ഇവിടെ നിന്നു കിട്ടി ഒരു നോവലിന്റെ വിത്ത്


അതുൽ ബ്ലാത്തൂർ
Published on Feb 20, 2025, 02:24 AM | 2 min read
കൊല്ലം : ‘ചിന്നക്കടയിൽ പീടികകളുടെ പിറകിൽ ഒരു ഹോട്ടൽ ഉണ്ടായിരുന്നു. അവിടെ ഒരു മുറി എടുത്തു. ഊണു കഴിച്ചു. കടലാസ് മേടിച്ചു. ഒരു പഴയ ‘ബ്ലാക്ക് ബേർഡ് ഫൗണ്ടൻ പേന’ എന്റെ കൈയിൽ ഉണ്ടായിരുന്നു. ‘ഓടയിൽനിന്ന്’ എന്ന നോവൽ എഴുതാൻ തുടങ്ങി...’ ഉജ്വലമായ ആ കൃതിയുടെ പിറവിയെക്കുറിച്ച് കേശവദേവ് ഇങ്ങനെ ഓർത്തു.
ചിന്നക്കട ടൗണിലെ ആരും കാണാത്ത ഒരു കാഴ്‌ചയായിരുന്നു എഴുത്തിനുള്ള വിത്തായത്. മുളപൊട്ടി ദേവിന്റെ മനസ്സിൽ ആ കഥ പടർന്നു. തിരക്കേറിയ ചിന്നക്കട ടൗണും ജനങ്ങളും അവിടുത്തെ തൊഴിലാളിജീവിതവും പുരോഗമന സാഹിത്യത്തിൽ എക്കാലവും ഈടുവയ്‌പായ കൃതിക്ക് ജന്മം നൽകി.
എഴുത്തിന്റെ അരുണദശകം
1930കളിലുണ്ടായ തൊഴിലാളി–- കർഷക മുന്നേറ്റം സാഹിത്യത്തിലും പ്രതിഫലിച്ചു. മാർക്‌സിസവും റഷ്യൻ വിപ്ലവവും ജാതി– -ജന്മി–- ബ്രിട്ടീഷ്–- മുതലാളിത്ത വിരുദ്ധ പോരാട്ടവും ആശയാടിത്തറ പാകി. പട്ടിണി, ദാരിദ്ര്യം, ചൂഷണം ഉൾപ്പെടെയുള്ള ജീവിത യാഥാർഥ്യങ്ങളെ പുരോഗമനവാദികളായ എഴുത്തുകാർ പ്രമേയങ്ങളാക്കി. സമൂഹത്തിൽ അവശത അനുഭവിക്കുന്നവർ കേന്ദ്രകഥാപാത്രങ്ങളായി. ബഷീർ, ദേവ്, തകഴി, പൊറ്റെക്കാട്ട്, ഉറൂബ് തുടങ്ങിയവർ പുതിയൊരു എഴുത്തുകാലത്തെ അടയാളപ്പെടുത്തി
പി കേശവദേവ്
കൊല്ലം നഗരത്തിൽ
രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതി, ശക്തിപ്രാപിച്ച സ്വാതന്ത്ര്യസമരം, അരക്ഷിതമായ തിരുവിതാംകൂർ. പട്ടിണിക്കാലം. എന്തുചെയ്യണമെന്നും എങ്ങോട്ടുപോകണമെന്നും അറിയാതെയുള്ള അലച്ചിലായിരുന്നു. വീട്ടിൽ ആഹാരത്തിനുള്ള വകപോലും ഇല്ലാത്ത സ്ഥിതിയായപ്പോഴാണ് ദേവ് യാത്ര തിരിക്കുന്നത്. ഏതാനും ചെറുകഥകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ പുസ്തകം വിൽക്കണം, പണം കണ്ടെത്തണം എന്നതായിരുന്നു ലക്ഷ്യം. കൊല്ലം നഗരത്തിൽ എത്തിയ ദേവ് പലർക്കും പുസ്‌തകം നൽകിയെങ്കിലും പണം കിട്ടിയില്ല. കൊല്ലത്തെ തൊഴിലാളി സംഘടനയായ ക്വയിലോൺ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫീസാണ് ഒടുവിൽ അഭയസ്ഥാനമായത്. എൻ ശ്രീകണ്ഠൻനായർ പ്രസിഡന്റും ടി കെ ദിവാകരൻ സെക്രട്ടറിയുമായ സംഘടനയുടെ ഓഫീസ് ചിന്നക്കടയിൽ പീടികകളുടെ മുകളിലുള്ള ചെറിയ മുറിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഒരു ഡസ്കും രണ്ടു ബെഞ്ചും രണ്ടു കസേരയും പരിമിതമായ സൗകര്യം. മുറിയുടെ മുൻവശത്ത് വിശാലമായൊരു വരാന്ത. രാത്രി ഇവിടെ കഴിച്ചുകൂട്ടാൻ തീർച്ചപ്പെടുത്തി. ടി കെ ദിവാകരൻ തൊഴിലാളി പ്രവർത്തനത്തിനായി പുറത്തുപോയിരുന്നു. രാവിലെയും ഉച്ചയ്‌ക്കുമായി ഓരോ ഗ്ലാസ് ചായമാത്രം അന്നത്തെ ആഹാരം. സന്ധ്യയായപ്പോൾ അതുവരെ ഒപ്പമുണ്ടായിരുന്ന ആൾ ഒരു റാന്തൽവിളക്കു തെളിച്ചുവച്ച് വീട്ടിലേക്കും പോയി. ഒരു ബെഞ്ചെടുത്ത് വരാന്തയിലിട്ട് ദേവ് അതിലിരുന്നു.
