മാധ്യമ പ്രചാരണങ്ങളും പാർടി നിലപാടും

ഫാസിസവും നവഫാസിസവും

fascism india
avatar
പുത്തലത്ത് ദിനേശൻ

Published on Mar 01, 2025, 09:22 PM | 4 min read

സി.പി.ഐ (എം)ന്റെ 24-ാം പാര്‍ടി കോണ്‍ഗ്രസ്‌ ബി.ജെ.പി മുന്നോട്ടുവെക്കുന്ന ഫാസിസ്റ്റ്‌ നയങ്ങളുമായി സമരസപ്പെട്ടിരിക്കുന്നുവെന്ന രീതിയിലുള്ള പ്രചരണം വ്യാപകമായി നടത്തിക്കൊണ്ടിരിക്കുകയാണ്‌. അതിനായി രഹസ്യ രേഖകള്‍ തന്നെ സി.പി.ഐ (എം) വിതരണം ചെയ്‌തെന്നാണ്‌ മാതൃഭൂമിയുടെ കണ്ടെത്തല്‍. തെറ്റായ പ്രചരണങ്ങളുടെ തീമഴയാണ്‌ തുടര്‍ന്ന്‌ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌.


ഫാസിസത്തെ സംബന്ധിച്ച കമ്മ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലിന്റെ നിലപാട്‌ ദിമിത്രോവ്‌ പ്രസിദ്ധമായ ഫാസിസത്തിനെതിരായ ഐക്യമുന്നണിയെന്ന രേഖയില്‍ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്‌. ``ഫിനാന്‍സ്‌ മൂലധനക്കാരില്‍ വെച്ച്‌ ഏറ്റവും പിന്തിരിപ്പനും, അങ്ങേയറ്റത്തെ സങ്കുചിത ദേശീയവാദികളും, കടുത്ത സാമ്രാജ്യത്വവാദികളുമായ ശക്തികളുടെ പരസ്യവും, ഭീകരവുമായ സ്വേച്ഛാധിപത്യവുമാണ്‌ അധികാരത്തിലേറിയ ഫാസിസം''. ഇങ്ങനെ വ്യക്തമാക്കിയശേഷം അതിന്റെ മറ്റ്‌ മുഖങ്ങളേയും അവതരിപ്പിക്കുന്നു. ``തൊഴിലാളി വര്‍ഗ്ഗത്തിനും, കൃഷിക്കാരിലെ വിപ്ലവബോധമുള്ള വിഭാഗത്തിനും, ബുദ്ധിജീവികള്‍ക്കുമെതിരായ ഭീകരമായ പ്രതികാരത്തിനുള്ള സംഘടനയാണത്‌. വിദേശ നയത്തില്‍ മറ്റ്‌ രാഷ്‌ട്രങ്ങളോട്‌ മൃഗീയമായ പക വളര്‍ത്തുന്ന ഫാസിസം സങ്കുചിത ദേശീയത്വത്തിന്റെ ഏറ്റവും പ്രാകൃത രൂപമാണ്‌'' എന്ന്‌ വ്യക്തമാക്കുന്നു.


മാര്‍ക്‌സിസം മുന്നോട്ടുവെക്കുന്ന ഈ അടിസ്ഥാന ധാരണയില്‍ നിന്ന്‌ സി.പി.ഐ (എം)ന്റെ പാര്‍ടി പരിപാടി ആര്‍.എസ്‌.എസിനേയും, അത്‌ നയിക്കുന്ന ബി.ജെ.പിയേയും കുറിച്ച്‌ ഇങ്ങനെ വ്യത്തമാക്കുന്നു. ``വര്‍ഗ്ഗീയവും, ഫാസിസ്റ്റ്‌ സ്വഭാവമുള്ളതുമായ ആര്‍.എസ്‌.എസ്‌ നേതൃത്വത്തിലുള്ള കൂട്ടുകെട്ട്‌ ഉയര്‍ന്നുവരികയും, കേന്ദ്രത്തില്‍ അധികാരമേറുകയും ചെയ്‌തതോടെ മതനിരപേക്ഷതയുടെ അടിത്തറക്കുള്ള ഭീഷണി സംഭ്രമജനകവുമായിട്ടുണ്ട്‌. ഭരണകൂട സ്ഥാപനങ്ങളേയും, ഭരണസംവിധാനത്തേയും, വിദ്യാഭ്യാസ വ്യവസ്ഥയേയും, മാധ്യമങ്ങളേയും വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ നിരന്തരം ശ്രമങ്ങള്‍ നടക്കുന്നു. ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ വളര്‍ച്ച ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ ശക്തികള്‍ക്ക്‌ കരുത്തേകുകയും, ദേശീയ ഐക്യത്തെ അപകടപ്പെടുത്തുകയും ചെയ്യുന്നു. വന്‍കിട ബൂര്‍ഷ്വാസിയിലെ ചില ശക്തികള്‍ ബി.ജെ.പിക്കും, അതിന്റെ വര്‍ഗ്ഗീയ ശക്തികള്‍ക്കും നല്‍കുന്ന പിന്തുണ രാജ്യത്തെ ജനാധിപത്യത്തിനും, മതനിരപേക്ഷതക്കും ഗുരുതരമായ ഭവിഷത്തുകള്‍ ഉളവാക്കുന്നതാണ്‌''. ബി.ജെ.പി രാജ്യത്ത്‌ അധികാരത്തിലെത്തുന്നതോടെ നേരിടുന്ന ഗുരുതരമായ പ്രശ്‌നത്തെ ഇത്തരത്തിലാണ്‌ കാണുന്നത്‌.


കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയെ സംബന്ധിച്ചിടത്തോളം പാര്‍ടി പരിപാടി ദീര്‍ഘകാലമായ ലക്ഷ്യമായ വിപ്ലവ തന്ത്രം മുന്നോട്ടുവെക്കുന്നു. ഇതിനെ പ്രായോഗികമാക്കാനുള്ള അടവുകളാണ്‌ പാര്‍ടി കോണ്‍ഗ്രസുകളില്‍ ചര്‍ച്ച ചെയ്യുന്നത്‌. 23-ാം പാര്‍ടി കോണ്‍ഗ്രസ്‌ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുകയെന്നത്‌ പ്രത്യേക കടമയായി കാണുകയും, അതിനായി ഓരോ സംസ്ഥാനത്തേയും ബി.ജെ.പി വിരുദ്ധ വോട്ടുകളെ കൂട്ടിയോജിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇന്ത്യാവേദിയുടെ പൊതുസമീപനമായി പിന്നീട്‌ ഇത്‌ മാറി. ഇത്‌ ബി.ജെ.പിക്കെതിരായ വിശാലമായ ഐക്യനിര വിവിധ സംസ്ഥാനങ്ങളില്‍ രൂപപ്പെടുത്തുന്നതിനിടയാക്കി. അതിലൂടെയാണ്‌ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം നേടാമെന്ന ബി.ജെ.പിയുടെ സ്വപ്‌നം കേവല ഭൂരിപക്ഷത്തില്‍ പോലും പൊലിഞ്ഞുപോയത്‌.


പാർട്ടി കോൺഗ്രസുകൾ വിശദീകരിച്ചത്


22-ാം പാര്‍ടി കോണ്‍ഗ്രസ്‌ ബി.ജെ.പി ഫാസിസ്റ്റ്‌ പ്രവണതകള്‍ പ്രകടിപ്പിക്കുന്നകാര്യം വ്യക്തമാക്കി. 23-ാം പാര്‍ടി കോണ്‍ഗ്രസാവട്ടെ മോദി ഗവണ്‍മെന്റ്‌ ആര്‍.എസ്‌.എസിന്റെ ഫാസിസ്റ്റ്‌ സ്വഭാവമുള്ള അജണ്ട നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചു. ഇതിന്റെ തുടര്‍ച്ചയില്‍ 24-ാം പാര്‍ടി കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ പ്രമേയം ഇങ്ങനെ പറഞ്ഞു. ``ഹിന്ദുത്വത്തെ ഭരണകൂട ആശയസംഹിതയാക്കാനും, മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ ഹിന്ദുരാഷ്‌ട്രമായി പരിവര്‍ത്തനം ചെയ്യാനുമുള്ള ആര്‍.എസ്‌.എസ്‌ അജണ്ട ക്രമാനുകതമായി പിന്തുടരുന്നുവെന്നതിന്‌ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തെ സംഭവങ്ങള്‍ ആവശ്യമായ തെളിവ്‌ തരുന്നുണ്ട്‌''. ഇങ്ങനെ രേഖപ്പെടുത്തിയശേഷം ബി.ജെ.പി ന്യൂനപക്ഷങ്ങള്‍ക്കും, രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിനുമെല്ലാം എതിരായി നടത്തുന്ന കാര്യങ്ങളെ കരട്‌ പ്രമേയം വിശദീകരിക്കുന്നു.


fascism


ഓരോ രാജ്യത്തിന്റേയും ചരിത്രപരവും, സാമൂഹികവും, സാമ്പത്തികവുമായ പരിതസ്ഥിതിക്ക്‌ അടിസ്ഥാനമായാണ്‌ ഫാസിസം രൂപംകൊള്ളുന്നത്‌. അതുകൊണ്ട്‌ തന്നെ ഓരോ രാജ്യത്തും അവര്‍ കടന്നുവരുന്ന വഴി വിശദമായ പരിശോധനക്ക്‌ വിധേയമാക്കേണ്ടതുണ്ട്‌ ദിമിത്രോവ്‌ തന്റെ ഫാസിസത്തിനെതിരായ ഐക്യമുന്നണിയെന്ന രേഖയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. ഇ.എം.എസ്‌ ഇത്‌ സംബന്ധിച്ച്‌ വിശദീകരിക്കുമ്പോള്‍ ഫാസിസത്തെ സംബന്ധിച്ച മൗലിക തത്വങ്ങള്‍ ഏതെന്ന്‌ മനസ്സിലാക്കാന്‍ ഈ രേഖ സഹായിക്കുമെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. ഒപ്പം പറയുന്ന കാര്യം ഏറെ പ്രസക്തമാണ്‌. ``അന്ന്‌ ഫാസിസത്തിന്‌ നല്‍കിയ നിര്‍വ്വചനമനുസരിച്ച്‌ ഇന്നത്തെ ഏതെങ്കിലുമൊരു ഗവണ്‍മെന്റിനേയോ രാഷ്‌ട്രീയ പാര്‍ടിയേയോ വിലയിരുത്താന്‍ ശ്രമിക്കുന്നത്‌ അസംബന്ധമായിരിക്കുമെന്നര്‍ത്ഥം. എന്തുകൊണ്ടെന്നാല്‍ അന്നത്തെ സാര്‍വ്വദേശീയ സാഹചര്യമല്ല ഇന്ന്‌ നിലനില്‍ക്കുന്നത്‌''. ഈ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ ഇന്ത്യയിലെ ഫാസിസ്റ്റ്‌ അജണ്ടകളുമായി പ്രവര്‍ത്തിക്കുന്നവരാണ്‌ ആര്‍.എസ്‌.എസ്‌ എന്ന നിലപാടില്‍ ഉറച്ച്‌ നിന്നുകൊണ്ട്‌ അതിന്റെ സവിശേഷതകളെ പരിശോധിക്കുന്നതിന്‌ സി.പി.ഐ (എം) തയ്യാറായത്‌.

നവഫാസിസം ഉടലെടുത്തത്


ഇതിന്റെ ഭാഗമായി കരട്‌ രാഷ്‌ട്രീയ പ്രമേയത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ പറയുന്നുണ്ട്‌. ``പിന്തിരിപ്പന്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമങ്ങളും, പ്രതിപക്ഷത്തേയും ജനാധിപത്യത്തേയും അടിച്ചമര്‍ത്തുന്നതിനുള്ള അമിതാധികാര നീക്കങ്ങളും, നവഫാസിസ്റ്റ്‌ സ്വഭാവ വിശേഷങ്ങളെയാണ്‌ പ്രകടിപ്പിക്കുന്നത്‌''. ഇവിടെ പ്രയോഗിക്കപ്പെട്ട നവഫാസിസമെന്ന്‌ കാര്യത്തെ വിശദീകരിച്ചുകൊണ്ട്‌ പി.ബി ഒരു പ്രത്യേക കുറിപ്പ്‌ കരട്‌ രാഷ്‌ട്രീയ പ്രമേയത്തിന്റെ അവസാനം നല്‍കിയിട്ടുണ്ട്‌. ഇതില്‍ യൂറോപ്പിലെ ഫാസിസത്തിനും, ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ഫാസിസത്തിനും തമ്മിലുള്ള ബന്ധത്തേയും, വ്യത്യസ്‌തതകളേയും വിശകലനം ചെയ്യുന്നു.

