നവകേരളത്തെ നയിക്കാൻ

ഒ വി സുരേഷ്
Published on Mar 10, 2025, 12:00 AM | 3 min read
ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത, വികേന്ദ്രീകൃത ഭരണനിർവഹണം, ദാരിദ്ര്യനിർമാർജനം, വ്യവസായ സൗഹൃദം... കേരളം രാജ്യത്ത് ഒന്നാമതാണെന്ന് ദിവസവും തെളിയിക്കപ്പെടുന്നു. യുഡിഎഫ് തകർത്തെറിഞ്ഞ കേരളത്തെ നവകേരളമാക്കി പരുവപ്പെടുത്താൻ എൽഡിഎഫ് സർക്കാർ നടത്തിയ പരിശ്രമത്തിന്റെ ഫലമാണിത്. ഇങ്ങനെ സൃഷ്ടിച്ച നവകേരളത്തെ മുന്നോട്ടുനയിക്കാൻ പുതുവഴികൾ തുറന്നുവയ്‌ക്കുകയാണ് കൊല്ലത്തു ചേർന്ന സിപിഐ എം സംസ്ഥാന സമ്മേളനം. കേന്ദ്രത്തിന്റെ കടുത്ത അവഗണനയും വിവേചനവും നേരിടുമ്പോഴും വളർന്നുവികസിച്ച കേരളത്തെ വികസിത–- അർധവികസിത രാജ്യങ്ങളിലെ ജീവിതനിലവാരത്തിലേക്ക് എത്തിക്കാനുള്ള ഇടപെടലുകളാണ് രേഖ മുന്നോട്ടുവയ്‌ക്കുന്നത്.
മൂലധനനിക്ഷേപത്തിൽ വലിയ മുന്നേറ്റമാണ് എട്ടുവർഷത്തിലുണ്ടായത്. 2011–-16ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മൂലധന നിക്ഷേപം 24,505 കോടി രൂപയായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അത് 47,680 കോടിയും. ഈ സർക്കാരിന്റെ ആദ്യ മൂന്നുവർഷത്തിൽ 41,772 കോടിയായി.
പശ്‌ചാത്തല സൗകര്യവികസനത്തിനായി 1147 പദ്ധതിയിലായി 87,521.36 കോടി രൂപയുടെ നിക്ഷേപം. യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ 5580 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ ചെലവിട്ടത്. തൊഴിൽമേഖലയിലും വലിയ കുതിപ്പുണ്ടായി.
സ്ഥിരംജോലിയിൽ ഏർപ്പെട്ടവരുടെ അനുപാതം 2023– -24 ആകുമ്പോഴേക്ക് 35 ശതമാനമായി ഉയർന്നു. ഈ കാലത്തെ ദേശീയശരാശരി 22 ശതമാനം മാത്രമാണ്. 2016ൽ 300 സ്റ്റാർട്ടപ്‌മാത്രം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 6100 ആയി. വ്യാവസായിക, കാർഷിക മേഖലയിലും പുത്തനുണർവ് ഉണ്ടായി. വൈജ്ഞാനിക സമൂഹസൃഷ്ടിയിലും വലിയ മുന്നേറ്റം.
കേരളമാണ് ബദൽ
ഫെഡറലിസം തകർക്കാനുള്ള കേന്ദ്രശ്രമത്തിനെതിരായ പോരാട്ടം മുന്നോട്ടുവച്ചത് എൽഡിഎഫ് സർക്കാരാണ്. ഗവർണർമാരെ ഉപയോഗിച്ച് പ്രതിപക്ഷ സർക്കാരുകൾക്കെതിരെ നടത്തുന്ന നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലപ്പെടുത്തുന്നതിനെതിരായ ബദലുകളായിരുന്നു കിഫ്‌ബിയും പെൻഷൻ ഫണ്ടും. എന്നാൽ, ഇവയെയും സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ കൊണ്ടുവന്ന് ഞെരുക്കി. വൈജ്ഞാനിക സമൂഹസൃഷ്ടിക്കായുള്ള ശ്രമങ്ങളെ തടയാനും നീക്കമുണ്ടായി.