ഒരു കാഴ്‌ച, ഒരു കഥയുടെ വളർച്ച!
റിക്ഷയും കാളവണ്ടിയും ബസും ലോറിയും കാറും യാത്രക്കാരും തൊട്ടപ്പുറമുള്ള റെയിൽവേ സ്റ്റേഷനും വണ്ടികൾ വരുന്നതും പോകുന്നതും എല്ലാം ദേവ് അവിടെയിരുന്ന് കണ്ടു. ഒരു റിക്ഷാവണ്ടിയും റിക്ഷാക്കാരനും ദേവിന്റെ കണ്ണിൽപെട്ടു. അയാൾ റിക്ഷയുടെ ചവിട്ടുപടിയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എഴുന്നേറ്റു. റിക്ഷ കൈയിലെടുത്ത് പിറകോട്ടുതള്ളി മുന്നോട്ട് ആഞ്ഞുവലിച്ച് പോകാനുള്ള ചടുലമായ തയ്യാറെടുപ്പിനിടെ പിറകിൽനിന്നിരുന്ന ഒരു പെൺകുട്ടിയെ തട്ടി. അവൾ ഓടയിലേക്ക് തെറിച്ചുവീണു. അവളുടെ കൈയിലെ കടലാസ് പൊതികളും കുപ്പിയും ചിതറി. അവൾ കരഞ്ഞു. വീണതിനേക്കാൾ വേദന അത്താഴത്തിനുള്ള വകയെല്ലാം പോയതിനായിരുന്നു. റിക്ഷാക്കാരൻ പെൺകുട്ടിയെ പൊക്കിയെടുത്തു. ദേഹത്ത് പറ്റിയ അഴുക്കുവെള്ളം തുടച്ചു. ആശ്വസിപ്പിച്ചു. മടിയിൽനിന്നു കാശെടുത്ത് അവൾക്കു നൽകി. റിക്ഷയും വലിച്ചുകൊണ്ട് അയാൾ ഓടിപ്പോയി. പെൺകുട്ടിയും പോയി. ആ സംഭവം ദേവിന്റെ മനസ്സിൽ കഥയായി വികസിച്ചു.
റിക്ഷാക്കാരന് ‘പപ്പു’ എന്നും പെൺകുട്ടിക്ക് ‘ലക്ഷ്മി'യെന്നും ദേവ് പേരുനൽകി. പിറ്റേദിവസം രാവിലെ യൂണിയൻ ഓഫീസിലെ മുറിയിലിരുന്ന് ദേവ് എഴുതി- ‘ഓടയിൽനിന്ന്’ എന്ന നോവൽ. പിന്നീട് കെ എസ് സേതുമാധവൻ അതേപേരിൽ അത് സിനിമയുമാക്കി.
പപ്പു തൊഴിലാളിവർഗത്തിന്റെ
ഉശിരൻ രൂപം
സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽനിന്നായിരുന്നു ദേവ് തന്റെ കഥാപാത്രങ്ങളെ കണ്ടെത്തിയിരുന്നത്. അധ്വാനിക്കുന്ന, അവശത അനുഭവിക്കുന്ന, നിതാന്തമായ പോരാട്ടം നയിക്കുന്ന മനുഷ്യർ. അതിലൊരാളാണ് പപ്പു. ഉശിരനായ ഒരു തൊഴിലാളി രൂപം. കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച പപ്പു ജന്മിത്തത്തെ ചോദ്യംചെയ്‌തു. നാടുവിട്ട് നഗരത്തിലെത്തി ചുമട്ടുകാരനായി, നെയ്‌ത്തുകാരനായി, കമ്പനിയിലും ജോലി നോക്കി, മുതലാളിത്തത്തിന്റെ അനീതികളോട് പ്രതികരിച്ചു. ജയിൽവാസവും അനുഭവിച്ചു. റിക്ഷാക്കാരനായി. നാളെയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ നെയ്‌ത എല്ലാ മനുഷ്യരുടെയും പ്രതിനിധിയായി.









0 comments