വേണം അതിവിശാല സമരവേദി


എം എ ബേബി
Published on Mar 06, 2025, 01:30 PM | 3 min read
ഇന്ത്യ വലിയൊരു വഴിത്തിരിവിലെത്തി നിൽക്കുമ്പോഴാണ് സിപിഐ എം മധുരയിൽ 24–-ാം പാർടി കോൺഗ്രസിന് ഒത്തുകൂടുന്നത്. കൊല്ലത്തു ചേരുന്ന സംസ്ഥാന സമ്മേളനം അതിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ ജനാധിപത്യശക്തികളും വലിയതോതിൽ ബഹുജനസ്വാധീനം വർധിപ്പിച്ചില്ലെങ്കിൽ രാജ്യവും ജനതയും അതീവ ഗുരുതരമായ തകർച്ചയെ നേരിടുമെന്ന ഉൽക്കണ്‌ഠാജനകമായ അവസ്ഥയാണിന്ന്. പൗരാവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യങ്ങളും കാത്തുസൂക്ഷിക്കുന്നതിൽ താൽപ്പര്യമുള്ള എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും അണിനിരത്തി അതിവിശാലമായ ബഹുജനസമരവേദി രൂപപ്പെടുത്താനും ക്ഷമാപൂർവം പ്രവർത്തിക്കേണ്ടതുണ്ട്. ഇതിൽ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ഇടതുപക്ഷ വീക്ഷണം മുറുകെപ്പിടിക്കുന്നവരും പ്രധാന പങ്കുവഹിക്കേണ്ടതുണ്ട്. ഇടതുപക്ഷഇതര വീക്ഷണം പിന്തുടരുന്നവർക്കും പങ്ക് നിർവഹിക്കാനുണ്ട്.
ജനജീവിതത്തെ ബാധിക്കുന്ന സാമ്പത്തികനയപ്രശ്നങ്ങളെ ആസ്പദമാക്കിയ അവകാശസമരങ്ങളും വളർത്തിയെടുക്കണം.
ഈ ജനകീയപ്രസ്ഥാനം എങ്ങനെ രൂപപ്പെടുത്താമെന്നും ആ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ എപ്രകാരം മുന്നോട്ടുകൊണ്ടുപോകാമെന്നും ചർച്ചചെയ്യുന്ന കരട് - രാഷ്ട്രീയപ്രമേയം സിപിഐ എം കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ചു. അത് എല്ലാ സംസ്ഥാനങ്ങളിലും അതതിടത്തെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി പാർടിഘടകങ്ങളിൽ ചർച്ചചെയ്യുന്നതിനായി ലഭ്യമാക്കി. തിരുത്തലുകൾ വരുത്തണമെന്നോ കൂട്ടിച്ചേർക്കലുകൾ ആവശ്യമുണ്ടെന്നോ തോന്നിയാൽ അക്കാര്യം എഴുതി നിശ്‌ചിത തീയതിക്കകം കേന്ദ്രകമ്മിറ്റി ഓഫീസിൽ എത്തിക്കാം. പാർടി കോൺഗ്രസ് അത്തരം അഭിപ്രായങ്ങൾ പരിഗണിക്കുകയും തീരുമാനമെടുക്കുകയുംചെയ്യും. പാർടിയുടെ അടിസ്ഥാന രേഖയായ ‘പാർടി പരിപാടി’ വർത്തമാനകാല രാഷ്ട്രീയസാഹചര്യത്തിൽ പ്രവർത്തനക്ഷമമാക്കാനുള്ള രേഖയെന്നും രാഷ്ട്രീയപ്രമേയത്തെ നിർവചിക്കാം.
ഇത്രമാത്രം സൂക്ഷ്‌മമായും ജനാധിപത്യപരമായും ഉൾപ്പാർടി ചർച്ച സംഘടിപ്പിച്ച് സിപിഐ എമ്മിലെ പത്തുലക്ഷത്തിൽപ്പരം അംഗങ്ങൾക്ക് പറയാനും വിമർശിക്കാനുമുള്ളത് പൂർണമായി കേട്ടശേഷം മാത്രം രാഷ്ട്രീയ നയസമീപനം ആവിഷ്‌കരിക്കുന്ന സമ്പ്രദായം കമ്യൂണിസ്റ്റ് പാർടികൾക്കുമാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്.
