ബിജെപിക്കെതിരേ വേണ്ടത്‌ യോജിച്ച മുന്നേറ്റം

sammelanam
avatar
സി കെ ദിനേശ്‌

Published on Mar 09, 2025, 12:45 AM | 2 min read

കൊല്ലം : സിപിഐ എം 24–-ാം പാർടി കോൺഗ്രസിനു മുന്നോടിയായി അവസാനം നടക്കുന്ന കേരളത്തിലെ സമ്മേളനത്തിലും കൃത്യമായ രാഷ്ട്രീയ കാഴ്‌ചപ്പാട്‌ വിശദീകരിച്ചും ദിശാബോധം നൽകിയും നേതൃത്വം നൽകുകയാണ്‌ പിബി കോ–-ഓർഡിനേറ്റർ പ്രകാശ്‌ കാരാട്ട്‌. ബിജെപി–- ആർഎസ്‌എസ്‌ ശക്തികൾക്കെതിരെ ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെ ഐക്യപ്രസ്ഥാനവും യോജിച്ച മുന്നേറ്റവുമാണ്‌ ഉയർന്നുവരേണ്ടതെന്ന്‌ അദ്ദേഹം പറയുന്നു. ഒരു പാർടിയുടെ കീഴിൽ അത്തരം മുന്നേറ്റസാധ്യത ഇപ്പോൾ കാണാനാകില്ല. അതേസമയം, സംസ്ഥാന തലത്തിലും പ്രാദേശികമായും പലതരത്തിലുള്ള ജനമുന്നേറ്റങ്ങളും പ്രസ്ഥാനങ്ങളും നിലവിലുണ്ട്‌. കർഷക സംഘടനകളുടെയും ട്രേഡ്‌ യൂണിയനുകളുടെയും നേതൃത്വത്തിൽ അഖിലേന്ത്യ തലത്തിൽ ഐക്യ പ്രസ്ഥാനവും യോജിച്ച പ്രക്ഷോഭങ്ങളും നടക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച്‌ പ്രകാശ്‌ കാരാട്ട്‌ ദേശാഭിമാനിയോട്‌ സംസാരിക്കുന്നു.


ത്രിപുരയിലും ബംഗാളിലും ജനസ്വാധീനം വർധിച്ചു

രണ്ടിടത്തും സമ്മേളനങ്ങളിൽ സംഘടനാപരമായ കരുത്ത്‌ വീണ്ടെടുക്കാനാവശ്യമായ ചർച്ചയും തീരുമാനങ്ങളുമുണ്ടായി. ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാണ്‌ സമ്മേളനത്തിലേക്കു കടന്നത്‌. ബിജെപി അവിടെ പലയിടത്തും പാർടിയെ പ്രവർത്തിക്കാൻ പോലും അനുവദിച്ചില്ല. എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ട്‌ നേടാനായി. ആദിവാസി മേഖലയിലെ സ്വാധീനം വർധിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌. ബംഗാളിലും സീറ്റുകൾ നേടാനായിട്ടില്ലെങ്കിലും ജനപിന്തുണ വർധിപ്പിക്കാൻ കഴിഞ്ഞു. പ്രത്യേകിച്ച്‌ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ. ഗ്രാമീണമേഖലയിലെ കരുത്ത്‌ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്‌. തമിഴ്‌നാട്‌, തെലങ്കാന, ബിഹാർ തുടങ്ങി പല സംസ്ഥാനങ്ങളിലും പാർടി കൂടുതൽ ശക്തിനേടാനുള്ള ശ്രമത്തിലാണ്‌.


ഹിന്ദി മേഖലയിൽ പ്രത്യേക രാഷ്ട്രീയസാഹചര്യം

ഹിന്ദി മേഖലയിൽ വികസിച്ചുവന്ന രാഷ്ട്രീയസാഹചര്യം പ്രത്യേകമായി കാണണം. തൊണ്ണൂറുകൾക്കു ശേഷമാണ്‌ ഹിന്ദുത്വ വർഗീയത ഈ മേഖലയിൽ വേരുപിടിച്ചത്‌. ഒരു ഭാഗത്ത്‌ ഹിന്ദുത്വയുടെയും മറുഭാഗത്ത്‌ ജാതീയതയുടെയും ഏകീകരണമുണ്ടായി. ജന്മിമാരും അർധ ജന്മിമാരും വലിയ സ്വാധീനം ചെലുത്തുന്ന മേഖലയാണത്‌. അവർക്കെതിരെയും ബിജെപി–- ആർഎസ്‌എസ്‌ ഹിന്ദുത്വ ശക്തികൾക്കെതിരെയും ദീർഘകാല പോരാട്ടത്തിലൂടെ മാത്രമേ പാർടിക്കും ഇടതു പ്രസ്ഥാനങ്ങൾക്കും ശേഷി നേടാനാകൂ. കാർഷിക മേഖലയിലുള്ള മുന്നേറ്റം രാജസ്ഥാനിൽ കാര്യമായ ചലനമുണ്ടാക്കിയിട്ടുണ്ട്‌.


കേരളം പ്രതിസന്ധികളെ അതിജീവിക്കും

സംഘടിതവും ആസൂത്രിതവുമായ തന്ത്രങ്ങളിലൂടെ കേരളത്തിന്റെ പുരോഗതിയെ തടയാൻ ശ്രമിക്കുകയാണ്‌ മോദി സർക്കാർ. ബിജെപി ഇതര സർക്കാരുകളെ തകർക്കുകയാണ്‌ ലക്ഷ്യം. സാമ്പത്തികമായി ഞെരുക്കുന്നു. വരുമാന പ്രതിസന്ധിയില്ലാത്ത ഡൽഹിയിലെ ആം ആദ്‌മി പാർടി സർക്കാരിനെ കേന്ദ്രം നേരിട്ടത്‌ ലെഫ്‌റ്റനന്റ്‌ ഗവർണറെ ഉപയോഗിച്ചാണ്‌. ഭരണസംവിധാനത്തെ തകിടംമറിച്ച്‌ ജനവികാരം കെജ്‌രിവാൾ സർക്കാരിനെതിരെ തിരിച്ചു. കേരളത്തിലാകട്ടെ, എൽഡിഎഫ്‌ നൽകിയ പല വാഗ്ദാനങ്ങളും നടപ്പാക്കാൻ കേന്ദ്രം തടസ്സമുണ്ടാക്കുന്നു. ഈ പ്രതിസന്ധി മറികടക്കുന്നതിനുള്ള വഴികളാണ്‌ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുന്നത്‌.


കോൺഗ്രസ്‌ നിലപാട്‌ ആശ്ചര്യപ്പെടുത്തുന്നു

കേരളത്തിലടക്കം കോൺഗ്രസ്‌ എടുക്കുന്ന പല നിലപാടുകളും എന്നെ ആശ്ചര്യപ്പെടുത്തുന്നു. ഡൽഹിയിൽ ആം ആദ്‌മി പാർടി സർക്കാരിനെ കേന്ദ്രസർക്കാർ അതിക്രൂരമായി ആക്രമിച്ചപ്പോൾ കോൺഗ്രസ്‌, ബിജെപിയെ സഹായിക്കുന്ന നിലപാടെടുത്തു. അതേ നിലപാടാണ്‌ കേരളത്തിലും. എന്നാൽ, കർണാടകത്തിൽ സിദ്ധരാമയ്യക്കെതിരെ ചില കേസുകൾ വന്നപ്പോൾ ഇഡിയോ സിബിഐയോ വരണമെന്ന്‌ ഞങ്ങൾ ആവശ്യപ്പെട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home