കേരളം നേരിടുന്ന വലിയ പ്രശ്‌നമായി വര്‍ഗീയത മാറി: എം വി ഗോവിന്ദന്‍

കൊല്ലം: കേരളം നേരിടുന്ന പ്രധാന പ്രശ്‌നമായി വര്‍ഗീയത മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വർഗീയതയും വലതുപക്ഷ ശക്തികളും തമ്മിലുളള ബന്ധത്തിന് പുതിയ മാനംവന്നെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുഡിഎഫിന്റെ വോട്ടുകൾ ബിജെപിയിലേക്ക് ചേർന്ന് അവരെ വിജയിപ്പിക്കുന്ന പ്രവണത ദൃശ്യമാകുന്നു. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് തൃശൂർ. നേരത്തെ യുഡിഎഫിന് അനുകൂലമായി ആർഎസ്എസ് വോട്ട് ചെയ്തിരുന്നതാണ് രീതി. എസ്ഡിപിഐയെ വിജയിപ്പിക്കാൻ വേണ്ടിയും യുഡിഎഫ് വോട്ട് നൽകുന്നു. ഇതാണ് തിരുവനന്തപുരത്ത് കണ്ടത്. ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. തിരുവന്തപുരം ശ്രീവരാഹത്ത് യുഡിഎഫ് ബിജെപിക്ക് വോട്ട് ചെയ്തു. കോലീബി സഖ്യങ്ങള്‍ പലയിടത്തും ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീംലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നു. അതിന്റെ ഗുണഭോക്താവ് കോൺഗ്രസാണ്. എന്താണ് അങ്ങനെ സഖ്യം ചേർന്നാൽ എന്ന ചോദ്യം ചോദിക്കുന്നതിലേക്ക് വരെയെത്തി. ഇത് കേരളത്തിൻറെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ന്യൂനപക്ഷ വിഭാഗത്തെ വർഗീയ രാഷ്ട്രീയത്തിലേക്ക് നയിക്കാനുള്ള വഴി തുറക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് ഇത്. ഇത്തരം സംഘടനകൾ നേരത്തെ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. എന്നാൽ ഇന്നവർ യുഡിഎഫ് സ്ഥാനാർഥികളെ പിന്തുണക്കുന്നു. മുസ്ലിം ലീഗിന്റെ അണികളെ മതരാഷ്ട്ര വാദികളിലേക്ക് എത്തിക്കുമ്പോൾ ലീഗിന്റെ അടിത്തറയാണ് തകരുകയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments