അജയ്യനായി അജയ് പ്രസാദ്

അജയ് പ്രസാദ്
സുരേഷ് വെട്ടുകാട്ട്
Published on Mar 01, 2025, 04:30 PM | 2 min read
കരുനാഗപ്പള്ളി : ക്ലാപ്പന തോട്ടത്തിൽമുക്കിനു സമീപത്തെ കടയിലേക്കു പാഞ്ഞടുത്ത വർഗീയവാദികളായ കൊലയാളി സംഘം ഒരു വിദ്യാർഥി നേതാവിനെ വളഞ്ഞിട്ട് ആക്രമിച്ചു. പ്രതിരോധിക്കാൻപോലും കഴിയുംമുമ്പ് ആയുധങ്ങൾ ഉപയോഗിച്ച് അടിച്ചുവീഴ്ത്തി. ക്രൂരമായി മർദിച്ചു. ആസൂത്രിതമായി എത്തിയ സംഘത്തിന്റെ ആക്രമണം ആ ചെറുപ്പക്കാരന്റെ ശരീരത്തിലെ ഓരോ അണുവിലും തുളഞ്ഞുകയറി. മരണം ഉറപ്പാക്കിയാണ് കൊലയാളി സംഘം പിൻവാങ്ങിയത്. 2007 ജൂലൈ 19നു പകൽ മൂന്നോടെ ആയിരുന്നു ക്രൂരമായ കൊലപാതക ശ്രമം നടക്കുന്നത്. മാരകമായ ആക്രമണത്തിൽ അജയ് പ്രസാദിന്റെ ശരീരത്തിൽ തകരാൻ ഒരു അസ്ഥിയും ബാക്കിയുണ്ടായിരുന്നില്ല. പിറ്റേദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അജയ് പ്രസാദ് മരിച്ചു.
എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമായിരുന്ന അജയ് പ്രസാദിനെ ആർഎസ്എസ് സംഘം കൊലപ്പെടുത്തുമ്പോൾ സഹോദരി ആര്യ ഒന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു. എവിടെ പോയിട്ട് വന്നാലും കുഞ്ഞനുജത്തിക്ക് മിഠായിപ്പൊതിയുമായി എത്തുന്ന തന്നെ ഏറെ സ്നേഹിച്ചിരുന്ന ഏട്ടന്റെ ഓർമകൾ ഇപ്പോഴും ആര്യപ്രസാദിന്റെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. വിദ്യാർഥി സമൂഹത്തിന്റെ അവകാശസമരങ്ങൾ എന്ന സ്വപ്നവുമായി പോരാടിയ ഏട്ടൻ പാതിവഴിയിൽ വീണുപോയെങ്കിലും ആ ശുഭ്രപതാക ഏറ്റുപിടിച്ച് സഹോദരി ആര്യ പോരാട്ടം തുടരുകയാണ്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായ ആര്യ ഇപ്പോൾ തിരുവനന്തപുരം ലോ അക്കാദമി കോളേജിൽ രണ്ടാം വർഷ നിയമവിദ്യാർഥിയാണ്.
അജയ് പ്രസാദിന്റെ ക്ലാപ്പനയിലെ സ്മൃതിമണ്ഡപത്തിൽ സഹോദരി ആര്യ പ്രസാദ്.
ആർഎസ്എസ് കൊലയാളി സംഘത്തിന്റെ ആക്രമണത്തിൽ ബോധരഹിതനായി വീണപ്പോഴും ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാനുള്ള പേപ്പറുകൾ അജയ് പ്രസാദ് കൈകളിൽ മുറുകെപ്പിടിച്ചിരുന്നു. ആ കാര്യം ആര്യ ഓർത്തെടുത്തു. "ക്ലാപ്പന എസ്‌വി എച്ച്എസ്എസിൽ പ്ലസ് വണ്ണിലേക്ക് സാങ്കേതിക കാരണങ്ങളാൽ പ്രവേശനം ലഭിക്കാതെ പോയ പെൺകുട്ടിക്ക് അഡ്മിഷൻ ശരിയാക്കാൻ വേണ്ടി ഏട്ടൻ ഓടി നടക്കുകയായിരുന്നു. പല വഴികളും നോക്കി. എല്ലാം പരാജയപ്പെട്ടതോടെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയെ നേരിൽക്കണ്ട് പ്രശ്നം അവതരിപ്പിച്ചു. ഒടുവിൽ അഡ്മിഷൻ ശരിയായി. ഇതിന്റെ പേപ്പറുകൾ എല്ലാം ശരിയാക്കി അന്ന് വീട്ടിൽ വന്നപ്പോൾ രണ്ടുമണി കഴിഞ്ഞിരുന്നു. അമ്മ വിളമ്പി നൽകിയ ഉച്ചഭക്ഷണവും കഴിച്ച് അഡ്മിഷൻ ശരിയായ പേപ്പറുകൾ ക്ലാപ്പന സർവീസ് ബാങ്കിലെ ജീവനക്കാരനും പെൺകുട്ടിയുടെ ബന്ധുവുമായ ഉണ്ണി അണ്ണനെ ഏൽപ്പിക്കാൻ വേണ്ടി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് കേട്ടത് ആക്രമണത്തിന്റെ വാർത്തയായിരുന്നു’.
അജയ്‌പ്രസാദിന്റെ രക്തസാക്ഷിത്വത്തിന് വരുന്ന ജൂലൈ 20ന് 18 വർഷം തികയുകയാണ്. എസ്എഫ്ഐയുടെ ഉശിരനായ പ്രവർത്തകനായിരുന്നു അജയ് പ്രസാദ്. ക്ലാപ്പന എസ്‌വിഎച്ച്എസ്എസിൽ എതിരാളികളുടെ കോട്ട തകർത്ത് എസ്എഫ്ഐയുടെ കൊടി പാറിക്കാൻ അജയ് പ്രസാദ് നടത്തിയ പരിശ്രമങ്ങൾ എതിരാളികളുടെ കണ്ണിലെ കരടായി മാറാൻ കാരണമായി. വിദ്യാർഥികളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഈ ചെറുപ്പക്കാരനെ അവസാനിപ്പിക്കാൻ വർഗീയ രാഷ്ട്രീയം തീരുമാനിക്കുകയായിരുന്നു. "എന്നാൽ അവർക്കു തെറ്റി. ഏട്ടൻ ഉയർത്തിപ്പിടിച്ച കൊടി ഏറ്റുവാങ്ങാൻ ഒരായിരം അജയ് പ്രസാദ്മാർ കേരളത്തിലെയും ഇന്ത്യയിലെയും ക്യാമ്പസുകളിൽ ഉയർന്നുവരുമ്പോൾ ഏട്ടന്റെ ഓർമകൾ ഒരിക്കലും മാഞ്ഞുപോകില്ല’–- ആര്യ പറഞ്ഞു.
അജയ് പ്രസാദിന്റെ മൃതദേഹത്തിൽ വി എസ് അച്യുതാനന്ദനും പിണറായി വിജയനും പി കെ ഗുരുദാസനും ഉൾപ്പെടെയുള്ള നേതാക്കൾ അന്ത്യാഭിവാദ്യം അർപ്പിക്കുന്നു. (ഫയൽ ചിത്രം)









0 comments