ഗതകാലസ്‌മരണകളിൽ തീപ്പെട്ടിക്കമ്പനികൾ

matchbox

മങ്ങാട് സുനിൽ മാച്ച് ഫാക്ടറി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനുമുന്നിൽ വസന്തകുമാരി, രാമചന്ദ്രൻ പിള്ള, സുനിൽകുമാർ എന്നിവർ

avatar
എസ് അനന്ദവിഷ്ണു

Published on Feb 15, 2025, 04:00 PM | 2 min read

കൊല്ലം : അരണികടഞ്ഞ്‌ അഗ്നിയുണ്ടാക്കിയത്‌ പഴങ്കഥ. കല്ലുകൾ കൂട്ടിയുരച്ച്‌ തീയുണ്ടാക്കിയത്‌ പരിണാമചരിത്രത്തിലെ അവിസ്‌മരണീയമായ ഏട്‌. കൊച്ചുപെട്ടിയിൽ തീപ്പെട്ടിക്കോലുകൾ ലഭ്യമാക്കിയത്‌ ആധുനികത. പിന്നെ ലൈറ്ററുകളുടെ കണ്ടുപിടിത്തം. തീ നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങിയതിനുണ്ട്‌ വലിയ ചരിത്രം. ഒരുകാലത്ത്‌ നിരവധി തീപ്പണ്ടിക്കമ്പനികളുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. ഒരുനാട് മുഴുവൻ തീപ്പെട്ടി ഫാക്ടറികൾ തുടങ്ങിയ ചരിത്രഗാഥയുമുണ്ട്‌. കൊല്ലത്തെ മങ്ങാട്, ചാത്തനാംകുളം ദേശങ്ങൾ തീപ്പെട്ടി ഫാക്ടറികൾക്ക് പെരുമയേറിയ നാടായിരുന്നു.


കുടിൽ വ്യവസായത്തിലൂടെ പടർന്ന തീ


എൺപതുകളുടെ ആരംഭത്തിൽ ജില്ലയിലെ ഏറ്റവും വലിയ കുടിൽ വ്യവസായങ്ങളിൽ ഒന്നായിരുന്നു മാച്ച് ബോക്‌സ് കമ്പനികൾ. 400ൽ അധികം മാച്ച് ബോക്സ് നിർമാണശാലകൾ ജില്ലയിൽ ഉണ്ടായിരുന്നു. ജില്ലയും സംസ്ഥാനവും കടന്ന്‌ രാജ്യമെങ്ങും വ്യാപിച്ച തീപ്പെട്ടിക്കമ്പനികൾ ഇന്ന് പക്ഷേ, ഓർമകളിൽ അവശേഷിക്കുന്നത്‌ കത്തിത്തീർന്ന തീപ്പെട്ടിക്കൊള്ളിപോലെയും. അന്ന് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീപ്പെട്ടിക്കമ്പനികളിൽ ഒന്നായിരുന്നു സുനിൽ മാച്ച് ബോക്സ് ഫാക്ടറി.


