പോരാട്ടത്തിന്റെ മാലാക്കായൽ

protest
avatar
ജിഷ്ണു മധു

Published on Feb 12, 2025, 01:38 PM | 2 min read

കൊല്ലം : വിശാലമായ പച്ചപ്പിൽ ശുദ്ധവായുവും കുളിർകാറ്റും ദേശാടനപ്പക്ഷികളുടെ സാന്നിധ്യവും നിറയുന്ന മാലാക്കായൽ അടിസ്ഥാനവർഗത്തിന്റെയും തൊഴിലാളികളുടെയും പ്രദേശമാണ്. രാജ്യത്താദ്യം മിച്ചഭൂമി വിതരണം നടന്ന സ്ഥലമെന്ന ബഹുമതി നേടിയ ത്യാഗോജ്വല പോരാട്ടത്തിന്റെ മണ്ണാണ്‌ പരവൂരിന്റേത്‌. സ്വന്തമായി ഭൂമിയെന്ന അവകാശത്തിനായി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ആയിരങ്ങൾ പോരാട്ടത്തിനിറങ്ങിയതോടെ സംസ്ഥാനത്തെ സംഘടിത തൊഴിലാളി മേഖലയ്ക്ക് ആവേശം പകരുന്ന സമരവേദി കൂടിയായി ഇവിടം. കോട്ടയംകാരനായ തരകൻ കൈയടക്കിവച്ചിരുന്ന 110ഏക്കർ സ്ഥലമാണ് പാർടി തീരുമാനപ്രകാരം തൊഴിലാളികൾ പിടിച്ചെടുത്തത്. അതിനായി ആഹ്വാനം ചെയ്‍തത് എ കെ ജിയും ആദ്യമായി വിത്തുവിതയ്ക്കാൻ എത്തിയത് ഗൗരിയമ്മയും.


എ കെ ജി നയിച്ച മിച്ചഭൂമി സമരത്തിന്റെ ഭാഗമായി ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തിൽ വന്നിട്ടും ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന ഉടമകളുടെ സ്ഥലം പിടിച്ചെടുത്ത മിച്ചഭൂമിസമരം മാലാക്കായലിലെ തൊഴിലാളി മുന്നേറ്റത്തെ അത്രത്തോളം സ്വാധീനിച്ചു. തിരുവിതാംകൂർ രാജാവിന്റെ കൈവശമുണ്ടായിരുന്ന തിരുവനന്തപുരം മുടവൻമുകൾ കൊട്ടാരം കൈയേറിയുള്ള സമരം പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപിച്ചു. ഭൂപരിഷ്കരണ നിയമം 1957ൽ പാസാക്കിയെങ്കിലും അത് നടപ്പാക്കുന്നതിനു മുമ്പേ വിമോചനസമരത്തിന്റെ ഭാഗമായി ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടു. പിന്നീട് 1970ൽ സി അച്യുതമേനോന്റെ കാലത്താണ് ഭൂപരിഷ്കരണ നിയമം നടപ്പായത്. അപ്പോഴും ബില്ലിൽ നിഷ്കർഷിക്കുന്ന പ്രകാരം കൈവശമുള്ള അധികഭൂമി വിട്ടുനൽകാൻ ഉടമകൾ തയ്യാറായിരുന്നില്ല എന്നതാണ് എ കെ ജിയുടെ നേതൃത്വത്തിലുള്ള ഭൂമി പിടിച്ചെടുക്കലിലേക്ക്‌ നയിച്ചത്‌.


1970–72 കാലയളവിൽ കേരളം സാക്ഷ്യം വഹിച്ച മാലാക്കായൽ സമരത്തിന്‌ എ സുകുമാരൻ, അഡ്വ. വാസുപിള്ള, അഡ്വ. എ ഹരിദാസ്, ഭരതൻ, ഹരിദാസക്കുറുപ്പ്, ആർ ശിവാനന്ദൻ, ശ്രീധരൻ എന്നിവർ മുന്നണിപ്പോരാളികളായി. മാലാക്കായൽ കർഷകസംഘമെന്ന പേരിൽ സമരസമിതി രൂപീകരിച്ചാണ്‌ കായൽ വറ്റിച്ച് കൃഷിഭൂമിയാക്കിയത്‌. സർക്കാർ സംവിധാനങ്ങളും പൊലീസും തങ്ങളാലാകുംവിധം സമരത്തെ അടിച്ചമർത്താനായി ചെറുപ്പക്കാരെ കള്ളക്കേസിൽ കുടുക്കുകയും കായികമായി നേരിടുകയുംചെയ്തു. എ സുകുമാരനെ പൊലീസ്‌ മർദിച്ച്‌ വലിച്ചിഴയ്ക്കുന്നത്‌ പല മുഖ്യധാരാ പത്രങ്ങളുടെയും ഒന്നാം പേജിൽ ഇടംനേടി. നൂറുകണക്കിനു ചെറുപ്പക്കാർ ഇടതുപക്ഷത്തേക്കു കടന്നുവരാനും പ്രദേശത്തെ പാർടി അടിത്തറ വിപുലപ്പെടുത്തുന്നതിലും സമരം നിർണായകമായെന്ന്‌ അന്ന്‌ സ്കൂൾ വിദ്യാർഥിയായിരുന്ന ശരത്‌ ചന്ദ്രൻ ആശാൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home