കൊല്ലം: ജനകീയ കലകളുടെ ഈറ്റില്ലം


ജിഷ്ണു മധു
Published on Mar 06, 2025, 01:00 AM | 2 min read
കൊല്ലം : കേരളത്തിന്റെ കല– സാംസ്‌കാരിക മൂലധനത്തിൽ കൊല്ലത്തിന്റെ സംഭാവന സുപ്രധാനമാണ്. നവോത്ഥാന മുന്നേറ്റങ്ങളിലും ജനങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നതിലും കല ആയുധമായ കാലംമുതൽ കഥാപ്രസംഗം, കഥകളി, സാഹിത്യം, സിനിമ, നാടകം തുടങ്ങി എല്ലാ മേഖലകളിലും പ്രഗത്ഭരാൽ കൊല്ലം നിറഞ്ഞു. അതിന്നും തുടരുന്നു.
നാടകമൊരു ചാലകശക്തി
എഴുപതുവർഷം മുമ്പ് രണ്ടുചെറുപ്പക്കാരുടെ കൂടിയാലോചനയാണ് കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ സ്വാധീനം ചെലുത്തിയ കെപിഎസി (കേരള പീപ്പിൾസ് ആർട്സ് ക്ലബ്) നാടകസമിതിയുടെ ആവിർഭാവത്തിന് വഴിതെളിച്ചത്. പിൽക്കാലത്ത് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിത്തീർന്ന ജനാർദനക്കുറുപ്പും പുനലൂർ സ്വദേശി രാജഗോപാലൻനായരുമായിരുന്നു ആ ചെറുപ്പക്കാർ. 1952 ഡിസംബർ ആറിന് ചവറ സുദർശന ടാക്കീസിൽ അരങ്ങേറിയ കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ കേരളമാകെ ഏറ്റെടുത്തു. കാമ്പിശ്ശേരി കരുണാകരൻ, ജി ജനാർദനക്കുറുപ്പ്, ഒ മാധവൻ, വി സാംബശിവൻ, കെപിഎസി സുലോചന, സുധർമ, വിജയകുമാരി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1960ൽ കെപിഎസി വിട്ട ഒ മാധവനൊപ്പം ഒ എൻ വിയും ദേവരാജനും വിജയകുമാരിയുമുണ്ടായിരുന്നു. തുടർന്ന് കൊല്ലം കേന്ദ്രമാക്കി കാളിദാസ കലാകേന്ദ്രം ആരംഭിച്ചു. കെപിഎസിയെ പോലെതന്നെ കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യമാണ് കാളിദാസ കലാകേന്ദ്രത്തിനും ഉണ്ടായിരുന്നത്.
കഥാകഥനത്തിന്റെ നാട്
കഥാകഥന കലയുടെ ജന്മഗേഹമാണ് കൊല്ലം. കുമാരനാശാനാണ് കഥാപ്രസംഗകല എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത്. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി ആശാൻ എത്തിയ കാലത്ത് അവിടെയുണ്ടായിരുന്ന മറ്റൊരു ശിഷ്യനായിരുന്നു സി എ സത്യദേവൻ. സാമൂഹ്യസമസ്യകൾ ഉൾച്ചേർത്ത് പുതിയൊരു ജനകീയ കലാരൂപത്തിന് ജന്മംനൽകണമെന്ന ആശയം സത്യദേവൻ നടപ്പാക്കി. ലോകസാഹിത്യത്തിലെ ഇതിഹാസ കഥാപാത്രങ്ങളെ കഥാപ്രസംഗവേദിയിൽ ആദ്യം അവതരിപ്പിച്ചത് സാംബശിവനായിരുന്നു. ഷേക്സ്പിയറിന്റെ ഒഥല്ലോ, ടോൾസ്റ്റോയിയുടെ അനീസ്യ (ദ പവർ ഓഫ് ഡാർക്‌നസ്)തുടങ്ങിയ കഥാപ്രസംഗങ്ങളിലൂടെ മലയാളി വിശ്വസാഹിത്യകൃതികൾ പരിചയിച്ചു.
