വെട്ടേറ്റു വീണിട്ടും വാടാത്ത വാകപോൽ

sunilkumar

സുനിൽകുമാർ, അയത്തിൽ അപ്സര ജങ്ഷനിലെ സുനിൽകുമാർ രക്തസാക്ഷി മണ്ഡപം

avatar
എസ് അനന്ദവിഷ്ണു

Published on Feb 09, 2025, 12:11 PM | 2 min read

കൊല്ലം : താഴ്‌വേര് മുറിച്ചിട്ടാൽ വാകമരം കടയറ്റു പോകുമെന്നു കരുതിയ മഴുവിന് തെറ്റുപറ്റിയ കഥ അയത്തിൽ അപ്സര ജങ്‌ഷനിലെ രക്തസാക്ഷി മണ്ഡപത്തിനുണ്ട്‌. ആർഎസ്എസ് വർഗീയവാദികളായ നരാധമന്മാർ അതിക്രൂരമായി കൊലപ്പെടുത്തിയ രക്തസാക്ഷി സുനിൽകുമാറിന്റെ അമരസ്‌മരണയും രക്തസാക്ഷി മണ്ഡപവും ഇന്നും നാടിന്‌ വിളക്കായി ജ്വലിക്കുന്നു. ഏതു സംഘടനയെ ഇല്ലാതാക്കാനാണോ ആർഎസ്എസ്‌ ശ്രമിച്ചത് ആ സംഘടന മണ്ണിൽ വേരുകളാഴ്‌ത്തി പടർന്നുപന്തലിച്ചു.


ഡിവൈഎഫ്ഐ അയത്തിൽ അപ്സര യൂണിറ്റിന്റെ പ്രസിഡന്റും ജനകീയനുമായിരുന്നു നാട്ടുകാരുടെ സുനിൽ അണ്ണൻ. ഏതു ജനകീയ പ്രശ്നങ്ങളിലും ഇടപെടുകയും ഏതുസമയത്തും നാട്ടുകാരോടൊപ്പം അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിൽ നിന്നിരുന്ന നാട്ടിലെ യുവത്വത്തിന്റെ പ്രതീകമായിരുന്ന സുനിൽകുമാറിനെ 1996 ഡിസംബർ ആറിനാണ്‌ അരുംകൊല ചെയ്‌തത്‌. പുലർച്ചെ മഴു ഉൾപ്പെടുന്ന മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറി പ്രായമായ അമ്മയുടെയും ഭാര്യയുടെയും ആറുമാസം പ്രായമുള്ള മകന്റെയും മുന്നിലിട്ടാണ് സുനിൽകുമാറിനെ വെട്ടി അറുത്തത്‌. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം വീട്ടിലേക്ക് എത്തിയ ക്രിമിനൽ സംഘം വാതിൽ തകർക്കാൻ ശ്രമിക്കുകയും ശബ്ദംകേട്ട് വാതിൽ തുറന്ന അച്ഛനെയും അമ്മയെയും ചവിട്ടിവീഴ്ത്തി മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന സുനിൽകുമാറിനെ പുറത്തേക്ക് വലിച്ചിട്ടു വെട്ടുകയായിരുന്നു. മകനെ ആക്രമിക്കുന്നതു തടഞ്ഞ അമ്മയ്ക്കും വെട്ടേറ്റു. അച്ഛനമ്മമാരുടെയും ഭാര്യയുടെയും പിഞ്ചുകുഞ്ഞിന്റെയും മുന്നിലിട്ട് സുനിലിനെ തലങ്ങും വിലങ്ങും വെട്ടി. പാതി ജീവൻ പോയ ശരീരത്തിൽനിന്ന് വലതു കൈപ്പത്തി വെട്ടിയെടുത്ത്‌ റോഡിലൂടെ ഓംകാളി ജയ്‌കാളി വിളിച്ച്‌ അയത്തിൽ കാഞ്ഞിരമൂട് ജങ്‌ഷനിലെ ടെലിഫോൺ പോസ്റ്റിൽ കെട്ടിത്തൂക്കി. മനസ്സ്‌ മരവിക്കുന്ന കൊടുംക്രൂരത.


സുനിൽകുമാറിന്റെ വെട്ടിയെടുത്ത വലതുകരവുമായി പോകുന്ന വഴി ആരതിമുക്കിലെ തങ്കപ്പന്റെ ചായക്കടയിൽ വെട്ടിയെടുത്ത കൈപ്പത്തി കാണിച്ച്‌ "ഇത്‌ ഇവിടത്തെ ഡിവൈഎഫ്ഐ നേതാവിന്റെ കൈപ്പത്തിയാണെന്നും വെള്ളക്കൊടി പിടിക്കുന്ന എല്ലാവരുടെയും ഗതി ഇതായിരിക്കുമെന്നും...’ വെല്ലുവിളിച്ചു. പിറ്റേന്ന് രാവിലെ നാട്ടുകാർ കണ്ടത് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത കാഴ്ചയായിരുന്നു. ചോര ഇറ്റുവീണ്‌ തൂങ്ങിയാടുന്ന കൈപ്പത്തി കണ്ട്‌ പലരും ബോധരഹിതരായി. പ്രദേശത്തെ മറ്റുള്ള ഡിവൈഎഫ്ഐ പ്രവർത്തകരെയും ലക്ഷ്യമിട്ടാണ് അക്രമികൾ എത്തിയത്‌. ആദ്യം മേഖല ജോയിന്റ് സെക്രട്ടറി ആയിരുന്ന സജീവിന്റെ വീട്ടിലെത്തിയെങ്കിലും സജീവിനെ കാണാതെ പുലർച്ചെ അഞ്ചോടെയാണ് സുനിൽകുമാറിന്റെ വീട്ടിൽ എത്തിയതെന്ന്‌ അയൽവാസികൾ ഓർക്കുന്നു. ആർഎസ്എസ് വളരെ ദിവസങ്ങളെടുത്ത്‌ ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു.


പ്രദേശത്തെ മുഴുവൻ ചെറുപ്പക്കാരെയും ഡിവൈഎഫ്ഐയിൽ അണിനിരത്തിയതിലെ പകയാണ് ഈ അരുംകൊലയിൽ കലാശിച്ചത്. ഇപ്പോൾ പ്രദേശത്തെ ബഹുജനങ്ങളാകെ സുനിൽകുമാറിന്റെ പ്രസ്ഥാനത്തിനൊപ്പം അണിനിരന്ന്‌ വർഗീയതയെ അകറ്റി നിർത്തിയിരിക്കുകയാണ്‌. താഴ്‌വേര്‌ മുറിച്ചിട്ടും കടയറ്റുപോകാതെ വാകമരം പൂത്തുലുഞ്ഞ്‌ പ്രദേശമാകെ തണൽ വിരിച്ചുനിൽക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home