എല്ലാതലങ്ങളിലും പാർടിഘടകങ്ങളും അതിന്റെ നേതൃത്വവും സമ്മേളനങ്ങളിൽ തെരഞ്ഞെടുക്കപ്പെടുകയാണ്. സംഘടനാതത്വങ്ങളിൽനിന്ന് വ്യതിചലിച്ച് വിഭാഗീയമായ അരാജക പ്രവണതകൾ ഉണ്ടായാൽ മാത്രമാണ് അതുതടയാൻ ഉപരിക്കമ്മിറ്റി ചർച്ചചെയ്‌ത് ആവശ്യമായതോതിൽ ഇടപെടുന്നത്. ഉപരി സമ്മേളന പ്രതിനിധികളെ തൊട്ടുതാഴെയുള്ള സമ്മേളനങ്ങളിൽനിന്നു തെരഞ്ഞെടുക്കുകയാണെന്നതും പ്രധാനപ്പെട്ട ജനാധിപത്യതത്വമാണ്.
ഇത്തരത്തിൽ പാർടിയുടെ ഭരണഘടനാതത്വങ്ങൾ കൃത്യമായി പാലിക്കുന്ന ഉരുക്കുപോലുറച്ച അച്ചടക്കവും സഖാക്കൾ തമ്മിൽ തികഞ്ഞ മാനസിക ഐക്യവും ഒരുമയും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ജനാധിപത്യപരമായ പ്രവർത്തനശൈലി പിന്തുടരുന്ന കമ്യൂണിസ്റ്റ് പാർടിയുടെ പ്രത്യേകത ‘ജനാധിപത്യ കേന്ദ്രീകരണ തത്വം’ അത് അടിമുടി കാത്തുസൂക്ഷിക്കുന്നു എന്നതാണ്. നയപരവും രാഷ്ട്രീയവും സംഘടനാപരവുമായ വിഷയങ്ങളിൽ ഓരോ സഖാവിനും തന്റെ ഘടകത്തിൽ ഉള്ളുതുറന്ന് ചർച്ചയിൽ പങ്കെടുക്കാനുള്ള പൂർണമായ ജനാധിപത്യ സ്വാതന്ത്ര്യമുണ്ട്. ഘടകത്തിനുള്ളിൽ തന്റെ ഘടകത്തിലുള്ളവരെയും വ്യത്യസ്‌ത ഘടകങ്ങളെയും അതിൽപ്പെട്ടവരെയും വസ്‌തുതകളുടെ അടിസ്ഥാനത്തിൽ വിമർശിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്.
ചർച്ചയ്‌ക്കുശേഷം കൂട്ടായ തീരുമാനം കൈക്കൊണ്ടാൽ അത് ഉൾക്കൊള്ളാൻ എല്ലാവർക്കും ബാധ്യതയുമുണ്ട്. ഉപരിക്കമ്മിറ്റി തീരുമാനങ്ങളെ തന്റെ ഘടകത്തിൽ വിമർശിക്കാമെങ്കിലും അത് അംഗീകരിച്ചു നടപ്പാക്കാനുള്ള ചുമതലയുണ്ട്. സഖാക്കളുടെയും ഘടകങ്ങളുടെയും അവകാശങ്ങൾ കേന്ദ്രീകൃത നേതൃത്വത്തെ അംഗീകരിച്ച് അതിനുള്ളിൽ നിന്നുകൊണ്ടായിരിക്കും. വിമർശനം പോലെ പ്രധാനമാണ് സ്വയം വിമർശനവും.