കേന്ദ്രസർക്കാർ അവഗണിച്ചാലും നവകേരളത്തെ നയിക്കാൻ പുതുവഴികൾ കണ്ടെത്തുകയാണ് സിപിഐ എം. ആഭ്യന്തര വിഭവസമാഹരണം ശക്തിപ്പെടുത്തിയാലേ കൂടുതൽ മുന്നോട്ടുപോകാനാകൂ. സാമ്പത്തിക ക്രയവിക്രയങ്ങൾ വികസിക്കണം. അതിന് മൂലധനത്തിന്റെ വലിയ നിക്ഷേപങ്ങളും ഉണ്ടാകണം. സമ്പത്ത് മറ്റിടങ്ങളിലേക്ക് ഒഴുകിപ്പോകുന്നതു തടയണം. മറ്റു രാജ്യങ്ങളിൽനിന്ന് ജനങ്ങളെ ഇങ്ങോട്ടേയ്‌ക്ക് ആകർഷിക്കണം.
വിഭവസമാഹരണം അനിവാര്യം
വളർച്ചയിലേക്കുള്ള കുതിപ്പിൽ വിഭവസമാഹരണം പ്രധാനം. സഹകരണ മേഖലയിലെ നിക്ഷേപത്തെ കാർഷികമേഖലയ്‌ക്കും വികസനപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം. തദ്ദേശസ്ഥാപനങ്ങളും സഹകരണപ്രസ്ഥാനവും നാടിന്റെ വികസനത്തിന് ഒരുമിക്കണം. പ്രവാസിസമൂഹത്തിന്റെ നിക്ഷേപങ്ങൾ ആകർഷിക്കണം. നമ്മുടെ താൽപ്പര്യങ്ങൾ ഹനിക്കാത്ത മൂലധനനിക്ഷേപം സ്വീകരിക്കാം. പൊതുമേഖലാ സ്ഥാപനങ്ങളിൽ പുനരുദ്ധാരണത്തിന് കഴിയാത്തവയെ പിപിപി അടിസ്ഥാനത്തിൽ പുനക്രമീകരിക്കാനുള്ള സാധ്യതകൾ ആരായാം.
കാർഷികം
ചെറുകിട കൃഷിയിടങ്ങളിലെ ഉൽപ്പന്നങ്ങൾ ശേഖരിക്കണം. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും ലാഭവും വർധിപ്പിക്കണം. ആധുനിക ശാസ്‌ത്രസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. തണ്ണീർത്തട വികസനത്തെ അടിസ്ഥാനമാക്കി ജലസംരക്ഷണത്തിന് മാസ്റ്റർപ്ലാൻ. പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്‌തത.
മത്സ്യമേഖല
തീരദേശ പാക്കേജ് നടപ്പാക്കും. കടലാക്രമണപ്രശ്‌നങ്ങൾ പരിഹരിക്കും. മൂല്യവർധന ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കും.
വ്യവസായം
പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തും. വ്യാവസായിക ക്ലസ്റ്റർ വഴി പ്രാദേശിക സാമ്പത്തിക വികസനം. നിക്ഷേപക സംഗമത്തിലെ നിക്ഷേപപത്രങ്ങളെ അടിസ്ഥാനമാക്കി വ്യവസായങ്ങൾ തുടങ്ങാൻ നടപടി.
പരമ്പരാഗതരംഗം
കയർ, കൈത്തറി, കശുവണ്ടി മേഖലകളെ ഉൾപ്പെടുത്തി കോൺക്ലേവ്. തോട്ടംമേഖലയിൽ വിളകളുടെ വൈവിധ്യവൽക്കരണം, ലയങ്ങൾ മെച്ചപ്പെടുത്തും.
