കോർപറേറ്റ് - ഹിന്ദുത്വ നയങ്ങൾക്കെതിരായ പോരാട്ടത്തിൽ കേരളം രാജ്യത്തിന് മാതൃക: പ്രകാശ് കാരാട്ട്

കോടിയേരി ബാലകൃഷ്ണൻ നഗർ (കൊല്ലം): കോർപറേറ്റ് - ഹിന്ദുത്വ നയങ്ങൾക്കെതിരായ പോരാട്ടത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും കോ-ഓർഡിനേറുമായ പ്രകാശ് കാരാട്ട് പറഞ്ഞു. സി കേശവൻ സ്മാരക ടൗൺ ഹാളിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സിപിഐ എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ ബദൽ വികസന പാതയിൽ എൽഡിഎഫ് സർക്കാർ മുന്നേറുന്നു. ഹിന്ദുത്വ വർഗീയതയ്ക്കെതിരെ മതനിരപേക്ഷ ചേരിയിൽ നിന്ന് പൊരുതുകയുമാണ് കേരളം. രാജ്യത്ത് തീവ്രവലതുപക്ഷ ഭരണം അടിച്ചേൽപ്പിക്കുകയാണ് മോദി സർക്കാർ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപി വർഗീയവിദ്വേഷ പ്രചാരണം വഴി ധ്രുവീകരണം ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്.
നവ ഫാസിസ്റ്റ് പ്രവണതകൾ ശക്തിപ്പെട്ടു വരുന്നു. ഫാസിസത്തിലേയ്ക്കുള്ള പോക്ക് തടയാൻ വിശാലമായ ഐക്യനിര ഉയർന്നുവരണം. ഇതിൽ സിപിഐ എം നിലപാട് സുസ്ഥിരവും സുവ്യക്തവുമാണ്. ബിജെപിക്കെതിരായ പോരാട്ടത്തിൽ സിപിഐ എമ്മിന് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൻ്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. കഴിഞ്ഞ സമ്മേളനത്തിനു ശേഷം സംസ്ഥാനത്ത് രക്തസാക്ഷികളായ ആറ് പേരുടെയും ജീവനെടുത്തത് ആർഎസ്എസ്- ബിജെപിക്കാരാണ്. ബിജെപിയെ ചെറുക്കുന്നത് സിപിഐ എമ്മാണെന്നതിന് വേറെ തെളിവു വേണോ - പ്രകാശ് കാരാട്ട് ചോദിച്ചു.
ലോകസാഹചര്യത്തിൽ അമേരിക്കൻ സാമ്രാജ്യത്യത്തിൻ്റെ ആധിപത്യത്തിന് കോട്ടം തട്ടിയിട്ടുണ്ട്. സാമ്പത്തികമായും സൈനികമായും രാഷ്ട്രീയമായും ചൈന മുന്നിലേയ്ക്ക് വരികയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പ്രതികരണങ്ങൾ ഇതിൻ്റെ തെളിവാണ് - പ്രകാശ് കാരാട്ട് പറഞ്ഞു.









0 comments