‌ചപ്പാട് രൂപീകരിക്കും. സമ്മേളനത്തിലെ ചർച്ച കേരളത്തിലെ പാർടിക്കും സർക്കാരിനും മാത്രമല്ല രാജ്യത്താകെ ഇടതുപക്ഷത്തിനും മതനിരപേക്ഷ ജനാധിപത്യശക്തികൾക്കും കരുത്തു പകരും.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയില്ലെന്നത് ബിജെപിക്കു തിരിച്ചടിയും മതനിരപേക്ഷ ജനാധിപത്യശക്തികൾക്ക് ആശ്വാസവുമാണ്. എന്നാൽ, ആർഎസ്‌എസിന്റെ നയങ്ങൾ നടപ്പാക്കുന്നതിൽനിന്ന് അവർ പിന്നോട്ടുപോയിട്ടില്ല. ലേബർ കോഡിന് ചട്ടങ്ങൾ രൂപീകരിച്ച് തൊഴിലാളികൾക്ക് എതിരായ നിബന്ധനകളും കർഷക കമ്പോളനയം വഴി നേരത്തെ പിൻവലിക്കാൻ നിർബന്ധിതമായ കാർഷിക നിയമങ്ങളും നടപ്പാക്കാൻ ശ്രമിക്കുകയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും വൻതോതിലാണ്. അതിരൂക്ഷമായ ജനവിരുദ്ധനയങ്ങൾ നടപ്പാക്കുന്ന നരേന്ദ്രമോദി സർക്കാരിനെതിരായ പോരാട്ടത്തിന് ബിജെപി വിരുദ്ധ ശക്തികളെയെല്ലാം ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത് ഇടതുപക്ഷമാണ്. ആ പോരാട്ടത്തിനു കേരളത്തിലെ പാർടി ശക്തി പകരുന്നുവെന്നും കാരാട്ട് പറഞ്ഞു.









0 comments