ദേശിംഗനാട്ടിലും ‘ഹല്ലാ ബോൽ ’

ജനനാട്യമഞ്ചിന്റെ ഒരു തൊഴിൽരഹിതയുടെ അപൂർണ പ്രണയകഥ നാടകത്തിൽ നിന്ന്

ജിഷ്ണു മധു
Published on Mar 04, 2025, 04:21 PM | 1 min read
കൊല്ലം : തൊഴിലുമായി പ്രണയത്തിലാകുന്ന തൊഴിൽരഹിതയായ യുവതി, അവരുടെ ഇടയിലേക്കെത്തുന്ന മുതലാളിത്തമെന്ന വില്ലൻ, മാതാപിതാക്കൾക്കുപോലും പ്രണയത്തെ തടയാനാകുന്നില്ല, അനുദിനം പ്രേമം തീവ്രമാകുന്നു, എന്നാൽ പങ്കാളിയായ തൊഴിൽ മുതലാളിത്തത്തിന്റെ കെണിയിലാകുന്നു, രാജ്യത്തിന്റെ ഭരണസംവിധാനം വലതുപക്ഷമായി കോർപറേറ്റുകൾക്കുവേണ്ടി നിലകൊള്ളുന്നതിനിടയിൽ സ്വൈര്യജീവിതം നയിക്കാൻ പാടുപെടുന്ന സാധാരണക്കാരുടെ പ്രതിനിധിയായി പെൺകുട്ടി മാറുന്നു. ശേഷം അവരുടെ പ്രതിഷേധം, അതിനുള്ള കാണികളുടെ പിന്തുണ. ഡൽഹി ആസ്ഥാനമായ ജനകീയ തെരുവുനാടകസംഘം ജനനാട്യമഞ്ചിന്റെ ‘ഒരു തൊഴിൽ രഹിതയുടെ അപൂർണ പ്രണയകഥ ’ അവതരണത്തിലെ പുത്തൻ പരീക്ഷണങ്ങളും പ്രമേയ വൈവിധ്യവും കൊണ്ട് കാഴ്‌ചക്കാരുടെ ഉള്ളിൽ തട്ടി.
തെരുവ് നാടകങ്ങൾക്ക് രാഷ്ട്രീയമാനം ആശ്യമാണെന്ന് പതിറ്റാണ്ടുകൾക്കു മുമ്പ് എഴുതിച്ചേർത്ത ജനനാട്യമഞ്ച് തിങ്കൾ മുതൽ ദേശിംഗനാടിന്റെ മണ്ണിൽ പര്യടനം ആരംഭിച്ചു. ജാഥയ്ക്ക് നേതൃത്വമേകാനും ആമുഖമൊരുക്കി മുദ്രാവാക്യം വിളിച്ചുകൊടുക്കാനും സഫ്‌ദർ ഹാഷ്‌മിയുടെ ഭാര്യ മാലേശ്രീ മുന്നിലുണ്ട്. തെരുവുനാടകാവതരണത്തിനിടയിൽ കോൺഗ്രസ് ഗുണ്ടകളാൽ കൊല്ലപ്പെട്ട അനശ്വര കലാകാരൻ സഫ്‌ദർ ഹാഷ്മി സ്ഥാപിച്ചതാണ് ജനനാട്യമഞ്ച്. സഫ്ദറിന്റെ രക്തസാക്ഷിത്വത്തിന്റെ മൂന്നാം നാൾ മാലേശ്രീയും കൂട്ടരും യുപിയിലെ അതേ തെരുവിൽ ‘ ഹല്ലാ ബോൽ ’ നാടകം കളിച്ചു. തെരുവുകളിൽ ആസാദിയും ഇൻക്വിലാബും പോലെ ഹല്ലാ ബോൽ (ശബ്ദമുയർത്തൂ) ഇടിമുഴക്കമായി പടർന്നു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ സംഘം ആറുവരെ വിവിധ കേന്ദ്രങ്ങളിൽ അവതരണംനടത്തും. രാജ്യത്ത് തെരുവുനാടകങ്ങളെ ജനകീയവൽക്കരിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച സംഘത്തിന്റെ അവതരണം നേരിട്ടുകാണാനെത്തിയവർ മാലേശ്രീയെ അഭിവാദ്യംചെയ്താണ് മടക്കം. സുധൻവ ദേശ്പാണ്ഡ സംവിധാനംചെയ്ത നാടകത്തിൽ മൂന്നു കലാകാരികൾ ഉൾപ്പെടെ എട്ടുപേരാണുള്ളത്.









0 comments