സൗഹൃദം ചരിത്രവും... ഇ എം എസിന്റെ ഒളിവുജീവിതം

ഇ എം എസ് ഒളിവിൽ കഴിഞ്ഞ പത്തനാംപുരം കല്ലുംകടവിലെ ടി കെ അലക്സാണ്ടറുടെ വീടായ പ്രിൻസ് പാർക്ക്

ജിഷ്ണു മധു
Published on Feb 21, 2025, 09:17 PM | 2 min read
കമ്യൂണിസ്റ്റ് പാർടിയെ നിരോധിച്ച 1940കളുടെ അവസാനം പൊലീസിന്റെ പിടിയിൽപ്പെടാതെ ഒളിവിലിരുന്നും സംഘടനാപ്രവർത്തനം നടത്താൻ ഇ എം എസിന്റെ സഹപാഠിയായിരുന്ന പത്തനാപുരം കല്ലുംകടവിലെ ടി കെ അലക്സാണ്ടറുടെ വീടായ പ്രിൻസ് പാർക്കിൽ. ഇ എം എസിനോടൊപ്പം കെ സി ജോർജുമുണ്ടായിരുന്നു. വാറണ്ടിനെ തുടർന്നാണ് പത്തനാപുരത്തെ വീട് ഇ എം എസ് ഒളിവുജീവിതത്തിനു തെരഞ്ഞെടുത്തത്.
കൊല്ലം : സ്ഥലങ്ങളും വ്യക്തികളും വർഷങ്ങളും ചരിത്രത്താളുകളിൽ ഇടം നേടാറുണ്ട്. എന്നാൽ, ഒരുവീട് കേരള രാഷ്ട്രീയചരിത്രത്തിൽ ഇടംനേടിയത് കൊല്ലത്തുനിന്നാണെന്ന പ്രത്യേകതയുടെ പേരാണ് പ്രിൻസ് പാർക്ക്. കമ്യൂണിസ്റ്റ് പാർടിയെ നിരോധിച്ച 1940കളുടെ അവസാനം നിരവധി പ്രവർത്തകരും നേതാക്കളും പലയിടങ്ങളിൽ അഭയം തേടി. ഇ എം എസ് അടക്കമുള്ള നേതാക്കളുടെ തലയ്ക്ക് സർക്കാർ ഇനാം പ്രഖ്യാപിച്ചു. ഇതേസമയം പൊലീസിന്റെ പിടിയിൽ പെടാതെ ഒളിവിലിരുന്നും സംഘടനാപ്രവർത്തനം നടത്താൻ ഇ എം എസ് എത്തിയത് തൃശൂർ സെന്റ് തോമസ് കോളേജിൽ ഇ എം എസിന്റെ സഹപാഠിയായിരുന്ന പത്തനാപുരം കല്ലുംകടവിലെ ടി കെ അലക്സാണ്ടറുടെ വീടായ പ്രിൻസ് പാർക്കിൽ. ഇ എം എസിനോടൊപ്പം കെ സി ജോർജുമുണ്ടായിരുന്നു. വാറണ്ടിനെ തുടർന്നാണ് പത്തനാപുരത്തെ വീട് ഇ എം എസ് ഒളിവുജീവിതത്തിനു തെരഞ്ഞെടുത്തത്. അന്ന് കാടുമൂടിയ പ്രദേശമായിരുന്നു പത്തനാപുരം.
എന്നാൽ, ഇക്കാര്യം പൊലീസ് മണത്തറിഞ്ഞു. ത്രിലോക്സ് ജോർജ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇ എം എസിനെ അറസ്റ്റ് ചെയ്യാനെത്തി. തുടർന്നുനടന്ന സംഭാഷണത്തിൽ ആശയങ്ങളിൽ താൽപ്പര്യം പ്രകടിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്യാതെ തിരിച്ചുപോകുകയും പിന്നീട് കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനുമായത് മറ്റൊരു ചരിത്രം. ആത്മകഥയിലും ഇ എം എസ് പത്തനാപുരത്തെ ഒളിവുജീവിതത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ആഡംബരപൂർവമായ ഒരു ജീവിതത്തിനു പിന്നിൽ നിഷ്കളങ്കഹൃദയമുള്ള നല്ലവനായ സുഹൃത്തിന്റെ നഷ്ടം നികത്താനാകാത്തതാണെന്ന് അന്തരിച്ച അലക്സാണ്ടറെക്കുറിച്ച് ഇ എം എസ് സ്‌നേഹത്താൽ എഴുതി.
പത്തനാപുരത്തുനിന്ന് കോയമ്പത്തൂരിലെത്തിയ ഇ എം എസും കെ സി ജോർജും അലക്സാണ്ടറിന്റെ കോയമ്പത്തൂരിലെ എസ്റ്റേറ്റ് വീട്ടിലും ഒളിവിൽ കഴിഞ്ഞു. അറസ്റ്റ് ചെയ്യാൻ നാടാകെ വലവീശി നടന്ന വൻ പൊലീസ് സംഘത്തിന്റെ കണ്ണുവെട്ടിച്ചാണ് പാർടി സഖാക്കൾ ഇരുവരെയും മൈസൂരു, ബംഗളൂരു വഴി കൊൽക്കത്തയിലെ പാർടി കേന്ദ്രത്തിൽ എത്തിച്ചത്. കോയമ്പത്തൂരിൽനിന്ന് ബംഗളൂരുവിൽ എത്തിക്കാനും വിശ്വസ്തനായിരുന്ന അലക്സാണ്ടർ ഒപ്പംനിന്നു. രാജ്യം ഒന്നാകെ ആദരവോടെ നെഞ്ചേറ്റിയ മനുഷ്യനു സുരക്ഷ ഒരുക്കിയതിന്റെ പേരിൽ കാലത്തിന്റെ വ്യതിയാനങ്ങളിലും കുത്തൊഴുക്കിലും മായിക്കപ്പെടാതെ തന്റെ പേരുകൂടിയുള്ള വീട് അടയാളപ്പെടുത്തുന്നതിൽ അഭിമാനമുണ്ടെന്ന് അലക്സാണ്ടറിന്റെ മകൻ പ്രിൻസ് പറഞ്ഞു.









0 comments