കളിവിളക്കിന്റെ പ്രഭ
കൊട്ടാരക്കരയിൽ തെളിഞ്ഞ കളിവിളക്കിന്റെ പ്രഭ ലോകമാകെ പരന്നു. മാനവേദൻ നമ്പൂതിരിപ്പാട് എഴുതിയ ‘കൃഷ്‌ണഗീതി’ സംസ്‌കൃത കൃതിയിലെ ഭാഗങ്ങൾ കൃഷ്‌ണനാട്ടമായി അരങ്ങേറി. നാടൊട്ടുക്കും പ്രചാരവുമായി. അക്കാലത്ത് കൊട്ടാരക്കര കിഴക്കേ കോവിലകത്ത് കൃഷ്‌ണനാട്ടം അവതരിപ്പിക്കണമെന്ന് മാനവേദനോട് കൊട്ടാരക്കര തമ്പുരാൻ അഭ്യർഥിച്ചു. കൃഷ്‌ണനാട്ടം ആസ്വദിക്കാൻ വേണ്ട സംസ്‌കാരമുള്ളവർ തെക്കൻ നാട്ടിലില്ലെന്ന മറുപടിയാണ് കിട്ടിയത്. അതിന്റെ വാശിയിൽ കൊട്ടാരക്കര തമ്പുരാൻ കൃഷ്‌ണനാട്ടത്തിനു ബദലായി രാമനാട്ടത്തിന് രൂപംനൽകിയെന്നും അത് വികസിച്ച് കഥകളി രൂപം പ്രാപിച്ചുമെന്നുമാണ് ഐതീഹ്യം.
മാനവികതയുടെ സാഹിത്യം
മലയാളിയെ വായനാലോകത്തേക്ക് നയിച്ചവരിൽ പലരും കൊല്ലം സാഹിത്യത്തിനു നൽകിയ സംഭവനകളാണ്. മലയാളഭാഷ നിലനിൽക്കുവോളം ഓർമിക്കപ്പെടുന്ന പേരായ ഒ എൻ വിയും ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് പ്രതീക്ഷയുടെ വെളിച്ചം പകരുന്ന കവിതകളിലൂടെ സമൂഹത്തെ ഉണർത്തിയ തിരുനല്ലൂർ കരുണാകരനും യാഥാസ്ഥിതികത്വത്തിന്റെ കെട്ടുകൾ വലിച്ചെറിഞ്ഞ കാക്കനാടനും സാഹിത്യലോകത്ത് അടയാളപ്പെടുത്തലുകളായി.
എന്നും നല്ല സിനിമയ്‌ക്കൊപ്പം
കമ്പോളവും കടലോരവും കഥാപരിസരമായെത്തി ഒടുവിൽ പ്രേക്ഷകർ ഏറ്റെടുത്ത സിനിമ ജ്യോതിഷ് ശങ്കറിന്റെ ‘പൊന്മാൻ’ ആണ്. കൊല്ലവും സിനിമയും തമ്മിലുള്ള ബന്ധം വളരെക്കാലം മുമ്പുതന്നെ തുടങ്ങിയതാണ്. സിനിമാഭൂപടത്തിൽ അടയാളപ്പെടുത്തിയ വ്യക്തിയാണ് കെ രവീന്ദ്രനാഥൻനായർ.
സമാന്തരസിനിമകളെ വളർത്താൻ അത്രയധികം പിന്തുണയും ഊർജവും വിനിയോഗിച്ചയാൾ. 14 സിനിമ നിർമിച്ചതിൽ നേടിയത് 18 സംസ്ഥാന–-ദേശീയ അവാർഡുകൾ. നാട്ടുകാർക്ക് രവിമുതലാളി, പ്രേക്ഷകർക്ക് അച്ചാണി രവി, സിനിമാ പ്രവർത്തകർക്ക് ജനറൽ പിക്‌ചേഴ്‌സ് രവി, പി ഭാസ്‌കരൻ, ജി അരവിന്ദൻ, അടൂർ ഗോപാലകൃഷ്‌ണൻ, എം ടി വാസുദേവൻനായർ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചു.









0 comments