കൊല്ലം മങ്ങാട് ചാത്തനാംകുളത്തിന് സമീപം രാമചന്ദ്രൻപിള്ളയുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനി 2018ൽ ആണ്‌ പ്രവർത്തനം നിർത്തിയത്‌. രാമചന്ദ്രൻപിള്ളയുടെ ഭാര്യ വസന്തകുമാരിയമ്മ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിൽ ഉദ്യോഗസ്ഥനായ സുനിൽകുമാർ, കൽപ്പാക്കത്തെ ആണവ നിലയത്തിൽ ശാസ്‌ത്രജ്ഞൻ ആയ സുരേഷ് കുമാർ എന്നിവർ ചേർന്നായിരുന്നു കമ്പനി നടത്തിയിരുന്നത്. 1981ൽ ഇരുപതോളം തൊഴിലാളികളുമായി ആരംഭിച്ചു. അന്ന്‌ ഒരാൾക്ക്‌ ശമ്പളം 10 രൂപയായിരുന്നു. പൂർണമായും കൈകൊണ്ടായിരുന്നു നിർമാണം. പിന്നീട് പി കെ ദിവാകരൻ സ്മാരക സൊസൈറ്റി രൂപീകരിച്ചു. ജില്ലയിലെ മാച്ച് ഫാക്ടറികൾ ചേർന്ന് മാച്ച് ഫെഡ് എന്ന പേരിൽ തേവള്ളിയിൽ തൊഴിലാളി സംഘവും ഉണ്ടാക്കി. തൊഴിലാളികൾക്ക്‌ ആവശ്യമായ സഹായം ഇതുവഴി ലഭ്യമാക്കി. വീടുകളിൽ ചെറു മാച്ച് ബോക്‌സ് ആരംഭിക്കാൻ താൽപ്പര്യം ഉള്ളവർക്ക് അന്ന്‌ സംസ്ഥാന സർക്കാർ ഖാദിബോർഡ് വഴി ആവശ്യമായ സാമ്പത്തിക സഹായവും നൽകിയിരുന്നു.


നിർമാണം


പെരുമരം, അക്കേഷ്യ പോലുള്ള ഭാരം കുറഞ്ഞ മരം ഉപയോഗിച്ചായിരുന്നു നിർമാണം. മില്ലുകളിൽനിന്നു ശരിയായ അളവിൽ കൊണ്ടുവരുന്ന കൊള്ളികളിൽ മരുന്നു തയ്യാറാക്കി പെട്ടികളിൽ നിറയ്‌ക്കും. ഒരു പെട്ടിയിൽ 50 കൊള്ളികൾവരെ ഉണ്ടാകും. ലഭിക്കുന്ന മരുന്നുനിറച്ച കൊള്ളികളും ബോക്‌സും വീട്ടമ്മമാർ വീടുകളിൽ കൊണ്ടുപോയി ലേബൽ ഒട്ടിച്ചു തയ്യാറാക്കി തിരികെ നൽകുമായിരുന്നു. അന്ന് വീട്ടമ്മമാർക്ക് ഇത്‌ ഒരു ചെറിയ വരുമാനത്തിനുള്ള വഴിയായിരുന്നു. പൊട്ടാസ്യം ക്ലോറൈഡ്, സൾഫർ, ബ്ലാക്ക് മംഗനീസ്, റെഡ് മംഗനീസ്, ഗ്ലാസ് പൊടി, ക്ലോറേറ്റ്, എല്ലുപൊടി ചേർത്തുണ്ടാക്കുന്ന പശ, തുരിശ്, പാരബിൻ വാക്സ് എന്നിവയായിരുന്നു പ്രധാന അസംസ്‌കൃത വസ്തുക്കൾ.


എക്സ്പ്ലോസീവ്‌ ലൈസൻസ് ഉള്ളവർക്കുമാത്രം കിട്ടിയിരുന്ന പൊട്ടാസ്യം ക്ലോറൈഡ് ജില്ലയിൽ രണ്ടോ മൂന്നോ കമ്പനികൾക്കു മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഒരു വർഷത്തേക്ക് 900 കിലോ ആണ് തീപ്പെട്ടി നിർമിക്കാൻ അനുവദിച്ചിരുന്നത്. ജില്ലാ കലക്ടർ, ആർഡി ഓഫീസ്, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നുള്ള കർശന പരിശോധനയ്ക്കു ശേഷമായിരുന്നു വിതരണം. തമിഴ്നാട്ടിൽനിന്നുള്ള യന്ത്രവൽക്കൃത തീപ്പെട്ടിക്കമ്പനികൾ ഉദയം ചെയ്തതോടെ നാട്ടിലെ തീപ്പെട്ടിയുടെ ഡിമാൻഡ് ഇടിഞ്ഞു. തൊഴിലാളികളും അസംസ്കൃത വസ്തുക്കളും ലഭ്യമല്ലാതായതും തീപ്പെട്ടിക്കമ്പനികൾക്ക് താഴിടാൻ ഇടയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home