ascist tourtures

ന്യൂനപക്ഷത്തെ അപരരായി കാണുന്ന രീതി വന്‍കിട ബൂര്‍ഷ്വാസിയുടെ ശക്തമായ ചിന്തകള്‍ എന്നിവയെല്ലാം ഹിറ്റ്‌ലറുടേയും, മുസോളനിയുടേയും കാലത്തേതെന്നപോലെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. ഹിന്ദുത്വ സങ്കുചിത പ്രത്യയശാസ്‌ത്രം, നവലിബറല്‍ പ്രതിസന്ധി, വന്‍കിട ബൂര്‍ഷ്വാസിയുടെ താല്‍പര്യത്തിനൊപ്പിച്ച്‌ അമിതാധികാരത്തിന്റെ രീതി എന്നിവയും, നവഫാസിസത്തിന്റെ രൂപമാണെന്ന കാര്യം രേഖയിലുണ്ട്‌. അന്നത്തെ കാലത്ത്‌ നിന്നും വ്യത്യസ്‌തമായി സാമ്രാജ്യത്വ രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നില്ല. ഫാസിസ്റ്റ്‌ ശക്തികളാവട്ടെ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന അസംതൃപ്‌തിയെ മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്‌. അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ ആ നയങ്ങള്‍ തന്നെ ഇവര്‍ നടപ്പിലാക്കുന്ന സ്ഥിതിയും ഉണ്ട്‌.


കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ നയങ്ങള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്‌ ബി.ജെ.പി അധികാരത്തില്‍ വന്നത്‌. എന്നാല്‍, അധികാരത്തില്‍ വന്ന ശേഷം ആ നയം കൂടുതല്‍ ശക്തമായി തുടരുകയാണ്‌ ചെയ്‌തത്‌ എന്ന ഇന്ത്യന്‍ അനുഭവങ്ങളെ ഇവിടെ ചേര്‍ത്ത്‌ വായിക്കേണ്ടതുണ്ട്‌.


ഫാസിസ്റ്റുകള്‍ അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ്‌ നിര്‍ത്തുന്ന നയമാണ്‌ സ്വീകരിച്ചത്‌. ഇപ്പോള്‍ അത്‌ നിലനിര്‍ത്തിക്കൊണ്ട്‌ തന്നെ പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയും, അമിതാധികാര രീതികള്‍ ഉപയോഗിക്കുകയും ചെയ്യുന്ന രീതി വികസിക്കുകയാണ്‌. നിലവിലുള്ള ഭരണ സംവിധാനത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട്‌ ദീര്‍ഘകാലം പ്രവര്‍ത്തിച്ച്‌ ഭരണകൂടത്തിന്റെ ഘടനയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുന്ന പുതിയ പ്രവണത നിലനില്‍ക്കുന്ന കാര്യവും വിശദീകരിക്കുന്നുണ്ട്‌.

സംഘപരിവാറിന്റെ ഫാസിസ്റ്റ് പിന്തുടർച്ച


ഇന്നത്തെ സാഹചര്യത്തില്‍ സംഘപരിവാര്‍ ഫാസിസത്തിന്റെ വഴിയിലേക്കാണ്‌ നീങ്ങുന്നത്‌. നിലവില്‍ ഫാസിസമായി അത്‌ മാറിയിട്ടില്ല. അങ്ങനെ മാറിയിരുന്നുവെങ്കില്‍ പ്രതിപക്ഷ കക്ഷികളോ, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പത്രങ്ങളോ പ്രസിദ്ധീകരിക്കാന്‍ കഴിയുമായിരുന്നില്ല. സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ഇന്നുള്ള സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുവാനും കഴിയുമായിരുന്നില്ല.


ascist tourtures4


അതേസമയം, ബി.ജെ.പി - ആര്‍.എസ്‌.എസ്‌ എന്നിവയോട്‌ ഏറ്റുമുട്ടി അവരെ തടഞ്ഞില്ലെങ്കില്‍ ഇപ്പോഴത്തെ ഹിന്ദുത്വ - കോര്‍പ്പറേറ്റ്‌ - അമിതാധികാരം ഫാസിസമായി മാറുമെന്ന കാര്യവും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്‌. ആര്‍.എസ്‌.എസ്‌ ഫാസിസ്റ്റ്‌ സംഘടനയാണ്‌ എന്ന കാര്യത്തിലും, അവര്‍ അതിനായാണ്‌ ശ്രമിക്കുന്നത്‌ എന്ന കാര്യത്തിലും യാതൊരു സംശയവും സി.പി.ഐ (എം)ന്‌ അന്നും, ഇന്നും ഇല്ല.