ഐടി
അന്താരാഷ്ട്ര പ്രാധാന്യമുള്ള സ്റ്റാർട്ടപ് ആവാസവ്യവസ്ഥ സ്ഥാപിക്കും. കെ ഫോൺവഴി കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ്. ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവ ഒന്നിച്ചുള്ള പ്രവർത്തനം. വിദ്യാസമ്പന്നർക്കിടയിലെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ നടപടി. എല്ലായിടത്തും തൊഴിൽമേളകൾ.
പശ്‌ചാത്തലസൗകര്യം
റെയിൽവേ, മെട്രോ, റോഡ്, ജലഗതാഗതം എന്നിവ ചേർത്ത് അതിവേഗ മൾട്ടി മോഡൽ പൊതുഗതാഗത സംവിധാനം ഒരുക്കും. വിഴിഞ്ഞം തുറമുഖാധിഷ്ഠിത വികസനം, ലോജിസ്റ്റിക് പാർക്കുകൾ, കപ്പൽ നിർമാണം, വെയർഹൗസിങ്, സമർപ്പിത വികസന സോണുകൾ എന്നിവയടങ്ങിയ തലസ്ഥാന മേഖലാ വികസന പദ്ധതികൾ. അതിവേഗ റെയിൽപാതയും ശബരിമല വിമാനത്താവളവും.
ടൂറിസം
ടൂറിസത്തെ സംസ്ഥാനത്തിന്റെ സാമ്പത്തിക വികാസത്തിന്റെ പ്രധാന മേഖലയാക്കും. ജനങ്ങളുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായി മാറ്റും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നൂതനപദ്ധതികൾ. ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കും. യുവജനങ്ങളെ ആകർഷിക്കാൻ ടൂറിസം ക്ലബ്. ടൂറിസം സ്റ്റാർട്ടപ്പുകൾ. ഹോട്ടലുകൾക്കൊപ്പം ഹോം സ്റ്റേ, കെ ഹോംസ്.
ഉന്നത വിദ്യാഭ്യാസം
പ്രവാസികളുടെ സഹായത്തോടെ മലയാളി അക്കാദമി. ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രവേശന അനുപാതം ഉയർത്തും. ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തിലാക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികവിന്റെ കേന്ദ്രങ്ങൾ. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നതവിദ്യാഭ്യാസ ഗവേഷണശാലകൾ. ആഗോളതലത്തിലെ വിജ്ഞാനമുന്നേറ്റങ്ങൾക്കൊപ്പം കേരളവും എത്തും.
പൊതു വിദ്യാഭ്യാസം
ആദിവാസിമേഖലകൾ, ഉന്നതികൾ, തീരദേശമേഖലകൾ എന്നിവിടങ്ങളിലെ കുട്ടികൾക്കായി പ്രത്യേകം വിദ്യാഭ്യാസ പദ്ധതികൾ. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തും. അങ്കണവാടികളെ നവീകരിക്കും.
ആരോഗ്യമേഖല
ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള നടപടികൾ. താലൂക്കാശുപത്രികളിൽ ഡയാലിസിസ് സംവിധാനം, സർജിക്കൽ ക്യാൻസർ പ്രതിരോധത്തിന് വാക്‌സിനേഷൻ. രോഗങ്ങൾ നേരത്തേ കണ്ടെത്താൻ സംവിധാനം. ആയുർവേദ ചികിത്സാസംവിധാനം വികസിപ്പിക്കും. ഗവേഷണത്തിനും ഔഷധ വികസനത്തിനും ആരോഗ്യ ഡാറ്റ ഗവേൺസ് നയം.
സഹകരണം
പ്രവാസി സംരംഭങ്ങളെ ശക്തിപ്പെടുത്താൻ സഹകരണമേഖലയിലെ നിക്ഷേപം പ്രയോജനപ്പെടുത്താം. സഹകരണ മേഖലയിലെ 2.5 ലക്ഷം കോടി രൂപ കൃഷി, വ്യവസായം, വിപണനം എന്നിവയ്‌ക്കായി ഉപയോഗിക്കാൻ ശ്രമിക്കും.









0 comments