തൊഴിലാളിവർഗ വിപ്ലവപ്രസ്ഥാനമായ സിപിഐ എം ‘തെറ്റുതിരുത്തൽ’ പ്രവർത്തനത്തിന് വലിയ പ്രാധാന്യം നൽകുന്നു. സാമ്രാജ്യത്വ–-മുതലാളിത്ത ആധിപത്യം തുടരുന്ന ഇന്നത്തെ ലോകത്തിന്റെ ഭാഗമായ ഇന്ത്യയിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ കമ്യൂണിസ്റ്റുകാരിലും വിരുദ്ധവർഗ ജീവിതശൈലിയും മൂല്യങ്ങളും സ്വാധീനം ചെലുത്തുക സ്വാഭാവികമാണ്. അതുകൊണ്ടാണ് ‘തെറ്റുതിരുത്തൽ’ പ്രക്രിയ തുടർച്ചയായി ഏറ്റെടുക്കാൻ കേന്ദ്രകമ്മിറ്റിതന്നെ മുൻകൈ എടുത്തത്. അതിന്റെ പുരോഗതിയും സംസ്ഥാന സമ്മേളനവും പാർടി കോൺഗ്രസും അവലോകനംചെയ്യും.
ജനങ്ങളുടെ ഇടയിൽ ആഴത്തിൽ വേരുകളുള്ള സംഘടനയോടുകൂടിയ ശക്തമായ ഒരു അഖിലേന്ത്യ പാർടി കെട്ടിപ്പടുക്കുന്നതിനായി നമുക്ക് മുന്നേറാൻ കഴിയണമെങ്കിൽ സംഘടനാപരമായ ഇടപെടലുകളും തിരുത്തലുകളും മാത്രം പോരാ. ശരിയായ രാഷ്ട്രീയ നയസമീപനം ആവിഷ്‌കരിച്ച് ജനങ്ങളെ അണിനിരത്തിയും പങ്കെടുപ്പിച്ചും അത് പ്രാവർത്തികമാക്കാൻ സർവശക്തിയും സമാഹരിച്ചും സർവ സാധ്യതകളും ഉപയോഗിച്ചും കാലാനുസൃതമായ ശൈലികൾ പിന്തുടർന്നും നിരന്തരം ശ്രമിക്കണം.
അതിന് സഹായകമാകുന്ന സമീപനമാണ് കരട് രാഷ്ട്രീയ പ്രമേയത്തിൽ സിപിഐ എം മുന്നോട്ടുവയ്‌ക്കുന്നത്.
ഇന്ത്യയിലെ തീവ്രമുതലാളിത്ത ചൂഷണവ്യവസ്ഥയ്‌ക്കുള്ളിൽ പ്രവർത്തിക്കുന്നതിന്റെ കടുത്ത പരിമിതികൾക്കും കേന്ദ്രസർക്കാരിന്റെ ഹീനമായ വൈരനിര്യാതന സാമ്പത്തിക ഉപരോധനടപടികൾക്കും നടുവിലാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. പ്രസ്‌തുത സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ബദൽ ജനക്ഷേമ വികസന സമീപനം കാത്തുസംരക്ഷിക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ സുപ്രധാന കടമയാണെന്ന് സിപിഐ എം രേഖകൾ ചൂണ്ടിക്കാട്ടുന്നു. അഭിമാനകരമായ ചരിത്രനേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങൾ ഇനിയും കൂടുതൽ വിജയകരവും കുറ്റമറ്റതുമാക്കാനാവശ്യമായ ചർച്ചകളും സമ്മേളനത്തിൽ ഉണ്ടാകും. കേരളത്തിന്റെ സമീപകാല രാഷ്ട്രീയചരിത്രം തിരുത്തിക്കൊണ്ടാണ് എൽഡിഎഫിന് ജനങ്ങൾ തുടർഭരണം നൽകിയത്. താമസിയാതെ നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിലും അഭിമാനകരമായ വിജയം നൽകി, അടുത്തവർഷം നിയമസഭാതെരഞ്ഞെടുപ്പിലും എൽഡിഎഫിന് ഉറച്ച വിജയം സാധ്യമാക്കാനുള്ള ജനകീയ പ്രവർത്തനശൈലിക്കും ജനപക്ഷ പ്രവർത്തനപരിപാടികൾക്കും രൂപംനൽകാനും സംസ്ഥാനസമ്മേളനവും പാർടി കോൺഗ്രസും പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.









0 comments