സി.പി.ഐ (എം.എല്‍)ന്റെ നിലപാട്‌ പ്രകാരം ഇന്ത്യയില്‍ ഫാസിസമായിക്കഴിഞ്ഞു. സി.പി.ഐ മോദി ഗവണ്‍മെന്റിനെ ഫാസിസ്റ്റ്‌ ഗവണ്‍മെന്റ്‌ എന്നും വിശേഷിപ്പിക്കുന്നു. സി.പി.ഐ (എം) ഫാസിസ്റ്റ്‌ പ്രവണതകളുള്ളതാണ്‌ ബി.ജെ.പിയെന്നും, അവരുടെ ഭരണത്തെ തടഞ്ഞില്ലെങ്കില്‍ അത്തരമൊരവസ്ഥയില്‍ എത്തിച്ചേരുമെന്നും സി.പി.ഐ (എം) വിലയിരുത്തുന്നു.


ബിജെപി മുഖ്യ വിപത്ത്


ബി.ജെ.പി ഫാസിസ്റ്റ്‌ അജണ്ടകള്‍ മുന്നോട്ടുവെക്കുന്ന സംഘടനയാണ്‌ എന്ന കാര്യത്തില്‍ മൂന്ന്‌ ഇടതുപക്ഷ കക്ഷികള്‍ക്കും ഒരേ അഭിപ്രായമാണ്‌. എന്നാല്‍, ഫാസിസത്തിലേക്കുള്ള പ്രയാണത്തില്‍ അത്‌ എത്രത്തോളം എത്തിയെന്ന കാര്യത്തില്‍ മാത്രമാണ്‌ അഭിപ്രായ വ്യത്യാസമുള്ളത്‌. ബി.ജെ.പി മുഖ്യ വിപത്താണ്‌ എന്നും, അതിനാല്‍ ബി.ജെ.പിയെ പ്രതിരോധിക്കുകയെന്നത്‌ അടിയന്തിര കടമയായി കണ്ട്‌ ഇടതുപക്ഷത്തിന്‌ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിന്‌ ഇവയൊന്നും യാതൊരു തടസ്സവുമല്ല.

സി.പി.ഐ (എം)ന്റെ കരട്‌ രാഷ്‌ട്രീയ പ്രമേയത്തില്‍ ബി.ജെ.പിയെ മുഖ്യ ശത്രുവായി കാണുകയും, അവര്‍ക്കെതിരായി ശക്തമായ നിലപാടെടുക്കാന്‍ ഇടതുപക്ഷ ഐക്യം ശക്തിപ്പെടേണ്ടതുണ്ട്‌ എന്നും ഊന്നിപ്പറയുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെയാണ്‌ ഇന്ത്യാവേദിയുമായി ഇപ്പോഴുള്ള സഹകരണം തുടരേണ്ടതുണ്ട്‌ എന്ന നിലപാട്‌ കരട്‌ പ്രമേയം സ്വീകരിക്കുന്നത്‌.


പാര്‍ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്‌ത്‌ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടായിരിക്കും പ്രമേയം അംഗീകരിക്കുക. അപ്പോഴും ആര്‍.എസ്‌.എസ്‌ ഫാസിസ്റ്റ്‌ സംഘടനയാണെന്ന കാര്യത്തിലോ, അവയെ പരാജയപ്പെടുത്തേണ്ടത്‌ സുപ്രധാനമായ കടമയാണെന്ന കാര്യത്തിലും ഒരുമാറ്റവും ഉണ്ടാകില്ല. കാരണം പാര്‍ടി പരിപാടി അതിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌. അതിലെ കാഴ്‌ചപ്പാടുകളെ അതാത്‌ കാലത്ത്‌ പ്രായോഗികമാക്കാനുള്ള വഴികളാണ്‌ പാര്‍ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുന്നത്‌. ഇന്ത്യന്‍ സാഹചര്യത്തിലെ ഫാസിസത്തിന്റെ നിലയും, അതിന്റെ സവിശേഷതയും കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്യുന്ന സി.പി.ഐ (എം)ന്റെ രീതി യഥാര്‍ത്ഥത്തില്‍ അവയ്‌ക്കെതിരായുള്ള പ്രതിരോധത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള വഴി സൃഷ്ടിക്കുകയൂള്ളൂ.



deshabhimani section

Related News

View More
0 comments
Sort by

Home